Letters

വൈദികവഴിയില്‍ ഒരു നിമിഷം

Sathyadeepam

റൂബി ജോണ്‍ ചിറയ്ക്കല്‍
പാണാവള്ളി

ലക്കം 31, മാര്‍ച്ച് 11, സത്യദീപത്തിലൂടെ വൈദികരെ വളര്‍ത്തുന്നവര്‍ക്ക് പറയാനുള്ളതു വായിച്ചു. വായനക്കാര്‍ക്ക് അത് ഉപകാരമായി. അത് എഴുതിയ അച്ചന്മാര്‍ക്കും പ്രസിദ്ധീകരിച്ച സത്യദീപത്തിനും നന്ദി.

ഒരു വിശ്വാസി, പിറന്നുവീഴുന്നതു മുതല്‍ സ്വര്‍ഗത്തില്‍ നിത്യജീവിതത്തിലെത്തുന്നതുവരെ വൈദികന്‍ സഹായിയായി അവന്‍റെ കൂടെയുണ്ടാകും. അത്ര വലിയ ശ്രേഷ്ഠപദവിയാണു വൈദികനുള്ളത്.

"ആടുകളുടെ മണമുള്ള ഇടയന്‍, ആര്‍ദ്രതയുള്ള ഹൃദയം സ്വന്തമാക്കിയ പുരോഹിതശ്രേഷ്ഠന്‍, പാവങ്ങളുടെ പക്ഷംചേരുന്ന വിപ്ലവകാരി പ്രഭുത്വത്തിന്‍റെ അവശേഷിപ്പുകളെയെല്ലാം ഉന്മൂലനം ചെയ്തു ലാളിത്യം ജവിതശൈലിയാക്കി മാറ്റിയ മൂന്നാം ക്രിസ്തു, ഫ്രാന്‍സിസ് പാപ്പയല്ലാതെ, പിന്നെയാരാണ്? വ്യക്തമായ കാഴ്ചപ്പാടുകളോടെ, സഭയെ ധീരതയോടെ നയിക്കുന്ന ഫ്രാന്‍സിസ് പാപ്പയോടൊപ്പം നില്ക്കുക, അദ്ദേഹത്തിന്‍റെ ജീവിതമാതൃക സ്വന്തമാക്കുക." ബഹു. ഫാ. ജോയി അയിനിയാടന്‍റെ ആ വാചകം ഏറെ ശ്രദ്ധേയമായി. സഭാതലവനായ ഫ്രാന്‍സിസ് പാപ്പ, എല്ലാ വൈദികര്‍ക്കും മാതൃകയാവട്ടെ.

ഒരു വൈദികന്‍, തന്‍റെ ശ്രേഷ്ഠസ്ഥാനത്തെപ്പറ്റി എപ്പോഴും ബോധവാനായിരിക്കണം. ഈശോയുടെ പ്രാര്‍ത്ഥന, എളിമ, ക്ഷമ, ദാസമനോഭാവം, ലാളിത്യം എന്നിവയും വേണം. ഈശോയോടുള്ള സ്നേഹത്തെ പ്രതി തനിക്കു ലഭിക്കുമായിരുന്ന ലൗകികസമ്പത്തും സ്ഥാനമാനങ്ങളുമൊക്കെ ഉച്ഛിഷ്ടം പോലെ വലിച്ചെറിഞ്ഞാണ് ഒരുവന്‍ വൈദികപരിശീലനത്തിനെത്തുന്നത്. അനേക വര്‍ഷത്തെ പഠനത്തിന്‍റെയും പ്രാര്‍ത്ഥനയുടെയും തപസ്സിന്‍റെയുമൊക്കെ പരിണാമഫലമായാണു ഒരു വൈദികന്‍ രൂപം കൊള്ളുന്നത്. വൈദികന്‍റെ മാനുഷികഭാവത്തേക്കാളുപരി ദൈവികഭാവത്തെയാണു വിശ്വാസി ഉറ്റുനോക്കുന്നത്. വൈദികന്‍റെ ഒരു സ്ഥാനചിഹ്നമാണു 'ളോഹ'. ഇന്നു ചൂട്, വൃത്തിയാക്കുന്ന ബുദ്ധിമുട്ട് ഒക്കെ പറഞ്ഞു പല യുവവൈദികരും 'ളോഹ'യെ കൂദാശാ പരികര്‍മങ്ങള്‍ക്കുള്ള ഒരുപാധിയായി മാത്രം കരുതുന്നു. ഏതു പദവിയിലുള്ളവര്‍ക്കും, അവരുടെ ഔദ്യോഗികവേഷത്തിനാണു ജനം ബഹുമാനം നല്കുന്നത്. വൈദികര്‍ ളോഹ ധരിക്കാതെ യാത്ര ചെയ്യുമ്പോള്‍, അവരുടെ വസ്ത്രധാരണരീതി, ഒരു വൈദികനാണെന്നു തിരിച്ചറിയുന്ന രീതിയിലായിരിക്കണം. അതിനു സഭാനേതൃത്വത്തില്‍ നിന്ന്, വ്യക്തമായ നിര്‍ദ്ദേശമുണ്ടാകണം. ളോഹ ഇട്ട വൈദികരെ കാണുമ്പോള്‍ അറിയാതെ കൈകള്‍ കൂപ്പി സ്തുതി ചൊല്ലും, വൈദികര്‍ തങ്ങളുടെ ശ്രേഷ്ഠപദവിയില്‍ ഉറച്ചുനില്ക്കുക. അവരുടെ വേഷവിധാനങ്ങളും സംഭാഷണങ്ങളും പ്രാര്‍ത്ഥനയുമെല്ലാം തങ്ങളെ ഉറ്റു നോക്കിക്കൊണ്ടിരിക്കുന്ന വിശ്വാസികളുടെ മുമ്പില്‍ മാതൃകാപരമായിരിക്കട്ടെ.

വൈദികര്‍ സ്വര്‍ണമോതിരം അണിയുമ്പോള്‍ ലൗകികസുഖങ്ങളോടുള്ള ആര്‍ത്തി അവരില്‍ കുടികൊള്ളുന്നു എന്നാണ് അതു വിളിച്ചു പറയുന്നത്. പല കര്‍ദിനാളന്മാരും മെത്രാന്മാരും സ്വര്‍ണത്തിന്‍റെ കുരിശും മാലയും ഉപേക്ഷിച്ചു മറ്റെന്തെങ്കിലും കൊണ്ടുള്ള കുരിശുമാല ഉപയോഗിക്കുന്നതു നാം കാണുന്നുണ്ട്. അവന്‍ കല്പിച്ചു: "യാത്രയ്ക്കു വടിയല്ലാതെ മറ്റൊന്നും – അപ്പമോ സഞ്ചിയോ അരപ്പട്ടയില്‍ പണമോ കരുതരുത്." വി. മര്‍ക്കോസ് 6: 8-9). കാലത്തിനനുസരിച്ചു മാറ്റങ്ങള്‍ വരുന്നു. ഇന്നു ബൈക്കും കാറുമൊക്കെ അത്യാവശ്യപ്പട്ടികയില്‍ പെട്ടിരിക്കുന്നു.

വൈദികരെ സെലക്ട് ചെയ്യുമ്പോള്‍ "ഗുണമേന്മയില്‍ ഒത്തുതീര്‍പ്പുകള്‍ നടത്തുന്നില്ല" എന്ന് എഴുതിയിരുന്നതു സന്തോഷകരമാണ്. കാരണം എത്ര വര്‍ഷങ്ങള്‍ വൈദികപരിശീലനം നടത്തിയാലും ഗാര്‍ഹികസഭയായ കുടുംബത്തില്‍ നിന്നു ലഭിച്ചതായിരിക്കും ആത്യന്തികമായി അവരില്‍ കുടികൊള്ളുന്നത്.

ദൈവപുത്രനായിരുന്നിട്ടും ഈശോ ധാരാളം പ്രാര്‍ത്ഥിക്കുന്നതും വി. ഗ്രന്ഥത്തിലൂടനീളം നാം കാണുന്നുണ്ട്. ലോകത്തിന്‍റെ ബഹളങ്ങള്‍ക്കിടയില്‍ കഴിയുന്ന ഈശോയുടെ പ്രതിപുരുഷന്‍, ആശ്വാസവും പ്രതീക്ഷയും ബലവും ശക്തിയും ശക്തമായ പ്രാര്‍ത്ഥനയാലാണെന്ന ബോദ്ധ്യം വൈദിക പരിശീലനവേളയില്‍ അവരില്‍ ദൃഢപ്പെടുത്തണം. വൈദികര്‍ പൂമെത്തയിലല്ല കിടക്കുന്നത്. വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അവര്‍ക്കു ധാരാളം ഭൗതിക, മാനസികപ്രശ്നങ്ങള്‍ ഉണ്ടാകും. അവിടെയാണു സക്രാരിയുടെ മുന്നിലെ നിങ്ങളുടെ പ്രാര്‍ത്ഥനയുടെ ശക്തി. ഞങ്ങളുടെ പ്രാര്‍ത്ഥനയും നിങ്ങളോടൊപ്പമുണ്ട്. വി. കുരിശിനാല്‍ ലോകമൊന്നായി വീണ്ടെടുത്തവന്‍, ജീവിതത്തിലുണ്ടാകുന്ന കുരിശുകള്‍ സഹിച്ച് ഈശോയുടെ യഥാര്‍ത്ഥ പ്രതിപുരുഷന്മാരായി വിജയകിരീടം ചൂടുവാന്‍ എല്ലാ വൈദികര്‍ക്കും ഇടയാകട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.

വയോജന കൂട്ടായ്മ സംഘടിപ്പിച്ചു

കെ സി ബി സി - ഫാ. മാത്യു നടയ്ക്കല്‍ മതാധ്യാപക അവാര്‍ഡ് മൂന്നു പേര്‍ക്ക്

മെല്‍ബണ്‍ രൂപതാ യുവജനങ്ങള്‍ മിഷന്‍ കേന്ദ്രങ്ങളിലെത്തി

ജാര്‍ഖണ്ഡില്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ 87-ാം ജന്മവാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

തണ്ണീര്‍മുക്കം തിരുരക്ത ദൈവാലയത്തിലെ വിശുദ്ധ ചാവറ കുടുംബ കൂട്ടായ്മയുടെ 7-ാമത് വാര്‍ഷിക ആഘോഷം