ജയിംസ് ഐസക്, കുടമാളൂർ
മാർ ജോർജ് ആലഞ്ചേരി മേജർ ആർച്ചുബിഷപ്പാ യിരുന്നപ്പോൾ സീറോ മലബാർ സഭയിലെ ഏതാനും പുരാതന ദേവാലയങ്ങൾ ആർക്കി എപ്പിസ്കോപ്പൽ തീർഥാടനകേന്ദ്രങ്ങളായി പ്രഖ്യാപിക്കപ്പെട്ടു. അതത് ഇടവകകളുടെ വികാരിമാർ ആർക്കി എപ്പിസ്കോപ്പൽ റെക്ടർ എന്ന ബഹുമതിയും നേടി. ലോകത്തിന്റെ വിവിധ മേഖലകളിൽ നിന്ന് തീർഥാടകർ ഇടവകകളിൽ വന്നു ചേരുമെന്നായിരുന്നു പ്രതീക്ഷ. വർഷങ്ങൾക്കു മുമ്പു തന്നെ തീർഥാടകരെ ആകർഷിച്ചിരുന്ന ഈ ദേവാലയ ങ്ങളിൽ പുതിയ പ്രഖ്യാപനം വഴി തീർഥാടകരുടെ എണ്ണം വർധിച്ചിട്ടുണ്ടോ എന്ന് കണക്കെടുത്തതായി അറിവില്ല. ഒരുപക്ഷേ, വിനോദസഞ്ചാരം എന്ന പേരിൽ സന്ദർശകർ കൂടുതലായി എത്തിയിട്ടുണ്ടാകും.
ഇന്ത്യയിലെ അതിപ്രശസ്തമായ ക്ഷേത്രങ്ങൾ വിനോദ സഞ്ചാരികളെയും തീർഥാടകരെയും ഒരുപോലെ ആകർഷിക്കുന്നുണ്ട്. ഒരുപക്ഷേ, വലിയ ധന സമാഹര ണത്തിനു കുറ്റകരമല്ലാത്ത ഒരു മാർഗമായി പലരും തീർഥാടനകേന്ദ്രങ്ങളുടെ പ്രഖ്യാപനത്തെ കാണുന്നുണ്ട്. സെന്റ് പീറ്റേഴ്സ് ബസിലിക്കയും, നോട്ടർ ഡാം കത്തീഡ്രലും, ബാർസിലോണിയായിലെ കത്തീഡ്രലും, ലൂർദിലെ ഗ്രോട്ടോയും ഒരേസമയം തീർഥാടനകേന്ദ്ര ങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളുമായി ജനങ്ങളെ ആകർഷിച്ചുകൊണ്ടിരിക്കുന്നു.
വിശുദ്ധ അൽഫോൻസായെ നാമകരണം ചെയ്ത അവസരത്തിൽ വിശുദ്ധയെ സംസ്കരിച്ച ഭരണങ്ങാനം പള്ളി പാലാ രൂപതയിലെ തീർഥാടനകേന്ദ്രമായി പരിണമിച്ചു. പാലാ രൂപത ചങ്ങനാശ്ശേരിയിൽ നിന്നു വേർപെട്ടതാണ്. വിശുദ്ധയുടെ ജന്മസ്ഥലം ചങ്ങനാശ്ശേ രിയിലെ കുടമാളൂർ ആണ്. ചെമ്പകശ്ശേരി രാജാവ് ക്രിസ്ത്യാനികളെ ക്ഷണിച്ചുവരുത്തി അവർക്കായി നിർമ്മിച്ചു കൊടുത്ത കുടമാളൂർ ദേവാലയം അൽഫോൻസാമ്മയുടെ പേരിൽ ചങ്ങനാശ്ശേരിക്കാർ തീർഥാടനകേന്ദ്രമായി പ്രഖ്യാപിച്ചു. അത് വിജയമായി.
വി. അൽഫോൻസാമ്മയ്ക്കു മാമ്മോദീസ നല്കിയ കൽതൊട്ടി പള്ളിയിൽ വരുന്ന സ്ത്രീകൾ ചെരുപ്പു സൂക്ഷി ക്കുന്ന സ്ഥാനമായി ഉപയോഗിച്ചിരുന്നു. ഇടവക വികാരിയെ ഈ മാമ്മോദീസ തൊട്ടി കാണിച്ച് ഞാൻ പറഞ്ഞു: “അച്ചാ, വിശുദ്ധയുടെ മാമ്മോദീസാ തൊട്ടി കണ്ടു വണങ്ങാൻ തീർഥാടകർ വരും. ഈ പരിഹാസ്യ മായ അവസ്ഥ മാറണം.”
ഏതായാലും അച്ചൻ ഉടൻ തന്നെ മാമ്മോദീസാ തൊട്ടി ഒരു പ്രത്യേക സംവിധാനത്തിൽ മാന്യമായി സ്ഥാപിക്കുകയും നിർമ്മാണത്തിന്റെ മുഴുവൻ തുക യുടെയും ബിൽ എനിക്കു തന്നു സംഭാവന വാങ്ങുകയും ചെയ്തു. ഈ അനുഭവം ഒരു ദൈവാനുഗ്രഹത്തിന്റെ അനുഭവമായി കാണുന്നു. ഇപ്പോൾ ആണ്ടുതോറും വി. അൽഫോൻസാമ്മയുടെ ജന്മനാൾ കുടമാളൂർ പള്ളിയിൽ തിരുനാളായി ആഘോഷിക്കുന്നു. എല്ലാ ഇടവകകളിൽ നിന്നും തീർഥാടകർ എത്തുന്നു. ഭരണങ്ങാനത്തിനൊപ്പം ഇല്ലെങ്കിലും കുടമാളൂരും കാര്യമായ ധനസമാഹരണം നടക്കുന്നു.
ഈ നവംബറിൽ ചങ്ങനാശ്ശേരിയിൽ പാറേൽപള്ളി പുതിയ തീർഥാടനകേന്ദ്രമായി പ്രതിഷ്ഠിക്കപ്പെടുകയാണ്. മുപ്പതു കോടിയിൽപ്പരം രൂപ ചെലവിട്ടു നിർമ്മിച്ച ദേവാലയത്തിന് ഏഴു അലങ്കാര ഗോപുരങ്ങളാണ്. ഇതു സഭയുടെ ഏഴു കൂദാശകളുടെ പ്രതീകമെന്നാണ് പരസ്യ പ്രഖ്യാപനത്തിൽ കണ്ടത്. യൂറോപ്പിലും അമേരിക്കയിലും ഉള്ള ബ്രഹ്മാണ്ഡ ദേവാലയങ്ങൾക്കു തുല്യം നമ്മുടെ ചങ്ങനാശ്ശേരിയിലും ഒരു മരിയൻ തീർഥാടനകേന്ദ്രം ഉണ്ടാകുന്നതിനെ എങ്ങനെ കാണണം? എറണാകുളത്ത് ഇടപ്പള്ളിയിൽ ഉയർന്ന ബ്രഹ്മാണ്ഡദേവാലയം ആയിരിക്കണം പ്രചോദനം.
പാശ്ചാത്യ നാടുകളിലെ ക്രൈസ്തവസമൂഹങ്ങളിൽ കോടീശ്വരന്മാർ ധാരാളമുണ്ട്. പഴയ കാലത്ത് രാജാക്കന്മാരാണ് ദേവാലയങ്ങൾ നിർമ്മിച്ചിരുന്നത്. ഈ കൊച്ചുകേരളത്തിലും വേണോ ബ്രഹ്മാണ്ഡ ദേവാലയ ങ്ങളും ആഗോള തീർത്ഥാടനകേന്ദ്രങ്ങളും? ലളിതവും മനോഹരവുമായ ചെറിയ ദേവാലയങ്ങളല്ലേ നമുക്കു നല്ലത്?