ഹങ്കറിയിലെ വിശുദ്ധ എലിസബത്ത് (1207-1231) : നവംബര്‍ 17

ഹങ്കറിയിലെ വിശുദ്ധ എലിസബത്ത് (1207-1231) : നവംബര്‍ 17
Published on
ഹങ്കറിയുടെ രാജാവായിരുന്ന ആന്‍ഡ്രൂ രണ്ടാമന്റെ മകളായിരുന്നു എലിസബത്ത്. വി. ഹെഡ്‌വിഗ്ഗിന്റെ ബന്ധുവും. ബാലികയായിരുന്നപ്പോള്‍ത്തന്നെ തുറുങ്കിയായുടെ കിരീടാവകാശിയായ ലൂയീസ് നാലാമനുമായുള്ള വിവാഹം ഉറപ്പിച്ചു. അതിനാല്‍ നാലു വയസ്സുമുതല്‍ അവള്‍ വളര്‍ന്നത് വാര്‍ട്ട്ബര്‍ഗ് കൊട്ടാരത്തിലാണ്. തുറുങ്കിയാന്‍ കോടതിയില്‍ വിദ്യാഭ്യാസവും ചെയ്തു. അന്ന് ജര്‍മ്മനിയിലെ ഏറ്റവും സംസ്‌കാര സമ്പന്നമായ സ്ഥലമായിരുന്നു അത്.

ചെറുപ്പത്തില്‍ത്തന്നെ ഭക്തിയോട് ആഭിമുഖ്യം കാണിച്ച എലിസബത്ത്, മറ്റുള്ളവരുടെ വിമര്‍ശനങ്ങളും പരിഹാസവാക്കുകളും വകവയ്ക്കാതെ സാധുജനസേവനവും ദാനധര്‍മ്മങ്ങളുമൊക്കെ തുടര്‍ന്നു കൊണ്ടിരുന്നു. ദൈവാലയത്തില്‍ പോകുമ്പോള്‍ തന്റെ സ്വര്‍ണ്ണകിരീടം ധരിക്കാന്‍ വകവയ്ക്കാതിരുന്നതാണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. "കര്‍ത്താവ് മുള്‍ക്കിരീടം ധരിക്കുമ്പോള്‍ ഞാനെങ്ങനെ സ്വര്‍ണ്ണകിരീടം അണിയും" എന്നാണ് അവള്‍ ചോദിച്ചത്.
പതിന്നാലാമത്തെ വയസ്സില്‍ എലിസബത്തും ലൂയീസും തമ്മിലുള്ള വിവാഹം നടന്നു. അവര്‍ക്കു മൂന്നുകുട്ടികളും ജനിച്ചു. ആശയടക്കം, ഉപവാസം, പീഡനം, പ്രാര്‍ത്ഥന-ഒക്കെ അവളുടെ അനുദിന ജീവിതത്തിന്റെ ഭാഗമായി മാറിയിരുന്നു. ഭര്‍ത്താവ് അവളുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലെല്ലാം സഹകരിച്ചിരുന്നു. അവരുടെ വിവാഹജീവിതത്തിന്റെ ആദ്യവര്‍ഷമാണ് ഫ്രാന്‍സിസ്‌ക്കന്‍ സന്ന്യാസിമാര്‍ ജര്‍മ്മനിയിലെത്തിയത്. എലിസബത്ത് അവരുടെ മൂന്നാം സഭയില്‍ അംഗമായി. ഫ്രാന്‍സീസ് അസ്സീസിക്ക് വളരെ സന്തോഷം പ്രദാനം ചെയ്ത ഒരു സംഭവമായിരുന്നു അത്. അക്കാര്യം ഫ്രാന്‍സീസ് ഒരു കത്തുവഴി അവളെ അറിയിക്കുകയും ചെയ്തു. ഫ്രാന്‍സീസിന്റെ മരണത്തിന് ഏതാനും വര്‍ഷം മുമ്പാണ് ആ കത്തും തന്റെ ഒരു കുപ്പായവും കൂടി എലിസബത്തിന് എത്തിച്ചുകൊടുത്തത്.
ആറാം കുരിശുയുദ്ധത്തില്‍ പങ്കെടുക്കാന്‍ പോയ ലൂയിസ് ടൈഫോയിഡു പിടിപെട്ട് മരണമടഞ്ഞു. അനാഥയായിത്തീര്‍ന്ന എലിസബത്ത് ഹൃദയം പൊട്ടി നിരാശ്രയയായി വിലപിച്ചു. ലൂയിസിന്റെ സഹോദരന്‍ ഹെന്‍ട്രി പെട്ടെന്ന് അധികാരം പിടിച്ചെടുത്തു. എലിസബത്തിന് എവിടെയെങ്കിലും പോയി അഭയം തേടുകയേ മാര്‍ഗ്ഗമുണ്ടായിരുന്നുള്ളൂ. ബാംബര്‍ഗ്ഗിന്റെ ബിഷപ്പായിരുന്ന അമ്മാവന്‍ എക്ബര്‍നെ അഭയം പ്രാപിച്ചു. കിറ്റ്‌സിംഗന്‍ ആശ്രമത്തിന്റെ അധിപയായിരുന്ന മെക്‌റ്റൈല്‍ഡിന്റെ സഹായത്തോടെ ബിഷപ്പ് ഇടപെട്ട് എലിസബത്തിന്റെ അവകാശങ്ങള്‍ തിരിച്ചുപിടിച്ചു. അധികം താമസിയാതെ, എലിസബത്ത് തന്റെ സമ്പത്തിന്റെ നല്ലൊരു ഭാഗം പാവങ്ങള്‍ക്കു വിതരണം ചെയ്തു. മക്കളുടെ ഭാവിക്കുള്ള കാര്യങ്ങളെല്ലാം ഒരുക്കിയശേഷം വിശ്രമാര്‍ത്ഥം അവര്‍ മാര്‍ബര്‍ഗ്ഗിലേക്കു തിരിച്ചു. അവിടെ വി. ഫ്രാന്‍സീസിന്റെ നാമത്തില്‍ ഒരു ആശുപത്രി പണിത്, കുഷ്ഠരോഗികളെ അവര്‍ തന്നെ ശുശ്രൂഷിച്ച് കഴിഞ്ഞുകൂടി.
ശാരീരികവും മാനസികവുമായ അത്ഭുതരോഗശാന്തികള്‍ എലിസബത്തിന്റെ പ്രാര്‍ത്ഥനയുടെ ഫലമായി സംഭവിച്ചുകൊണ്ടിരുന്നു. വീഞ്ഞും അപ്പവും അവരുടെ സാന്നിദ്ധ്യത്തില്‍ അത്ഭുതകരമായി വര്‍ദ്ധിച്ച അനുഭവവും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ആദ്ധ്യാത്മിക പിതാവായ കൊണ്‍റാഡ് വോണ്‍ മാര്‍ബര്‍ഗ്ഗിന്റെ നിര്‍ദ്ദേശപ്രകാരം എലിസബത്ത് അവരുടെ സമ്പത്തെല്ലാം പാവങ്ങള്‍ക്ക് വിതരണം ചെയ്തു. ഒരു പഴയ വസ്ത്രം മാത്രം-ഫ്രാന്‍സീസ് നല്‍കിയത് – ബാക്കിവച്ചു. മരണശേഷം ആ വേഷം ധരിപ്പിച്ച് തന്നെ അടക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു.
1231 നവംബര്‍ 17-ന്, ഇരുപത്തിനാലാമത്തെ വയസ്സില്‍ എലിസബത്ത് മരണമടഞ്ഞു. കബറിടത്തിങ്കല്‍ ധാരാളം അത്ഭുതങ്ങള്‍ നടന്നുകൊണ്ടിരുന്നു. പോപ്പ് ഗ്രിഗരി കത, 1235-ല്‍ എലിസബത്തിനെ വിശുദ്ധയായി പ്രഖ്യാപിച്ചു. അവരുടെ കബറിടത്തിങ്കലേക്ക് തീര്‍ത്ഥാടകരുടെ പ്രവാഹമായിരുന്നു. പക്ഷേ, 1539-ല്‍ പ്രൊട്ടസ്റ്റന്റുകാര്‍ അവിടം കൈയടക്കി തീര്‍ത്ഥാടനം നിരോധിക്കുകയും ഭൗതികാവശിഷ്ടങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.
ഫ്രാന്‍സിസ്‌കന്‍ മൂന്നാം സഭയുടെ സ്വര്‍ഗീയ മദ്ധ്യസ്ഥയാണ് വി. എലിസബത്ത്.

"നമുക്കുള്ളതെല്ലാം, കഴിയുന്നിടത്തോളം, സന്തോഷത്തോടെ നല്‍കുക."
വിശുദ്ധ എലിസബത്ത്‌

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org