Editorial

'മനുഷ്യരാണ് മറക്കരുത്'

Sathyadeepam

എന്‍ഡോസള്‍ഫാന്‍ വിഷമഴയില്‍ പൊള്ളിദ്രവിച്ചടര്‍ന്ന ജീവിതങ്ങളിലേക്ക് ഒരിക്കല്‍ക്കൂടി മലയാളിയുടെ മനസ്സാക്ഷിയെ ഉണര്‍ത്തിയ, രണ്ടാഴ്ചയിലധികം നീണ്ട നിരാഹാരദിനങ്ങള്‍ അവസാനിപ്പിച്ചുകൊണ്ട് ദയാബായി സര്‍ക്കാരിനു നല്കിയ മുന്നറിയിപ്പ് ഇതാണ്. ''സമരത്തിന് താല്‍ക്കാലിക വിരാമം മാത്രം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നീതി ഉറപ്പാക്കുംവരെ ഈ പോരാട്ടം തുടരും.''

ചികിത്സാസൗകര്യം എന്ന അടിസ്ഥാന മനുഷ്യാവകാശം എന്‍ഡോ സള്‍ഫാന്‍ ഇരകള്‍ക്ക് ഉറപ്പുവരുത്തുന്നതില്‍ ദയനീയമായി പരാജയപ്പെട്ട സര്‍ക്കാരിനോട് ഇനി മുതല്‍ പ്രഖ്യാപനങ്ങളല്ല, പ്രവൃത്തികളാണ് ആവശ്യം എന്ന് അടിവരയിട്ടു പറയാന്‍, ഉത്തരേന്ത്യയിലെ ദളിത്-ആദിവാസി പോരാട്ട നിലങ്ങളില്‍നിന്നും 82 കഴിഞ്ഞ ദയാബായി എന്ന പോരാളി സെക്രട്ടറിയേറ്റിന്റെ നടവഴിയില്‍ വെയിലും മഴയുമേറ്റ് 18 ദിവസത്തോളം കിടക്കാനിടയായത് ഓരോ മലയാളിയുടെയും തലതിരിഞ്ഞ വികസന മിഥ്യാബോധത്തിന്റെ നിറുകയിലേറ്റ ഒന്നാന്തരം അടിതന്നെയാണ്.

സംസ്ഥാന സര്‍ക്കാരാണ് എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ മുഖ്യപ്രതി. പൊതുമേഖലാ സ്ഥാപനമായ കേരള പ്ലാന്റേഷന്‍ കോര്‍പ്പറേഷന് ഏറ്റവുമധികം കശുവണ്ടിത്തോട്ടങ്ങളുള്ള ജില്ലയാണ് കാസര്‍ഗോഡ്. ജില്ലയിലെ 11 പഞ്ചായത്തുകളിലായുള്ള 4800 ഏക്കറിലെ തോട്ടങ്ങളില്‍ തേയിലക്കൊതുകുകളെ തുരത്താനെന്ന പേരില്‍ ഹെലികോപ്റ്ററില്‍ വ്യാപകമായി എന്‍ ഡോസള്‍ഫാന്‍ തളിച്ച് തുടങ്ങിയത് 1977-78 കാലത്താണ്. 2005-ല്‍ എന്‍ഡോ സള്‍ഫാന്‍ നിരോധനം വരുന്നതുവരെ ഇതു തുടര്‍ന്നു.

രണ്ടായിരാമാണ്ടിന്റെ തുടക്കത്തിലാണ് ജില്ലയില്‍ വ്യാപകമായി നാഡി-ഞരമ്പു രോഗങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. നാഡിവ്യൂഹത്തെ ബാധിക്കുന്ന വിഷലായനിയാണ് എന്‍ഡോസള്‍ഫാന്‍. വലിയ തലയും ചെറിയ ശരീരവുമായി ആകൃതിയില്‍ മാത്രം മനുഷ്യരെപ്പോലെ തോന്നിച്ച കുട്ടികള്‍ കൂടുതലായി പിറക്കാന്‍ തുടങ്ങിയതോടെയാണ് വിഷത്തിന്റെ വ്യാപനവും രോഗത്തിന്റെ തീവ്രതയും ശ്രദ്ധയില്‍പ്പെട്ടത്. അന്നു മുതല്‍ സമരത്തിന്റെ ചൂടില്‍ പുകഞ്ഞും അവഗണനയുടെ മഴയില്‍ നനഞ്ഞും ഒരു ജില്ലമുഴുവന്‍ നീതിക്കുവേണ്ടി നിലവിളിക്കുകയാണ്.

ആറായിരത്തിലധികം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഉണ്ടെന്നാ ണ് കണക്കുകള്‍ പറയുന്നത്. പുതിയ ഇരകളെ കണ്ടെത്താന്‍ സഹായി ക്കുന്ന മെഡിക്കല്‍ ക്യാമ്പുകള്‍ 2019-നു ശേഷം ദുരിതമേഖലകളില്‍ നടത്തിയിട്ടില്ലെന്നറിയുമ്പോഴാണ്, അത്യപൂര്‍വ്വമായ സര്‍ക്കാര്‍ അവഗണനയുടെ അതിദയനീയ ചിത്രം പൂര്‍ണ്ണമാകുന്നത്. 2010-ല്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പ്രധാന ശുപാര്‍ശയായിരുന്ന പാലിയേറ്റീവ് കെയര്‍ സെന്റര്‍ ഇതുവരെയും സ്ഥാപിക്കപ്പെട്ടിട്ടില്ല എന്നുകൂടി അറിയുമ്പോഴാണ് കാസര്‍ ഗോഡ് കേരളത്തില്‍ തന്നെയോ എന്ന് നാം അത്ഭുതപ്പെടുന്നത്. ജില്ലാ ആശുപത്രിയില്‍ ന്യൂറോളജിസ്റ്റിനെ നിയമിച്ചെങ്കിലും മെഷീനുകള്‍ പ്രവര്‍ ത്തിപ്പിക്കാനറിയുന്ന സാങ്കേതികവിദഗ്ദ്ധരുടെ അഭാവം മൂലം പൂര്‍ണ്ണ സേവനം സജ്ജമായിട്ടില്ല. 2013-ല്‍ കാസര്‍ഗോഡ് ജില്ലയ്ക്കനുവദിച്ച മെഡിക്കല്‍ കോളേജില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ സൗകര്യങ്ങള്‍ മാത്രമേ ഇപ്പോഴുമുള്ളൂ എന്നതും സര്‍ക്കാര്‍ അവഗണനയുടെ അതിശയചരിത്ര ത്തിന്റെ ഭാഗം തന്നെ. നിസ്സാരമായി പരിഹരിക്കാവുന്ന കാര്യങ്ങള്‍ കൊണ്ടുപോലും അനന്തമായി വൈകുന്ന പുനഃരധിവാസ പദ്ധതികളുടെയും ആതുരാലയ സേവനങ്ങളുടെയും നേര്‍ചിത്രം ഒരു നാടിന്റെ കണ്ണീര്‍ചിത്രമായി തുടരുകയാണ്.

ഇനിയും നിര്‍വ്വീര്യമാക്കാത്ത എന്‍ഡോസള്‍ഫാന്‍, പെരിയയിലെ ഗോഡൗണില്‍ മറ്റൊരു വിഷവ്യാപന ദുരന്തത്തിന് ഊഴംകാത്ത് കിടക്കുന്നുണ്ട്. ഭോപ്പാല്‍ ദുരന്തത്തിന് സമാനമാണ് തലമുറകളിലേക്ക് പകരുന്ന ദുരിത പരമ്പരകള്‍ എന്നറിഞ്ഞിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആശ്വാസപ്രഖ്യാപനങ്ങള്‍ ആവര്‍ത്തിക്കുക മാത്രം ചെയ്യുന്നു. എന്‍ഡോസള്‍ഫാന്‍ ഇരക ളായ കുട്ടികള്‍ക്കുവേണ്ടി നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന പകല്‍വീട് / ബഡ്‌സ് സ്‌കൂളുകള്‍ പോലും ഇപ്പോഴും പൂര്‍ണ്ണതോതില്‍ സജ്ജമല്ല.

രോഗതീവ്രതയില്‍ ജയിലുപോലെ അടച്ചുപൂട്ടി അകത്തായിപ്പോയ ദുരിതജന്മങ്ങളെ പ്രതീക്ഷയുടെ തുറസ്സിടങ്ങളിലേക്ക് ഇറക്കി നിര്‍ത്താനുള്ള ശ്രമങ്ങളില്‍ സര്‍ക്കാരിനൊപ്പം പൊതുസമൂഹവും സഹാനുഭൂതിയോടെ കൂടെ നില്‍ക്കണം. ആതുരശുശ്രൂഷയെ സുവിശേഷ വേലപോലെ സ്വീകരിച്ച കത്തോലിക്കാസഭയ്ക്ക് നിരവധി സേവന മേഖലകള്‍ തുറക്കാന്‍ കാസര്‍ഗോഡ് സാഹചര്യമൊരുക്കുന്നുണ്ട്. CBCI യുടെ കാരിത്താസിനും, KCBC യുടെ സാമൂഹ്യ സേവന വിഭാഗത്തിനും ഇക്കാര്യത്തില്‍ നേതൃപരമായ പങ്കുവഹിക്കാനാകും. അത് ചരിത്ര നിയോഗമായി തിരച്ചറിഞ്ഞ് നിരുപാധികം നിറവേറ്റണം. പാലിയേറ്റീവ് കെയര്‍ സെന്ററുകളും, മെഡിക്കല്‍ ക്യാമ്പുകളും, സൗജന്യമരുന്നു വിതരണവും അടിയന്തര ശ്രദ്ധയര്‍ഹിക്കുന്ന ശുശ്രൂഷാമേഖലകളാണ്. രൂപതകള്‍ക്കും ഇടവകകള്‍ക്കും ദുരിതബാധിത മേഖലകളെ പൂര്‍ണ്ണമായോ ഭാഗികമായോ ഏറ്റെടുത്ത് പുനരധിവാസ പ്രവര്‍ത്തനങ്ങളെ പുനരുജ്ജീവിപ്പിക്കാനാകണം. കേരളസഭയുടെ പ്രത്യേക മിഷന്‍ മേഖലയായി കാസര്‍ഗോഡിനെ പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഈ നവീകരണ വര്‍ഷം ബന്ധപ്പെട്ടവര്‍ നേതൃത്വം നല്കണം.

നിയതവും കര്‍ക്കശവുമായ സമര്‍പ്പിതജീവിതത്തിന്റെ പരിമിതികളെ പാതിവഴിയില്‍ ഉപേക്ഷിച്ചെങ്കിലും മേഴ്‌സിമാത്യു എന്ന ദയാബായിയുടെ അത്യന്തിക ഊര്‍ജ്ജവും ജീവിതനിയമവും സുവിശേഷമാണ്. മഠം വിട്ടെങ്കിലും അവര്‍ യേശുവിനെ വിട്ടില്ല. ഇന്ത്യന്‍ ഭരണ ഘടനയുടെ ആമുഖ വാക്യങ്ങളെ മനഃപാഠമാക്കി പ്രാര്‍ത്ഥനപോലെ ഉരുക്കഴിച്ച് പാവങ്ങള്‍ക്കുവേണ്ടി ഉരുകിത്തീരുന്ന ഈ ജീവിതം ആദിവാസികള്‍ക്കും അധഃകൃതര്‍ക്കുമായി ദശാബ്ദങ്ങളായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. പാവങ്ങളോട് ദയ കാണിക്കണം എന്ന് ദയാബായി പറയുമ്പോള്‍ സഭയും സമൂഹവും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ അതിജീവന ദൗത്യം ഏറ്റെടുക്കണം. ജനാധിപത്യ സമൂഹമായി തുടരാനുള്ള നമ്മുടെ ബാധ്യതയാണത്, മറക്കരുത്.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം