അടിയന്തരാവസ്ഥയുടെ അമ്പതാം വാര്‍ഷികം അനുസ്മരിക്കുന്ന അവസരമാണിത്. മനുഷ്യാവകാശങ്ങളുടെ തൊണ്ടയില്‍ കുടുങ്ങിയ ഭൂതകാല നിലവിളികളെ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ആഘോഷിക്കുന്ന ഭരണകൂടങ്ങള്‍, പുതിയ കാലത്തെ അവകാശപ്രഖ്യാപനങ്ങളെയും ചോദ്യം ചെയ്യലുകളെയും അസഹിഷ്ണുതയോടെ അപലപിച്ച് നിശ്ശബ്ദരാക്കുന്ന വൈരുദ്ധ്യം പൊതുജനത്തിന്റെ ശ്രദ്ധയില്‍പ്പെടുന്നുണ്ട്. മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ ഉപകരണങ്ങളുടെ കുറവുമൂലം പാവപ്പെട്ട രോഗികള്‍ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ സാമൂഹിക മാധ്യമത്തിലൂടെ ജനത്തെ അറിയിച്ച ഡോ. ഹാരിസ്, അദ്ദേഹം ഇടതുപക്ഷ സഹയാത്രികന്‍ ആയിരുന്നിട്ടു കൂടി, ഭരണകൂടത്തിന് അനഭിമതനാകുന്ന കാഴ്ചയാണ് കേരളം കണ്ടത്.
യു പി യില്‍ ഡോ. കഫീല്‍ഖാന്‍ ഭരണകൂട അനാസ്ഥയെ ചോദ്യം ചെയ്തപ്പോള്‍ പ്രോത്സാഹിപ്പിച്ച ഇടതുപക്ഷം, അതേകാര്യം തന്നെ ഡോ. ഹാരിസ് ചെയ്തപ്പോള്‍ വിമര്‍ശിക്കുന്ന വൈരുദ്ധ്യം! ന്യൂജെന്‍ പിള്ളേരുടെ ഭാഷ കടമെടുത്താല്‍ 'നിങ്ങള്‍ ഇടുമ്പോള്‍ ബെര്‍മുഡ, ഞങ്ങള്‍ ഇടുമ്പോള്‍ വള്ളിക്കളസം!' സത്യത്തില്‍ വിസില്‍ ബ്ലോവേഴ്‌സിനെ ആര്‍ക്കാണ് പേടി?
ഹെംലോക്ക് വാങ്ങിക്കുടിച്ച് അനശ്വരനായ സോക്രട്ടീസല്ലേ അഴിമതി നിറഞ്ഞ അഥീനിയന്‍ ഭരണാധികാരികളേക്കാള്‍ ശോഭയോടെ ചരിത്രത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നത്. ഭരണാധികാരികള്‍ക്കു വാഴ്ത്തുപാട്ട് പാടുന്നവരെ ക്കാള്‍ ചരിത്രം ആദരിക്കുക രാജാവ് നഗ്‌നനാണെന്ന് പറയുന്നവരെയാണ്.
നവീന്‍ ബാബു എന്ന നീതിമാനായ ഉദ്യോഗസ്ഥനെ എന്നെന്നെത്തേക്കുമായി നിശ്ശബ്ദനാക്കിയത് ഇതുപോലെ അസഹിഷ്ണുതയുടെ 'ദിവ്യ'പ്രഭയുള്ളവരാണ്. രാജു നാരായണസ്വാമിയും സ്രാവുകള്‍ക്കൊപ്പം നീന്തിയ ജേക്കബ് തോമസും സിസ തോമസ് എന്ന വൈസ് ചാന്‍സലറും ഭരണകൂടത്തിന്റെ ഇരുമ്പുമറയില്‍ തട്ടി വിരമിക്കലിന്റെ വിരാമം ഇടേണ്ടിവന്നവരാണ്. എന്നാല്‍ പരമാധികാര കസേരകളില്‍ ഇരിക്കുന്നവരെ കൃത്യമായ ഇടവേളകളില്‍ പ്രശംസിക്കുന്നവരും മംഗളപത്രം എഴുതുന്നവരും റിട്ടയര്‍ ചെയ്ത ശേഷവും ഉയര്‍ന്ന ലാവണങ്ങളില്‍ ഇന്നും ഇരിക്കുന്നുണ്ട്.
രാജാവ് നഗ്‌നനാണെന്ന് പറയേണ്ട സാംസ്‌കാരിക നായകരും സാഹിത്യകാരന്മാരും ചിലപ്പോഴെങ്കിലും അവാര്‍ഡുകളുടെ ഔദാര്യവും അക്കാദമി അധ്യക്ഷ സ്ഥാനവും പോലുള്ള അപ്പക്കഷണങ്ങളുടെ ചൂണ്ടയില്‍ കൊത്തുന്ന പള്ളത്തികളായി പോകുന്നു എന്നത് നിര്‍ഭാഗ്യകരമായ വസ്തുതയാണ്. 'എഴുത്തോ നിന്റെ കഴുത്തോ' എന്ന ചോദ്യത്തിനു മുന്നില്‍ കഴുത്ത് നീട്ടിക്കൊടുത്ത് അനശ്വരതയിലേക്കുപോയ പൂര്‍വസൂരികള്‍ സാമൂഹ്യവിമര്‍ശന ധര്‍മ്മത്തിന്റെ ചുമതലാബോധത്തിലേക്ക് നമ്മുടെ ചിന്തകരെയും എഴുത്തുകാരെയും നയിച്ചിരുന്നെങ്കില്‍ എന്ന് ആശിച്ചുപോവുകയാണ്.
ഹെംലോക്ക് വാങ്ങിക്കുടിച്ച് അനശ്വരനായ സോക്രട്ടീസല്ലേ അഴിമതി നിറഞ്ഞ അഥീനിയന്‍ ഭരണാധികാരികളേക്കാള്‍ ശോഭയോടെ ചരിത്രത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നത്. ഭരണാധികാരികള്‍ക്കു വാഴ്ത്തുപാട്ട് പാടുന്നവരെക്കാള്‍ ചരിത്രം ആദരിക്കുക രാജാവ് നഗ്‌നനാണെന്ന് പറയുന്നവരെയാണ്.
സഭാസമൂഹങ്ങളിലും സത്യം പറയുന്നവര്‍ വിമതരും സഭാവിരുദ്ധരുമായി മുദ്രകുത്തപ്പെടുന്ന കാഴ്ച്ചകള്‍ ധാരാളമുണ്ട്. തെറ്റുകള്‍ മൂടിവയ്ക്കാതെ തുറവിയോടെ സംഭാഷണത്തില്‍ ഏര്‍പ്പെടുന്നതിനു പകരം സത്യം പറഞ്ഞവരെ നിശ്ശബ്ദരാക്കാന്‍ അധികാരികള്‍ നടത്തിയ ശ്രമങ്ങളാണ് സഭാസമൂഹത്തിന്റെ വിശ്വാസ്യത പൊതു സമൂഹത്തില്‍ ഇടിഞ്ഞുതാഴുന്നതിന് കാരണമായത്.
മഹാജൂബിലിയുടെ സന്ദര്‍ഭത്തില്‍ വിശുദ്ധനായ ജോണ്‍പോള്‍ മാര്‍പാപ്പ ചരിത്രത്തില്‍ കത്തോലിക്കാ സഭയ്ക്ക് സംഭവിച്ച പിഴവുകളെ ഏറ്റുപറഞ്ഞ് ക്രൂശിത രൂപത്തിനു മുമ്പില്‍ മാപ്പിരന്നപ്പോള്‍ സെക്കുലര്‍ ലോകം ആദരവോടെയാണ് അതിനെ സ്വീകരിച്ചത്.
ഈ മാതൃകയല്ലേ, സഭയിലും രാഷ്ട്രസമൂഹത്തിലും തിരുത്തലിന്റെ ആത്മപരിശോധനകളെ സാധ്യമാക്കുക? തെറ്റുകളെ കാര്‍പെറ്റിന്റെ അടിയിലേക്ക് തള്ളി എല്ലാം ഭദ്രമാണെന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് കാര്‍പെറ്റ് മാറ്റുന്നതുവരെയേ ആയുസ്സുള്ളൂ. ആത്മവിമര്‍ശനത്തിന്റെ 'മേയ കുള്‍പ്പ'കളാണ് നവീകരണത്തിന്റെ വാതില്‍ സഭയിലും രാഷ്ട്രസമൂഹത്തിലും തുറക്കാന്‍ സഹായിക്കുന്നത്. ചോദ്യം ഒന്നേയുള്ളൂ: നെഞ്ചത്ത് കൈവച്ച് 'എന്റെ പിഴ' ചൊല്ലാന്‍ ധൈര്യമുണ്ടോ എന്ന ഒറ്റ ചോദ്യം.