Editorial

കവാടങ്ങള്‍ അടഞ്ഞു, ഹൃദയങ്ങള്‍ തുറന്നോ?

Sathyadeepam

പത്രോസിന്റെ ബസിലിക്കയിലെ വിശുദ്ധകവാടങ്ങള്‍ അടച്ചുകൊണ്ട്, ഈ ദനഹാത്തിരുനാളില്‍ പ്രത്യാശയുടെ ജൂബിലിയാഘോഷത്തിനു പത്രോസിന്റെ പിന്‍ഗാമി തിരശ്ശീലയിടുമ്പോഴേക്കും, സഭ സ്വന്തം ഹൃദയവാതിലു കള്‍ കൂടുതല്‍ തുറന്നുവോ? ഭേദചിന്തകളില്ലാതെ അര്‍ഹരെയെല്ലാം സ്‌നേഹിക്കുകയും സകലര്‍ക്കും സ്വാഗതമോതുകയും ചെയ്യുന്ന സഭയായി ക്രിസ്തുവില്‍ പിന്നെയും വളര്‍ന്നുവോ നാം?

2024-ലെ ക്രിസ്മസ് രാവില്‍ ഇതേ കവാടം തുറന്നു കൊണ്ട് അന്നു വി. പത്രോസിന്റെ സിംഹാസനത്തിലാരൂ ഢനായിരുന്ന ഫ്രാന്‍സിസ് പാപ്പ ആഗോള കത്തോലി ക്കാസഭയെ ജൂബിലിവര്‍ഷത്തിലേക്ക് ആനയിച്ചത്, 'പ്രത്യാശയുടെ തീര്‍ഥാടകര്‍' എന്ന ആപ്തവാക്യം സ്വീകരിച്ചുകൊണ്ടായിരുന്നു. 'പ്രത്യാശ നിരാശപ്പെടുത്തു ന്നില്ല' എന്ന പേരിലായിരുന്നു ജൂബിലി സംബന്ധിച്ച പേപ്പല്‍ കല്പന. ജൂബിലി ആഘോഷത്തിനൊടുവില്‍, നിരാശകളെ നിരാകരിച്ച്, പ്രത്യാശയുടെ പുലരിയിലേക്കു കൂടുതലടുത്തിട്ടുണ്ടോ നമ്മുടെ തീര്‍ഥാടനം?

പഴയ നിയമത്തില്‍ പദമൂന്നി നില്‍ക്കുന്ന ജൂബിലിയാ ഘോഷം എന്ന സങ്കല്‍പത്തിന്റെ ആധാരശിലകളായിരി ക്കുന്നത് അനുകമ്പയും അനുരഞ്ജനവുമാണ്. വീഴ്ചകള്‍ക്കു ക്ഷമ ചോദിക്കുക, ക്ഷമ നല്‍കാന്‍ തയ്യാറായിരിക്കുക. അനുരഞ്ജനത്തിനു പുറമെ വിമോചനമെന്ന സുവിശേഷപ്രമേയത്തിനും ആവിഷ്‌കാരം നല്‍കുന്ന വര്‍ഷമാണ് ജൂബിലിയെന്നു ഫ്രാന്‍സിസ് പാപ്പ ജൂബിലിയുടെ ആദ്യവിളംബരത്തില്‍ തന്നെ പറഞ്ഞിരുന്നു. ജനതകളെയും രാജ്യങ്ങളെയും സമൂഹങ്ങളെയും എല്ലാത്തരം അടിമത്തങ്ങളില്‍ നിന്നും വിമോചിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും പാതകള്‍ തുറക്കാനും സഭ തയ്യാറാകണമെന്നു പാപ്പ അന്ന് ആഹ്വാനം ചെയ്തു.

സഭാപരവും അല്ലാത്തതുമായ പ്രശ്‌നങ്ങള്‍ നേരിട്ടു കൊണ്ടാണു ഭാരതത്തിലെയും കേരളത്തിലെയും കത്തോലിക്കാസഭ ഈ ജൂബിലിവര്‍ഷത്തിലൂടെ കടന്നു പോയത്. എല്ലാ പ്രശ്‌നങ്ങള്‍ക്കുമിടയിലും 'പ്രത്യാശ യുടെ തീര്‍ഥാടകര്‍' ആയിരിക്കാന്‍ ജൂബിലി നമ്മെ ആഹ്വാനം ചെയ്തു. പ്രത്യാശയുടെ ഒന്നാമത്തെ അടയാളം സമാധാനത്തിനായുള്ള ആഗ്രഹമാണെന്ന് ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. കാലത്തിന്റെ അടയാളങ്ങളെ വായിക്കാനും സുവിശേഷത്തിന്റെ വെളിച്ചത്തില്‍ അവയെ വ്യാഖ്യാനിക്കാനും സഭയ്ക്കു കടമയുണ്ടെന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പിതാക്കന്മാരെ ഉദ്ധരിച്ച് അദ്ദേഹമെഴുതി. ഏറ്റവും പുതിയ തലമുറയോട് അവരുടെ ഭാഷയില്‍ സംവദിച്ചുകൊണ്ട്, സകലര്‍ക്കും പ്രത്യാശയും സമാധാനവും നല്‍കുന്ന ഒരു ദൈവിക സാന്നിധ്യമാകാന്‍ ലോകമെങ്ങും ഈ ജൂബിലി വര്‍ഷ ത്തില്‍ സഭ പരിശ്രമിക്കുകയായിരുന്നു. ഇവയെല്ലാം എത്രത്തോളം സാധിച്ചിട്ടുണ്ടെന്ന ആത്മപരിശോധന നടത്താനും പ്രത്യാശയുടെ പാതയില്‍ തുടരുമെന്ന പ്രതിബദ്ധത പ്രകടിപ്പിക്കാനും സഭയ്ക്കു ബാധ്യതയുണ്ട്.

ജൂബിലി വര്‍ഷമായ 2025-ലും സ്വദൗത്യനിര്‍വഹണ ത്തിനിടെ മര്‍ദനവും രക്തസാക്ഷിത്വങ്ങളും വരിക്കുന്നതില്‍ നിന്നു സഭയ്ക്കു വിരമിക്കാനായിരുന്നില്ല. ലോകമാകെ 17 കത്തോലിക്കാ മിഷണറിമാരാണ് ഈ വര്‍ഷം സ്വജീവന്‍ ബലികഴിച്ചത്. ആയിരങ്ങള്‍ക്കു പരിക്കുകളേറ്റു, ഭവനഭ്രഷ്ടരായി, പലായനം ചെയ്തു, പട്ടിണി കിടന്നു. മധ്യപൂര്‍വദേശത്തും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും ഏഷ്യയിലും യൂറോപ്പിലുമെല്ലാം സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍ മതഭ്രാന്തിന്റെയും പ്രത്യയശാസ്ത്രപിടിവാശികളുടെയും പേരില്‍ വിശ്വാസികളെ ദ്രോഹിച്ചു.

പീഡനമേല്‍ക്കുന്നത് വിശ്വാസത്തിന്റെ അനിവാര്യ ഭാഗധേയമാണ്. എങ്കിലും, ഭരണഘടനാകല്പിതമായ അവകാശങ്ങളും കടമകളു മായി ഈ ജനാധിപത്യരാജ്യ ത്തിലെ പൗരത്വമാസ്വദി ക്കുന്നവരെന്ന നിലയില്‍, വര്‍ഗീയതയ്‌ക്കെതിരെയും സ്വേച്ഛാധിപത്യപ്രവണതകള്‍ ക്കെതിരെയും നിരന്തരം പ്രവര്‍ത്തിക്കാനുള്ള ബാധ്യത ഭാരതസഭയ്ക്കുണ്ട്.

ഇന്ത്യയാകട്ടെ, അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ക്രൈസ്തവവേട്ടകള്‍ക്കു ക്രിസ്മസ് നാളുകളില്‍ വേദിയായി. ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, ഗുജറാത്ത്, ജാര്‍ഖണ്ഡ്, അസ്സം തുടങ്ങിയ സംസ്ഥാന ങ്ങളില്‍ ക്രൈസ്തവരുടെ ക്രിസ്മസ് ആചരണങ്ങള്‍ ആക്രമിക്കപ്പെട്ടു. പള്ളികളില്‍ ആരാധനയ്‌ക്കെത്തിയ വിശ്വാസികള്‍ മാത്രമല്ല, വിപണികളില്‍ അലങ്കാര വസ്തുക്കള്‍ വിറ്റ അവിശ്വാസികളും വെറുപ്പിന്റെ ഇരകളായി. ക്രൈസ്തവമെന്നു തോന്നിക്കുന്ന സകലതിനുമെതിരായ പ്രതികാരവാഞ്ഛ തുടിക്കുന്ന വിഷലിപ്തമനസ്സുകളുമായി നടക്കുന്ന വര്‍ഗീയവാദികളെ കഴിഞ്ഞ പത്തോ പതിനഞ്ചോ വര്‍ഷങ്ങളിലെ ഫാസിസ്റ്റ് മുന്നേറ്റം വടക്കേന്ത്യയില്‍ സൃഷ്ടിച്ചു കഴിഞ്ഞുവെന്നു വ്യക്തമാക്കുന്നതായിരുന്നു ക്രിസ്മസ് കാല ക്രിസ്ത്യന്‍ വേട്ട.

ക്രൈസ്തവമായ പ്രത്യാശയുടെ പ്രകാശത്തിന്മേല്‍ നിഴല്‍ വീഴ്ത്താന്‍ കഴിയുന്നതല്ല ശരീരത്തിനുമേലുള്ള അതിക്രമങ്ങളൊന്നും തന്നെ. പീഡനം വിശ്വാസത്തിന്റെ അനിവാര്യഭാഗധേയമായി ക്രിസ്തു തന്റെ അനുയായി കള്‍ക്കു നിശ്ചയിച്ചു നല്‍കിയിട്ടുള്ളതത്രെ. എങ്കിലും, ഭരണഘടനാകല്പിതമായ അവകാശങ്ങളും കടമകളു മായി ഈ ജനാധിപത്യരാജ്യത്തിലെ പൗരത്വമാസ്വദിക്കു ന്നവരെന്ന നിലയില്‍, വര്‍ഗീയതയുടെ കടന്നുകയറ്റങ്ങള്‍ ക്കെതിരെയും സ്വേച്ഛാധിപത്യപ്രവണതകള്‍ക്കെതിരെയും നിരന്തരം പ്രതികരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തുകൊണ്ടിരിക്കാനുള്ള ബാധ്യത ഭാരതസഭയ്ക്കുണ്ട്.

അവശരും അടിച്ചമര്‍ത്തപ്പെട്ടവരുമായി നാമണയു മ്പോള്‍, നല്ലിടയന്‍ തന്റെ ഹൃദയവാതിലുകള്‍ സദാ തുറന്നിട്ടിരിക്കുന്നു എന്ന ബോധ്യത്തോടെയാണു വിശുദ്ധ കവാടങ്ങള്‍ അടയ്ക്കുന്നതെന്നു ലിയോ മാര്‍പാപ്പ വ്യക്തമാക്കിയിരുന്നു. ദൈവത്തിന്റെ മഹാകരുണയുടെ കവാടങ്ങള്‍ എന്നും മാനവരാശി ക്കായി തുറന്നു കിടക്കുകയാണ് എന്നതാണ് നമ്മുടെ പ്രത്യാശയുടെ അടിസ്ഥാനം. ആ പ്രത്യാശയോടെ സ്വദൗത്യനിര്‍വഹണത്തില്‍ നിലയുറപ്പിക്കാനും മുന്നോട്ടു പോകാനും നമുക്കു സാധിക്കട്ടെ.

സഹജീവികള്‍ക്കായി നമ്മുടെ സ്വന്തം ഹൃദയകവാട ങ്ങള്‍ സദാ തുറന്നു വയ്ക്കുക എന്ന ക്രൈസ്തവസഹജ മായ പ്രതികരണവും ഉത്തരവാദിത്വവും നാം മറക്കാതിരിക്കുകയും ചെയ്യുക.

സത്യം തീര്‍ക്കുന്ന രുചിയും അരുചിയും

വചനമനസ്‌കാരം: No.203

പ്രതികരിക്കാന്‍ കഴിയാത്ത വിധത്തില്‍ സങ്കീര്‍ണ്ണമാണ് സാഹചര്യം എന്നു വെനിസ്വേലന്‍ സഭ

വിശുദ്ധ പൗലോസ് (229-342) : ജനുവരി 15

കാര്‍ഡിനല്‍മാരുടെ അടുത്ത സമ്മേളനം ജൂണില്‍