Letters

കൊറോണയുടെ വഴിയിലൂടെ

Sathyadeepam

റൂബി ജോണ്‍ ചിറയ്ക്കല്‍, പാണാവള്ളി

"നിലവിലുള്ളവയെ നശിപ്പിക്കുവാന്‍ വേണ്ടി ലോകദൃഷ്ട്യാ നിസ്സാരങ്ങളായവയെയും അവഗണിക്കപ്പെട്ടവരെയും ഇല്ലായ്മയെത്തന്നെയും ദൈവം തിരഞ്ഞെടുത്തു. ദൈവസന്നിധിയില്‍ ആരും അഹങ്കരിക്കാതിരിക്കുവാനാണ് അവിടുന്ന് ഇങ്ങനെ ചെയ്തത്" (1 കോറി. 28-29). മനുഷ്യന്റെ അന്വേഷണം അങ്ങേയറ്റത്തെത്തിയാലും അവര്‍ ആരംഭത്തില്‍ത്തന്നെ നില്ക്കുകയേയുള്ളൂ. അവന് അത് എന്നും പ്രഹേളികയായിരിക്കും (പ്രഭാ. 18:7).

കുറച്ചുനാളായി ആധുനിക ലോകം എല്ലാത്തരത്തിലും തലത്തിലും അഹങ്കാരത്തിന്റെ ഉച്ചകോടിയിലായിരുന്നു. പ്രായഭേദമെന്യേ, ജാതിമതഭേദമെന്യേ, സമ്പന്ന-ദരിദ്രഭേദമെന്യേ, രാജ്യഭേദമെന്യേ ഓരോ തലത്തിലും തങ്ങള്‍ മറ്റുള്ളവരേക്കാള്‍ ഒരുപടി മുന്‍പന്തിയിലാണെന്ന ചിന്ത, അഥവാ മുമ്പിലാകണമെന്ന ചിന്ത മനുഷ്യനെ വല്ലാതെ ഭരിച്ചിരുന്നു. ഇന്നു ചുറ്റുപാടുമുള്ള സാധാരണക്കാരുടെ ജീവിതനിലവാരം വളരെ ഉയര്‍ന്നിരിക്കുന്നു. ഭക്ഷണരീതി, വസ്ത്രധാരണരീതികള്‍, വീട്, വാഹനങ്ങള്‍ എന്നിവയൊക്കെ ഉയര്‍ന്ന നിലവാരത്തിലേക്കുയര്‍ന്നിരിക്കുന്നു; നല്ല കാര്യം. സമാധാനപരമായ ജീവിതത്തിനിടയില്‍, മററുള്ളവരേക്കാള്‍ സാമ്പത്തികമായി ഉയരണമെന്ന ചിന്ത മനുഷ്യനെ പലപ്പോഴും പല തെറ്റുകളിലേക്കും വലിച്ചിരുന്നു. അത്യാര്‍ത്തി മൂത്ത് കാര്യസാദ്ധ്യത്തിനുവേണ്ടി ആര്‍ക്കും ആരെയും ഏതു തരത്തിലും ദ്രോഹിക്കാന്‍ മടിയില്ലാതാകും. അതിനു പ്രചോദനം നല്കുവാന്‍ നമ്മുടെ ടി.വി., ഫോണ്‍ മുതലായവയിലൂടെ പ്രകടമാകുന്ന ദൃശ്യങ്ങളും സഹായിക്കുന്നു. നല്ല മാതൃകകള്‍ വിരളമായേ കാണുന്നുള്ളൂ. മാധ്യമങ്ങളിലൂടെ നമ്മുടെ മനസ്സിനെ വല്ലാതെ ഭയപ്പെടുത്തുന്ന ക്രൂരത നിറഞ്ഞ വാര്‍ത്തകള്‍ വായിക്കുമ്പോള്‍, സോദോം, ഗൊമോറയെ നശിപ്പിച്ചതുപോലെ, ദൈവം ലോകത്തെ നശിപ്പിക്കുമോ എന്നു പലപ്പോഴും ശങ്കിച്ചിട്ടുണ്ട്.

ഇപ്പോഴിതാ ഒരു വൈറസ് സമ്പന്നനെന്നോ ദരിദ്രനെന്നോ ഭരണാധികാരിയെന്നോ സാധാരണക്കാരനെന്നോ ഉദ്യോഗസ്ഥനെന്നോ ജോലിയില്ലാത്തവനെന്നോ ഒന്നും വ്യത്യാസം കൂടാതെ, ജാതിമതവര്‍ണഭേദമെന്യേ കുടില്‍തൊട്ടു കൊട്ടാരംവരെ ആബാലവൃദ്ധം ജനങ്ങളെയും പിടിച്ചുലച്ചു മരണത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്നു! ഫറവോന്റെ അടിമത്തത്തില്‍നിന്ന് ഇസ്രായേല്‍ ജനത്തെ വീണ്ടെടുക്കാന്‍ അയച്ച പത്തു ശിക്ഷകളില്‍ ഒന്നായ വെട്ടുക്കിളിശല്യംപോലും നമ്മുടെ രാജ്യത്തെത്തിയിരിക്കുന്നു. അതിഥിത്തൊഴിലാളികളുടെ പലായനം കാണുമ്പോള്‍ ഇസ്രായേല്‍ ജനത്തിന്റെ പലായനം ഓര്‍ത്തുപോകുന്നു.

മനുഷ്യന്റെ അഹങ്കാരത്തിന്റെ അടയാളങ്ങളായിരുന്ന ആടയാഭണങ്ങളും കാറും മറ്റും ആര്‍ക്കും പ്രദര്‍ശനവസ്തുക്കളാകാതെ നിശ്ചലം സ്വഭവനങ്ങളില്‍ വിശ്രമംകൊള്ളുന്നു. ദേവാലയങ്ങളിലോ വിവാഹാവസരങ്ങള്‍ക്കോ മീറ്റിംഗുകള്‍ക്കോ ഒന്നും പോകണ്ടല്ലോ. മാമ്മോദീസ, ആദ്യകുര്‍ബാന, മനഃസമ്മതം, കല്യാണം, മൃതസംസ്‌കാരം വരെ നില്ക്കുന്നവരുടെ പ്രൗഢി കാട്ടാനുള്ള വേദികളായിരുന്നുവല്ലോ?

മനുഷ്യനു ജീവിതത്തിന്റെ നൈമിഷികതയെക്കുറിച്ചു ചിന്തിക്കാന്‍ ദൈവം ഒരവസരം നല്കിയിരിക്കുകയാണ്. എന്തൊക്കെ നേട്ടങ്ങളുണ്ടായാലും എത്ര സമ്പാദ്യമുണ്ടായാലും മരണത്തിന്റെ മുമ്പില്‍ എല്ലാം നിഷ്പ്രഭമാണെന്നു "കൊറോണ വൈറസി"ലൂടെ അവിടുന്നു പഠിപ്പിക്കുകയാണ്. സ്വാര്‍ത്ഥനായ, അഹങ്കാരിയായ പഴയ മനുഷ്യനെ ഉരിഞ്ഞു മാറ്റി, നൈമിഷികമായ ഈ ജീവിതത്തെ സ്‌നേഹംകൊണ്ട്, പരസ്‌നേഹംകൊണ്ടു നിറച്ച് അനശ്വരമായ ലോകസൗഭാഗ്യത്തിനായി യത്‌നിക്കണമെന്നാണു "കൊറോണ വൈറസി"ലൂടെ ദൈവം നമ്മോട് ആഹ്വാനം ചെയ്യുന്നത്.

കൊച്ചിയിലെ കപ്പലൊച്ചകൾ [06]

ഡിജിറ്റല്‍ വിശ്വാസലോകം

വിശുദ്ധ ജാനുവാരിയൂസ് (-305) : സെപ്തംബര്‍ 19

ചാര്‍ലി കിര്‍ക്ക് : ദൈവത്തിനുള്ളതും സീസറിനുള്ളതും കൂടിക്കുഴയുമ്പോള്‍

ഈശോ കൂടെയുണ്ടെന്ന ബോധ്യം പ്രായോഗിക ജീവിതത്തിൽ പകർത്താൻ കുട്ടികൾക്ക് സാധിക്കണം