Editorial

മാമോന്റെ സുവിശേഷങ്ങള്‍

Sathyadeepam

വിദേശനാണയ വിനിമയ ചട്ടം ലംഘിച്ച് വിദേശരാജ്യങ്ങളില്‍നിന്ന് കോടികള്‍ കടത്തിയ കേസില്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ അന്വേഷണം നേരിടുന്ന സ്വയാവരോധിത മെത്രാപ്പോലീത്ത കെ.പി. യോഹന്നാനെക്കുറിച്ച് പുറത്തു വരുന്ന വാര്‍ത്തകള്‍ ബിലിവേഴ്‌സ് ചര്‍ച്ചിന് മാത്രമല്ല, സകല ക്രൈസ്തവവിശ്വാസികള്‍ക്കും അവമതിപ്പിനിടയാക്കി.
കൊച്ചിയിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്‍കംടാക്‌സിന്റെ ഉത്തരവ് പ്രകാരം ഇക്കഴിഞ്ഞ ദിവസം സഭയിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന ദ്രുത പരിശോധനകള്‍ വഴി കെണ്ടത്തിയ കണക്കില്‍പ്പെടാത്ത കോടിക്കണക്കിന് രൂപയും നിരോധിത നോട്ടുകളും, സുവിശേഷീകരണത്തിന്റെ മറവില്‍ തുടര്‍ന്ന 'മാമോന്‍' ശുശ്രൂഷയുടെ നാണം കെട്ട കഥകളെയാണ് വെളിച്ചപ്പെടുത്തിയത്. 1980-ല്‍ ഗോസ്പല്‍ മിനിസ്ട്രി എന്ന പേരില്‍ 900 രൂപ ആസ്തിയില്‍, തിരുവല്ലയില്‍ രജിസ്റ്റര്‍ ചെയ്ത് തുടങ്ങിയ ട്രസ്റ്റാണ്, 1991-ല്‍ ഗോസ്പല്‍ ഫോര്‍ ഏഷ്യയായും, 2003-ല്‍ ബിലിവേഴ്‌സ് ചര്‍ച്ചായും രൂപം മാറിയത്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ മാത്രം ഏകദേശം 6,000 കോടി രൂപ വിദേശത്ത് നിന്നും സംഭാവനയായി ലഭിച്ചിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം. അതില്‍ ഭൂരിഭാഗവും റിയല്‍ എസ്റ്റേറ്റ് മേഖലയിലാണ് ചെലവഴിക്കപ്പെട്ടത്. കേരളത്തിനകത്തും പുറത്തും ഭൂമികള്‍ വാങ്ങിക്കൂട്ടിയും വലിയ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തിയും ചുരു ങ്ങിയ കാലത്തിനിടയില്‍ വലിയ ആത്മീയ വ്യവസായ സാമ്രാജ്യമായി വളരാന്‍ ബിലിവേഴ്‌സ് ചര്‍ച്ചിനു കഴിഞ്ഞതിനു പുറകില്‍, നിറഭേദമെന്യേ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ താങ്ങും തണലും നിര്‍ലോഭമായി കിട്ടിയെന്നത് വാസ്തവമാണ്. സഭാ-രാഷ്ട്രീ യ നേതൃത്വങ്ങള്‍ തമ്മില്‍ അടുത്തകാലത്തായി വികസിച്ചു വരുന്ന അവിശുദ്ധ ബന്ധ ത്തിന്റെ അറിയാക്കഥകളുടെ സ്ഥിരീകരണമായി, ആത്മീയതയിലെ ഇത്തരം സാമ്പത്തിക ഇടര്‍ച്ചകളെ കാണാവുന്നതാണ്. ദൈവശാസ്ത്രത്തെക്കാള്‍ സാമ്പത്തിക ശാസ്ത്രത്തില്‍ അടിസ്ഥാനമിട്ട ഒരു അവിശ്വാസ കൂട്ടുകെട്ടിന്റെ അനിവാര്യ അന്ത്യമായി ബിലിവേഴ്‌സിന്റെ പതനം!
ആത്മീയതയിലെ ആള്‍ദൈവവല്‍ക്കരണത്തിന് അധികമായി അവസരമൊരുക്കുന്ന സാമൂഹ്യ രാഷ്ട്രീയ പരിസരമാണ് നമ്മുടെ നാടിന്റേത്. ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണയായി ആത്മീയ കേന്ദ്രങ്ങളില്‍ സമര്‍പ്പിക്കപ്പെടുന്ന കോടികളില്‍ അഴിമതിയുടെ കറപുരളുക സ്വാഭാവികം. അവിഹിതമായി സമ്പാദിച്ചവ, വിഹിതമാക്കാനുള്ള എളുപ്പവഴി, ഇത്തരം 'ആത്മീയ നിക്ഷേപ'ങ്ങളാണെന്ന തിരിച്ചറിവിലാണ് ആള്‍ദൈവ രാഷ്ട്രീയം അരങ്ങ് തകര്‍ക്കുന്നത്. കള്ളപ്പണ വേട്ടയില്‍ കേന്ദ്ര സര്‍ക്കാരിന്റെ താല്പര്യങ്ങള്‍ ഏകപക്ഷീയമായി ചെറുതാകരുത്. സകല ചട്ടങ്ങളും കാറ്റില്‍ പറത്തി, കോടികളുടെ വിദേശ സംഭാവനകള്‍ സ്വീകരിക്കുന്ന ഹൈന്ദവ മഠങ്ങളും ആശ്രമങ്ങളും ഇത്തരം നിരീക്ഷണങ്ങളുടെയും, നിയമകര്‍ക്കശതയുടെയും പരിധിയിലുള്‍പ്പെടുത്താനുള്ള ആര്‍ജ്ജവമുണ്ടാകണം. കള്ളപ്പണ വേട്ടയെന്നാല്‍ ന്യൂനപക്ഷ വേട്ടയാകരുതെന്ന് ചുരുക്കം.
സുവിശേഷത്തിന്റെ എതിര്‍ദിശയിലാണെപ്പോഴും സാമ്പത്തിക വ്യവഹാരങ്ങളുടെ രീതിശാസ്ത്രം. തീക്ഷ്ണതയോടെ അവനെ തേടിയവരില്‍ സങ്കടത്തോടെ മടങ്ങിയ യുവാവില്‍ ധനാസക്തിയുടെ നിഴല്‍പാട് വീണു കിടന്നുവെന്ന് മറക്കരുത്. ക്രിസ്തു പ്രഘോഷണം പൂര്‍ണ്ണമാകുന്നത് സുതാര്യതയുടെ സുവിശേഷ സാക്ഷ്യത്തിലൂടെ മാത്രമാണെന്ന സത്യം സഭയുടേതാകണം. അതുകൊണ്ടാണ്, വത്തിക്കാന്‍ ബാങ്കിലെ അവിഹിത ഇടപാടുകളിലൂടെ സഭാകേന്ദ്രം അഴിമതിയുടെ സിരാകേന്ദ്രമായി മാറിയെന്നറിഞ്ഞപ്പോള്‍, അതിനെതിരെ ശക്തമായ നിലപാടുയര്‍ത്തിക്കൊണ്ട് ബനഡിക്ട് പതിനാറാമന്‍ പാപ്പയും, സഭാ സാരഥി, ഫ്രാന്‍സിസ് പാപ്പയും പിഴ മൂളുന്ന സഭയുടെ അനുയോജ്യരായ അമരക്കാരായത്. 'കൗണ്‍സില്‍ ഫോര്‍ എക്കണോമി', 'സെക്രട്ടറിയേറ്റ് ഫോര്‍ എക്കണോമി', 'ഓഡിറ്റര്‍ ജനറല്‍' എന്നീ മൂന്നു തസ്തികകള്‍ പുതുതായി സൃഷ്ടിച്ച്, ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും, സ്വജനപക്ഷപാതവും, ആഡംബര പ്രമത്തതയും മൂലം അടിമുടിയുറഞ്ഞഴുകിയ റോമന്‍ കൂരിയായെയും, സാമ്പത്തിക സംവിധാനങ്ങളെയും അഴിമതി രഹിതമാക്കി നവീകരിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പക്ഷേ ലോക ശ്രദ്ധയാകര്‍ഷിച്ചത്, സഭയുടെ ഉന്നത കേന്ദ്രത്തിലും, അസത്യത്തിന്റെ അഴുക്ക് നിറയാമെന്ന സാധ്യതയാലും, അത് തുറന്നു സമ്മതിക്കാനുള്ള സത്യസന്ധതയാലുമാണ്. ആഡംബര സൗധം പണിയാന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം ധൂര്‍ത്തടിച്ച കാര്‍ഡിനല്‍ ബര്‍ത്തോണയെ 2017-ല്‍ ഔദ്യോഗിക ചുമതലകളില്‍ നിന്നും നീക്കിയും വത്തിക്കാന്‍ ബാങ്കിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരെ ജയിലിലടച്ചും, പരിഷ്‌ക്കരണ നടപടികള്‍ക്കായി ആന്തര്‍ദ്ദേശീയ ഏജന്‍സിയെ നിയമിച്ചും, പരി. സിംഹാസനത്തിന്റെ സാമ്പത്തിക-ഭരണ നിര്‍വഹണ വിഭാഗങ്ങളുടെ ശുദ്ധീകരണത്തിന് ഫ്രാന്‍സിസ് പാപ്പ ശക്തമായി നേതൃത്വം നല്കുകയാണ്. ഏറ്റവുമൊടുവില്‍ 1989 മുതല്‍ 2009 വരെ വത്തിക്കാന്‍ ബാങ്കിന്റെ ചുമതല വഹിച്ചിരുന്ന ഏയ്ഞ്ചലോ കലോയിയെ കള്ളപ്പണം വെളുപ്പിച്ചതിന്റെയും അനധികൃത ഭൂമി വില്പനയുടെയും പേരില്‍ എട്ടു വര്‍ഷത്തേയ്ക്ക് ജയിലിലടച്ചിരിക്കുകയാണ്. സമാനമായ ഗുരുതര സാമ്പത്തിക കുറ്റങ്ങള്‍ക്ക് കര്‍ഡിനല്‍ ബച്ചുവിനെ പരിശുദ്ധ പിതാവ് നേരത്തെ പുറത്താക്കിയിരുന്നു.
കര്‍ണ്ണാടകയിലെ ചിക്മഗ്‌ളൂര്‍ രൂപതയിലെയും, സീറോ മലബാര്‍ സഭയിലെ എറ ണാകുളം-അങ്കമാലി അതിരൂപതയിലെയും ഭൂമി വില്പന വിവാദങ്ങള്‍ സാമ്പത്തിക ഛിദ്രശക്തികളുടെ സഭാഗ്രഹണത്തിന്റെ സമീപകാല ഇന്ത്യന്‍ പതിപ്പുകളാണ്. തെറ്റ് സമ്മതിച്ചും, തിരുത്തല്‍ സ്വീകരിച്ചും, പ്രായശ്ചിത്തത്തിലൂടെ (restitution) പരിഹാരം ചെയ്തുമാണ് സഭ, ക്രിസ്തുമാര്‍ഗ്ഗത്തില്‍ത്തന്നെയെന്ന് ഇവിടെയും തെളിയിക്കേണ്ടത്.
അതിരുകളിേലയ്ക്ക് ഇറങ്ങി നില്‍ക്കുന്ന സഭയെ സര്‍വ്വലോകത്തിനും വേണ്ടി പുതുതായി സമര്‍പ്പിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് പാപ്പ തന്റെ സാര്‍വ്വത്രികാജപാലന ശുശ്രൂഷ ആരംഭിച്ചത്. സഭാസ്ഥാപനങ്ങള്‍ ക്രിസ്തുവിന്റെ നീട്ടപ്പെട്ട കരങ്ങളായി സങ്കല്പിച്ചും, സമര്‍പ്പിച്ചുമാണ് തുടരുന്നതെങ്കില്‍ സുതാര്യതയുടെ കാറ്റും വെളിച്ചവും അതിന്റെ പ്രാണാനുഭവമാകണം. വരവു ചെലവു കണക്കുകള്‍ പുറത്തുവിട്ട വത്തിക്കാന്‍ മാതൃകയില്‍ നമ്മുടെ സഭാ സ്ഥാപനങ്ങളുടെ വാര്‍ഷിക വരവു ചെലവു കണക്കുകള്‍ പൊതുസമൂഹത്തിന് ലഭ്യമാക്കാനുള്ള തുറവിയുണ്ടാകണം. കൂടെ നില്‍ക്കുന്നവരുടെ മുഖമില്ലാക്കൂട്ടമായി കാനോനിക സമിതികള്‍ അധഃപതിക്കാതിരിക്കണം. രാജ്യത്തിന്റെ നിയമങ്ങള്‍ കര്‍ശനമായി പാലിച്ചും, സാമ്പത്തിക, സാമൂഹ്യ ഓഡിറ്റിംഗിന് കൂടെക്കൂടെ വിധേയപ്പെടുത്തിയും 'സകല ജനത്തിനും വേണ്ടിയുള്ള സദ്വാര്‍ത്ത'യായി നമ്മുടെ ശുശ്രൂഷകള്‍ സ്വീകാര്യമാകണം. കാരണം, 'സാമ്പത്തിക രാഷ്ട്രീയ ശക്തികള്‍ക്കിടയില്‍ അധികാര നിയുക്തമായ ഉടമ്പടി സ്ഥാപിച്ചുകൊണ്ട് സമാധാനം സൃഷ്ടിക്കാനാവില്ല. അവഗണിക്കപ്പെടുന്ന വിഭാഗങ്ങളുടെ അനുഭവങ്ങള്‍ കൂടി ചേര്‍ത്ത് വേണമത് പൂര്‍ണ്ണമാക്കാന്‍' (ഏവരും സഹോദരര്‍, 213).

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം