Coverstory

ദളിത് ക്രൈസ്തവര്‍: സഭയിലെ സംവരണം എന്തായി?

sathyadeepam

-ജോണ്‍ തറപ്പേല്‍

"കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ പട്ടികജാതിക്കാര്‍ക്കും വര്‍ഗ്ഗക്കാര്‍ ക്കും സര്‍ക്കാര്‍ വക സ്ഥാപനങ്ങളില്‍ 10% സീറ്റ് നീക്കിവച്ചിരിക്കുന്നതു പോലെ എല്ലാ സഭാ സ്ഥാപനങ്ങളിലും 10% സീ റ്റെങ്കിലും ദളിത് ക്രൈസ്തവര്‍ക്കു മാറ്റി വയ്ക്കുകയും അതു കൊടുക്കുന്നുവെന്ന് ഉറപ്പു വരുത്തുകയും വേണം. സര്‍ക്കാര്‍ ദളിത് ക്രൈസ്തവരെ കൈയൊഴിഞ്ഞ സാഹചര്യത്തില്‍ ദളിത് ക്രൈസ്തവരെ പ്രത്യേകമാം വിധം സംരക്ഷിക്കാന്‍ സഭാസമൂഹത്തിനു കടമയുണ്ട്."
1998 ആഗസ്റ്റ് 9-നു (ജസ്റ്റിസ് സണ്‍ഡേ) കേരളത്തിലെ എല്ലാ കത്തോലിക്കാ പള്ളികളിലും വായിച്ച ഇടയലേഖനത്തിലെ വാക്യങ്ങളാണിത്.
അന്നത്തെ കെസിബിസി പട്ടികജാതി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് പീറ്റര്‍ തുരുത്തിക്കോണം ഔദ്യോഗികമായി ഉന്നയിച്ച ഈ ആവശ്യങ്ങളുടെ സ്ഥിതി ഇരുപതോളം വര്‍ഷ ങ്ങള്‍ക്കു ശേഷം ഇന്ന് എന്താണ്? ഈ ആവ ശ്യം നിറവേറ്റാന്‍ ഉത്തരവാദപ്പെട്ടവരുടെ ഭാഗ ത്തു നിന്ന് ഉണ്ടായ നടപടികള്‍ എന്തൊക്കെയാണ്? സ്ഥിതിവിവരകണക്കുകളുടെ അടിസ്ഥാനത്തില്‍ വ്യക്തമായ ഉത്തരം ലഭിക്കേണ്ട ചോദ്യങ്ങളാണിവ.
സര്‍ക്കാരുകള്‍ ചെയ്യേണ്ട കാര്യങ്ങള്‍ സര്‍ ക്കാരുകളും സഭ ചെയ്യേണ്ട കാര്യങ്ങള്‍ സഭ യും ചെയ്യണം. എങ്കില്‍ മാത്രമേ ഈ സമൂഹത്തിനു സമത്വവും സാമൂഹികമായ അവകാശങ്ങളും ലഭ്യമാകുകയുള്ളൂ. സഭയിലും സമൂഹ ത്തിലും ഇന്നും കടുത്ത അവഗണന നേരിട്ടു കൊണ്ടിരിക്കുകയാണ് ദളിത് ക്രൈസ്തവസമൂഹം എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ക്രൈസ്തവസഭയും മിഷണറിമാരും വന്നില്ലായിരുന്നെങ്കില്‍ ഇന്ത്യയിലെ ദളിതരുടെ അവസ്ഥ ഇതിനേക്കാള്‍ വളരെയേറെ ദയനീയമാകുമായിരുന്നു. എന്നാല്‍ മിഷണറിമാര്‍ തുടങ്ങി വച്ചതു പൂര്‍ത്തിയാക്കാന്‍ നമുക്കു സാധിച്ചില്ല.
സഭയിലെ ജാതീയതയെ 1599-ലെ ഉദയംപേരൂര്‍ സൂനഹദോസ് അപലപിച്ചു. ദളിതര്‍ക്കുവേണ്ടി സഭ അന്നു തുടങ്ങിയ പോരാട്ടമാണിതെന്നു പറയാം. പക്ഷേ അതു ലക്ഷ്യത്തിലെത്താന്‍ ബഹുദൂരം ഇനിയും പോകേണ്ടിയിരിക്കുന്നു.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കടുത്ത അനീതിയാണ് ദളിത് ക്രൈസ്തവരോടു ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതും. 1950-ല്‍ ഇന്ത്യന്‍ പ്രസിഡന്‍റിന്‍റെ ഉത്തരവിലൂടെ പട്ടികജാതി ലി സ്റ്റില്‍ ഹിന്ദുക്കള്‍ മാത്രമായി. അ തിനെതിരെ അക്കാലം മുതല്‍ സ മരരംഗത്താണു ദളിത് ക്രൈസ്തവര്‍. പിന്നീട് 1956-ല്‍ സിഖ് ദളിതരേയും 1990-ല്‍ ബുദ്ധമതത്തിലെ ദളിതരേയും പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. പക്ഷേ ക്രൈസ്തവരെ ഇപ്പോഴും പുറത്തു നിറുത്തിയിരിക്കുന്നു. വളരെ പ്രകടമായ അ നീതിയും വ്യക്തമായ മതവിവേചനവുമാണിത്. പക്ഷേ ഇതിനെതി രെ ഒറ്റക്കെട്ടായി നിന്നു പ്രതിഷേധിക്കാന്‍ ക്രൈസ്തവസമൂഹം ഇ നിയും തയ്യാറായിട്ടില്ല. അങ്ങനെയൊരു പ്രക്ഷോഭത്തിനു സഭ മു തിരുകയാണെങ്കില്‍ കേരളത്തിലെങ്കിലും ചില മാറ്റങ്ങളുണ്ടാക്കാന്‍ കഴിയുമെന്നത് വ്യക്തമാണ്. സഭയുടെ താത്പര്യങ്ങളെ ബാധിക്കു ന്ന ചില വിഷയങ്ങളില്‍ ശക്തമാ യ പ്രതിഷേധം സര്‍ക്കാരിനെ അ റിയിക്കാനും അനുകൂല നടപടികള്‍ എടുപ്പിക്കാനും സഭയ്ക്കു സാധിച്ചിട്ടുള്ളതുമാണ്. പക്ഷേ ദളിത് ക്രൈസ്തവരുടെ പ്രശ്നം അതുപോലെ പ്രധാനമായ ഒരു പ്ര ശ്നമായി സഭ ഉയര്‍ത്തിയിട്ടില്ല.
ഒടുവില്‍ വന്ന സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും അതിനു മുമ്പ് സംസ്ഥാന തലത്തിലും കേന്ദ്ര തലത്തിലും വന്ന മറ്റ് ഒമ്പതോളം കമ്മീഷന്‍ റിപ്പോര്‍ട്ടുകളും ദളിത് ക്രൈസ്തവര്‍ക്കെതിരെയുണ്ടായ നീതിനിഷേധം വ്യക്തമാക്കുന്നവയാണ്. സംവരണത്തിലെ വിവേചനം മൂലം ദളിത് ക്രൈസ്തവസമൂഹത്തിനുണ്ടായ നഷ്ടങ്ങള്‍ അ ക്കമിട്ടു നിരത്തുന്നവയാണ് സര്‍ ക്കാര്‍ തന്നെ നിയോഗിച്ച വളരെ ഉത്തരവാദപ്പെട്ട ന്യായാധിപന്മാര്‍ അന്വേഷിച്ചു തയ്യാറാക്കിയ ഈ റിപ്പോര്‍ട്ടുകള്‍. പക്ഷേ അതിന്‍റെ വെളിച്ചത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരുകള്‍ ത യ്യാറായിട്ടില്ല. നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം ഈഴവര്‍ക്കുണ്ടായ നഷ്ടങ്ങളും സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം മുസ്ലീങ്ങള്‍ക്കുണ്ടായ നഷ്ടവും പരിഹരിക്കുന്നതിനു നടപടികളുണ്ടായി. അതൊന്നും പൂര്‍ണതയിലെത്തിയെന്നു പറയുന്നില്ല. ചിലത് ആരംഭശൂരത്വം മാത്രമായിരുന്നു. പക്ഷേ ദളിത് ക്രൈസ്തവരുടെ കാര്യത്തില്‍ അങ്ങനെയൊരു നാമമാത്രമായ നടപടിക്കു പോലും നീക്കമുണ്ടായില്ല.
പട്ടികജാതിക്കാരില്‍ നിന്നു മ തം മാറി ക്രൈസ്തവരായവരാണ് ദളിത് ക്രൈസ്തവര്‍ എന്നു സര്‍ ക്കാര്‍ തന്നെ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുള്ളതാണ്. ഇപ്രകാരം മതം മാറി സിഖുകാരും ബു ദ്ധമതക്കാരും ആയവരുണ്ട്. അവര്‍ ക്കു ദളിതര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളുമുണ്ട്. ക്രൈസ്തവരായവര്‍ക്കു മാത്രമില്ല. അപ്പോള്‍ മ തം മാറിയതാണു പ്രശ്നമെന്നു വ രുന്നു. അതു മതത്തോടുള്ള വിവേചനമല്ലേ? മതപരമായ വിവേചനം ഭരണഘടനാലംഘനമല്ലേ? അതെ എന്നാണുത്തരം. പക്ഷേ, നഗ്നമാ യ ഈ ഭരണഘടനാലംഘനം ഇ ന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു.
വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ 142 സമുദായങ്ങളെ പുതുതായി പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയുണ്ടായി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷവും അഞ്ചോ ആറോ സമുദായങ്ങളെ പട്ടികജാതിക്കാരാക്കിയിട്ടുണ്ട്. പക്ഷേ അപ്പോഴും ദളിത് ക്രൈസ്തവരോടുള്ള അവഗണന തുടരുന്നു.
ഒരര്‍ത്ഥത്തില്‍ ഇതിനു കാരണമാകുന്നത് ക്രൈസ്തവരെന്ന നിലയിലുള്ള നമ്മുടെ സമീപനമാണ്. കാരണം, അവകാശങ്ങള്‍ നേടിയെടുത്ത സമുദായങ്ങള്‍ ദീര്‍ഘകാലം സമരം ചെയ്തും ഒടുവില്‍ സമരരീതികള്‍ മാറ്റി പരീക്ഷിച്ചുമാണ് ലക്ഷ്യം കൈവരിച്ചത്. ഉത്തരേന്ത്യയിലെ ചില സമുദായങ്ങള്‍ സംവരണമാവശ്യപ്പെട്ടു സമരങ്ങള്‍ നടത്തുന്നതു നാം കാണുന്നുണ്ടല്ലോ. സമരങ്ങള്‍ ശക്തിയാര്‍ജിക്കുകയും അക്രമാസക്തമാകുകയും ചെയ്യുമ്പോള്‍ സര്‍ക്കാരുകള്‍ക്ക് ഇടപെടാതെ വയ്യെന്ന സ്ഥിതി വ രികയും നടപടികള്‍ ഉണ്ടാകുകയുമാണ് പലപ്പോഴും ചെയ്തത്. ദളി ത് ക്രൈസ്തവര്‍ക്ക് അത്തരം യാ തൊരു സമരരീതിയും സ്വീകരി ക്കാന്‍ ക്രൈസ്തവരെന്ന നില യില്‍ സാധിക്കില്ല. അതിനര്‍ത്ഥം സമരം ശക്തമാക്കാന്‍ കഴിയില്ലെന്നല്ല. വഴിപാടു പോലെ നടത്തു ന്ന സമരങ്ങളില്‍ നിന്ന് ലക്ഷ്യം നേടുന്നതിനു പ്രാപ്തമായ പ്ര ക്ഷോഭങ്ങളിലേയ്ക്കു പോകാന്‍ സമയമായിട്ടുണ്ട്. ഇതിനാകട്ടെ, ദ ളിത് സമൂഹം മാത്രമല്ല സഭയാകെ രംഗത്തിറങ്ങുകയും ചെയ്യേണ്ടതുണ്ട്.
അധികാരികളുടെ ശ്രദ്ധയില്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെ ഈ പ്രശ്നം എത്തിക്കുക എന്നതാണു പ്രധാനം. അതിനുള്ള സാ ധ്യമായ മാര്‍ഗങ്ങളെല്ലാം സ്വീകരിക്കണം. നരേന്ദ്ര മോദി പ്രധാനമന്ത്രിയായിട്ട് ഇത്രയും കാലമായല്ലോ. പുതിയ പ്രധാനമന്ത്രിയെ സ ന്ദര്‍ശിച്ച് ഇക്കാര്യമുന്നയിക്കാന്‍ ദ ളിത് ക്രൈസ്തവര്‍ക്കു സാധിച്ചിട്ടില്ല. കഴിഞ്ഞ യുഡിഎഫ് സര്‍ ക്കാരിന്‍റെ കാലത്ത് മറ്റനേകം കാ ര്യങ്ങള്‍ക്കു മുഖ്യമന്ത്രിയെ സമീപിക്കാനും അനുകൂല നടപടികള്‍ നേടിയെടുക്കാനും സഭാധികാരികള്‍ക്കു സാധിച്ചിട്ടുണ്ട്. പക്ഷേ ദളിത് ക്രൈസ്തവരുടെ കാര്യത്തില്‍ അതുണ്ടായിട്ടില്ല. പുതിയ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ മുന്നി ലും സഗൗരവം ഇതുന്നയിക്കാന്‍ സാധിച്ചിട്ടില്ല.
സംസ്ഥാന നിയമസഭയില്‍ പ്രമേയം പാസ്സാക്കി കേന്ദ്ര ഗവണ്‍ മെന്‍റിന് അയയ്ക്കാന്‍ പോലും സാധിച്ചിട്ടില്ല. പട്ടികജാതി ലി സ്റ്റില്‍ ഉള്‍പ്പെടുത്തേണ്ടത് കേന്ദ്ര സര്‍ക്കാരാണെങ്കിലും സംസ്ഥാന സര്‍ക്കാരിനു ചെയ്യാനാവുന്ന ചി ല കാര്യങ്ങളുമുണ്ട്. ഇന്ത്യയില്‍ ദളിത് ക്രൈസ്തവരോട് ഏറ്റവുമധികം പരിഗണന കാണിച്ചിട്ടുള്ള ത് തമിഴ്നാട് മുന്‍മുഖ്യമന്ത്രിയായിരുന്ന ജയലളിതയാണ്. തമിഴ്നാട്ടില്‍ ദളിത് ക്രൈസ്തവര്‍ക്കു സം സ്ഥാനമുഖ്യമന്ത്രിയെന്ന നിലയില്‍ ചെയ്യാവുന്നതെല്ലാം ജയലളിത ചെയ്തു കൊടുത്തു. ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും ഒക്കെ മറ്റു ചില വിഭാഗങ്ങള്‍ക്ക് ഇത്തരത്തിലുള്ള ആനുകൂല്യങ്ങള്‍ കിട്ടിയിട്ടുണ്ട്. കേരളത്തിലും ഇതു സാധിക്കും, സഭാനേതൃത്വമെങ്കിലും ഇ തു ഗൗരവമായെടുക്കണമെന്നു മാ ത്രം.
ഇതു തന്നെയാണ് രാഷ്ട്രീയരംഗത്തെയും സ്ഥിതി. പി. ചാക്കോ, പി.എം. മര്‍ക്കോസ് എന്നീ എം. എല്‍.എ.മാര്‍ കേരള നിയമസഭയില്‍ ദളിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുണ്ടായിട്ടുണ്ട്. പക്ഷേ പിന്നീടൊരാള്‍ക്കും ഇങ്ങനെയൊരവസരം കിട്ടിയില്ല. പല രാഷ്ട്രീയനേതാക്കള്‍ക്കും വേണ്ടി പല സ ഭകളും രാഷ്ട്രീയപാര്‍ട്ടികളുടെ മു മ്പില്‍ സമ്മര്‍ദ്ദം ചെലുത്താറുണ്ട്. അതുവഴി പലര്‍ക്കും സീറ്റും കിട്ടുന്നുണ്ട്. മറ്റു ഭൂരിപക്ഷ സാമുദായികസംഘടനകളും പതിവായി അ തു ചെയ്തു വരുന്നു. അതു നാട്ടുനടപ്പായിരിക്കുന്നു. നിയമസഭ, പാര്‍ലമെന്‍റ്, തദ്ദേശ സ്വയംഭരണ സീറ്റുകളിലും മന്ത്രിസഭയിലും വ രെ മത-സാമുദായിക സന്തുലനം പാലിച്ചാണ് പദവികള്‍ വിതരണം ചെയ്യുന്നത്. ആനുപാതികമായി കിട്ടേണ്ടത് ക്രൈസ്തവര്‍ക്കും കി ട്ടാറുണ്ട്. പക്ഷേ ക്രൈസ്തവരി ലെ നല്ലൊരു വിഭാഗമായ ദളിതര്‍ പാടെ അവഗണിക്കപ്പെടുന്നു. കേ രള കോണ്‍ഗ്രസിന്‍റെ രൂപീകരണത്തിനുവേണ്ടി ത്യാഗങ്ങളനുഷ്ഠിച്ച നേതാവായിരുന്നു ദളിത് ക്രിസ്ത്യനായിരുന്ന പി. ചാക്കോ. പക്ഷേ, കേരള കോണ്‍ഗ്രസും പിന്നീട് ദളിതരെ തീര്‍ത്തും അവഗണിച്ചു.
ഈ അവഗണനകള്‍ അവസാനിക്കണമെങ്കില്‍ ദളിത് ക്രൈസ്തവരുടെ അവകാശപ്പോരാട്ടങ്ങള്‍ ശ ക്തമായി തുടരുകയും അതിനു സഭയൊന്നാകെ ഉറച്ച പിന്തുണ നല്‍കുകയും വേണം. ദശകങ്ങള്‍ ക്കു മുമ്പു കേരളസഭാനേതൃത്വം തന്നെ തിരിച്ചറിഞ്ഞിട്ടുള്ള വസ്തു തയാണിത്: "നമ്മുടെ ഇടയില്‍ നീ തി നിഷേധിക്കപ്പെട്ടവരും അവഗണിക്കപ്പെട്ടവരുമായി അനേകരുണ്ട്. സൗകര്യപൂര്‍വം നാം അവരെ മറന്നു കളയുന്നു. രാഷ്ട്രവും മറ്റു സമൂഹങ്ങളും നമ്മുടെ സഹോദരങ്ങള്‍ക്കു നീതി നിഷേധിക്കുമ്പോള്‍ അവര്‍ക്കുവേണ്ടി പ്രതിഫ ലം ഇച്ഛിക്കാതെ വാദിക്കേണ്ടത് ക്രൈസ്തവരായ നമ്മുടെ കടമയാണ്. സമൂഹത്തിലെ മാറ്റി നിറുത്തപ്പെട്ടവര്‍ക്ക്, നീതി നിഷേധിക്കപ്പെട്ടവര്‍ക്കു നാം ശക്തി പകര്‍ന്നു കൊടുക്കണം. യേശുവിന്‍റെ പ്രവാചകദൗത്യവുമായി സമൂഹത്തിലെ അനീതിക്കെതിരായും ഉച്ചനീചത്വങ്ങള്‍ക്കെതിരായും ധീരമായി പോ രാടി സാമൂഹ്യമാറ്റത്തിനു നാം നേ തൃത്വം കൊടുക്കണം." (ബിഷപ് പീറ്റര്‍ തുരുത്തിക്കോണം, 1998- ലെ ലേഖനത്തില്‍.)
(ഡിസിഎംഎസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റും കെഎല്‍എം വിജയപുരം രൂപതാ പ്രസിഡന്‍റുമാണു ലേഖകന്‍. 9447763773)

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്