Letters

ചീത്ത വൃക്ഷം നല്ല ഫലം തരില്ല

Sathyadeepam

ദേവസ്സിക്കുട്ടി മുളവരിയ്ക്കല്‍, മറ്റൂര്‍

സമകാലീന കേരളത്തിലെ സാമൂഹ്യജീവിതത്തിന്‍റെ സമസ്തമേഖലകളിലും വന്നുഭവിച്ചിട്ടുള്ള ഗുരുതരവും അപകടകരവും വിനാശകരവുമായ മൂല്യശോഷണത്തെക്കുറിച്ചും ആശങ്കാജനകമായ അപചയങ്ങളെക്കുറിച്ചും വസ്തുനിഷ്ഠമായി സൂക്ഷ്മനിരീക്ഷണം നടത്തിയ സിമി വര്‍ഗീസിന്‍റെയും ഡോ. ഡെയ്സന്‍ പാണേങ്ങാടന്‍റെയും ഫാ. സേവ്യര്‍ കുടിയാംശ്ശേരിയുടെയും ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു സകലരിലും ആത്മപരിശോധനയുടെ, ആത്മവിമര്‍ശനത്തിന്‍റെ, ആത്മനവീകരണത്തിന്‍റെ അനുഷ്ഠാനങ്ങള്‍ സൃഷ്ടിച്ച സത്യദീപത്തിനു സുമനസ്സുകളുടെ നന്ദി. രക്ഷയും രക്ഷകനും പിറവിയെടുക്കുന്നതു കുടുംബത്തില്‍നിന്നുമാണെന്നു സുവിശേഷം നമ്മെ നിരന്തരം ഓര്‍മപ്പെടുത്തുന്നു. അനുഭവങ്ങളുടെ അനുഭൂതിയില്‍ നിന്നുകൊണ്ടാണു യേശു ജനക്കൂട്ടത്തോടു വൃക്ഷം നല്ലതാണെങ്കില്‍ ഫലവും നല്ലതായിരിക്കുമെന്ന് ആവര്‍ത്തിച്ചുറപ്പിച്ചു പറയുകയും പഠിപ്പിക്കുയും ചെയ്തത്. കുടുംബങ്ങള്‍ നന്നാകാതെ നല്ല സമൂഹവും സംസ്കാരവും തലമുറയും ഉണ്ടാവുകയില്ലെന്ന ആദ്യപാഠം നാം ഒരിക്കലും വിസ്മരിക്കരുത്.

മറ്റുള്ളവരുടെ താത്പര്യങ്ങള്‍ നമ്മുടെ അനാവശ്യങ്ങളും അനിവാര്യതയുമാക്കി മാറ്റുന്ന മാധ്യമസംസ്കാരം നമ്മെ വലയം ചെയ്തിരിക്കുന്നു. കാറ്റു വിതച്ചു കൊടുങ്കാറ്റ് കൊയ്യുന്നതിന് ഉത്തരവാദികള്‍ നമ്മള്‍തന്നെയാണെന്ന് എല്ലാവരും എപ്പോഴും തിരിച്ചറിയണം. 'വിത്തുഗുണം പത്തുഗുണം' എന്ന പഴഞ്ചൊല്ല് നമുക്കു മറക്കാതിരിക്കാം. 'മാതാ, പിതാ, ഗുരു, ദൈവം' എന്ന ചിന്തയിലും മാതൃകയിലും കുഞ്ഞുങ്ങള്‍ കുടുംബത്തില്‍ വളരാന്‍ സാഹചര്യമൊരുക്കാം. മക്കള്‍ക്കു മല്ല മാതൃകകള്‍ കുടുംബത്തില്‍ നിന്നുതന്നെ നല്കാന്‍ ഏവര്‍ക്കും സാധിക്കണം.

ദിവ്യവചന സഭയുടെ 150 വര്‍ഷത്തെ സേവനത്തിന്റെ സ്മരണയില്‍ കത്കരി ഗോത്രവര്‍ഗക്കാര്‍ക്കായി ജനസേവാ സൊസൈറ്റി വികസന കേന്ദ്രം തുറന്നു

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6

മിസ്പാ : കാവല്‍ ഗോപുരം

സത്യദീപം-ലോഗോസ് ക്വിസ് 2025: [No.08]