മാത്യു സി.എം. ചെറുകുന്നേല്‍, വെട്ടിമറ്റം, തൊടുപുഴ
സീറോ മലബാര്‍ സഭയിലെ ഏകീകരിച്ച കുര്‍ബാന ജനാഭിമുഖമല്ല; അള്‍ത്താരാഭിമുഖമാണ് എന്ന രീതിയിലാണ് ലേഖനങ്ങളിലും, പത്രാധിപര്‍ക്കുള്ള കത്തുകളിലും കാണുന്നത്. എന്നാല്‍ ഏകീകൃത കുര്‍ബാന ജനാഭിമുഖവും അള്‍ത്താരാഭിമുഖവും ആണ് എന്ന കാര്യം സൗകര്യപൂര്‍വ്വം വിസ്മരിക്കുന്നു. കുര്‍ബാനയുടെ ആരംഭത്തില്‍ കാഴ്ചവയ്പുവരെയുള്ള സമയവും, അതിനു ശേഷവും പലപ്പോഴും, കുര്‍ബാനയുടെ അവസാനവും വൈദികന്‍ ജനാഭിമുഖമായിത്തന്നെയാണ് നിലകൊള്ളുന്നത്.
കുര്‍ബാന ജനാഭിമുഖമാണെങ്കിലും അള്‍ത്താരാഭിമുഖമാണെങ്കിലും, അതില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കുന്ന പ്രയോജനം, പങ്കെടുക്കുന്നവര്‍ എത്ര ഒരുക്കത്തോടെയും തീക്ഷ്ണതയോടെയും അതില്‍ പങ്കെടുക്കുന്നു എന്നതിനെ ആശ്രയിച്ചു കൂടിയാണല്ലോ.
രണ്ടാം വത്തിക്കാന്‍ സൂനഹദോസ് പ്രാദേശിക ഭാഷയില്‍ കുര്‍ബാന അര്‍പ്പിക്കാന്‍ ആഹ്വാനം ചെയ്യുന്നതിനു മുമ്പുണ്ടായിരുന്ന സുറിയാനി കുര്‍ബാന ഏതാണ്ട് പൂര്‍ണ്ണമായും അള്‍ത്താരാഭിമുഖമായിരുന്നു. ആ കുര്‍ബാനയിലും ജനങ്ങള്‍ ഭക്ത്യാദരപൂര്‍വ്വം പങ്കെടുക്കുകയും ദിവ്യബലിയുടെ സദ്ഫലങ്ങള്‍ അനുഭവിക്കുകയും ചെയ്തിരുന്നു. ''കുര്‍ബാന മലയാളത്തിലാക്കിയാല്‍ കുര്‍ബാനയോടുള്ള ബഹുമാനം കുറഞ്ഞുപോകും'' എന്നു പറഞ്ഞിരുന്ന കാരണവന്മാര്‍ അന്നുണ്ടായിരുന്നു. മലയാളം കുര്‍ബാന തന്നെ അര്‍പ്പിക്കണമെന്ന് നിര്‍ബന്ധിക്കുന്നതുവരെ സുറിയാനി കുര്‍ബാന തന്നെ അര്‍പ്പിച്ചിരുന്ന വൈദികരുമുണ്ടായിരുന്നിരിക്കാം. സുറിയാനി കുര്‍ബാന സമയത്തെ നല്ല പാട്ടുകളും മറ്റും കേട്ട്, സ്വര്‍ഗ്ഗീയം എന്നു വിചാരിക്കുന്ന അനുഭൂതികള്‍ ഉള്ളവരും ഉണ്ടായിരുന്നു.
മലയാളം കുര്‍ബാനയുമായി പരിചയപ്പെട്ടപ്പോള്‍ അതും ക്രമേണ എല്ലാവര്‍ക്കും നല്ലതായി തോന്നി. കാലക്രമേണ നല്ല ട്യൂണോടു കൂടിയ പാട്ടുകള്‍ കൂടി കുര്‍ബാനയില്‍ ആലപിക്കാന്‍ തുടങ്ങിയതോടെ, ഒന്നുകൂടി ഹൃദയാവര്‍ജ്ജകമായി. ചില വൈദികര്‍ മുഴുവന്‍ കുര്‍ബാനയും ജനാഭിമുഖമായി അര്‍പ്പിച്ചപ്പോള്‍, മറ്റു ചില വൈദികര്‍ ദൈവത്തെ (അള്‍ത്താര) പുറംതിരിഞ്ഞ് നില്‍ക്കുന്നത് ശരിയല്ല എന്നു പറഞ്ഞ്, കൂടുതല്‍ സമയവും അള്‍ത്താരാഭിമുഖമായി ബലി അര്‍പ്പിക്കാന്‍ തുടങ്ങി.
ഇനി മറ്റൊരു കാര്യം, ദിവ്യബലിയിലും മറ്റും ആദ്യമൊക്കെ ദൈവത്തേയും ദൈവികരേയും 'നീ', 'നിന്റെ' എന്നൊക്കെ അഭിസംബോധന ചെയ്തിരുന്നത്, ഇടക്കാലത്ത് 'അങ്ങ്', 'അങ്ങയുടെ', 'അവിടുത്തേ' എന്നു തുടങ്ങിയ ബഹുമാനം സൂചിപ്പിക്കുന്ന പദങ്ങളുപയോഗിച്ചു തുടങ്ങി. അത് മലയാളഭാഷയിലുള്ള കര്‍മ്മങ്ങളില്‍ കൂടുതല്‍ നല്ലതായും അനുയോജ്യമായും തോന്നി. എന്നാല്‍ പിന്നീട് വീണ്ടും പഴയപടി 'നീ', 'നിന്റെ' എന്നൊക്കെ ആക്കി. എങ്കിലും ചില വൈദികര്‍ ഇപ്പോഴും ബഹുമാന സൂചകമായ മലയാള പദങ്ങള്‍ തന്നെ ഉപയോഗിക്കുന്നുണ്ട്.
കാഴ്ചവയ്പിന്റെ സമയത്ത്, ''നമ്മുടെ രക്ഷയ്ക്കുവേണ്ടി തന്നെത്തന്നെ ബലിയര്‍പ്പിക്കുകയും, തന്റെ പീഡാനുഭവത്തിന്റെയും മരണത്തി ന്റെയും സ്മരണ ആചരിക്കുവാന്‍ കല്പിക്കുകയും ചെയ്ത മിശിഹാ ഈ കുര്‍ബാന നമ്മുടെ കരങ്ങളില്‍ നിന്ന് സ്വീകരിക്കുമാറാകട്ടെ'' എന്ന പ്രാര്‍ത്ഥന, ഇപ്പോള്‍ ജനത്തെ ചൊല്ലാന്‍ അനുവദിക്കാതെ, വൈദികന്‍ തന്നെയാണ് ഏറെ കുര്‍ബാനയിലും ചൊല്ലുന്നത് എന്നതാണ്. ഈ പ്രാര്‍ത്ഥന വൈദികനും ജനങ്ങളും കൂടി ചൊല്ലുന്നത് കൂടുതല്‍ യുക്തമായി എനിക്കു തോന്നുന്നു.
കാഴ്ചവയ്പിന്റെ സമയത്തു സാധാരണയായും ഇപ്പോള്‍ നിര്‍ബന്ധമായും തന്നെ പാടുന്ന പാട്ട്... ''മിശിഹാ കര്‍ത്താവിന്‍ തിരുമെയ്‌നിണവുമിതാ
പാവന ബലിപീഠേ,
സ്‌നേഹഭയങ്ങളൊടണയുകനാ-
മഖിലരുമൊന്നായ് സന്നിധിയില്‍'' എന്നു തുടങ്ങുന്ന പാട്ടാണല്ലോ. അപ്പവും വീഞ്ഞും തിരുശരീരരക്തങ്ങളായി മാറുന്നതിനു മുമ്പ് (കൂദാശ വചനങ്ങള്‍ ഉച്ചരിക്കുന്നതിനുമുമ്പ്) പാടുന്ന ഈ പാട്ടിനേക്കാള്‍ എത്രയോ നല്ല പാട്ടുകള്‍ ഇടക്കാലത്ത് പാടിയിരുന്നു. ഉദാ:
''കനിവോടേ സ്വീകരിക്കേണമേ
നിറയുമീ ജീവിതതാലത്തില്‍
സന്തോഷസന്താപമാലിക
കനിവോടെ സ്വീകരിക്കേണമേ...''
എന്നാല്‍ ഇത്തരം പാട്ടുകള്‍ ഇപ്പോള്‍ ആല പിക്കാന്‍ അനുവാദമില്ലാത്തതാക്കിയിരിക്കുന്നു.
നമ്മുടെ പലരുടെയും താത്പര്യമനുസരിച്ച്, ഇഷ്ടമുള്ള രീതിയില്‍, ഇഷ്ടമുള്ളിടത്തേയ്ക്ക് തിരിഞ്ഞുനിന്ന്, ഇഷ്ടമുള്ള രീതിയില്‍ പ്രാര്‍ത്ഥനകള്‍ ചൊല്ലി, ഇഷ്ടമുള്ള പാട്ടുകള്‍ പാടി ബലി അര്‍പ്പിക്കാന്‍ അനുവദിച്ചാല്‍ എല്ലാ കുര്‍ബാനയും ഒരുപോലെ ആകുകയില്ല.
അപ്രകാരം അനുവദിക്കാത്ത സ്ഥിതിക്ക്, ഇഷ്ടമില്ലാത്തത് സ്വീകരിക്കുന്നതും ഒരു ബലിയായി കണ്ട്, ''അനുസരണ ബലിയേക്കാള്‍ ശ്രേഷ്ഠം!'' എന്ന തത്വത്തിനനുസരിച്ച്, ഇഷ്ടമില്ലാത്ത കയ്പുനീര്‍ ഈശോ കുടിച്ചതുപോലെ, വിശുദ്ധ കുര്‍ബാനയുടെ ഏകീകരണം എല്ലാവര്‍ക്കും അംഗീകരിച്ചു കൂടേ? ക്രൂശിതനായ ക്രിസ്തു അതിനു പ്രതിഫലം നല്കുകയില്ലേ?
മറ്റൊരു രീതിയില്‍ ചിന്തിച്ചാല്‍, ജനാഭിമുഖവും, അള്‍ത്താരാഭിമുഖവുമായ ഏകീകൃത കുര്‍ബാന ജനത്തേയും, സക്രാരിയേയും മാനിക്കുന്ന മഹത്തായ ബലിയായി സ്വീകരിച്ചു കൂടേ?