Editorial

പ്രതിപക്ഷത്തെ കവര്‍ന്നെടുക്കുമ്പോള്‍

Sathyadeepam

പശ്ചിമ ബംഗാളിലെയും അസ്സമിലെയും നിയമസഭാ തിരഞ്ഞെടുപ്പു ഫലങ്ങള്‍ രാജ്യത്തെ കൈപ്പിടിയിലൊതുക്കിയിരിക്കുന്ന കോർപ്പറേറ്റ് ഫാസിസത്തിന് ആഹ്ലാദം പകരുന്നതാണ്. അവരുടെ ആസൂത്രണം ഫലം കണ്ടു, അതു ജനാധിപത്യ മാര്‍ഗത്തിലൂടെയാണോ കൃത്രിമ മാര്‍ഗങ്ങളിലൂടെയാണോ എന്നതു സംശയാസ്പദമായിരിക്കുകയും ചെയ്യുന്നു. ഫെഡറലിസത്തിനു ഭീഷണി ഉയര്‍ത്തുന്ന ബി ജെ പി യുടെ കേന്ദ്രഭരണകൂടത്തെ അതിശക്തമായി എതിര്‍ത്തുകൊണ്ടിരുന്ന രണ്ടു മുഖ്യമന്ത്രിമാരാണ് ഭരണത്തില്‍ നിന്നും സ്വന്തം മണ്ഡലങ്ങളില്‍ നിന്നു പോലും ബഹിഷ്‌കൃതരാക്കപ്പെട്ട മമത ബാനര്‍ജിയും എം കെ സ്റ്റാലിനും. ഇത് രാജ്യത്തെ പ്രതിപക്ഷശബ്ദത്തെയാകെ ബലഹീനമാക്കുമോയെന്ന ആശങ്ക ഗുരുതരമാണ്.

പശ്ചിമ ബംഗാളിലെ 100 നിയമസഭാസീറ്റുകളിലെങ്കിലും ബി ജെ പി ജയിച്ചത് കൃത്രിമം കാണിച്ചാണെന്ന മമതാ ബാനര്‍ജിയുടെ ആരോപണത്തെ പിന്തുണയ്ക്കുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചെയ്തത്. ജനവിധിയുടെ കവര്‍ച്ചയാണു നടന്നതെന്നും ഈ സമയത്ത് മമതയുടെ പരാജയത്തെ പരിഹസിക്കുന്ന വില കുറഞ്ഞ രാഷ്ട്രീയം പാടില്ലെന്നും അദ്ദേഹം അണികളെ ഉണര്‍ത്തി. ഔപചാരികമായി ഇന്ത്യാ മുന്നണിയുടെ ഭാഗമല്ലെങ്കിലും മമതയെ ഈ ഘട്ടത്തില്‍ കൈവിടുന്നത് ശരിയല്ലെന്ന ഉയര്‍ന്ന ജനാധിപത്യബോധം രാഹുല്‍ പ്രകടിപ്പിച്ചത് അഭിനന്ദനീയമാണ്. കാരണം, ബി ജെ പി യോടായിരുന്നു മമതയുടെ പോരാട്ടം, കോണ്‍ഗ്രസ് നയിക്കുന്ന രാഷ്ട്രീയചേരിയുടെ പോരാട്ടലക്ഷ്യവും അതു തന്നെ.

തീവ്രപരിഷ്‌കരണ പ്രക്രിയയിലൂടെ തൃണമൂല്‍ വോട്ടര്‍മാരെ പട്ടികയില്‍ നിന്നു തിരഞ്ഞു പിടിച്ചു വെട്ടിയൊതുക്കിയെന്നതു മുതല്‍ വോട്ടിംഗ് മെഷീന്‍ തിരിമറി വരെയുള്ള ഉപജാപങ്ങളാണ് സംഘപരിവാറിനെതിരെ ആരോപിക്കപ്പെട്ടിട്ടുള്ളത്. പൊതുവെ മമതയെ പിന്തുണച്ചു പോന്നിട്ടുള്ള മുസ്ലീം ജനവിഭാഗമാണ് വോട്ടു നിഷേധിക്കപ്പെട്ട വരിലധികവും എന്നതു വസ്തുതയാണ്. ഇത്തരം ആരോപണ ങ്ങളെ അവഗണിച്ചാലും, പശ്ചിമ ബംഗാളിലുണ്ടാക്കിയ വന്‍ വര്‍ഗീയ ധ്രുവീകരണമാണ് അവിടെ ബി ജെ പി യെ അധികാരത്തിലെത്തിച്ചതെന്ന വസ്തുത അവശേഷിക്കുന്നുണ്ട്. ഒരുവേള, ജനമനസ്സുകളിലേക്കു പകര്‍ത്തിയ ഈ വര്‍ഗീയ വൈറസ് ബാധയാണ് മറ്റേത് തിരഞ്ഞെടുപ്പു കൃത്രിമങ്ങളേ ക്കാളും ഗൗരവമായിട്ടുള്ളത്. കാരണം, ഈ വ്യാധിയുടെ ചികിത്സ സുഗമമല്ല, സൗഖ്യപ്രാപ്തി ക്ഷിപ്രസാധ്യവുമല്ല.

ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന പശ്ചിമ ബംഗാളില്‍ മനുഷ്യരെ വര്‍ഗീയമായി ചേരി തിരിച്ച്, പരസ്പര ശത്രുതയി ലേക്കു തള്ളിവിട്ട്, അതില്‍ നിന്നു ലാഭം കൊയ്യുന്നത് യഥാര്‍ഥ രാജ്യസ്‌നേഹികളെ സംബന്ധിച്ച് അചിന്ത്യമാണ്. കലാപങ്ങളുടെ മുറിപ്പാടുകള്‍ പേറുന്ന ഒരു സംസ്ഥാനത്ത് പിന്നെയും കലാപസമാനമായ സാഹചര്യങ്ങള്‍ വളര്‍ത്തിയെടുക്കുന്നതില്‍ ഒരറപ്പും തോന്നാത്തവരാണ് ഇപ്പോള്‍ അവിടെ ഭരണത്തിലേറുന്നത്. മതാധിപത്യഭരണം ഒറ്റലക്ഷ്യമായി കൊണ്ടു നടക്കുകയും രാജ്യസ്‌നേഹം മുഖംമൂടി മാത്രമായിരിക്കുകയും ചെയ്യുന്നവര്‍, ഏതു മാര്‍ഗവും ലക്ഷ്യത്തിലെത്താന്‍ ഉപയോഗിക്കുന്നതില്‍ മനസാക്ഷിക്കുത്തില്ലാത്തവരാണ്. അത് മറ്റു സംസ്ഥാനങ്ങളിലും തെളിയിക്കപ്പെട്ടിട്ടുണ്ട്.

ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന പശ്ചിമ ബംഗാളില്‍ മനുഷ്യരെ വര്‍ഗീയമായി ചേരി തിരിച്ച്, പരസ്പര ശത്രുതയിലേക്കു തള്ളിവിട്ട്, അതില്‍ നിന്നു ലാഭം കൊയ്യുന്നത് യഥാര്‍ഥ രാജ്യസ്‌നേഹികളെ സംബന്ധിച്ച് അചിന്ത്യമാണ്.

അസ്സമിലും ധ്രുവീകരണകുതന്ത്രം ആവര്‍ത്തിച്ചു ലാഭം നല്‍കുന്നു. അതിനാല്‍ വര്‍ഗീയതയില്‍ നിന്നൊരു പിന്നോട്ടുപോക്ക് രാജ്യത്തെ മുഖ്യരാഷ്ട്രീയശക്തിയില്‍ നിന്ന് ഇനി പ്രതീക്ഷിക്കുക വയ്യ. ഇത് ഇന്ത്യയെ ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക് ആയി നിലനിറുത്തുവാന്‍ ആഗ്രഹിക്കുന്ന ഏവരുടെയും ഉത്തരവാദിത്വം വര്‍ധിപ്പി ക്കുന്നു. ആ ഉത്തരവാദിത്വബോധം പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പുവേളയില്‍ മതേതരചേരി പുലര്‍ത്തിയില്ല എന്നതും ദുഃഖകരമാണ്. പല കക്ഷികളുടെ ആവിര്‍ഭാവവും ചേരിപ്പോരുകളും മതേതരവോട്ടുകളുടെ വിഭജനത്തിനും അതുവഴി ബി ജെ പി യുടെ വിജയത്തിനും കാരണമായിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ ഡി എം കെ പരാജയപ്പെട്ടുവെങ്കിലും അവിടെ വിജയിച്ചത് വര്‍ഗീയതയല്ല എന്നത് ആശ്വാസകര മാണ്. ചലച്ചിത്രതാരം വിജയ് സ്ഥാപിച്ച തമിഴ് വെട്രി കഴകം എന്ന പുതിയ പാർട്ടി കേവലഭൂരിപക്ഷത്തിനു തൊട്ടരികി ലെത്തി, ഞെട്ടിക്കുന്ന വിജയമാണ് നേടിയത്. ഇനി ആ പാർട്ടിക്ക് നിരവധി രാജ്യസഭാ എം പി മാരുണ്ടാവും. അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ അനേകം പാർലമെന്റംഗങ്ങളേയും ന്യായമായും പ്രതീക്ഷിക്കാം. എന്തായിരിക്കും കേന്ദ്രഭരണ കൂടത്തോടുള്ള അവരുടെ നിലപാടെന്നത് രാജ്യം ആകാംക്ഷാപൂര്‍വം കാത്തിരിക്കുകയാണ്. ഭൂരിപക്ഷ വര്‍ഗീയതയോടു സന്ധിയില്ലെന്നു നേരത്തെ പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളയാളാണ് വിജയ്. ജനറല്‍ സീറ്റുകളടക്കം നല്‍കി 28 ദളിതരെ നിയമസഭയിലേക്കു ജയിപ്പിച്ചെടുത്ത പാർട്ടിയാണത്. അതെല്ലാം മതേതരസമൂഹത്തിനു പ്രതീക്ഷ പകരുന്ന ഘടകങ്ങളാണ്.

കേരളത്തില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഉണ്ടാകുന്നത് ആ പാർട്ടിക്ക് കൂടുതല്‍ കരുത്തു പകരും. എന്നാല്‍, ബംഗാള്‍ പിടിച്ചെടുത്തും അസ്സം വിട്ടുകൊടുക്കാതെയും കൂടുതല്‍ മേഖലകളിലേക്കു പടരുന്ന ബി ജെ പി യെ നേരിടണമെങ്കില്‍ കോണ്‍ഗ്രസ് ഇനിയമേറെ കരുത്താര്‍ജിക്കേണ്ടിയിരിക്കുന്നു. വര്‍ഗീയധ്രുവീകരണത്തിനും അതുവഴി ശരിയായ ജനാധിപത്യ ത്തിന്റെ തകര്‍ച്ചയ്ക്കും രാജ്യത്തെ വിട്ടുകൊടുക്കാതിരിക്കാന്‍ കോണ്‍ഗ്രസും ഇതര മതേതരപാർട്ടികളും പൊതുസമൂഹവും കൂടുതല്‍ കഠിനാധ്വാനത്തിനു തയ്യാറാകേണ്ട ഒരു ചരിത്രസന്ദര്‍ഭമാണിത്.

ക്രൈസ്തവനേതാക്കള്‍ ദുബായില്‍ സമാധാനപ്രാര്‍ഥന നടത്തി

കുഴലൂത്തുകാര്‍ക്ക് കണ്ണ് കാണാതാകുമ്പോള്‍ കാത്തിരിക്കുന്നത് കോൺഗ്രസ് മുക്തകേരളം

മിന്നാമിന്നി ക്യാമ്പിന് തുടക്കമായി

മോസ്കോയിൽ മഴപെയ്യുമ്പോൾ പോളണ്ടിൽ കുട ചൂടുന്നവർ!

പുതിയ മതബോധന ഡയറക്ടറി പ്രസിദ്ധീകരിച്ചു