ഡോ. മാര്‍ട്ടിന്‍ N ആന്റണി O. de M
ഗാസയില്‍ അവര്‍ വെടിനിര്‍ത്തി എന്നാണ് പറയുന്നത്. ആര്‍ക്കറിയാം ചിലപ്പോള്‍ ഇന്നോ നാളെയോ വീണ്ടും തോക്കുകള്‍ ശബ്ദിച്ചേക്കാം. നൈജീരിയയിലും സുഡാനിലും ഉക്രെയ്‌നിലും വെടിശബ്ദം ഇപ്പോഴും കേള്‍ക്കുന്നുണ്ട്. വെനസ്വേലയില്‍ നിന്നാണ് 2026-ല്‍ നമ്മള്‍ കേട്ട ആദ്യ വെടിശബ്ദം. എങ്കിലും കാനാന്‍ ദേശത്തിന്റെ തെക്കേ അറ്റത്ത്, തോക്കുകള്‍ നിശബ്ദമാണ്. ലോകം ആഗ്രഹിച്ച സൂക്ഷ്മമായ ഒരു നിശബ്ദതയാണത്. ദൂരെ നിന്ന് നോക്കിയാല്‍, അത് സമാധാനം പോലെ തോന്നും. അടുത്തു നിന്നാല്‍, അത് ഒരു നിശ്വാസം മാത്രമാണ്: മങ്ങിയ, ദുര്‍ബലമായ, അര്‍ദ്ധപ്രാണന്‍ മാത്രം. ഭയാനകതയുടെ ആഴമേറിയതും ഇരുണ്ടതുമായ ഇടങ്ങളില്‍ നിന്ന് ജനിച്ച പ്രത്യാശയുടെ നിശ്വാസം! ഗോത്രപിതാക്കന്മാരുടെയും പ്രവാചകന്മാരുടെയും താഴ്‌വരയില്‍, കാറ്റ് നിത്യതയുടെ ഭാഷ സംസാരിക്കുന്നിടത്ത്, ചരിത്രം ഇപ്പോഴും ചോര്‍ന്നുകൊണ്ടിരിക്കുന്നു.
എന്നിരുന്നാലും, മറ്റിടങ്ങളില്‍, ആളുകള്‍ മരിക്കുന്നത് തുടരുന്നു. ഉക്രെയ്‌നില്‍, ആഫ്രിക്കയില്‍, മറന്നുപോയ അനേകം ഇടങ്ങളില്‍. ഏകദേശം നൂറോളം സായുധ സംഘട്ടനങ്ങള്‍ ഭൂമിയുടെ പല ഭാഗത്തായി നടക്കുന്നുണ്ട്. അവ ഇന്നലത്തെപ്പോലെ ഇന്നും നമ്മുടെ ഗ്രഹത്തെ വിദ്വേഷത്താല്‍ ജ്വലിപ്പിക്കുന്നു. ഏകദേശം പതിമൂന്ന് ബില്യണ്‍ വര്‍ഷങ്ങളായി പ്രപഞ്ചം നിലനില്‍ക്കുകയും വികസിക്കുകയുമാണ്. രണ്ടു ലക്ഷം വര്‍ഷങ്ങളായി നമ്മള്‍ ദുര്‍ബലരായ മനുഷ്യര്‍ അതില്‍ വസിക്കുന്നു. അന്നുമുതല്‍, നമ്മള്‍ യാത്രയിലാണ്: തത്ത്വചിന്തകള്‍ വികസിപ്പിച്ചും സൗന്ദര്യം ആസ്വദിച്ചും നഗരങ്ങള്‍ നിര്‍മ്മിച്ചും അല്‍ഗോരിതങ്ങള്‍ വികസിപ്പിച്ചെടുത്തും ഗുഹകളില്‍ തീ കത്തിച്ചും ബഹിരാകാശത്തേക്ക് ഉപഗ്രഹങ്ങള്‍ അയച്ചും നമ്മള്‍ യാത്ര ചെയ്യുന്നു. നമ്മുടെ പൂര്‍വികര്‍ വിസ്മയത്തോടെ നോക്കിയ നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും നമ്മള്‍ പര്യവേക്ഷണം ചെയ്തു.
ഏകദേശം നൂറോളം സായുധ സംഘട്ടനങ്ങള്‍ ഭൂമിയുടെ പല ഭാഗത്തായി നടക്കുന്നുണ്ട്. അവ ഇന്നലത്തെപ്പോലെ ഇന്നും നമ്മുടെ ഗ്രഹത്തെ വിദ്വേഷത്താല്‍ ജ്വലിപ്പിക്കുന്നു.
എല്ലായ്‌പ്പോഴും മെച്ചപ്പെട്ട ഭാവിയെക്കുറിച്ചും സാധ്യമായ സന്തോഷത്തെക്കുറിച്ചുമുള്ള ആശയം വളര്‍ത്തിയെടുത്തു. എന്നിട്ടും എവിടെയൊക്കെയോ ഒരു കുറവ് അനുഭവിക്കുന്നു. ചരിത്രം, എഴുതപ്പെട്ടതും പറയാത്തതുമായ ചരിത്രം, ദൈവനിന്ദപോലെ ഭാരമുള്ള ഒരു വസ്തുത നമ്മോട് പറയുന്നു: മൂവായിരത്തി നാനൂറ് വര്‍ഷത്തിലധികമുള്ള നമ്മുടെ ചരിത്രത്തില്‍, വെറും ഇരുനൂറ്റി അറുപത്തിയെട്ട് വര്‍ഷങ്ങള്‍ മാത്രമാണ് യുദ്ധമില്ലാതെ കടന്നുപോയിട്ടുള്ളത്. ബാക്കിയുള്ളത് പുകയും പൊടിയും കണ്ണുനീരും വേദനകളും മാത്രമാണ്. മുറിഞ്ഞുപോയ പ്രാര്‍ത്ഥനകളും മരണങ്ങളുമാണ് മുന്നില്‍ നിന്നത്. എവിടെ പുരോഗതി? എവിടെ മനുഷ്യരാശിയുടെ സിവില്‍, ധാര്‍മ്മിക പരിണാമം? എന്താണ് നമ്മളില്‍ നിന്ന് നഷ്ടപ്പെട്ടത്? യുദ്ധം ചരിത്രത്തിലെ ഒരു ആകസ്മിക സംഭവമല്ല, അതിന്റെ മാതൃഭാഷയാണ്.
എന്നിരുന്നാലും, ഇടയ്ക്കിടെ ആരൊക്കെയോ ആ ഭാഷ സംസാരിക്കാതിരിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഏശയ്യാ പ്രവാചകനാണ് വാളുകളെ കലപ്പകളാക്കുന്നതിന്റെ ഭാഷ സംസാരിക്കാന്‍ തുടങ്ങിയത്. പിന്നീട് അത് യേശുവിന്റെ ഭാഷയായി മാറി. അവന്‍ ശത്രു എന്ന സങ്കല്പത്തെ തന്നെ റദ്ദാക്കുകയാണ് ചെയ്തത്. കുരിശുയുദ്ധങ്ങളുടെ സമയത്ത് സുല്‍ത്താനുമായി സംസാരിക്കാന്‍ ഇറങ്ങിത്തിരിച്ച അസ്സീസിയിലെ ഫ്രാന്‍സിസിന്റെ ഭാഷയില്‍ വെറുപ്പിന്റെ കണികകളില്ലായിരുന്നു. ഒടുവില്‍, യുദ്ധത്തെ ആത്മാവിനെക്കുറിച്ചുള്ള ധ്യാനമാക്കിയ ടോള്‍സ്‌റ്റോയിയുടെ 'യുദ്ധവും സമാധാനവും' എന്ന കൃതിയും ഉപയോഗിച്ചത് യുദ്ധത്തിന്റെ ഭാഷയല്ല, മനുഷ്യത്വത്തിന്റെ ഭാഷയാണ്. വിജയം ഒരിക്കലും സൈനികമല്ല, ആന്തരികമാണെന്ന് അത് നമ്മെ ഓര്‍മ്മിപ്പിച്ചു. വെറുക്കാന്‍ വിസമ്മതിക്കുമ്പോഴെല്ലാം വിജയം സംഭവിക്കുന്നു: പ്രതികാരത്തോടുള്ള നമ്മുടെ ഓരോ നിരസനവും മനുഷ്യത്വത്തിനോടുള്ള ആഭിമുഖ്യമാണ്.
എവിടെയാണ് നമ്മള്‍ക്ക് തെറ്റു പറ്റിയത്? നമ്മള്‍ സ്വയം സാപിയന്‍സ് എന്നു വിളിക്കുകയും ജ്ഞാനത്തെ ആഡംബരമാക്കിയും ഹിംസയെ ആവശ്യകതയാക്കിയും ജീവിക്കുന്നു. അക്രമം നമ്മുടെ സാമ്പത്തിക, സാംസ്‌കാരിക, ആത്മീയമായ മേഖലകളിലൊക്കെ പ്രകടമാകുകയും ചെയ്യുന്നു. സഹോദരങ്ങള്‍ക്കിടയില്‍ കൊല്ലാന്‍ അനന്തമായ വഴികളുണ്ട്. ആയുധങ്ങള്‍കൊണ്ടു മാത്രമല്ല, പദങ്ങള്‍കൊണ്ടും അതു സാധ്യമാണ്. നമ്മള്‍ പോരാടുന്ന യുദ്ധങ്ങള്‍ പലതാണ്: വിപണി യുദ്ധങ്ങള്‍, ആഖ്യാന യുദ്ധങ്ങള്‍, സ്വത്വ യുദ്ധങ്ങള്‍... വെനസ്വേലയില്‍ പ്രതിരോധമില്ലാത്ത ഒരു ജനതയ്‌ക്കെതിരെ, നൈജീരിയയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ, സുഡാനില്‍ ഇതര ഗോത്രങ്ങള്‍ക്കെതിരെ, ഇറാനില്‍ സ്ത്രീപക്ഷ ചിന്തകള്‍ക്കെതിരെ, ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ... ലോകത്തെല്ലായിടത്തും സംഭവിച്ചുകൊണ്ടിരിക്കുന്നത് നീരസത്തിന്റെ സ്‌ഫോടനങ്ങളാണ്.
കുരിശുയുദ്ധങ്ങളുടെ സമയത്ത് സുല്‍ത്താനുമായി സംസാരിക്കാന്‍ ഇറങ്ങിത്തിരിച്ച അസ്സീസിയിലെ ഫ്രാന്‍സിസിന്റെ ഭാഷയില്‍ വെറുപ്പിന്റെ കണികകളില്ലായിരുന്നു. ഒടുവില്‍, യുദ്ധത്തെ ആത്മാവിനെക്കുറിച്ചുള്ള ധ്യാനമാക്കിയ ടോള്‍സ്‌റ്റോയിയുടെ 'യുദ്ധവും സമാധാനവും' എന്ന കൃതിയും ഉപയോഗിച്ചത് യുദ്ധത്തിന്റെ ഭാഷയല്ല, മനുഷ്യത്വത്തിന്റെ ഭാഷയാണ്.
അതിലുപരി, സാമാന്യ ബോധത്തിന്റെയും ഔചിത്യത്തിന്റെയും പൊട്ടിത്തെറികളാണ്. നമ്മിലെ സംഘര്‍ഷങ്ങള്‍ ഭൂമിശാസ്ത്രപരമോ സാമൂഹികമോ ആകുന്നതിനുമുമ്പു സത്താപരമാണെന്ന തിരിച്ചറിവിലേക്ക് ആരും ഉണരുന്നില്ല. നമ്മള്‍ എന്താണെന്നും എന്തായിരിക്കണമെന്നും തമ്മിലുള്ള ഏറ്റുമുട്ടലാണിത്. നന്മയ്ക്കും തിന്മയ്ക്കും ഇടയിലുള്ള, ഇരുട്ടിനും വെളിച്ചത്തിനും ഇടയിലുള്ള ഏറ്റുമുട്ടലാണിത്. കാലം താരാപഥങ്ങളെ വികസിപ്പിക്കുകയും ജീവിതം അതിന്റെ രൂപങ്ങള്‍ പരിഷ്‌കരിക്കുകയും ചെയ്യുമ്പോള്‍, നമ്മള്‍ ഇപ്പോഴും പഴയ പ്രഹേളികയില്‍ കുടുങ്ങിക്കിടക്കുകയാണ്: എന്താണ് സമാധാനം?
ഈ ചോദ്യത്തിന് ലളിതവും വ്യക്തവുമായ ഒരു ഉത്തരം നമുക്ക് ആവശ്യമാണ്. കാരണം പ്രതിസന്ധിയുടെയും അവസരത്തിന്റെയും, ഭൂതകാലത്തിന്റെയും ഭാവിയുടെയും, ഉട്ടോപ്യയുടെയും ഡിസ്‌റ്റോപ്പിയയുടെയും വക്കില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്ന ഈ അനിശ്ചിതമായ കാലമാണിത്. ആ കാലത്തെ നയിക്കാനും പ്രകാശിപ്പിക്കാനും കഴിവുള്ള ഒരു ഉത്തരം നമുക്ക് വേണം. ചോദ്യം വീണ്ടും ആവര്‍ത്തിക്കാം; എന്താണ് സമാധാനം? അനുരഞ്ജനമാണ് യഥാര്‍ത്ഥ സമാധാനം. അതായത്, മനുഷ്യരാശിയെ അതിന്റേതായ സത്യവുമായി അനുരഞ്ജിപ്പിക്കുക: ചരിത്രപരം, പ്രപഞ്ചപരം, സത്താപരം, യുഗാന്ത്യപരം. കാരണം, നീതിയില്ലാതെ യഥാര്‍ത്ഥ സമാധാനം ഉണ്ടാകില്ല. സത്യമില്ലാതെ പൂര്‍ണ്ണ നീതിയും ഉണ്ടാകില്ല. നീതിയുടെയും സത്യത്തിന്റെയും വൃക്ഷത്തില്‍ മാത്രം പാകമാകുന്ന ഒരു ഫലമാണ് യഥാര്‍ത്ഥ സമാധാനം. മറ്റെല്ലാം മിഥ്യയും വഞ്ചനയുമാണ്. വിശുദ്ധ അഗസ്റ്റിന്‍ പറയുന്നത് സമാധാനം ഒരു ക്രമീകൃത ഐക്യമാണെന്നാണ് (pax est ordinata concordia). പക്ഷെ സത്യത്തിന്റെ ക്രമക്കേടില്‍ നിന്ന് എന്ത് ക്രമം ഉണ്ടാകാനാണ്?
ജ്ഞാനികള്‍ പറയുന്നത് ചരിത്രത്തില്‍ നിന്നും പാഠങ്ങള്‍ പഠിക്കാനാണ്. തളരാത്ത ഒരു അധ്യാപകനാണ് ചരിത്രം. അത് നമ്മെ നിരന്തരം പഠിപ്പിച്ചു കൊണ്ടേയിരിക്കുന്നു. എന്നിട്ടും നമ്മള്‍ ശ്രദ്ധിക്കുന്നില്ല. ഇന്ത്യയുടെ കാര്യം തന്നെ നോക്കുക. ലോകത്തിലെ നാലാമത്തെ സാമ്പത്തിക ശക്തിയായി നമ്മള്‍ വളര്‍ന്നിരിക്കുന്നു. പക്ഷെ അസമത്വത്തിന്റെ കാര്യത്തില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഉണ്ടായിരുന്ന തലങ്ങളിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. അരാഷ്ട്രീയമായ അത്യാഗ്രഹവും ഫാസിസത്തെ പിന്തുണയ്ക്കുന്ന പരിധിയില്ലാത്ത മുതലാളിത്ത വളര്‍ച്ചയും വിനാശകരമായ വികസന മാതൃകകളും തട്ടിത്തെറിപ്പിക്കുന്നത് സഹവര്‍ത്തിത്വത്തിന്റെ പൈതൃകത്തെയാണ്.
സാമ്പത്തിക, സാങ്കേതിക, രാഷ്ട്രീയ ശക്തികള്‍ തമ്മിലുള്ള ബന്ധം സത്യത്തെയും നീതിയെയും മരവിപ്പിച്ചു. അതുകൊണ്ടുതന്നെ ഭരണവ്യവസ്ഥയില്‍ നിന്നും മിതത്വം, ശാന്തത, പരിധികള്‍ എന്നിവ നിരസിക്കപ്പെടുകയും, അത് സ്വയം ഒരു നരഭോജിയായി മാറുകയും ചെയ്യുന്നു: സിസ്റ്റം സ്വയം നശിക്കുകയും അതിലുള്ള എല്ലാവരെയും നശിപ്പിക്കുകയും ചെയ്യുന്നു. അതേസമയം അത് അഭിവൃദ്ധി പ്രാപിക്കുന്നുവെന്ന് വിശ്വസിക്കാന്‍ സ്വയം വഞ്ചിക്കുകയും ചെയ്യുന്നു. അയല്‍രാജ്യങ്ങളുമായുള്ള യുദ്ധങ്ങളും സൗഹൃദമില്ലായ്മയും വിദേശനയങ്ങളിലെ ക്രമക്കേടുകളും നമ്മുടെ വളരുന്ന മണ്ടത്തരത്തിന്റെ ഫലങ്ങളാണ്. എല്ലാ യുദ്ധങ്ങളും അപരര്‍ക്കെതിരെയല്ല, നമുക്കെതിരെയുള്ള യുദ്ധങ്ങളാണ്. മനുഷ്യരെന്ന നിലയില്‍ നമ്മുടെ സത്യത്തിനെതിരായ യുദ്ധം, നമ്മുടെ ആത്മാവിനെതിരായ യുദ്ധം, നമ്മുടെ ഉള്ളിലെ നിത്യതയുടെ കനലുകള്‍ക്കെതിരായ യുദ്ധം... ബാക്കിയുള്ളതെല്ലാം അനന്തരഫലങ്ങള്‍ മാത്രമാണ്.
1957 ല്‍ ആല്‍ബര്‍ട്ട് കാമ്യൂ നോബല്‍ സമ്മാനം സ്വീകരിക്കുമ്പോള്‍ പറയുന്നുണ്ട്; 'ലോകത്തെ പുനര്‍നിര്‍മ്മിക്കാനാണ് സംശയലേശമന്യേ ഓരോ തലമുറയും വിധിക്കപ്പെട്ടിരിക്കുന്നത്. പക്ഷേ എന്റെ തലമുറയ്ക്കറിയാം അത് അങ്ങനെയാകില്ലെന്ന്. എന്നിരുന്നാലും, അതിന്റെ കടമ ഒരുപക്ഷേ അതിലും വലുതാണ്: ലോകം സ്വയം നശിക്കുന്നത് തടയുക.' ഇതാണ് നമ്മുടെയും വിളി: ഒന്നുകില്‍ നമ്മള്‍ മിതത്വത്തോടെ ജീവിക്കുക, അല്ലെങ്കില്‍ നമ്മള്‍ നമ്മുടെ സ്വന്തം അവശിഷ്ടങ്ങളുടെ സംരക്ഷകരാകുക.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഈ സാമൂഹ്യകാലഘട്ടത്തില്‍ അപകടസാധ്യത മുമ്പത്തേക്കാള്‍ വലുതാണ്. ചുറ്റിലും ഒന്നു നോക്കുക, സത്യവും നീതിയും എന്നെന്നേക്കുമായി അലിഞ്ഞുപോകുന്നതുവരെ മങ്ങുന്നതായി തോന്നുന്നില്ലേ? അവയോടൊപ്പം, മനുഷ്യരും. പരിഹരിക്കപ്പെടാത്ത സങ്കീര്‍ണ്ണതയില്‍ നാം മുഴുകി ജീവിക്കുകയും അതിനെ പുരോഗതി എന്നു വിളിക്കുകയും ചെയ്യുന്നു. സത്യത്തെ പ്രവര്‍ത്തനക്ഷമത കൊണ്ടും നീതിയെ കാര്യക്ഷമത കൊണ്ടും മാറ്റിസ്ഥാപിച്ചിരിക്കുന്നു. സാങ്കേതികവിദ്യ ഒരു ഉപാധിയല്ലാതായി ലോകമാകാന്‍ തുടങ്ങിയിരിക്കുന്നു. നമ്മള്‍ ആ ലോകത്തിനുള്ളില്‍ വിനോദസഞ്ചാരികളായി പ്രവേശിക്കുന്നു. അവിടെ നമ്മള്‍ വെറും കാഴ്ചക്കാര്‍ മാത്രമാണ്. രാഷ്ട്രീയം, സാമ്പത്തികശാസ്ത്രം, സംസ്‌കാരം, സാങ്കേതികവിദ്യ എന്നിവ ഒരൊറ്റ നെയ്ത്തിലെ നൂലുകള്‍ പോലെ ഇഴചേര്‍ന്നിരിക്കുന്ന ഒരു വ്യവസ്ഥയിലാണ് നമ്മള്‍. ഒന്ന് തൊട്ടാല്‍ ലോകം മുഴുവന്‍ പ്രകമ്പനം കൊള്ളും. എങ്കിലും അത് കുഴപ്പമല്ല: നഷ്ടപ്പെട്ട ഐക്യമാണ് പ്രധാനം. അത് വീണ്ടും കണ്ടെത്തേണ്ടത് നമ്മളാണ്. എന്താണ് നമ്മള്‍ കെട്ടിപ്പടുക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്ന യഥാര്‍ത്ഥ സമാധാനം? അനുരഞ്ജനമാണത്. അര്‍ത്ഥത്തോടുള്ള മാനവികതയുടെയും, പരിമിതിയോടുള്ള അധികാരത്തിന്റെയും, കൃപയോടുള്ള ചരിത്രത്തിന്റെയും അനുരഞ്ജനമാണത്.