ഫാ. ലൂക്ക് പൂത്തൃക്കയില്‍
വൈദികജീവിതത്തെക്കുറിച്ചുള്ള ലേഖനങ്ങള്‍ വായിച്ചു. അതിലെ ആശയങ്ങളോടു യോജിച്ചുകൊണ്ടും വിയോജിപ്പുകള്‍ ഉള്ളതും കാണാതെപോയതുമായ ചിന്തകള്‍ ഇവിടെ കുറിക്കട്ടെ. 1) വൈദികരുടെ എണ്ണം കേരളത്തില്‍ കൂടുതലാണ്. എണ്ണം കൂടുന്നതിനാല്‍ വിലപ്പെട്ട ജീവിതമെന്ന തോന്നല്‍ കുറയുകയും പ്രസക്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കു അവസരം കുറയുകയും ചെയ്യുന്നു. 2) വൈദികരുടെ ജോലി കൂദാശകളിലും ഇതര അനുഷ്ഠാനങ്ങളിലും മാത്രം ഒതുങ്ങുന്നു. അമ്പതും നൂറും നൂറ്റമ്പതും ഭവനങ്ങള്‍ മാത്രമുള്ള ഇടവകകളില്‍ വൈദികര്‍ ബോറടിക്കുന്നു.
3) ധനാസക്തിയുള്ള പ്രലോഭനവും അവസരവും വൈദികര്‍ക്കു കൂടുതല്‍ ഉണ്ടാകുന്നു. 4) അവസരവാദികളും ആത്മാര്‍ഥതയില്ലാത്തവരും സത്യസന്ധരും പ്രവര്‍ത്തനചാതുര്യമുള്ളവരേക്കാള്‍ ഉയര്‍ന്ന പദവികളിലേക്കും പള്ളികളിലേക്കും പോകുമ്പോള്‍ നീതിലംഘനം ഇക്കൂട്ടര്‍ക്കു അനുഭവവേദ്യമാകുന്നു.
5) വായനയും പഠിത്തവും ഇല്ലാത്തവരും അതുള്ളവരും തമ്മില്‍ വ്യത്യാസങ്ങള്‍ ഒന്നും സഭയിലുണ്ടാകാത്തതുകൊണ്ടു ബൗദ്ധിക വളര്‍ച്ച കുറഞ്ഞു പോകുന്നു. 6) പ്രേഷിതത്വം വൈദികരിലും സഭയിലും കുറഞ്ഞുകൊണ്ടിരിക്കുന്നു. 7) സാമൂഹികരാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക, ബൗദ്ധിക ജീവിതമൊന്നും വൈദികരിലേശാതെ പോകുന്നു. 8) സ്ഥാപനവല്‍ക്കരണത്തിലും നൈയാമിക വ്യായാമത്തിലും മാത്രം സഭാനേതൃത്വങ്ങള്‍ ശ്രദ്ധിക്കുന്നു.
9) സെമിനാരികളില്‍ പ്രായോഗിക ജീവിതപഠനങ്ങളുടെ അഭാവം ഉണ്ടാകുന്നു. ഉദാ. പ്ലംബിങ്, വയറിങ്, കുക്കിംഗ്, പെയിന്റിംഗ്, വൈദ്യപാഠങ്ങള്‍ തുടങ്ങിയവ. 10) വൈദികപട്ടം ലഭിച്ചാല്‍ ആദ്യത്തെ അഞ്ചുവര്‍ഷം മിഷന്‍ പ്രദേശങ്ങളിലേക്കു വൈദികര്‍ പോകാന്‍ തയ്യാറാകണം; സാഹചര്യം ഒരുക്കണം.
ജെയിംസ് ഐസക്കിന്റെ ഹരിതകുര്‍ബാന വായിച്ചു. അതിന്റെ ചൈതന്യം ഉണ്ടായാല്‍ ഇന്നത്തെ കുര്‍ബാനപ്രശ്‌നം തീര്‍ക്കാവുന്നതേയുള്ളൂ.