മധ്യപ്രദേശില്‍ കോണ്‍വെന്റിലെത്തിയ ക്രൈസ്തവരെ തടഞ്ഞ് ഹിന്ദുത്വ സംഘടനകള്‍

Hindutva organizations stop Christians from entering convent in Madhya Pradesh
Published on

സാഗര്‍: മധ്യപ്രദേശിലെ സാഗര്‍ ജില്ലയില്‍ സന്യാസിനിമാരുടെ പ്രഥമ വ്രതവാഗ്ദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ക്രൈസ്തവ വിശ്വാസികളെ ഹിന്ദുത്വ സംഘടനകളുടെ പ്രവര്‍ത്തകര്‍ തടഞ്ഞത് സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി. സാഗര്‍ രൂപതയ്ക്ക് കീഴിലുള്ള ഹോളി ഫാമിലി സന്യാസിനീ സമൂഹത്തിലെ നവസന്യാസിനികളുടെ പ്രഥമ വ്രതവാഗ്ദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കുടുംബാംഗങ്ങളെയാണ് വെള്ളിയാഴ്ച രാത്രി പ്രതിഷേധക്കാര്‍ തടഞ്ഞത്.

ഖുറായ് ടൗണിലെ ബീന റോഡിലുള്ള ഹോളി ഫാമിലി കോൺ വെന്റ് കാമ്പസിലായിരുന്നു സംഭവം. കോണ്‍വെന്റില്‍ മതപരിവർത്തനം നടക്കുന്നുവെന്ന ആരോപണം ഉന്നയിച്ചാണ് ഒരു സംഘം പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത്. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് ആളുകളെ എത്തിച്ച് പ്രാര്‍ത്ഥനയുടെ മറവില്‍ മതപരിവര്‍ത്തനത്തിന് ശ്രമിക്കുകയാണെന്ന ആരോപണവും പ്രതിഷേധക്കാര്‍ ഉന്നയിച്ചു.

എന്നാല്‍, ചടങ്ങില്‍ പങ്കെടുക്കാനെത്തിയവര്‍ ക്രൈസ്തവ വിശ്വാസികളാണെന്നും നവസന്യാസിനികളുടെ വ്രതവാഗ്ദാന ചടങ്ങിനായാണ് ഒത്തുചേര്‍ന്നതെന്നും വ്യക്തമാക്കി. ആരോപണ ങ്ങളെ തുടര്‍ന്ന് പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ ഖുറായ്, ബീന, ഖിംലാസ പോലീസ് സ്റ്റേഷനുകളില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയ മാക്കി. സംഭവവുമായി ബന്ധപ്പെട്ട് കോണ്‍വെന്റ് അധികൃതരുമായും സ്ഥലത്തുണ്ടായിരുന്നവരുമായും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു.

logo
Sathyadeepam Online
www.sathyadeepam.org