Editorial

അമ്മയ്ക്ക് വീട്ടിൽ എന്താ പണി?

Sathyadeepam

വാഹനാപകടത്തിൽപ്പെടുന്ന വീട്ടമ്മമാർക്കുള്ള നഷ്ടപരിഹാരം കണക്കാക്കുമ്പോൾ അവരുടെ സേവനങ്ങളെ കേവലം സാങ്കേതികമായി കാണാതെ അതിനു ചുരുങ്ങിയത് 30,000 രൂപ എങ്കിലും പ്രതിമാസം മൂല്യം കല്പിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. പഞ്ചാബിലെ ഭർത്താവും മൂന്നു മക്കളുമുള്ള ഒരു കുടുംബത്തിന് അപകടത്തിൽ അമ്മ നഷ്ടപ്പെട്ടതുമായി ബന്ധ പ്പെട്ട് 25 വർഷം നീണ്ടു നിന്ന ഒരു കേസിന്റെ ബാക്കിയാണ് ഈ ഉത്തരവ്.

വീട്ടക ശുശ്രൂഷയുമായി കഴിയുന്ന അമ്മമാരെ ഭാരത സംസ്കാരത്തിൽ എങ്ങനെയാണ് നോക്കി കണ്ടിരുന്നത്? അമ്മയായും ദേവിയായും കരുതി അമ്മമാരുടെ ത്യാഗത്തെ കാല്പനികവൽക്കരിക്കുകയും ആ ത്യാഗം ബാക്കിയുള്ളവരുടെ അവകാശമെന്ന നിലയിൽ നൂറ്റാണ്ടുകളായി നിസ്സാരവൽക്കരി ക്കുകയും ചെയ്ത ഒരു സംസ്കാരത്തിന് ഒരു പുതിയ ചൊല്ലുവിളി പഠിപ്പിക്കാനും ഇന്ത്യൻ സമൂഹ വ്യവസ്ഥിതിയിൽ ഒരു വീട്ടമ്മയുടെ മൂല്യവും സ്ഥാനവും അടയാളപ്പെടുത്താനും അക്കങ്ങളിൽ അളക്കാനും തുടങ്ങുന്നതാണ് ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, എൻ കോടീശ്വർ സിംഗ് എന്നിവർ അടങ്ങിയ ബെഞ്ചിന്റെ സുപ്രധാന വിധി.

വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചാൽ, അവർക്ക് ഔദ്യോഗികമായി ശമ്പളമുള്ള ജോലിയില്ലായെങ്കിൽ ദിവസ വേതനക്കാരുടെയോ അവിദഗ്ദ്ധ തൊഴിലാളിയുടെയോ സാങ്കല്പിക വരുമാനമാണ് മുമ്പ് കോടതികൾ കണക്കാക്കിയിരുന്നത്. എന്നാൽ ഗാർഹിക പരിചരണ നഷ്ടം (Loss of Domestic Care) എന്ന ഒരു പുതിയ മാനദണ്ഡം ഇതിനായി കോടതി രൂപപ്പെടുത്തി യിരിക്കുകയാണ്. ഇതനുസരിച്ച് ക്ലെയിമുകളിൽ ഏറ്റവും കുറഞ്ഞത് അവർക്ക് ലഭിക്കേണ്ട തുക പ്രതിമാസം 30,000 എങ്കിലും ആക്കണമെന്നും ഓരോ മൂന്നു വർഷം കൂടുമ്പോഴും ഇതിൽ 10% വർദ്ധിപ്പിക്കണമെന്നും കോടതി നിരീക്ഷിച്ചു.

വീട്ടമ്മമാരുടെ വേതനം ഇല്ലാത്ത ശുശ്രൂഷയ്ക്ക് മുകളിൽ രൂപപ്പെടുന്ന വരുമാനമാണ് കുടുംബത്തിനുള്ളത്. സത്യത്തിൽ വരുമാനം ഉള്ളവരല്ലേ വീട്ടമ്മമാരെ ആശ്രയിച്ച് ജീവിക്കുന്നത്..!

നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ (NSO) കണക്കുകൾ പ്രകാരം വീട്ടമ്മമാരുടെ ശമ്പളമില്ലാത്ത ഇത്തരം അധ്വാനം ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 15-17 % വരും. പ്രതിദിനം 80 കോടി “അമ്മ മണിക്കൂറു കളാണ്” ഇന്ത്യയിൽ ഇതിനായി ചെലവഴിക്കപ്പെടുന്നത്! 80 കോടി മണിക്കൂറുകളുടെ വീട്ടകാധ്വാനം! വേതനം ഇല്ലാത്ത, പലപ്പോഴും ഒപ്പമുള്ളവരുടെ അംഗീകാരമില്ലാത്ത, ചിലപ്പോഴെങ്കിലും ഭർത്താവിനാലോ കുടുംബക്കാരാലോ മക്കളാലോ നിസ്സാരവൽക്കരിക്കപ്പെടുന്ന, ഒരുപക്ഷേ ഇരുളിൽ ആയിപ്പോകുന്ന, പാത്രം കഴുകുന്നതിനിടയിൽ സിങ്കിലൂടെ ഒഴുകി മറഞ്ഞു പോകുന്ന വെള്ളം പോലെ അദൃശ്യമായ ശുശ്രൂഷയുടെ കോടിക്കണക്കിന് മണിക്കൂറുകൾ. ഒരു ദിനവും അവധിയില്ലാത്ത, നിശ്ചിത സമയപ്പട്ടിക ഇല്ലാത്ത, 24 x 365 ലൂപ്പുകൾ...

ഔദ്യോഗിക വരുമാനം ഇല്ലെങ്കിലും വീട്ടിൽനിന്ന് ആരെങ്കിലും വരുമാനമുണ്ടാക്കാൻ പുറത്തുപോയി ജോലി ചെയ്യണമെങ്കിൽ വീട്ടമ്മമാരുടെ മൗനസമ്മതം എങ്കിലും വേണ്ടേ? അവരുടെ വേതനം ഇല്ലാത്ത ശുശ്രൂഷയ്ക്ക് മുകളിൽ രൂപപ്പെടുന്ന വരുമാനമാണ് കുടുംബത്തിനുള്ളത്. സത്യത്തിൽ വരുമാനം ഉള്ളവരല്ലേ വീട്ടമ്മമാരെ ആശ്രയിച്ച് ജീവിക്കുന്നത്..! ഈ അദൃശ്യ അധ്വാനം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലേക്കുള്ള നേരിട്ടുള്ള സംഭാവനയല്ലേ?

ഇങ്ങനെ ഇരുളിൽ ആയിപ്പോകുന്ന വീട്ടക അധ്വാനങ്ങളെ വെട്ടത്തിലേക്ക് നീക്കി നിർത്തുന്നതാണ് കോടതിവിധി. വിലകൽപ്പിക്കാതെ മാറ്റി നിർത്തിയതിന് ‘അടിസ്ഥാന വില’ എങ്കിലും നിർണ്ണയിക്കാൻ കോടതിയുടെ ഒരു ശ്രമം.

വേതനമില്ലാത്ത പരിചരണ സമ്പദ് വ്യവസ്ഥയെ (care economy) ഔദ്യോഗികമായി അംഗീകരിക്കാൻ ഭരണകൂടങ്ങ ളെയും നിയമ സംവിധാനങ്ങളെയും പ്രേരിപ്പിക്കുന്നതാണ് ഈ വിധി. വീട്ടമ്മ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങുന്ന ഒരു ആശ്രിതയല്ലെന്നും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയുടെയും വളർച്ചയുടെയും അടിത്തറയാകുന്ന രാഷ്ട്ര നിർമ്മാതാവ് (Nation Builder) ആണെന്നും സുപ്രീം കോടതി ഓർമ്മിപ്പിക്കുന്നു. വീട്ടമ്മയുടെ അധ്വാനത്തിന്റെ സാമ്പത്തിക മൂല്യവൽക്കരണമാണ് (monetisation of unpaid care work) കോടതി നടത്തിയത് എന്ന് ഒറ്റവാക്കിൽ പറയാം.

അതിലുപരി ഒരുപക്ഷേ അടുക്കള - വീട്ടക ശുശ്രൂഷകളുടെ സാമൂഹികവും സാമ്പത്തികവുമായ മൂല്യം ധരിപ്പിച്ച് അതിന്റെ രാഷ്ട്രീയം ഓർമ്മിപ്പിക്കുന്ന വിധികൂടിയാണത്. ഇന്നത്തെ അധ്വാനിക്കുന്ന വർഗത്തെയും നാളത്തെ തലമുറയെയും വാർത്തെടുക്കുന്ന വീട്ടമ്മയുടെ പരിചരണത്തിന്റെ ‘സാമ്പത്തിക മൂല്യ’വിശകലനങ്ങൾ ഇവിടെ തീരുന്നുണ്ടോ?

കോടതി മുപ്പതിനായിരം രൂപ എന്ന് പറഞ്ഞു തുടങ്ങിയപ്പോൾ സോഷ്യൽ മീഡിയയിലെ എഴുത്തുകാരുടെയും വ്ലോഗർമാരുടെയും വിശകലന ബുദ്ധി ഉണർന്നു! പിന്നെ പോസ്റ്റുകളുടെയും വ്ലോഗുകളുടെയും കൂമ്പാരമായി. പലർക്കും അത് 60,000 ആയും 80,000 ആയും അനുഭവപ്പെടുന്നു! ഒരു വീട്ടമ്മ ചെയ്യുന്ന ജോലികൾ ഏജൻസികളെ ഏൽപ്പിച്ചാൽ എത്ര രൂപ വരും എന്നാണ് അവരുടെ ചിന്ത. ഒരു പാചകക്കാരി, വീട്ടുജോലിക്കാരി, കുട്ടികളെ നോക്കുന്ന ആയ, പ്രായമുള്ളവരെ പരിചരിക്കുന്നയാൾ, ട്യൂഷൻ ടീച്ചർ, വീട്ടു ചെലവ് നിയന്ത്രിക്കുന്ന ഫിനാൻസ് മാനേജർ എന്നീ നിലകളിലുള്ള അധ്വാനം കൂട്ടിച്ചേർത്താണ് നിഗമനം. ‘തൊഴിൽ രഹിത അമ്മമാരുടെ’ ശുശ്രൂഷ പരിസരത്തിന് ഇത്രമാത്രം വിസിബിലിറ്റി നൽകിയ കോടതി വിധിക്ക് നമോവാകം.

വിശകലനം വ്യക്തിപരവും ആകാവുന്നതാണ്. മുപ്പതിനായിരം എന്ന കോടതികണക്ക് ഒരുപക്ഷേ വീട്ടമ്മയുടെ ശുശ്രൂഷയെ അളക്കാൻ മതിയായ ഒന്നല്ല എന്ന് എല്ലാവർക്കും അറിയാം. അവരുടെ അധ്വാനങ്ങൾക്ക് പിറകിൽ അവർ ഇട്ട സ്നേഹം അളക്കാനുള്ള സ്കെയിൽ ഇനിയും ഒരു കോടതിയും കണ്ടെത്തിയിട്ടുമില്ല! അമ്മ എപ്പോഴും കൂടെയുണ്ടായിരുന്നത് കൊണ്ടാണ് നമുക്ക് അമ്മയെ മനസ്സിലാകാതെ പോകുന്നത് എന്ന് തോന്നുന്നു. അമ്മ ചെയ്യുന്നതൊക്കെ taken for granted ആണ് നമുക്ക്. ഒരമ്മ എനിക്ക് ചെയ്ത കാര്യങ്ങളും, ഞാൻ അവർക്ക് ചെയ്ത കാര്യങ്ങളും ഒരു തട്ടിൽ വച്ച് അളന്നു നോക്കിയാലോ?... പക്ഷേ ഇതൊക്കെ അമ്മമാർ അകലുമ്പോൾ മാത്രം മനസ്സിലാകുന്ന സത്യങ്ങളാണ്.

വിധിയെ സഭാത്മക പരിസരത്തും കൊണ്ടുചെന്നു നിർത്താവുന്നതാണ്. നമ്മുടെ ഇടവകകളിലും സഭയിലാകെയും ബഹുമാനപ്പെട്ട സിസ്റ്റേഴ്സും സ്ത്രീകളും ചെയ്യുന്ന അദൃശ്യ സേവനങ്ങളുടെ മൂല്യത്തെക്കുറിച്ച് വിചാരപ്പെടാനും ഈ വിധി ഉപകരിക്കും.

ഏതായാലും കോടതിവിധിയോടെ വീട്ടിലെ വളരെ പ്രധാനപ്പെട്ട ഒരു ചോദ്യത്തിന് ഉത്തരമായി. ‘ഇനി അമ്മയ്ക്ക് വീട്ടിൽ എന്താ പണി?’ എന്ന് ആരെങ്കിലും ചോദിച്ചാൽ തലകുനിക്കാതെ അമ്മയ്ക്ക് ആരോടും പറയാം: ‘നേഷൻ ബിൽഡിംഗ്; ശമ്പളം 30000 സ്റ്റാർട്ടിങ്..!’

കാൽവരിക്കുന്നിൽ

കുടുംബ ജീവിതത്തിനു ഇങ്ങനെ വിലയിടാമോ..?

നിലാവിന്റെ വീട് - 11

കുളി കഴിഞ്ഞവർ

ഒരു നാസിയുടെ കഥ