Letters

നല്ല മരങ്ങള്‍ സംരക്ഷിക്കപ്പെടണം

Sathyadeepam

തോമസ് എണ്‍പതില്‍, തൃക്കാക്കര

സത്യദീപം 10-ാം ലക്കത്തില്‍ ജോഷി മയ്യാറ്റിലച്ചന്‍ എഴുതിയ "നല്ല മരത്തില്‍ പടരുന്ന ഇത്തിക്കണ്ണികള്‍" എന്ന ലേഖനവും അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സാമൂഹികമാധ്യമങ്ങളില്‍ കണ്ട പ്രതികരണങ്ങളുമാണ് ഈ കുറിപ്പിനാധാരം.

മധ്യതിരുവിതാംകൂറിലെ ഒരു ഇടത്തരം കുടുംബത്തില്‍ ജനിച്ച്, ഇടവകയിലും സ്കൂളിലും സര്‍വകലാശാലാതലങ്ങളിലും ക്രിസ്തുകേന്ദ്രീകൃതമായ യുവജനവിദ്യാര്‍ത്ഥി സംഘടനകളിലും സജീവമായി പ്രവര്‍ത്തിച്ച്, നേതൃത്വപരിശീലനങ്ങളില്‍ സഹകരിച്ചും സഹായിച്ചും വിശ്വാസജീവിതത്തില്‍ വളര്‍ന്ന ഒരു വ്യക്തിയാണ് ഞാന്‍.

രണ്ടാം വത്തിക്കാന്‍ സൂനഹദോസിനുശേഷം സഭയില്‍ ആഗോളവ്യാപകമായി കാതലായ മാറ്റങ്ങളാണ് സംഭവിച്ചിട്ടുള്ളത്. എഴുപതുകളില്‍ ഇന്ത്യയില്‍ പ്രചരിച്ച കരിസ്മാറ്റിക് പ്രസ്ഥാനം സഭയുടെ വിശ്വാസപോഷണത്തില്‍ നവോത്ഥാനവും ഉണര്‍വും പ്രദാനം ചെയ്തുവെന്നതില്‍ തര്‍ക്കമുണ്ടെന്നു തോന്നുന്നില്ല. പതിറ്റാണ്ടുകളായി കരിസ്മാറ്റിക് ധ്യാനങ്ങളിലൂടെ കേരളസഭയെ പോഷിപ്പിച്ച വന്ദ്യരായ ധ്യാനഗുരുക്കന്മാരോട് ഏറെ ആദരമുണ്ട്. ഏതായാലും, സത്യദീപത്തിന്‍റെ മുഖത്താളില്‍ കൊടുത്ത ആട്ടിന്‍തോലണിഞ്ഞ ചെന്നായയുടെ ചിത്രം ലേഖനത്തിന്‍റെ ഉദ്ദേശ്യത്തിനു ചേര്‍ന്നതായിരുന്നില്ല എന്നു പറയാതെ വയ്യ; അത് അനുചിതമായിപ്പോയി.

എന്നാല്‍ ചില തെറ്റായ പ്രബോധനങ്ങളും നിരന്തരമായ ശബ്ദമലിനീകരണവും പ്രകടനപരതയും മിതത്വമില്ലാത്ത സാക്ഷ്യംപറച്ചിലുകളും കൗണ്‍സലിങ്ങുകളും ഇതര മതങ്ങളോടുള്ള പുച്ഛവും കറുത്ത വസ്ത്രത്തോടും മറ്റുമുള്ള അടച്ചാക്ഷേപവുമെല്ലാം ഇതിനകം ഈ പ്രസ്ഥാനത്തിലൂടെ വളര്‍ന്നുവന്നിട്ടുണ്ട് എന്ന സത്യവും മറച്ചുവയ്ക്കാനാവില്ല. സ്വന്തം ബോധ്യങ്ങളും നിലപാടുകളും സ്ഥാപിച്ചെടുക്കാനായി ആദരണീയരായ ധ്യാനഗുരുക്കന്മാരുടെ പേരു പോലും ചിലര്‍ ദുരുപയോഗിക്കുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വിശ്വാസജീവിതത്തെ വഴി തെറ്റിക്കുന്നവര്‍, വ്യക്തികളായാലും പ്രസ്ഥാനങ്ങളായാലും സമയോചിതമായി ഇടപെട്ട് നേര്‍വഴിക്കു നയിക്കുന്നതോടൊപ്പം, വഴിതെറ്റിക്കുന്ന വരെ സമൂഹത്തില്‍ തുറന്നു കാട്ടുന്നതിനും മടിക്കേണ്ടതില്ല എന്നാണെന്‍റെ പക്ഷം. സഭാനേതൃത്വത്തിന്‍റെ ജാഗ്രതയോടെയുള്ള ഇടപെടലിനും തിരുത്തലുകള്‍ക്കും മയ്യാറ്റിലച്ചന്‍റെ ലേഖനം പ്രചോദനമാകുമെന്നാണെന്‍റെ പ്രതീക്ഷ.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്