Coverstory

ആദ്ധ്യാത്മിക-ദൈവശാസ്ത്ര സമന്വയം

sathyadeepam

-ഡോ. മാത്യു്യുഇല്ലത്തുപറമ്പില്‍
റെക്ടര്‍, സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ സെമിനാരി ആലുവ

ക്രിസ്തുവിനെ ഗൗനിക്കാത്ത സഭാവി ജ്ഞാനീയം സഭയെക്കുറിച്ചുമാത്രം ഇടതട വില്ലാതെ പറഞ്ഞുകൊണ്ടിരിക്കും; പക്ഷേ അത് ദൈവരാജ്യത്തെക്കുറിച്ച് പറയാന്‍ മിനക്കെടുകയില്ല. ക്രിസ്തുവിനെക്കുറിച്ച് മൗനം ഭജിക്കുന്ന ക്രിസ്തീയ മാനവശാസ്ത്രം മനുഷ്യവ്യക്തിയെക്കുറിച്ചും മനുഷ്യപ്രകൃതി യെക്കുറിച്ചും സുദീര്‍ഘമായി പറയും. പക്ഷേ മനുഷ്യന്‍ ക്രിസ്തുവിലെത്തേണ്ടവനാണെന്ന കാര്യം പറയാതെ പോകും.

മനുഷ്യാനുഭവങ്ങളെ അവഗണിച്ച് ദൈവശാസ്ത്രം മുന്നോട്ടുപോകുന്നതും അനുഭവങ്ങളെ പ്രമാണമാക്കി ആദ്ധ്യാത്മികത മുന്നോ ട്ടുപോകുന്നതും കുഴപ്പമാണ്. അതിനാല്‍ മനുഷ്യാനുഭവങ്ങളില്‍നിന്ന് പഠിക്കാനുള്ള എളിമ ദൈവശാസ്ത്രത്തിനും ദൈവശാസ്ത്രത്തില്‍ നിന്ന് പഠിക്കാനുള്ള തുറവി ആദ്ധ്യാ ത്മികതയ്ക്കും അനിവാര്യമാണ്. ഇതിന്റെ ഭാഗമായി, ഏത് ദൈവശാസ്ത്ര നിലപാടും ആദ്ധ്യാത്മികവീക്ഷണവും ചര്‍ച്ചകള്‍ക്കും വിലയിരുത്തലിനും വിധേയമാക്കുന്ന സാഹചര്യം ഉണ്ടാകണം.

ജര്‍മ്മന്‍ ദൈവശാസ്ത്രജ്ഞ നായിരുന്ന കാള്‍ റാനര്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുമുമ്പു പറഞ്ഞു, ആദ്ധ്യാത്മികത കൂടുതല്‍ ദൈവശാസ്ത്രപരമാകേണ്ട തുണ്ട്; ദൈവശാസ്ത്രം കൂടുതല്‍ ആദ്ധ്യാത്മികവുമാകേണ്ടതുണ്ട്. ഈ നിരീക്ഷണം നമ്മുടെ സഭയില്‍ ഇപ്പോഴും പ്രസക്തമാണ്. കാരണം ആദ്ധ്യാത്മികതയും ദൈവശാസ്ത്രവും രണ്ടു കൈവഴികളായി ഒഴുകുന്ന സാഹചര്യം ഇവിടെ കുറവല്ല. ആദ്ധ്യാത്മിക ബന്ധമില്ലാത്ത ദൈവശാസ്ത്രം രീതിശാ സ്ത്രപരമായി കലര്‍പ്പറ്റതായി കാണപ്പെടും; പക്ഷേ ക്രിസ്തീയരഹസ്യങ്ങള്‍ അറിയാനോ വേണ്ടപോലെ പറയാനോ അത് അപര്യാപ്ത മായിരിക്കും. എന്നാല്‍ ദൈവശാ സ്ത്രപിന്തുണയില്ലാത്ത ആദ്ധ്യാത്മികതയാകട്ടെ, വ്യക്തിനിഷ്ഠമായ അനുഭവമേഖലകളില്‍മാത്രം അഭിരമിക്കാന്‍ ഇടയുണ്ട്. അതു പോലെ, ആദ്ധ്യാത്മികമായ അടിത്തറയില്ലെങ്കില്‍ വ്യത്യസ്തമായ ദൈവശാസ്ത്രസരണികള്‍ തമ്മില്‍ ശത്രുതയും ശത്രുനിഗ്രഹ വ്യഗ്രതയും കാണിക്കും. അതുകൊണ്ടു ആദ്ധ്യാത്മികതയുടെയും ദൈവശാസ്ത്രത്തിന്റെയും പുനര്‍സമ ന്വയം (ൃലശിലേഴൃമശേീി) അനിവാര്യമാണ്.
ദൈവികരഹസ്യങ്ങള്‍ അറിയുകയും അറിയിക്കുകയും ചെയ്യലാണ് ദൈവശാസ്ത്രത്തിന്റെ കര്‍ത്തവ്യം. ഇതിനു വിഷയപരിധിയില്ല. മര്‍ത്ത്യജീവിതത്തോട് ബന്ധപ്പെടുന്ന എന്തും ദൈവശാസ്ത്ര വിഷയമാകാം. എന്നാല്‍, വളരെ ലളിതമായി പറഞ്ഞാല്‍, ദൈവത്തെയും മനുഷ്യനെയും സ്‌നേഹിച്ച് ക്രിസ്തുശിഷ്യനായി മാറുന്ന തലമാണ് ആദ്ധ്യാത്മികതയുടേത്. അതിന് പല രീതികളും രൂപങ്ങളുമുണ്ട്. അതിനാല്‍ ദൈവശാസ്ത്രവും ആദ്ധ്യാത്മികതയും തമ്മില്‍ സമന്വയിപ്പിക്കുക എന്നു പറഞ്ഞാല്‍, ദൈവത്തെക്കുറിച്ചുള്ള ജ്ഞാനത്തെ എങ്ങനെ ദൈവസ്‌നേഹവും മനുഷ്യസ്‌നേഹവുമായി പരിവര്‍ത്തനപ്പെടുത്താം എന്നതാണ് ചോദ്യം. ആദ്ധ്യാത്മിക ഭാഷയില്‍ പറഞ്ഞാല്‍ എങ്ങനെയാണ് ദൈവശാസ്ത്രജ്ഞന്‍ വിശുദ്ധനായി മാറുന്നത് എന്നതാണ് ചോദ്യം. വേറെ വാക്കുകളില്‍, ക്രിസ്തുവിന്റെ കണ്ണുകളിലൂടെ കാര്യങ്ങള്‍ കാണുന്ന ഒരാള്‍ എങ്ങനെ ക്രിസ്തുവിന്റെ മനസ്സും ജീവിതവും സ്വന്തമാക്കും? ഞാനീപ്പറഞ്ഞത് എന്റെ ഒരു വളച്ചുകെട്ടലായി നിങ്ങള്‍ കാണരുത്. ദൈവശാസ്ത്ര ജ്ഞന്മാരുടെ സഭാപരമായ വിളിയെക്കുറിച്ച് പറയുന്ന പ്രബോധന രേഖയില്‍ വിശ്വാസതിരുസംഘം ഇക്കാര്യം പഠിപ്പിക്കുന്നുണ്ട്: "ദൈവശാസ്ത്രത്തോടുള്ള പ്രതിബദ്ധത പുണ്യത്തിലും വിശുദ്ധിയിലും വളരാനുള്ള ശ്രമം ആവശ്യപ്പെടുന്നുണ്ട്" (നമ്പര്‍ 9). ഈ പശ്ചാത്തലത്തില്‍, ദൈവശാസ്ത്രത്തെയും ആദ്ധ്യാത്മികജീവിതത്തെയും പരസ്പരം ചേര്‍ത്തു നിര്‍ത്തുന്നതി നെക്കുറിച്ചുള്ള ചില പ്രാഥമിക ചിന്തകളാണ് ഇവിടെ സൂചിപ്പിക്കുന്നത്.
ദൈവശാസ്ത്ര-ആദ്ധ്യാത്മിക പാരസ്പര്യം
വിശുദ്ധ ഗ്രന്ഥത്തില്‍ എങ്ങും തൊടാതെ നില്ക്കുന്ന ദൈവിക ജ്ഞാനമില്ല. ദൈവികരഹസ്യങ്ങള്‍ നാം അറിയുന്നത് ദൈവത്തെ സ്‌നേഹിക്കാനും അവന്റെ ഇഷ്ടം നിറവേറ്റാനുമാണ്. ബൈബിളില്‍ എവിടെയൊക്കെ ദൈവി കവെളിപാടുണ്ടാകുന്നുണ്ടോ അവിടെയൊക്കെ വിശ്വാസപ്രതികര ണങ്ങള്‍ ഉണ്ടാകുന്നുണ്ട്. ചിലവ നിഷേധാത്മകമാണെന്നത് ശരിയാണ്. കേവലമായ അറിവിനുവേണ്ടിയുള്ള ദൈവശാസ്ത്ര പ്രതിപാദ്യങ്ങള്‍ ബൈബിളിലില്ല. അവയെല്ലാം വിശ്വാസം ജനിപ്പിക്കാനും ആ വിശ്വാസം ജീവിക്കാനും വേണ്ടിയാണ്.
സഭാപിതാക്കന്മാരുടെ പ്രതിപാദ്യങ്ങളില്‍ ദൈവശാസ്ത്രവും ആദ്ധ്യാത്മികതയും സമ്മേളിച്ചിരുന്നു. ത്രിത്വം, ക്രിസ്തുശാസ്ത്രം എന്നിവയില്‍ ആത്മീയവിഷയങ്ങളും കടന്നുവരുന്നുണ്ട്. ആത്മീയ വിഷയങ്ങളായ പ്രാര്‍ത്ഥന, ഉപവാസം, കന്യാത്വം എന്നിവയെക്കുറിച്ച് പറയുമ്പോള്‍ ദൈവശാസ്ത്ര പ്രമേയങ്ങളും ഇടകലരുന്നതു കാണാം. ഇവയുടെയെല്ലാം ലക്ഷ്യം ആത്മീയമായിരുന്നു: ദൈവത്തെയും അപരനെയും സ്‌നേഹിക്കാന്‍ മനുഷ്യരെ തയ്യാറാക്കുക.
ദൈവത്തോട് വ്യക്തിപരമായി പുത്രനിലൂടെയും പരിശുദ്ധാത്മാ വിലൂടെയും ഐക്യപ്പെടുന്നതിനെയാണ് contemplation എന്ന് മദ്ധ്യകാലഘട്ടം വിളിച്ചത്. ഇത് കേവലം ബുദ്ധിപരമായ മാര്‍ഗ്ഗമല്ലായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മഹാനായ വിശുദ്ധ ഗ്രിഗരി പറയു ന്നത്, സ്‌നേഹംതന്നെ അറിവാണ്. ആത്മീയജ്ഞാനം കലര്‍ന്ന അറിവിനെയാണ് ഗ്രീക്ക് പിതാക്കന്മാര്‍ ഗ്‌നോസിസ് എന്ന് വിളിച്ചത്; ലത്തീന്‍ പാരമ്പര്യം ഇതിനെ രുചിച്ചു നേടിയ അറിവ് എന്ന അര്‍ത്ഥത്തില്‍ സഫിയെന്‍ഷ്യാ എന്നു വിശേഷിപ്പിച്ചു. ആത്മീയഅനുഭവങ്ങളെ ദൈവശാസ്ത്രവിചിന്തനത്തിന് ഇന്ധനമാക്കുന്നവരുടെ പടിഞ്ഞാറന്‍ പാരമ്പര്യം വിശുദ്ധ ഇരണേവൂസില്‍ തുടങ്ങി വിശുദ്ധ ബെര്‍ണാഡിന്റെയും ബൊനവെഞ്ചറിന്റെയും കാലംവരെയുണ്ട്.
എന്നാല്‍ സ്‌കൊളാസ്റ്റിക് ദൈവശാസ്ത്രത്തില്‍ ആത്മീയതയും ദൈവികജ്ഞാനവും തമ്മില്‍ സാരമായി വേര്‍പിരിഞ്ഞു എന്നു പറയാം. ഇതിന്റെ അര്‍ത്ഥം സ്‌കൊളാസ്റ്റിക് ദൈവശാസ്ത്രജ്ഞന്മാര്‍ വിശ്വാസവും ആത്മീയതയും കുറഞ്ഞവരായിരുന്നു എന്നല്ല. ഉദാഹരണത്തിന്, കൂടുതല്‍ ഗഹനമായ ദൈവശാസ്ത്രവിഷയങ്ങളുടെ കുരുക്കഴിക്കുന്ന ദിവസം വിശുദ്ധ തോമസ് അക്വീനാസ് കൂടുതല്‍ പ്രാര്‍ത്ഥിക്കുകയും ഉപവസിക്കു കയും ചെയ്യുമായിരുന്നത്രേ. പക്ഷേ അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനാനുഭവം ദൈവശാസ്ത്രത്തിലേക്ക് പകര്‍ന്നില്ല. കൃത്യതയും വ്യക്തതയും മുഖമുദ്രയാക്കിയ ദൈവശാ സ്ത്രത്തില്‍ ആത്മീയത കലര്‍ ത്തി അതിന്റെ പ്രാമാണികത്തം ക ളയാന്‍ അക്കാലത്തെ ദൈവശാ സ്ത്രരീതി സമ്മതിച്ചു കാണുകയി ല്ല. പൗരസ്ത്യപാരമ്പര്യത്തില്‍ ദൈവശാസ്ത്രവും ആദ്ധ്യാത്മിക തയും ഒന്നിച്ചേ സഞ്ചരിച്ചിട്ടുള്ളൂ. സുറിയാനി പാരമ്പര്യത്തില്‍ വിശു ദ്ധ എഫ്രേം ഇതിന് ഒന്നാംതരം ഉദാഹരണമാണ്. പൗരസ്ത്യ ഗ്രീ ക്കു പാരമ്പര്യം 'ദൈവശാസ്ത്ര ജ്ഞന്‍' എന്ന വിളിപ്പേര്‍ കൊടു ത്ത് ആദരിക്കുന്നത് മൂന്നു പേരെ യാണ്: സുവിശേഷകനായ വിശു ദ്ധ യോഹന്നാന്‍, വിശുദ്ധ ഗ്രിഗരി നസിയാന്‍സന്‍, വിശുദ്ധ ശിമ യോന്‍ (949-1022). അവര്‍ മൂന്നു പേരും മിസ്റ്റിക്കുകളായി അറിയ പ്പെടുന്നവരാണ്.
ആദ്ധ്യാത്മികജ്ഞാനത്തെ സ ഭ ദൈവശാസ്ത്രജ്ഞാനമായി പ രിഗണിക്കുന്നു എന്നതിന് ആധു നിക കാലത്തെ പ്രധാന തെളിവാ ണ് വിശുദ്ധ കൊച്ചുത്രേസ്യ. ഔപ ചാരിക ദൈവശാസ്ത്ര വിദ്യാഭ്യാ സമില്ലാത്ത വിശുദ്ധ കൊച്ചുത്രേ സ്യയെ അവളുടെ ആത്മീയജ്ഞാ നം പരിഗണിച്ച് 1997-ല്‍ സഭ വേദ പാരംഗതയായി പ്രഖ്യാപിച്ചു. ഇ തോടനുബന്ധിച്ച് ഒരു കാര്യം മാ ത്രം നിങ്ങളുടെ ശ്രദ്ധയില്‍ കൊ ണ്ടുവരട്ടെ. ജോണ്‍ പോള്‍ രണ്ടാ മന്‍ പാപ്പ വിശുദ്ധ കൊച്ചുത്രേസ്യ യെ വേദപാരംഗതയായി പ്രഖ്യാ പിക്കുന്ന രേഖ ആരംഭിക്കുന്നത്, 'ദൈവികസ്‌നേഹത്തിന്റെ ശാ സ്ത്രം' എന്ന വാക്കുകളോടെ യാണ്.
ആദ്ധ്യാത്മിക–ദൈവശാ സ്ത്ര സമന്വയത്തിന് വേണ്ടതെന്തെല്ലാം?
ദൈവശാസ്ത്രവും ആദ്ധ്യാ ത്മികതയും വഴിപിരിയുന്നുണ്ടെ ങ്കില്‍ അവയെ സംയോജിപ്പിക്കേ ണ്ടതുണ്ട്. ഇത്തരമൊരു സമന്വയം ക്ലാസ്സുകൊണ്ടോ കോഴ്‌സുകൊ ണ്ടോ നേടിയെടുക്കാവുന്നതല്ല; പുറമേനിന്ന് ബലംപ്രയോഗിച്ച് സാധിക്കേണ്ടതുമല്ല. വിശ്വാസ ജീവിതത്തിന്റെ സമഗ്രതയോട് ദൈവശാസ്ത്രവും ആദ്ധ്യാത്മിക തയും ചേരുമ്പോള്‍ തനിയെ സംഭ വിക്കേണ്ടതാണിത്. എങ്കിലും ഈ രംഗത്ത് നമുക്കു ശ്രദ്ധിക്കാവുന്ന ചില കാര്യങ്ങളുണ്ട്. അവയാകട്ടെ, പ്രധാനമായും നമ്മുടെ അവബോ ധതലങ്ങളിലാണ്.
1) നാലാം നൂറ്റാണ്ടിലെ സന്യാ സിയും ദൈവശാസ്ത്രജ്ഞനുമാ യിരുന്ന എവാഗ്രിയൂസ് പറഞ്ഞു, പ്രാര്‍ത്ഥിക്കാന്‍ അറിയാവുന്നവനാണ് വേദജ്ഞാനി. ആത്മാവിലും സത്യത്തിലും പ്രാര്‍ത്ഥിക്കു ന്നവന്‍ അതിനാല്‍ത്തന്നെ വേദജ്ഞാനിയാകുന്നു. ദൈവശാ സ്ത്രപഠനത്തിലും അദ്ധ്യാപന ത്തിലും അന്വേഷണത്തിലും പ്രാര്‍ത്ഥനയുടെ പശ്ചാത്തലം ഉണ്ടാകേണ്ടതുണ്ട്. അല്ലെങ്കില്‍ അതു ബുദ്ധിപരമായ അന്വേഷണം മാത്രമായി അവസാനിക്കും. വിശുദ്ധ പൗലോസില്‍ ആരംഭിക്കുന്ന വേദജ്ഞാനികളും മഹാവിശുദ്ധരുമായവരുടെ പാരമ്പര്യം നമ്മെ പഠിപ്പിക്കുന്നത് ഇതാണ്. സ്വന്തം ധിഷണയെക്കാള്‍ ദൈവാത്മാവിന്റെ പ്രവര്‍ത്തനങ്ങളില്‍ വിശ്വാസമുള്ളവര്‍ക്കേ പ്രാര്‍ത്ഥനയെയും ദൈവശാസ്ത്ര അന്വേഷ ണത്തെയും ബന്ധിപ്പിക്കാന്‍ തോന്നൂ.
2) ദൈവശാസ്ത്രജ്ഞന്റെ ഒരു പ്രധാന ജോലി വായിച്ചു പഠിക്കലാണ്. വായന നമ്മെ വിശുദ്ധീകരിക്കണം എന്ന നിഷ്ഠ ആവശ്യമാണ്. വിശുദ്ധ ബേസിലിന്റെ പുസ്തകങ്ങള്‍ വായിച്ചപ്പോള്‍ തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് വിശുദ്ധ ഗ്രിഗരി നസിയാന്‍സന്‍ പറഞ്ഞത് ഇങ്ങനെയാണ്: "ഞാന്‍ വിശുദ്ധ പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ എന്റെ ആത്മാവും ശരീരവും പ്രകാശിക്കുന്നു; ഞാന്‍ ദൈവത്തിന്റെ ആലയവും പരിശുദ്ധാ ത്മാവിന്റെ വീണയുമാകുന്നു. അവയിലൂടെ ഞാന്‍ തിരുത്തപ്പെടുന്നു; അവയിലൂടെ ദൈവികമായ മാറ്റങ്ങള്‍ക്ക് ഞാന്‍ വിധേയനാകുന്നു; ഞാനൊരു പുതിയ മനുഷ്യ നാകുന്നു." ദൈവശാസ്ത്രജ്ഞന്‍ വിശുദ്ധീകരിക്കപ്പെടുന്ന ഒരു വഴിയാണ് ദൈവികമായ വിഷയങ്ങ ളുടെ വായന.
3) ആത്മീയവളര്‍ച്ച ഉറപ്പാക്കണമെങ്കില്‍ ദൈവശാസ്ത്രം ദൈവത്തെയും ക്രിസ്തുവിനെയും അതിന്റെ ഉറവിടമാക്കണം. ക്രിസ്തു വിനെക്കുറിച്ച് ഒന്നും മിണ്ടാത്ത ദൈവശാസ്ത്രങ്ങളുണ്ട്. ക്രിസ്തുവും ക്രിസ്തുവിന്റെ നിലപാടുക ളും ചിലപ്പോള്‍ ദൈവശാസ്ത്രത്തിന്റെ പുറംവിഷയങ്ങളും ചിലപ്പോള്‍ ഉപവിഷയങ്ങളും മാത്രമായി അവസാനിച്ചേക്കാം. ക്രിസ്തുവിനെ ഗൗനിക്കാത്ത സഭാവി ജ്ഞാനീയം സഭയെക്കുറിച്ചുമാത്രം ഇടതടവില്ലാതെ പറഞ്ഞു കൊണ്ടിരിക്കും; പക്ഷേ അത് ദൈവരാജ്യത്തെക്കുറിച്ച് പറയാന്‍ മിനക്കെടുകയില്ല. ക്രിസ്തുവിനെക്കുറിച്ച് മൗനം ഭജിക്കുന്ന ക്രിസ്തീയ മാനവശാസ്ത്രം മനുഷ്യവ്യക്തിയെക്കുറിച്ചും മനുഷ്യപ്രകൃതിയെക്കുറിച്ചും സുദീര്‍ഘമായി പറയും. പക്ഷേ മനുഷ്യന്‍ ക്രിസ്തുവിലെത്തേണ്ടവനാണെന്ന കാര്യം പറയാതെ പോകും. വെളിപാടും വെളിപാടിന്റെ പ്രധാന ഉറവിടമായ വിശുദ്ധഗ്രന്ഥവും ആധാരമാക്കാത്ത ദൈവശാസ്ത്രത്തിന് ആരെയും ആത്മീയമായി സ്വാധീനിക്കാന്‍ കഴിയുകയില്ല.
4) എല്ലാവരെയും ശിഷ്യപ്പെടുത്തുക (മത്താ. 28:19) എന്ന ഈശോയുടെ കല്പനയുടെ ഭാഗമായി ദൈവശാസ്ത്രവേലയെ മനസ്സിലാക്കിയാല്‍ അതിന്റെ ആദ്ധ്യാത്മികമാനം പെട്ടെന്ന് തെളിഞ്ഞുവരും. ദൈവശാസ്ത്രജ്ഞന്മാരുടെ സഭാപരമായ വിളിയെക്കുറിച്ചു പറയുന്ന പ്രബോധനരേഖയില്‍ നിന്ന് ഇത് വായിച്ചെടുക്കാന്‍ കഴിയും (നമ്പര്‍ 7). അതനുസരിച്ച്, എല്ലാവരെയും ശിഷ്യരാക്കാനുള്ള ദൗത്യനിര്‍വഹണത്തിന് ദൈവശാസ്ത്രം അനിവാര്യമാണ്. ശിഷ്യരാ കുന്നവര്‍ സ്വാഭാവികമായും ആദ്ധ്യാത്മികപാതയിലേക്ക് പ്രവേശിക്കും. ശിഷ്യത്വത്തിന്റെ വഴിയിലേക്ക് വിശ്വാസികളെ ആനയിക്കേണ്ടത് ദൈവശാസ്ത്രത്തിന്റെ ചുമതലയാണ്. അല്ലെങ്കില്‍ ദൈവശാസ്ത്രം അക്കാഡമിയുടെ വിഷയം മാത്രമായി നിലകൊള്ളും.
5) ദൈവശാസ്ത്രത്തിലെ വിവിധ ശാഖകള്‍ അവയില്‍ത്തന്നെ ഒറ്റയ്ക്കു നില്ക്കുകയും മറ്റു ശാഖകളോട് സമ്പര്‍ക്കമില്ലാതെ വരികയും ചെയ്താല്‍ അവയോരോന്നും ഒരുതരം വിഗ്രഹമായി മാറാം. അതുപോലെ, ദൈവത്തേക്കാള്‍ വലുതായി ദൈവശാസ്ത്രം സ്വയം ഭാവിച്ചുപോകാം. അങ്ങനെ വരുമ്പോള്‍, ദൈവത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ദൈവശാസ്ത്രം അതിര്‍വരമ്പുകള്‍ നിര്‍ണ്ണയിക്കാന്‍ തുടങ്ങും. ദൈവം എവിടെയൊക്കെ, എങ്ങനെയൊക്കെ, ആരിലൂ ടെയൊക്കെയേ പ്രവര്‍ത്തിക്കൂ എന്ന് തീര്‍ച്ചപ്പെടുത്തും. എന്നാല്‍ ഏത് ദൈവശാസ്ത്രവും ചരിത്രത്തില്‍ വീണ്ടും വെളിപ്പെടുത്തി ക്കൊണ്ടിരിക്കുന്ന പരിശുദ്ധാത്മാവിന് കീഴ്‌പ്പെട്ടു നില്ക്കുമ്പോള്‍ അതില്‍ അനേകരെ ആത്മീയമായി പ്രകാശിപ്പിക്കാനുള്ള തീനാവുകള്‍ ഉയര്‍ന്നുവരും.
6) ദൈവശാസ്ത്രവും ആദ്ധ്യാത്മികതയും പരസ്പരപൂരകമാകണം; അതോടൊപ്പം അവയ്ക്ക് പരസ്പരം നിയന്ത്രണരേഖ തീര്‍ക്കാനും കഴിയും. ആത്മീയമായി ഉപകരിക്കാത്തതോ ഉപദ്രവിക്കുന്നതോ ആയ ദൈവശാസ്ത്രത്തിന് തടയിടാന്‍ ആദ്ധ്യാത്മികശാ സ്ത്രത്തിനു കഴിയും. ദൈവശാ സ്ത്രപരമായി നിലനില്പ്പില്ലാത്തതോ അപകടകാരിയോ ആയ ആ ത്മീയനിലപാടുകള്‍ക്ക് കടിഞ്ഞാണിടാന്‍ ദൈവശാസ്ത്രത്തിനും കഴിയും. ഇവ തമ്മില്‍ ഇത്തരമൊരു സമ്പര്‍ക്കവും സംഭാഷണവും നിലനില്‌ക്കേണ്ടതാണ്.
ദൈവശാസ്ത്രത്തിന്റെ "സ്വഭാവം" ആദ്ധ്യാത്മികതയ്ക്ക് നന്നാക്കാന്‍ സാധിക്കും. ഉദാഹരണത്തിന്, ദൈവത്തിന്റെപേരില്‍ ആരെയെങ്കിലും എപ്പോഴും എതിര്‍ത്തു കൊണ്ടിരിക്കുന്ന ശൈലി ദൈവ ശാസ്ത്രത്തില്‍ വളരാം. ഇനി എതിര്‍ക്കാനാരുമില്ലെങ്കില്‍ ഒരു ശത്രുവിനെ സൃഷ്ടിച്ച് അതിനെ എതിര്‍ക്കും. ആരെയും ദൈവശാ സ്ത്രപരമായി എതിര്‍ത്തുകൂട എന്നല്ല അര്‍ത്ഥം. മറിച്ച് ഭാവാത്മകമായി ഒന്നും പറയാതെ എതിര്‍പ്പ് ദൈവശാസ്ത്രത്തിന്റെ മുഖമുദ്ര യാക്കുന്നത് ഫലപ്രദമല്ല. എന്നാല്‍ ദൈവശാസ്ത്രത്തിന് സംഭാഷണത്തിന്റെയും ഭാവാത്മകതയുടെയും രീതി കൊടുക്കാന്‍ ആദ്ധ്യാത്മികതയ്ക്ക് സാധിക്കും. ആദ്ധ്യാത്മികതയോടടുത്താല്‍ ദൈവശാസ്ത്രഭാഷയ്ക്ക് ലാളിത്യം എന്ന പുണ്യം കൈവരും. ഭാഷാപരമായ ജാടകളും ന്യായമേതുമില്ലാതെ അന്യഭാഷാപദങ്ങള്‍ ഉപയോഗിച്ച് ദൈവശാസ്ത്രഭാഷയ്ക്കു കനംകൂട്ടാന്‍ നോക്കുന്ന പ്രകടന പരതയും ഒഴിഞ്ഞുകിട്ടും. ഇനി, ആദ്ധ്യാത്മികതയുടെ "സ്വഭാവം" ദൈവശാസ്ത്രത്തിന് നന്നാക്കാന്‍ സാധിക്കും. ആദ്ധ്യാത്മികത ദൈവശാസ്ത്രത്താടടുത്താല്‍ തോന്നിയപടി ദൈവവചനം ഉപയോഗിക്കുന്ന രീതി മാറും; ക്രിസ്തു വെളിപ്പെടുത്തിയ ദൈവസങ്കല്പം വികലമാകാതെ നോക്കും.
7) ദൈവശാസ്ത്രവും ആദ്ധ്യാത്മികതയും പരസ്പരം തള്ളിപ്പറയുന്നത് ക്രിസ്തീയജീവിത സമഗ്രതയെക്കുറിച്ചുള്ള ധാരണ കുറയു മ്പോഴാണ്. ദൈവശാസ്ത്രം പഠിച്ചിട്ട് വലിയ കാര്യമൊന്നുമില്ല; പ്രാര്‍ത്ഥിച്ച് വിശുദ്ധിയില്‍ വളര്‍ന്നാല്‍ കൊള്ളാം എന്നു പറയുന്ന ആത്മീയഗുരുക്കന്മാരും ആത്മീയ കാര്യങ്ങളെ രണ്ടാംകിട വിഷയമായി കാണുന്ന ദൈവശാസ്ത്ര ജ്ഞന്മാരും ഒരുപോലെ ജ്ഞാനത്തിന്റെയും വിശുദ്ധിയുടെയും ഏകാത്മാവിനെതിരെ തെറ്റു ചെയ്യുന്നു. വിയാനിപ്പുണ്യവാന്റെ പേരുപറഞ്ഞ്, വിശുദ്ധി മതി വിജ്ഞാനം വേണ്ട എന്നു പറയുന്ന കാഴ്ചപ്പാട് മാറേണ്ടതുണ്ട്. എനിക്ക് അറിഞ്ഞുകൂടാത്തതും എനിക്ക് ബോധിക്കാത്തതുമൊന്നും ശരിയല്ല എന്ന സമീപനവും മാറേണ്ടതുണ്ട്.
8) ദൈവശാസ്ത്രവും ആദ്ധ്യാത്മികതയും സമഗ്രമായി സമ്മേളിച്ചത് സഭാപിതാക്കന്മാരിലാണ്. അവരുടെ കാലമോ അക്കാലത്തെ പ്രശ്‌നങ്ങളോ അല്ല നമ്മുടേത്. എങ്കിലും അവരുടെ ദൈവശാ സ്ത്ര ഊന്നലുകള്‍ നമുക്ക് അനു കരണീയമാണ്. സഭാപിതാക്കന്മാരുടെ ദൈവശാസ്ത്രം ആധ്യാത്മി കശാസ്ത്രമായി മാറാനുണ്ടായ പ്രധാന കാരണം അവര്‍ അജപാല നശുശ്രൂഷയുടെ ഭാഗമായി ദൈവശാസ്ത്രവൃത്തിയില്‍ ഏര്‍പ്പെട്ടതാണ്. ഇതില്‍ മനുഷ്യരുടെ വിശ്വാസജീവിതവും ആരാധനക്രമവും അവര്‍ പ്രധാനമായിക്കണ്ടു. രണ്ടാ മതായി, അവര്‍ പഠിപ്പിച്ചതും ജീവിച്ചതും തമ്മില്‍ നേര്‍ബന്ധം ഉണ്ടായിരുന്നു. വേറെ വാക്കുകളില്‍, അവര്‍ വിശുദ്ധരായിരുന്നു എന്നര്‍ത്ഥം. ദൈവസ്‌നേഹവും പരസ്‌നേഹവും ക്രിസ്തീയമൂല്യങ്ങളും നിറഞ്ഞവര്‍ ദൈവശാസ്ത്ര വേലയില്‍ ഏര്‍പ്പെട്ടാല്‍ അതിന് സ്വഭാവികമായി ആദ്ധ്യാത്മികമാ നംലഭിക്കും.
9) മനുഷ്യരുടെയും സമൂഹങ്ങളുടെയും അനുഭവങ്ങള്‍ വ്യാഖ്യാ നിക്കുമ്പോഴാണ് ദൈവശാസ്ത്രവും ആദ്ധ്യാത്മികതയും വഴിപിരിയാനുള്ള സാദ്ധ്യത കൂടുതലുള്ളത്. മനുഷ്യാനുഭവങ്ങളെ അവഗണിച്ച് ദൈവശാസ്ത്രം മുന്നോട്ടു പോകുന്നതും അനുഭവങ്ങളെ പ്രമാണമാക്കി ആദ്ധ്യാത്മികത മുന്നോട്ടുപോകുന്നതും കുഴപ്പമാണ്. അതിനാല്‍ മനുഷ്യാനുഭവങ്ങളില്‍നിന്ന് പഠിക്കാനുള്ള എളിമ ദൈവശാസ്ത്രത്തിനും ദൈവശാസ്ത്രത്തില്‍ നിന്ന് പഠിക്കാനുള്ള തുറവി ആദ്ധ്യാത്മികതയ്ക്കും അനിവാര്യമാണ്. ഇതിന്റെ ഭാഗമായി, ഏത് ദൈവശാസ്ത്ര നിലപാടും ആദ്ധ്യാത്മികവീക്ഷണവും ചര്‍ച്ച കള്‍ക്കും വിലയിരുത്തലിനും വിധേയമാക്കുന്ന സാഹചര്യം ഉണ്ടാകണം. കേള്‍ക്കുന്നവര്‍ക്കും വായിക്കുന്നവര്‍ക്കും യോജിക്കാനും വിയോജിക്കാനുമുള്ള സ്വാതന്ത്ര്യം അപ്പോള്‍ ഉപയോഗിക്കാനാവും. എന്നാല്‍ ദൈവശാസ്ത്രത്തിലോ ആദ്ധ്യാത്മികകാര്യങ്ങളിലോ ഏതെങ്കിലും തരത്തിലുള്ള അധികാ രപ്രയോഗത്തിന്റെ അംശം കലര്‍ ത്തിയാല്‍ സംവാദസാധ്യതകള്‍ ഇല്ലാതാകും. (വിശ്വാസ-സന്മാര്‍ ഗ്ഗകാര്യങ്ങള്‍ സഭ ഔദ്യോഗികമായി പഠിപ്പിക്കുന്നതിനെക്കുറിച്ചല്ല ഈ പറയുന്നത്). യൂദന്മാരുടെ രാജാവായ നസ്രായന്‍ ഈശോ എന്ന് എഴുതിയതില്‍ പീലാത്തോസിന്റെ "ദൈവശാസ്ത്രം" ശരിയായി രുന്നു. പക്ഷേ ചിലര്‍ അതിനോട് വിയോജിച്ചതോടെ അയാള്‍ പറഞ്ഞു, ഞാന്‍ എഴുതിയത്, എഴുതിയതുതന്നെ. അത് റോമന്‍ ഗവര്‍ണ്ണറുടെ അധികാരത്തിന്റെ മറുപടിയാണ്; ഒരു ദൈവശാസ്ത്രജ്ഞന്റെ പ്രതികരണമല്ല.
10) ദൈവശാസ്ത്രം ദൈവസ്‌നേഹമായും മാനവസേവയായും പ്രയോഗത്തിലെത്തുമ്പോള്‍ അതിന് ആദ്ധ്യാത്മികമാനം ലഭിക്കുന്നു. പാവപ്പെട്ടവരെ ശുശ്രൂഷിക്കുകയും നീതിക്കുവേണ്ടി നിലകൊള്ളുകയും ചെയ്യുന്നവര്‍, അവര്‍ ദൈവശാസ്ത്രം പഠിച്ചിട്ടില്ലെങ്കിലും, വേദജ്ഞാനമുള്ളവരാണ്. സ്വിസ്സ് ദൈവശാസ്ത്രജ്ഞനായ Hans Urs Von Balthasar  ന്റെ അഭിപ്രായം ഭാഷാന്തരീകരണം വരുത്താതെ പറയട്ടെ: 'Whoever does not come to know the face of God in contemplation will not recognise it in action, even when it reveals itself to him in the face of the oppressed.' ഇനി മറുഭാഗത്ത്, നീതിക്കുവേണ്ടി നിലകൊള്ളുകയും പാവപ്പെട്ടവരെ ശുശ്രൂഷിക്കുകയും ചെയ്യുന്നവരേ ശരിക്കും ആത്മീയരാകുന്നുള്ളൂ. രണ്ടാം ലോകയുദ്ധകാലത്ത് യഹൂദര്‍ക്കെതിരെ നടന്ന നാസിഭീകര തയെ മുന്‍നിര്‍ത്തി ജര്‍മ്മന്‍ ദൈവ ശാസ്ത്രജ്ഞനായിരുന്ന Dietrich Bonhoeffer  എഴുതി, "യഹൂദര്‍ക്കു വേണ്ടി നിലവിളിക്കുന്നവര്‍ മാത്രം ഗ്രിഗോരിയന്‍ ഗീതം ആലപിക്ക ട്ടെ."
അവസാനമായി, ദൈവശാ സ്ത്രവും ആദ്ധ്യാത്മികതയും തമ്മില്‍ കലഹിക്കുന്നത് ചിലപ്പോഴെങ്കിലും വെറും മാനുഷിക കാരണങ്ങളാലാണ്. ദൈവശാസ്ത്രത്തിന്റെ ആധികാരികത ആദ്ധ്യാത്മികതയെയും ആദ്ധ്യാത്മികതയുടെ ജനപ്രീതി ദൈവശാസ്ത്രത്തെയും അലോസരപ്പെടുത്താം. സഭയെ ഒറ്റ ശരീരമായി കാണാന്‍ കഴിഞ്ഞാല്‍ ഒരാളുടെ ദൈവശാ സ്ത്രജ്ഞാനത്തിലും മറ്റൊരാളുടെ ആത്മീയതയിലും എല്ലാവര്‍ക്കും അഭിമാനിക്കാന്‍ സാധിക്കും. ഈ സാഹചര്യത്തില്‍ വിശുദ്ധ ആഗസ്തീനോസിന്റെ വാക്കുകള്‍ നമുക്ക് ശ്രദ്ധിക്കാം: ഇടതുകൈയില്‍ കിടക്കുന്ന മോതിരം വലതു കൈയില്‍ ഇല്ല. പക്ഷേ രണ്ടു കൈകളും ഒരേ ശരീരത്തിന്റെയാണ്. അതുകൊണ്ട് വലതുകരത്തിന് ഇങ്ങനെ അഭിമാനിക്കാന്‍ പറ്റും, "ആ മോതിരം എന്റെയാണ്; ഈ കൈയിലല്ല, മറ്റേ കൈയില്‍" ('I possess that ring, not on myself, but on the other hand" Sermo" (Denis) no.19,5).
(2016 ജൂലൈ 21 ന് കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ വച്ചു നടന്ന ദൈവശാസ്ത്രജ്ഞന്മാരുടെ സമ്മേളനത്തില്‍ നടത്തിയ പ്രഭാഷ ണത്തിന്റെ ഭാഗം.)

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്