

ഇടുക്കി : ക്രൈസ്തവ യുവത്വം സമാധാനത്തിന്റേയും നീതിയുടേയും ശബ്ദം എന്ന ആപ്തവാക്യവുമായി കെ.സി.ബി.സി.യുടെ ഔദ്യോഗിക യുവജന പ്രസ്ഥാനമായ കെ.സി.വൈ.എം.ന്റെ സംസ്ഥാന യുവജനദിനാഘോഷം 'കൈറോസ് 2026 - embrace the time ingnite the future' ഉം ഫ്രാൻസി സ്കൻ വർഷാചരണത്തോടനുബന്ധിച്ച് യുവജന മാസ ഉദ്ഘാടനവും കെ.സി.വൈ.എം ഇടുക്കി രൂപതയുടെ ആതിഥേയത്വത്തിൽ ജൂലൈ 5 ഞായറാഴ്ച മുരിക്കാശ്ശേരി സെന്റ്. മേരീസ് സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു.
കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ് ഷിബിൻ ഷാജി അദ്ധ്യക്ഷത വഹി ക്കുന്ന യുവജന സംഗമം കെ.സി.ബി.സി പ്രസിഡന്റ് മോസ്റ്റ്.റവ. ഡോ. വർഗീസ് ചക്കാലക്കൽ ഉദ്ഘാടനം ചെയ്യുകയും കെ.സി.ബി.സി യുവജന കമ്മീഷൻ ചെയർമാൻ മാർ ജോൺ നെല്ലിക്കുന്നേൽ മുഖ്യാതിഥി ആയിരിക്കുകയും ചെയ്യും. ഇടുക്കി രൂപത മുഖ്യ വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ സന്നിഹിതനായിരിക്കും.
മഹാസംഗമത്തിന്റെ പ്രചാരണാർത്ഥം ഇടുക്കി രൂപതയുടെ പ്രധാന കേന്ദ്രങ്ങളിൽ നിന്ന് വിവിധ മേഖലകളുടെ നേതൃത്വത്തിൽ തോമസ് മൂർ ഛായാചിത്ര പ്രയാണം, ദീപശിഖ പ്രയാണം, പതാക പ്രയാണം എന്നിവ സംഘടിപ്പിക്കും. സമ്മേളനത്തോടനുബന്ധിച്ച് ആകർഷകമായ സംഗീതനിശയും സംഘടിപ്പിക്കപ്പെടുന്നു. കേരളത്തിലെ 32 കത്തോലിക്കാ രൂപതകളിൽ നിന്നുമുള്ള യുവജനങ്ങളെ ഒരുമിച്ച് ചേർക്കുന്ന സംഗമത്തിന് കെ.സി.വൈ.എം സംസ്ഥാന സമിതി അംഗങ്ങളും ഇടുക്കി രൂപത ഭാരവാഹികളും നേതൃത്വം നൽകും.
സമ്മേളനത്തോടനുബന്ധിച്ചു നടത്തപ്പെട്ട പത്ര സമ്മേളനത്തിൽ കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ് ഷിബിൻ ഷാജി, ജനറൽ സെക്രട്ടറി കാസി പുഷ്പ, ട്രഷറർ ജെൻസൺ ആൽബി, കെ.സി.വൈ.എം ഇടുക്കി രൂപത പ്രസിഡന്റ് അമൽ ജിജു ജോസഫ്, ജനറൽ സെക്രട്ടറി ബിജോ ബൈജു, ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ മനക്കലേട്ട് എന്നിവർ പങ്കെടുത്തു.