Editorial

രാജ്യസഭ ഒരു പുനരധിവാസ ഭവനമല്ല

Sathyadeepam

സാഹിത്യം, ശാസ്ത്രം, കല, സാമൂഹ്യസേവനം തുടങ്ങിയ മേഖലകളില്‍ സവിശേഷ ജ്ഞാനമോ അനുഭവസമ്പത്തോ ഉള്ള പ്രമുഖരെ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്യാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 80 രാഷ്ട്രപതിക്കു നല്‍കുന്ന അവസരമുപയോഗിച്ച് നിര്‍ദേശിക്കപ്പെടുന്നവരില്‍ ഒരു മലയാളിയുണ്ടെങ്കില്‍ ആ മലയാളിയെ സ്വാഭാവികമായും എല്ലാ മലയാളികളും അറിഞ്ഞിരിക്കേണ്ടതാണ്. സ്വതന്ത്രഭാരതത്തില്‍ ഈ ബഹുമതി ആദ്യമായി ലഭിച്ച മലയാളി അന്ന് മലയാളികള്‍ക്കിടയില്‍ മാത്രമല്ല അഖിലേന്ത്യാതലത്തില്‍ തന്നെ അറിയപ്പെട്ടിരുന്ന സര്‍ദാര്‍ കെ എം പണിക്കരാണ്.

തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍, ഗാന്ധിജിയുടെ സഹപ്രവര്‍ത്തകനായും ഗാന്ധിഗ്രാം റൂറല്‍ യൂണിവേഴ്‌സിറ്റിയുടെ സ്ഥാപക വൈസ് ചാന്‍സലറായും രാജ്യമൊട്ടാകെ അറിയപ്പെട്ട ജി രാമചന്ദ്രനും രാഷ്ട്രത്തെയാകെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കാര്‍ട്ടൂണിസ്റ്റ് അബു എബ്രഹാമും ഹരിതവിപ്ലവനായകനായ കൃഷിശാസ്ത്രജ്ഞന്‍ എം എസ് സ്വാമിനാഥനും ബഹിരാകാശ ശാസ്ത്രജ്ഞനായ കെ കസ്തൂരി രംഗനും ഒക്കെയാണ് നാമനിര്‍ദേശത്തിലൂടെ രാജ്യസഭയിലെത്തിയ മലയാളികള്‍. കേരളത്തിനു മാത്രമല്ല, ഭാരതത്തിനും ലോകത്തിനാകെയും ഈടുറ്റ സംഭാവനകള്‍ നല്‍കി ചരിത്രവ്യക്തിത്വങ്ങളായവര്‍. അവസാനമായി എത്തിയ രണ്ടു പേര്‍ ചലച്ചിത്ര നടനെന്ന നിലയില്‍ സുരേഷ് ഗോപിയും കായികതാരമെന്ന നിലയില്‍ പി ടി ഉഷയുമാണ്. അവരേയും ആര്‍ക്കും പരിചയപ്പെടുത്തേണ്ടതായി വന്നില്ല.

ഏറ്റവുമൊടുവില്‍ ഇപ്പോള്‍ രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തവരുടെ കൂട്ടത്തിലൊരാള്‍ മലയാളിയാണെങ്കിലും പൊതുസമൂഹത്തിന് ആ പേരു പരിചിതമായിരുന്നില്ല. പ്രസിദ്ധിയുടെ വെള്ളിവെളിച്ചത്തിലല്ലാതെ സമൂഹത്തിനു കാതലായ സംഭാവനകള്‍ നല്‍കുന്നവരും ഉണ്ടായേക്കാമല്ലോ എന്നോര്‍ത്ത് ആളെ മനസ്സിലാക്കാന്‍ മാധ്യമവാര്‍ത്തകളിലൂടെ കടന്നുപോയ മലയാളികള്‍ക്ക് ലഭിച്ച വിവരങ്ങള്‍ പക്ഷേ, ഞെട്ടലാണുണ്ടാക്കിയത്.

രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തവരുടെ കൂട്ടത്തിലൊരാള്‍ മലയാളിയാണെങ്കിലും പൊതുസമൂഹത്തിന് ആ പേരു പരിചിതമായിരുന്നില്ല. അദ്ദേഹത്തെ മനസ്സിലാക്കാന്‍ മാധ്യമവാര്‍ത്തകളിലൂടെ കടന്നുപോയ മലയാളികള്‍ക്ക് ലഭിച്ച വിവരങ്ങള്‍ പക്ഷേ, ഞെട്ടലാണുണ്ടാക്കിയത്.

കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിന്റെ ഭാഗമായി രണ്ടു കാലുകളും നഷ്ടപ്പെട്ട ഒരാളാണത്രെ അദ്ദേഹം. കേരളത്തിലെ അക്രമരാഷ്ട്രീയം ദേശീയതലത്തില്‍ ചര്‍ച്ചാവിഷയമാക്കാനാണത്രെ ഈ നാമനിര്‍ദേശം. അപ്പോള്‍ ഭരണഘടനയോ? ഭരണഘടനയുടെ എണ്‍പതാം വകുപ്പ് വിഭാവനം ചെയ്ത ഉന്നതലക്ഷ്യങ്ങളോ?

നടനായ പൃഥ്വിരാജ് കപൂറും ശാസ്ത്രജ്ഞനായ സത്യേന്ദ്രനാഥ് ബോസും നര്‍ത്തകിയായ രുഗ്മിണീദേവ് അരുണ്‍ഡേലും നിയമജ്ഞനായ അല്ലാടി കൃഷ്ണസ്വാമി അയ്യരും പോലെയുള്ളവരെ ഉള്‍പ്പെടുത്തി ആരംഭിക്കുകയും സാലിം അലിയും ഷബാനാ ആസ്മിയും എം എഫ് ഹുസൈനും പോലെയുള്ളവര്‍ ഇടം പിടിക്കുകയും സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഇളയരാജയും പോലെയുള്ളവര്‍ എത്തിച്ചേരുകയും ചെയ്ത ഒരു പട്ടികയിലേക്ക് ഒരു സാധാരണ രാഷ്ട്രീയപ്രവര്‍ത്തകനെ നിയോഗിച്ചത് ഭരണഘടനാമൂല്യങ്ങളെ പരിഹസിക്കലാണ്.

സ്വന്തം പാര്‍ട്ടിക്കുവേണ്ടി അക്രമത്തില്‍ പരിക്കേറ്റ ഒരാളെ ആ രാഷ്ട്രീയപാര്‍ട്ടിക്കു സംരക്ഷിക്കാനോ ഉയര്‍ത്തിക്കാട്ടാനോ ശ്രമിക്കാം. അവര്‍ക്കു തിരഞ്ഞെടുപ്പുകളില്‍ സീറ്റുകള്‍ നല്‍കാം.

ജനം പരാജയപ്പെടുത്തുകയാണെങ്കില്‍ (അത് ഇദ്ദേഹത്തിന്റെ കാര്യത്തില്‍ രണ്ടുവട്ടം സംഭവിച്ചിട്ടുണ്ടത്രെ) മറ്റ് അവസരങ്ങള്‍ ഭരണകക്ഷികള്‍ക്കു ലഭ്യമാണ്. രാജ്യസഭയിലേക്കു തന്നെ മത്സരിപ്പിച്ച് അംഗമാക്കാം. നിയമസഭകളിലെ ഭൂരിപക്ഷമനുസരിച്ച് അതു സാധ്യമാണ്. ഫലത്തില്‍ അതും ജനഹിതത്തെ മറികടക്കുന്ന മാര്‍ഗമാണെങ്കിലും നിയമസഭകളിലേക്കു നേടിയ ജനാധിപത്യജയങ്ങളെ അടിസ്ഥാനമാക്കി തങ്ങള്‍ക്കിഷ്ടമുള്ളവരെ രാജ്യസഭയിലേക്കെത്തിക്കാന്‍ ഈ വഴി രാഷ്ട്രീയകക്ഷികള്‍ ഉപയോഗിക്കുന്നതിനെ ആര്‍ക്കും എതിര്‍ക്കാനാവില്ല.

എന്നാല്‍, രാജ്യസഭയിലേക്കു ഏതാനും വിദഗ്ധ വ്യക്തിത്വങ്ങളെ നാമനിര്‍ദേശം ചെയ്യാന്‍ രാഷ്ട്രപതിക്കു ഭരണഘടന നല്‍കുന്ന അപൂര്‍വമായ അവസരമുപയോഗിച്ച് തികച്ചും സങ്കുചിതമായ കക്ഷിരാഷ്ട്രീയലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കുന്നത് നമ്മുടെ ജനാധിപത്യം ഇന്നെത്തി നില്‍ക്കുന്ന അപചയത്തിന്റെയും ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യസ്വഭാവത്തിന്റെയും വ്യക്തമായ അടയാളമാണ്. ബീഹാറിലെ വോട്ടര്‍പട്ടികയുടെ തിരുത്തല്‍ പ്രക്രിയ ഇപ്പോള്‍ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.

സാധാരണക്കാരായ അനേകരുടെ വോട്ടവകാശം അന്യായമായി ഇല്ലായ്മ ചെയ്യപ്പെടുമെന്ന ആശങ്കയാണ് ധൃതിപിടിച്ച ഈ തിരുത്തല്‍ പ്രക്രിയയ്‌ക്കെതിരെ ഉന്നയിക്കപ്പെടുന്നത്.

ഭരണകൂടത്തിന്റെ ഉന്നതകാര്യാലയങ്ങള്‍ മുതല്‍ താഴെത്തട്ടു വരെ എല്ലായിടത്തും നിന്ന് ഭരണഘടനാധ്വംസനത്തിനുള്ള ശ്രമങ്ങള്‍ നടക്കുന്നതും അതെല്ലാം ഭൂരിപക്ഷമുള്ളവരുടെ സ്വാഭാവികമായ അധികാരപ്രയോഗങ്ങളായി സാമാന്യവല്‍ക്കരിക്കപ്പെടുന്നതും ഭാരതത്തിന്റെ ജനാധിപത്യഭാവിയെ അപകടത്തിലാക്കുന്നു എന്നു പറയാതെ വയ്യ.

ജനാധിപത്യത്തിനു മേല്‍ പതിച്ച കരിനിഴലുകള്‍

ആപ്തവാക്യങ്ങള്‍ [Maxims] : 2

മനമുണര്‍ത്താന്‍ വിശ്വസാക്ഷ്യം

യുവജന ജൂബിലിക്കുള്ള മാര്‍ഗരേഖ വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു

എ ഐ : സൃഷ്ടാക്കളും ഉപയോക്താക്കളും പൊതുനന്മയെ പിന്തുണയ്ക്കണം : ലിയോ പതിനാലാമന്‍