Editorial

നക്ഷത്രം വില്‍ക്കാന്‍ പറ്റാത്ത നഗരങ്ങള്‍

Sathyadeepam

പവിത്രന്‍ തീക്കുനിയുടെ 'മതില്‍' എന്ന കവിതയുണ്ട്:

'നിന്റെ വീടിന് ഞാന്‍ കല്ലെറിഞ്ഞിട്ടില്ല;

ഒരിക്കല്‍ പോലും

അവിടേക്കെത്തി നോക്കിയിട്ടില്ല;

നിന്റെ തൊടിയിലോ മുറ്റത്തോ

വന്നെന്റെ കുട്ടികളൊന്നും നശിപ്പിച്ചിട്ടില്ല.

ചോദ്യം ചെയ്തിട്ടില്ല നിന്റെ വിശ്വാസം;

തിരക്കിയിട്ടില്ല നിന്റെ കൊടിയുടെ നിറം;

അടുപ്പെരിയാത്ത ദിനങ്ങളില്‍

വിശപ്പിനെത്തന്നെ വാരിത്തിന്നപ്പോഴും

ചോദിച്ചിട്ടില്ല നിന്നോട് കടം.

എന്നിട്ടും എന്റെ പ്രിയപ്പെട്ട അയല്‍ക്കാരാ,

നമ്മുടെ വീടുകള്‍ക്കിടയില്‍

പരസ്പരം കാണാനാകാത്ത വിധം

എന്തിനാണു ഇങ്ങനെയൊരെണ്ണം

നീ കെട്ടിയുയര്‍ത്തിയത്?'

വര്‍ഗീയ ധ്രുവീകരണം അതിന്റെ എല്ലാ ആസുര ശക്തികളോടുംകൂടെ കേരളീയ സമൂഹത്തെ ചിന്നഭിന്നമാക്കുമ്പോള്‍ നമുക്കിടയിലുയരുന്ന മതിലുകള്‍ ഒരു തരം വ്യാജസുരക്ഷിതത്വ ബോധമല്ലേ നമുക്ക് നല്കുന്നത്? ക്രിസ്മസ് സീസണില്‍ നക്ഷത്രങ്ങള്‍ വില്‍ക്കാന്‍ പാടില്ലെന്ന് ഒരു നഗരത്തിലെ വ്യാപാരികളെ ചില വര്‍ഗീയവാദികള്‍ ഭീഷണിപ്പെടുത്തിയെന്ന് കേള്‍ക്കുമ്പോഴും ക്രൈസ്തവ ദേവാലയത്തിലെ നേര്‍ച്ചസദ്യക്ക് പോകരുതെന്ന് വിലക്കി സമുദായ സംഘടന രഹസ്യനിര്‍ദ്ദേശം കൊടുത്തെന്ന് കേള്‍ക്കുമ്പോഴും മനസ്സില്‍ ഒരു ഉള്‍ക്കിടിലം! വാവരെ കണ്ടു വണങ്ങിയശേഷം അയ്യപ്പനെ കാണാന്‍ ശബരിമലയ്ക്ക് പോകുന്നൊരു സംസ്‌കാരത്തിലാണു സ്വന്തം സമുദായ സ്വത്വത്തിന്റെ മാളങ്ങളിലേക്കൊളിക്കാനും ഇതര സമുദായങ്ങള്‍ക്കു നേരെ വാതില്‍ അടക്കാനുമുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുന്നത്. അയല്‍ക്കാരന്റെ വീട്ടില്‍ അത്യാഹിതം സംഭവിച്ചാല്‍ വിഷുപ്പുലരിയിലും പടക്കം പൊട്ടിക്കാതിരിക്കാന്‍ ഉള്ള വിവേകം നമുക്ക് എന്ന് മുതലാണോ നഷ്ടപ്പെട്ടു തുടങ്ങിയത്?

ബാബറി മസ്ജിദ് തകര്‍ന്നപ്പോള്‍ വര്‍ഗീയ കലാപം നടക്കാത്ത അപൂര്‍വ്വം ചില സംസ്ഥാനങ്ങളിലൊന്നായ കേരളത്തില്‍ എന്ന് മുതലാണു സമുദായാടിസ്ഥാനത്തിലുള്ള വീതംവെയ്പ്പുകള്‍ ഒരു സ്വാഭാവിക പ്രക്രിയ ആയി മാറിയത്? യൂണിവേഴ്‌സിറ്റികള്‍ പോലും സമുദായാടിസ്ഥാനത്തില്‍ വൈസ് ചാന്‍സലര്‍മാരെ നിയമിച്ചു തുടങ്ങിയത് എന്നു മുതലാണ്?

കേരളത്തില്‍ ഇന്ന് അവശേഷിക്കുന്ന പൊതുഇടങ്ങള്‍ എന്നത് പണം വാങ്ങി കൃത്രിമവും നിര്‍മ്മിതവുമായ സന്തോഷങ്ങള്‍ വിപണനം ചെയ്യുന്ന അമ്യൂസ്‌മെന്റ് പാര്‍ക്കുകളും ഷോപ്പിംഗ് മാളുകളും സിനിമ തിയറ്ററുകളും മാത്രമാണ്.

ജാതിമത വേര്‍തിരിവില്ലാതെയും കൊടിയുടെ നിറവ്യത്യാസമില്ലാതെയും മലയാളികള്‍ക്ക് ഒത്തുകൂടാവുന്ന പൊതു ഇടങ്ങള്‍ നഷ്ടപ്പെടുന്നത് ഈ ഉത്തരാധുനിക കാലത്തിന്റെ ഏറ്റവും വലിയ വ്യാകുലതയാണ്. നമ്മുടെ പൊതുവിദ്യാലയങ്ങളിലും പള്ളിക്കൂടങ്ങളിലും ജാതിവ്യത്യാസമില്ലാതെ സമഭാവനയുടെ ബെഞ്ചിലിരുന്നു പഠിച്ച വ്യത്യസ്തരായ മനുഷ്യരല്ലേ ഇവിടെ മതേതര സമൂഹം എന്ന സ്വപ്നത്തിനു ചിറകുകള്‍ നല്കിയത്. ഗാന്ധിയന്‍ മതേതര മൂല്യങ്ങള്‍ പേറിയ നമ്മുടെ പഴയ നാട്ടുകൂട്ടങ്ങളും വായനശാലകളും സ്‌പോര്‍ട്‌സ് ആന്‍ഡ് ആര്‍ട്‌സ് ക്ലബുകളും അല്ലേ മതവ്യത്യാസമില്ലാതെ ഒരുമയുടെ നേര്‍രേഖയില്‍ അണിനിരക്കാന്‍ മുന്‍തലമുറകളെ പ്രാപ്തരാക്കിയത്. വ്യക്തിജീവിതത്തിലെ മതവിശ്വാസത്തില്‍ ദൃഢത പുലര്‍ത്തുമ്പോഴും പൊതു താല്‍പര്യങ്ങള്‍ക്കായി മതജാതി വ്യത്യാസമെന്യേ ഒന്നിക്കാനുള്ള സന്നദ്ധത നമുക്കുണ്ടായിരുന്നു. 2018-ലെ പ്രളയവും വയനാട് ഉരുള്‍പൊട്ടലുമൊക്കെ സംഭവിച്ചപ്പോള്‍ നടന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ ഈ മനുഷ്യപ്പറ്റിന്റെ സാക്ഷ്യപത്രങ്ങളായിരുന്നു!

അങ്ങനെ ഒരുമയുടെ സുവിശേഷം പഠിപ്പിച്ചിരുന്ന പൊതു ഇടങ്ങള്‍ അപ്രത്യക്ഷമാവുകയും പകരം സമുദായങ്ങളും പാര്‍ട്ടികളും നടത്തുന്ന സങ്കുചിതത്വത്തിന്റെ മേളകളും ശക്തിപ്രകടനങ്ങളും മാത്രം ശക്തിപ്പെടുകയും ചെയ്തത് പരസ്പര സംശയത്തിന്റെ പുകമറകളാണ് കേരളീയ സമൂഹത്തില്‍ സൃഷ്ടിച്ചത്.

കേരളത്തില്‍ ഇന്ന് അവശേഷിക്കുന്ന പൊതു ഇടങ്ങള്‍ എന്നത് പണം വാങ്ങി കൃത്രിമവും നിര്‍മ്മിതവുമായ സന്തോഷങ്ങള്‍ വിപണനം ചെയ്യുന്ന അമ്യൂസ്‌മെന്റ് പാര്‍ക്കുകളും ഷോപ്പിംഗ് മാളുകളും സിനിമ തിയറ്ററുകളും മാത്രമാണ്. കൊടുത്ത പണത്തെ ആസ്വാദനമാക്കി പരിവര്‍ത്തിപ്പിക്കുന്നതിനിടയില്‍ അപരന്റെ ശബ്ദം അവിടെ സംഗീതമല്ല, മറിച്ച് അപസ്വരമാവുകയാണു പതിവ്. ഒരു തിയറ്ററില്‍ ഒരു കുഞ്ഞ് കരഞ്ഞാലുണ്ടാകുന്ന അസഹിഷ്ണുതാ ശബ്ദങ്ങള്‍ അതിന്റെ പ്രത്യക്ഷ സാക്ഷ്യമാണ്.

മതസമുദായ നേതാക്കന്മാര്‍ വരയ്ക്കുന്ന വര്‍ഗീയതയുടെ ലക്ഷ്മണ രേഖയ്ക്കപ്പുറം പോകാന്‍ മടിക്കുന്നു മതേതരരെന്നു നടിക്കുന്ന രാഷ്ട്രീയ നേതാക്കളില്‍ ചിലരെങ്കിലും. പച്ചക്ക് വര്‍ഗീയത പറയുന്നവരെ കാറില്‍ കയറ്റുന്നതില്‍ ആഹ്ലാദം കൊള്ളുന്നു ചില മതരഹിത രാഷ്ട്രീയക്കാര്‍. പാരഡിപോലും ട്രാജഡിയാകുന്ന അസഹിഷ്ണുതയുടെ കാലമാണിത്. സമുദായത്തിന്റെയും മതത്തിന്റെയും മുഴക്കോലും തുലാസ്സും കൊണ്ട് എല്ലാത്തിനെയും അളക്കുന്ന വര്‍ഗീയ ധ്രുവീകരണത്തിന്റെ കാലത്ത് ക്രൈസ്തവര്‍ സ്വീകരിക്കേണ്ട നിലപാടെന്തായിരിക്കണം?

ഭാരതത്തിന്റെ ഭരണഘടനാ രൂപീകരണവേളയില്‍ ക്രൈസ്തവര്‍ക്ക് സംവരണം നല്കാമെന്ന അഭിപ്രായം ഉയര്‍ന്നു വന്നപ്പോള്‍ ഫാ. ജെറോം ഡിസൂസ പറഞ്ഞു: ഭാരതത്തിലെ ഭൂരിപക്ഷ സമുദായത്തിന്റെ ഹൃദയ വിശാലതയില്‍ ആണ് ഇവിടത്തെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ. അതിഥി ദേവോ ഭവ! എന്നത് ജീവിതവ്രതമാക്കിയ സര്‍വാശ്ലേഷിയായ ഭാരതസംസ്‌കാരത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞ വാക്കുകള്‍! എന്നാല്‍ മഹത്തായ ഈ പാരമ്പര്യത്തിന് തുരങ്കം വയ്ക്കുന്ന പ്രവണതകളും ശൈലികളും പൊതുസമൂഹത്തിലും സഭയിലും രൂപപ്പെടുന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ്. ഇതിന്റെ രോഗലക്ഷണങ്ങളായ വിമര്‍ശനത്തോടുള്ള അസഹിഷ്ണുതയും അതിരുകടന്ന അവകാശബോധവും ചില മേഖലകളിലെങ്കിലും പ്രകടമാണ്.

പരവിമര്‍ശനത്തില്‍ അനാവശ്യ ശ്രദ്ധയൂന്നുകയും ആത്മവിമര്‍ശനത്തിന്റെ വാതില്‍ അടച്ചിടുകയും ചെയ്യുന്ന ശൈലികളും വല്ലാതെ വര്‍ഗീയമായി ധ്രുവീകരിക്കപ്പെട്ട കേരളത്തില്‍ സാമുദായികശാക്തീകരണമെന്ന ലേബലില്‍ കറകളഞ്ഞ വര്‍ഗീയത പ്രചരിപ്പിക്കുന്നതുമൊക്കെ ഇതിന്റെ പ്രകടമായ ലക്ഷണങ്ങളാണ്. സാമുദായിക ബലംകാട്ടി ഇലക്ഷന് മുമ്പുള്ള വിലപേശലുകള്‍, വിശ്വാസ സംരക്ഷണാര്‍ഥം എന്ന വ്യാജേന നടത്തുന്ന പ്രതിഷേധ റാലികള്‍, ഭഗവാനു പാറാവ് നില്‍ക്കുന്നവര്‍ നടത്തുന്ന സാംസ്‌കാരിക പ്രസ്താവനകള്‍, അവകാശ പ്രഖ്യാപന സമ്മേളനങ്ങള്‍, ഇതൊക്കെ മേല്പറഞ്ഞ രോഗത്തിന്റെ പ്രത്യക്ഷ സാക്ഷ്യങ്ങള്‍ മാത്രം. സാമൂഹ്യ തിന്മകള്‍ക്കെതിരെ നടത്തുന്ന ബോധവത്കരണ ജാഥയിലോ അഴിമതിക്കെതിരെ നടക്കുന്ന ജനമുന്നേറ്റങ്ങളിലോ ഇത്തരക്കാര്‍ താല്പര്യം കാണിക്കാത്തതും ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്. മതേതര സദസ്സുകളോടുള്ള ചിലരുടെ അലര്‍ജി മൗലികവാദത്തിന്റെ ഒരു രോഗലക്ഷണം മാത്രം!

ബഹുസ്വരത ജീവിത പ്രമാണമാക്കിയിരുന്ന ഒരു ജനത എളുപ്പത്തില്‍ വര്‍ഗീയ ചായ്‌വുകള്‍ക്ക് വിധേയമാകുന്നുണ്ടെങ്കില്‍ സഭയും സമൂഹവും ആത്മപരിശോധന നടത്തി എന്റെ പിഴ ചൊല്ലണ്ടേ? ഇതര മതസ്ഥരുടെ പോലും ആദരം പിടിച്ചു പറ്റും വിധം സുവിശേഷം ജീവിച്ച പൂര്‍വികരുടെ ഓര്‍മ കരിന്തിരി കത്തുന്ന സഭയുടെ സാമൂഹ്യാവബോധത്തെ പ്രോജ്ജ്വലമാക്കട്ടെ.

കൊച്ചിയിലെ കപ്പലൊച്ചകള്‍ [20]

പണത്തിന്റെ യക്ഷിയുണ്ടാക്കുന്ന പ്രതിസന്ധികള്‍

ഉക്രെയ്‌ന് സഹായവുമായി മാര്‍പാപ്പയുടെ മൂന്ന് ട്രക്കുകള്‍

ജൂബിലി വാതില്‍ അടയുമ്പോഴും കൃപയുടെ ദൈവഹൃദയം അടയുന്നില്ല: കര്‍ദ്ദിനാള്‍ മാക്‌റിസ്‌കാസ്

ക്രൈസ്തവര്‍ക്ക് ശത്രുക്കള്‍ ഇല്ല, സഹോദരങ്ങള്‍ മാത്രം