ലിയോ പതിനാലാമന്‍ മാര്‍പാപ്പ പത്രോസിന്റെ സിംഹാസനത്തില്‍ നൂറു ദിനങ്ങള്‍ പിന്നിട്ടു. ഫ്രാന്‍സിസ് പാപ്പ തന്റെ സവിശേഷശൈലി കൊണ്ടും ആശയജാലം കൊണ്ടും സൃഷ്ടിച്ച മതാതീതമായ സ്വീകാര്യതയ്ക്കിണങ്ങുന്ന വിധത്തില്‍ മാനവസമൂഹത്തിനു പ്രത്യക്ഷനാകാന്‍ ലിയോ പാപ്പായ്ക്കും സാധിച്ചിട്ടുണ്ട്. അതേസമയം, പുതിയൊരു വ്യക്തിത്വം അവശ്യമായും ആനയിക്കേണ്ട തനതു വരസിദ്ധികളും അദ്ദേഹം ലോകത്തിനു സമ്മാനിച്ചുകൊണ്ടിരിക്കുന്നു.
അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന ആദ്യത്തെ മാര്‍പാപ്പയായ ലിയോ പതിനാലാമന്‍, 1700 നു ശേഷം ജൂബിലി വര്‍ഷത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ മാര്‍പാപ്പയുമാണ്. ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച പ്രത്യാശയുടെ ജൂബിലി വര്‍ഷത്തില്‍ റോമിലേക്ക് തീര്‍ഥാടനം നടത്തുന്ന വിശ്വാസികള്‍ക്കു മുമ്പില്‍ പാപ്പ കൂടുതലായി പ്രത്യക്ഷ പ്പെടുന്നുണ്ട്.
ഗാസയിലെയും ഉക്രെയ്‌നിലെയും സമാധാനത്തിനായി പ്രഥമദിനം മുതല്‍ പാപ്പ ശബ്ദം ഉയര്‍ത്തുന്നുണ്ട്. ഇന്ന് മറ്റെന്നത്തേക്കാളും അധികമായി മാനവരാശി സമാധാനത്തി നായി കരയുകയാണെന്ന് പാപ്പ ചൂണ്ടിക്കാണിക്കുന്നു. യുദ്ധ ദുരിതങ്ങളുടെ ഇരകളോടുള്ള ചേര്‍ന്നു നില്‍പായിരുന്നു അത്.
69 കാരനായ അദ്ദേഹത്തിനു തന്റെ ആരോഗ്യം കൈമുതലാക്കി അജഗണമധ്യത്തിലേക്ക് കൂടുതലായി ഇറങ്ങി വരാന്‍ സാധിക്കുന്നു. പ്രായാധിക്യവും അനാരോഗ്യവും മൂലം ഫ്രാന്‍സിസ് പാപ്പ, അവസാനനാളുകളില്‍ അവശേഷിപ്പിച്ച അസാന്നിധ്യങ്ങളെ അതുവഴി ലിയോ പാപ്പ പൂരിപ്പിക്കുന്നു. ഇതുവരെ 16 പൊതു ദിവ്യബലികളില്‍ അദ്ദേഹം മുഖ്യകാര്‍മ്മിക നായിട്ടുണ്ടെന്നാണു കണക്ക്. 14 ആഴ്ചകള്‍ക്കിടയില്‍ 16 വലിയ വിശ്വാസിസമൂഹങ്ങള്‍ക്കൊപ്പം അദ്ദേഹം ബലിയര്‍പ്പിച്ചു.
ത്രികാലജപം ചൊല്ലുന്ന വേളയില്‍ 'സ്വര്‍ലോക രാജ്ഞി ആനന്ദിച്ചാലും...' അദ്ദേഹം പാട്ടായി തന്നെ പാടി. ഇതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ദേവാലയ സംഗീതത്തിനുള്ള വത്തിക്കാന്‍ വിഭാഗം, 'പാപ്പായോടൊപ്പം പാടാം' എന്ന പേരില്‍ ഗ്രിഗോറിയന്‍ സംഗീതത്തെ ജനകീയമാക്കുന്നതിനുള്ള പുതിയൊരു ഓണ്‍ലൈന്‍ പരമ്പരയ്ക്കും തുടക്കമിട്ടു.
സ്‌പോര്‍ട്‌സിനോടുള്ള മാര്‍പാപ്പയുടെ പ്രണയമാണ് ശ്രദ്ധേയ മാണ്. റോമിലൂടെ കടന്നുപോവുകയായിരുന്ന 159 സൈക്ലിസ്റ്റു കള്‍ അടങ്ങുന്ന സംഘത്തിന് അദ്ദേഹം കൂടിക്കാഴ്ച അനുവദിച്ചു. ഒരു അമച്വര്‍ ടെന്നീസ് കളിക്കാരനെന്നു സ്വയം വിശേഷിപ്പിക്കുന്ന ലിയോ പതിനാലാമന്‍ ലോക ടെന്നീസിലെ ഒന്നാം നമ്പര്‍ പുരുഷതാരമായ ജാനിക് സിന്നറുമായി കൂടിക്കാഴ്ച നടത്തുകയും പാപ്പായുടെ വേഷം വിമ്പിള്‍ഡണ്‍ മാനദണ്ഡങ്ങള്‍ക്കനുസൃതമാണെന്നു തമാശ പറയുകയും ചെയ്തു.
വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ദിനത്തില്‍ ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍ നിന്നും മേരി മേജര്‍ ബസിലിക്കയി ലേക്കുള്ള ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് അരുളിക്ക ഏന്തി നേതൃത്വം നല്‍കിയ പാപ്പ, 10 ലക്ഷത്തോളം യുവജനങ്ങള്‍ പങ്കെടുത്ത യുവജന ജൂബിലി ആഘോഷവേളയില്‍ വേദിയിലേക്കു ജൂബിലി കുരിശ് സ്വയം ചുമന്ന് നടന്നുകൊണ്ട് യുവജനങ്ങളെ വിസ്മയിപ്പിച്ചു. യുവജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഇംഗ്ലീഷ്, ഇറ്റാലിയന്‍, സ്പാനിഷ് ഭാഷകളില്‍ മാറിമാറി അദ്ദേഹം മറുപടി നല്‍കി.
എന്നാല്‍, പാട്ടും തമാശയും ഭാഷാപ്രാവീണ്യവുമെല്ലാം അധികയോഗ്യതകള്‍ മാത്രമേ ആകുകയുള്ളൂ എന്നു നമുക്കറിയാം. ലോകത്തിന്റെ മനസാക്ഷിയാകാനും ശബ്ദമില്ലാത്തവരുടെ ശബ്ദമാകാനും അധികാര സിംഹാസനങ്ങള്‍ക്കു മുമ്പില്‍ നിവര്‍ന്നു നില്‍ക്കുന്ന പ്രവാചകത്വത്തിന്റെ നട്ടെല്ലാകാനും അശരണരുടെ സന്നിധിയില്‍ സാന്ത്വനസ്പര്‍ശമാകാനും ലോകത്തിലെ ക്രിസ്തുവിന്റെ വികാരിക്കു സാധിക്കണം. അതു ലിയോ പതിനാലാമനു സാധിക്കുന്നുണ്ട് എന്നതാണ് നമ്മെ ആശ്വസിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്യുന്ന കാര്യം.
ഗാസയിലെയും ഉക്രെയ്‌നിലെയും സമാധാനത്തിനായി പ്രഥമദിനം മുതല്‍ പാപ്പ ശബ്ദം ഉയര്‍ത്തുന്നുണ്ട്. ഇന്ന് മറ്റെന്നത്തേക്കാളും അധികമായി മാനവരാശി സമാധാനത്തി നായി കരയുകയാണെന്ന് പാപ്പ ചൂണ്ടിക്കാണിക്കുന്നു. ഉക്രെയ്‌നിയന്‍ കത്തോലിക്കാസഭയുടെ മെത്രാന്മാരെയും വിശ്വാസികളെയും റോമില്‍ സ്വീകരിച്ച അദ്ദേഹം പ്രസിഡന്റ് വ്‌ളോദിമിര്‍ സെലെന്‍സ്‌കിയുമായും കൂടിക്കാഴ്ച നടത്തി. യുദ്ധ ദുരിതങ്ങളുടെ ഇരകളോടുള്ള ചേര്‍ന്നു നില്‍പായിരുന്നു അത്.
പാപ്പ ആയതിനുശേഷമുള്ള ഏതാണ്ട് എല്ലാ സുവിശേഷ പ്രസംഗങ്ങളിലും അഗസ്റ്റീനിയന്‍ ചിന്തകള്‍ പങ്കുവയ്ക്കുന്ന പാപ്പ വി. അഗസ്റ്റിനെപ്പോലെ ''ഞാന്‍ നിങ്ങള്‍ക്കൊപ്പം ഒരു വിശ്വാസി, നിങ്ങള്‍ക്കുവേണ്ടി ഒരു മാര്‍പാപ്പ'' എന്നു പറഞ്ഞു കര്‍മ്മനിരതനായിരിക്കുന്നു.
നിര്‍മ്മിതബുദ്ധിക്ക് അദ്ദേഹം വലിയ പ്രാധാന്യം നല്‍കുമെന്ന് പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സ്വീകരിച്ച പേര് തന്നെ സൂചിപ്പിച്ചിരുന്നു. അത് പ്രകട മാക്കുന്ന നിരവധി നയങ്ങളും നീക്കങ്ങളും മാര്‍പാപ്പയുടെ ഭാഗത്തുനിന്ന് ഉണ്ടായിക്കഴിഞ്ഞു. നിര്‍മ്മിതബുദ്ധിയാല്‍ നയിക്കപ്പെടുന്ന ഡിജിറ്റല്‍ വിപ്ലവത്തിന്റെ അപാരമായ സാധ്യതകളും വെല്ലുവിളികളും രൂപപ്പെടുത്തിയ ഒരു നാല്‍ക്കവലയില്‍ എത്തി നില്‍ക്കുന്ന മാനവരാശിക്കു ശരിയായ വഴി കാണിച്ചു കൊടുക്കാന്‍ തുടര്‍ന്നുള്ള ദിനങ്ങളില്‍ ലിയോ പതിനാലാമന്‍ പാപ്പയ്ക്കും സഭയ്ക്കും സാധിക്കട്ടെ.