വിശ്വാസപരിശീലനം: ചില ചിന്തകള്‍

വിശ്വാസപരിശീലനം: ചില ചിന്തകള്‍
Published on
  • റൂബി ജോണ്‍ ചിറയ്ക്കല്‍, പാണാവള്ളി

2025 ഡിസംബര്‍ 24, ബുധനാഴ്ചയിലെ ''നമ്മുടെ സിസ്റ്റത്തിനു കുഴപ്പമുണ്ടോ?'' എന്ന സാജു പോളിന്റെ കത്തിനോടു യോജിക്കുന്നു. എല്‍ കെ ജി മുതല്‍ 12-ാം ക്ലാസുവരെ വിശ്വാസ പരിശീലനം പൂര്‍ത്തിയാക്കി ഈശോയെ അറിഞ്ഞ കുഞ്ഞുങ്ങള്‍ 13-ാം വര്‍ഷം ദേവാലയത്തിന്റെ പിന്‍ഭാഗത്തേക്കു പോകുന്നതു വേദനാജനകമാണ്. നമ്മുടെ സഭയില്‍, വിവാഹനിശ്ചയം കഴിയുന്ന യുവതീയുവാക്കള്‍ക്കു വിവാഹ ഒരുക്ക കോഴ്‌സ് നടത്തുന്നുണ്ട്. അപ്പോള്‍ മുതല്‍ വിശ്വാസ പരിശീലനം ആരംഭിക്കണം.

സ്ത്രീ-പുരുഷ ബന്ധത്തില്‍ അവര്‍ക്കു കുഞ്ഞുങ്ങളെ നല്കുന്നത് ദൈവമാണെന്നും ആ കുഞ്ഞുങ്ങളെ, ദൈവത്തെ അറിഞ്ഞു സ്‌നേഹിക്കുന്ന, ദൈവപുത്രനായ ഈശോയ്ക്കിഷ്ടമുള്ളവരായി വളര്‍ത്താന്‍ അവര്‍ക്കു കുടമയുണ്ടെന്നും അവരെ ബോധ്യപ്പെടുത്തണം. ദൈവം ദാനമായി നല്കുന്ന കുഞ്ഞുങ്ങള്‍ക്ക് അമ്മയുടെ ഉദരത്തില്‍ വച്ചുതന്നെ വിശ്വാസപരിശീലനം ആരംഭിക്കണം. ഗാര്‍ഹിക സഭയായ കുടുംബമാണ് സഭയുടെ അടിത്തറ. കുടുംബത്തില്‍ മുതര്‍ന്നവര്‍-അപ്പൂപ്പനമ്മമാര്‍, മാതാപിതാക്കള്‍ എല്ലാം കുഞ്ഞുങ്ങള്‍ക്ക് മാതൃകയാകണം.

കുടുംബപ്രാര്‍ഥന, അനുദിന ദിബ്യബലി, കുദാശാ സ്വീകരണങ്ങള്‍ എല്ലാം അവരുടെ കുഞ്ഞുമനസ്സില്‍ പതിയണം. വി. കുര്‍ബാനയിലെ ഈശോയുടെ സാന്നിധ്യം അവരില്‍ ദൃഡപ്പെടുത്തണം. കൂട്ടുകാരോടു സംസാരിക്കുന്നതുപോലെ ഈശോയോടു സംസാരിക്കാമെന്നും, ആവശ്യമുള്ളവ ചോദിക്കാമെന്നും അവര്‍ക്കു ബോധ്യം നല്കണം. ദേവാലയം ഈശോ വസിക്കുന്ന വീടാണെന്നും, സക്രാരിയില്‍ ഇരിക്കുന്ന ഈശോ ദേവാലയത്തില്‍ നമ്മള്‍ പ്രവേശിക്കുന്നതു മുതല്‍ നമ്മുടെ നില്‍പും, പ്രാര്‍ഥനയും എല്ലാം കാണുന്നുണ്ടെന്നും അവരെ വിശ്വാസിപ്പിക്കണം.

ഇത്രയെങ്കിലും അടിസ്ഥാനപരമായി കുഞ്ഞുങ്ങള്‍ക്കു നല്കിയിട്ടുവേണം ആദ്യത്തെ വിശ്വാസപരിശീലന വിദ്യാലയമായ ഭവനത്തില്‍ നിന്ന് രണ്ടാമത്തെ വിശ്വാസപരിശീലന വിദ്യാലയമാകുന്ന സണ്‍ഡെ സ്‌കൂളിലേക്ക് അയയ്ക്കുവാന്‍.

ഇല്ലായ്മയില്‍ നിന്ന് ഒറ്റ വാക്കുകൊണ്ട് ദൈവം സൃഷ്ടിച്ച ഈ മഹാപ്രപഞ്ചത്തിലെ ഓരോ വസ്തുക്കളേയും - പൂക്കള്‍, പക്ഷികള്‍, മൃഗങ്ങള്‍, സസ്യങ്ങള്‍, സമുദ്രജീവികള്‍, ആകാശഗോളങ്ങള്‍ - ദൈവം എത്ര മനോഹരവും അത്ഭുതാവഹവുമായി സൃഷ്ടിച്ചു-

രക്ഷിച്ചു-പരിപാലിച്ചുപോരുന്നുവെന്നും ഓരോ ഉദാഹരണങ്ങളിലൂടെ അവരുടെ മനസ്സില്‍ പിതിപ്പിച്ച് ദൈവമഹത്വം അവരെ വിശ്വസിപ്പിക്കണം. മനുഷ്യവര്‍ഗത്തെ പാപത്തില്‍ നിന്നു രക്ഷിക്കുവാന്‍ സ്‌നേഹസമ്പന്നനായ പിതാവായ ദൈവം സ്വപുത്രനെ മനുഷ്യാവതാരം സ്വീകരിച്ച് വളര്‍ന്നതും, അദ്ഭുതങ്ങള്‍ നടത്തിയതും പാടുപീഡകള്‍ സഹിച്ചു മരിച്ച് ഉയിര്‍ത്ത് പിതാവിന്റെ വലതുഭാഗത്തിരിക്കുന്നതും, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിതൈ്വക ദൈവമാണ് നമ്മുടെ ഏകദൈവമെന്നും, അവസാന വിധിക്കായ് ഈശോ വീണ്ടും വരുമെന്നും കുട്ടികളെ വിശ്വസിപ്പിക്കാന്‍ നമുക്കു കഴിയണം.

ലോകാവസാനം വരെ ഞാന്‍ നിങ്ങളോടൊപ്പം ഉണ്ടായിരിക്കുമെന്ന ഈശോയുടെ വാഗ്ദാനം പാലിക്കാനാണ് അവിടുന്ന് അന്ത്യഅത്താഴവിരുന്നില്‍ വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതെന്നും അവരെ മനസ്സിലാക്കിക്കണം. നമ്മുടെ ഹൃദയത്തില്‍ പ്രവേശിച്ചു നമ്മോടൊപ്പമായിരിക്കാനാണ് ഊതിയാല്‍ പറക്കുന്ന കനമുള്ള ഓസ്തിരൂപം ഈശോ സ്വീകരിച്ചതെന്നും, അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ തൃപ്തരാക്കിയ, അന്ധരേയും ബധിതരേയും കുഷ്ഠരോഗികളേയും, പിശാചുബാധിതരേയും എല്ലാം സൗഖ്യപ്പെടുത്തിയ, മരിച്ചവരെ ഉയിര്‍പ്പിച്ച, നമുക്കുവേണ്ടി പാടുപീഡകള്‍ സഹിച്ചു കുരിശുമരണം വരിച്ച് ഉയിര്‍ത്തെഴുന്നേറ്റ ഈശോ തന്നെയാണ് സത്യമായും വൈദികന്റെ കൂദാശാവചനങ്ങളിലൂടെ ഓസ്തിയിലും വീഞ്ഞിലും എഴുന്നള്ളി വരുന്നത് എന്ന ബോധ്യം ഒന്നാം ക്ലാസു മുതല്‍ 12-ാം ക്ലാസുവരെയുള്ള കുഞ്ഞുങ്ങളില്‍ നിര്‍ബന്ധമായും ദൃഢപ്പെടുത്തണം, ഈശോയെപ്പോലെ സ്‌നേഹിക്കാനും ക്ഷമിക്കാനും പറയണം.

മുതിര്‍ന്ന ക്ലാസുകളില്‍ ഈശോയ്ക്കു സാക്ഷികളാകുവാന്‍ ഈശോയെ പ്രഘോഷിക്കുവാന്‍ കുട്ടികള്‍ക്കുപ്രചോദനം നല്കണം. വിളക്കന്നൂരിലെ അത്ഭുതം തുടങ്ങി, ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ കുഞ്ഞുങ്ങള്‍ക്കു പരിചയപ്പെടുത്തുമ്പോള്‍ തിരുവോസ്തിയിലെ ദിവ്യസാന്നിധ്യത്തിലുള്ള അവരുടെ വിശ്വാസം വര്‍ധിക്കും.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org