Editorial

ആട്ടം മതിയോ ആരോഗ്യത്തിന് ?

Sathyadeepam

ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊതു വിദ്യാലയങ്ങളില്‍ കുട്ടികളെ സൂംബാ നൃത്തം പരിശീലിപ്പി ക്കാനുള്ള വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനത്തിനെതിരെ ചില ഇസ്ലാമിക മതസംഘടനകള്‍ രംഗത്തു വന്നതിനു പിന്നാലെ ഏതാനും ഹിന്ദുത്വവാദികളും ശബ്ദമുയര്‍ത്തിയതു മതേതരകേരളം കൗതുകത്തോടെയാണു കണ്ടത്. സംഗീതം കേള്‍ക്കുമ്പോഴോ സംഗീതാനുസൃതം ചുവടുവച്ച് വ്യായാമം ചെയ്യുമ്പോഴോ നമ്മുടെ കുട്ടികള്‍ക്ക് നഷ്ടമാകുന്നു എന്നു പറയുന്നത് എന്താണ്? ഏതു മൂല്യമാണ് അവര്‍ കൈവിടുന്നത്? ഏത് സംസ്‌കാരമാണ് അവര്‍ക്ക് കൈമോശം വരുന്നത്? നഷ്ടപ്പെടുന്നത് എന്താണെന്ന് വ്യക്തമാകുമ്പോഴാണല്ലോ എതിര്‍പ്പുകള്‍ അര്‍ഥവും ആഴവും കൈവരിക്കുന്നത്.

അതെന്താണെന്നു മനുഷ്യര്‍ക്കു മനസ്സിലാവുന്ന ഭാഷയില്‍ പറയാന്‍ വിമര്‍ശകര്‍ക്ക് ഇതേവരെ സാധിച്ചിട്ടില്ല. മനുഷ്യരുടെ ലിംഗത്വവും അതിന്റെ അടിസ്ഥാനത്തിലുള്ള വേര്‍തിരിവുകളും അനവസരത്തിലും അനുചിതമായും ഉന്നയിച്ചുകൊണ്ടേയിരി ക്കുന്നത് അതുന്നയിക്കുന്നവരുടെ മാനസികാരോഗ്യത്തെ സംശയാസ്പദമാക്കുകയാണു ചെയ്യുന്നത്. സ്‌കൂളുകളില്‍ ഈ നൃത്തവ്യായാമം ചെയ്യുന്നവരാകട്ടെ ബഹുഭൂരിപക്ഷവും കുട്ടികളാണെന്നും ഓര്‍മ്മ വേണം.

രോഗികള്‍ക്കു മുമ്പില്‍ കൈനീട്ടി ഡോക്ടര്‍മാര്‍ സംഭാവനയായി വാങ്ങി ഏല്‍പിക്കുന്ന പണം പോലും യഥാസമയം ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയുന്നില്ല എന്നത് ഞെട്ടലോടെയാണു കേരളം കേട്ടത്.

ആസ്വാദ്യകരമായി തോന്നാത്ത വ്യായാമമാര്‍ഗങ്ങള്‍ മനുഷ്യരില്‍ പൊതുവെ മടുപ്പുണ്ടാക്കുകയും അവരതു മുടക്കുകയും ചെയ്യും. ഈ ലളിതസത്യം അറിയാവുന്നതു കൊണ്ടാണ് സംഗീതവും നൃത്തവുമെല്ലാം കൂട്ടിയിണക്കി ഒരു വ്യായാമമാര്‍ഗം അതിന്റെ വിദഗ്ധര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. താളമേളങ്ങളുടെ അകമ്പടിയോടെ ആവിഷ്‌കരിക്കപ്പെടു മ്പോള്‍ ശരീരത്തിനു മാത്രമല്ല മനസ്സിനും അത് ഗുണകരമായി തീരും. ഇതു ലോകമെമ്പാടും അംഗീകരിക്കപ്പെട്ട തത്വമാണ്. ചിട്ടയായ വ്യായാമത്തിന്റെയും മാനസികമായ സംഘര്‍ഷ ലഘൂകരണ ത്തിന്റെയും ആവശ്യകതയെക്കുറിച്ച് സ്വയമേവ ബോധ്യം കൈവരിച്ചിട്ടില്ലാത്ത കുട്ടികളെ സംബന്ധിച്ച് ഈ ആസ്വാദ്യത അതിന്റെ സ്വീകാര്യതയ്ക്ക് കൂടുതല്‍ ആവശ്യമാണ്.

ലഹരിവസ്തുക്കളുടെ ലഭ്യതയും ഉപയോഗവും വര്‍ധിച്ചു വരുന്ന ഈ കാലസന്ധിയില്‍ കുട്ടികളുടെ ശ്രദ്ധയും ഊര്‍ജവും ഇപ്രകാരം വഴിതിരിക്കുന്നത് തീര്‍ച്ചയായും സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. ഇല്ലാത്ത പ്രശ്‌നങ്ങളെക്കുറിച്ചു വല്ലാത്ത വിവാദങ്ങളുണ്ടാക്കുന്ന വ്യവസായത്തില്‍ നിന്നു കേരളം ഒഴിഞ്ഞു നില്‍ക്കണം. പൊതുവിടങ്ങളായ സ്‌കൂളുകളില്‍ ജാതി, മത, ലിംഗ വേര്‍തിരിവുകള്‍ക്കുപരിയായി മാനുഷികമൂല്യങ്ങളും സാമൂഹിക ഐക്യവും ശാസ്ത്രീയമനഃസ്ഥിതിയും പ്രോത്സാഹിപ്പിക്കപ്പെടട്ടെ.

അതേസമയം, പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കാന്‍ നൃത്തപരിപാടികള്‍ വരെ പ്ലാന്‍ ചെയ്യുന്ന സര്‍ക്കാര്‍ എന്തുകൊണ്ട് സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യമരുന്നുകളുടെയും ശസ്ത്രക്രിയ ഉപകരണങ്ങളുടെയും കുറവുകൊണ്ട് മരണവക്ത്രത്തില്‍ അകപ്പെടുന്നവരുടെ കാര്യത്തില്‍ അലംഭാവം കാട്ടുന്നു? തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ യൂറോളജി വകുപ്പു മേധാവിയായ ഡോ. ഹാരിസ് കേരളത്തിന്റെ ശ്രദ്ധയിലേക്കു കൊണ്ടുവന്ന പ്രശ്‌നങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കാന്‍ ആരോഗ്യ വകുപ്പിനും സര്‍ക്കാരിനും സാധിക്കണം.

അസന്ദിഗ്ധമായി തെളിയിക്കപ്പെട്ട സത്യസന്ധതയും ആത്മാര്‍ഥതയും മുഖമുദ്രയായുള്ള ഡോക്ടറാണ് പോരായ്മകള്‍ വിളിച്ചു പറഞ്ഞത് എന്നതുകൊണ്ട് അതിനെ കണ്ണുമടച്ചു നിഷേധിക്കാന്‍ ഭരണകൂടത്തിനു സാധിച്ചില്ല. സിസ്റ്റത്തിന്റെ പ്രശ്‌നമാണത് എന്നാണ് ആരോഗ്യമന്ത്രിയുടെ പോലും പ്രതികരണം. സിസ്റ്റത്തിനു പ്രശ്‌നമുണ്ടെന്ന് സമ്മതിക്കുന്ന സിസ്റ്റത്തിന്റെ നടത്തിപ്പുകാര്‍! കഴിഞ്ഞ ഒമ്പതു വര്‍ഷമായി ആരോഗ്യവകുപ്പു ഭരിച്ചുകൊണ്ടിരിക്കുകയാണ് ഈ പാര്‍ട്ടിയും മുന്നണിയും. എന്തുകൊണ്ടു സിസ്റ്റം പ്രശ്‌നരഹിതമാക്കാന്‍ സാധിച്ചില്ല? അനുദിനകാര്യനിര്‍വഹണത്തേക്കാള്‍ മന്ത്രിയുള്‍ പ്പെടുന്ന ഉന്നതഭരണനേതൃത്വം ചെയ്യേണ്ടത് നയരൂപീകരണവും അവയുടെ ആവിഷ്‌കാരവുമാണ്. സിസ്റ്റം പരിഷ്‌കരിക്കുന്നവരാണ് നല്ല ഭരണാധികാരികള്‍. അതിവിടെ നടന്നില്ല എന്നാണു പരോക്ഷമായ ഈ കുറ്റസമ്മതത്തില്‍ നിന്നു നാം മനസ്സിലാക്കേണ്ടത്.

ഈ സമ്മതത്തിനു തുടര്‍ച്ചയായി തിരുത്തുകള്‍ സര്‍ക്കാരില്‍ നിന്നുണ്ടാകണം. ബജറ്റുകളില്‍ പ്രഖ്യാപിക്കുകയും അനുവദിക്കു കയും ചെയ്യുന്ന കോടികള്‍ യഥാര്‍ഥത്തില്‍ ആരോഗ്യ രംഗത്തു ചെലവഴിക്കപ്പെടുന്നില്ല എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മരുന്നുകളുടെയും ശസ്ത്രക്രിയ ഉപകരണങ്ങളുടെയും എല്ലാം കാര്യത്തില്‍ ഈ കുറവ് പ്രതിഫലിക്കുന്നുണ്ട്. അതു ദയനീയ മായി ബാധിക്കുന്നത് ചികിത്സയ്ക്കായി സര്‍ക്കാര്‍ ആശുപത്രി കളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരായ നിര്‍ധനരെയാണ് എന്നത് ഇതിന്റെ ആഘാതം ഇരട്ടിയാക്കുന്നു.

മറ്റൊന്നാണ് ഭരണസംവിധാനത്തിലെ ചുവപ്പുനാടകളുടെ കുരുക്ക്. ഉദ്യോഗസ്ഥാധിപത്യത്തിന്റെ രാവണന്‍കോട്ടകളിലൂടെ കയറിയിറങ്ങി, ചികിത്സാവശ്യങ്ങളുടെ ഫയലുകള്‍ അനന്തമായി വൈകുമ്പോള്‍ താഴെത്തട്ടില്‍ രോഗികള്‍ പ്രാണവേദന കൊണ്ടു പിടയുകയും ചിലപ്പോള്‍ പ്രാണന്‍ വെടിയുകയുമാണെന്നു മറക്കരുത്. ഈ പ്രാകൃതമായ നടപടിക്രമങ്ങളെ പൊളിച്ചെഴു തുകയും ആവശ്യമായ വികേന്ദ്രീകരണവും കാര്യക്ഷമതയും സുതാര്യതയും സര്‍ക്കാര്‍ ആശുപത്രികളുടെ നടത്തിപ്പില്‍ കൊണ്ടുവരികയും വേണം.

രോഗികള്‍ക്കു മുമ്പില്‍ കൈനീട്ടി ഡോക്ടര്‍മാര്‍ സംഭാവന യായി വാങ്ങി ഏല്‍പിക്കുന്ന പണം പോലും യഥാസമയം ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയുന്നില്ല എന്നത് ഞെട്ടലോടെയാണു കേരളം കേട്ടത്. നല്ല ഉദ്ദേശ്യത്തോടെ നടപ്പാക്കിയ ആശുപത്രി വികസനസമിതി എന്ന സംവിധാനം ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

പൊതുജനാരോഗ്യരംഗത്ത് ലോകത്തിനു മുമ്പില്‍ മാതൃക യായി നാം അവതരിപ്പിക്കുന്ന കേരള മോഡല്‍ നിലനിറുത്താനും വളര്‍ത്താനും പാട്ടും ആട്ടവും പോരാ, ചിട്ടയായ ഭരണനടപടി കളും രാഷ്ട്രീയമായ ഇച്ഛാശക്തിയും ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാകണം.

മതബോധന സെമിനാർ

അഭിലാഷ് ഫ്രേസര്‍ക്ക് ലെഗസി ഓഫ് ലിറ്ററേച്ചര്‍ പുരസ്‌കാരം

നേതൃത്വ പരിശീലന ശിബിരവും, അവാർഡ് വിതരണവും നടന്നു

ഗ്രാൻഡ് പേരന്റ്സ് ഡേ ആഘോഷിച്ചു

ഭയപ്പെടുകയില്ല