Coverstory

വൈറലാകുന്ന വൈദിക​ഗാനങ്ങള്‍

Sathyadeepam

നവമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ച വൈദികരായ കലാകാരന്മാര്‍ പലരുണ്ട്. ഗാനം, നൃത്തം, പ്രസംഗം തുടങ്ങിയവയില്‍ പ്രഗത്ഭരായ ഇവരുടെ പ്രതിഭാവിലാസങ്ങള്‍ നവമാധ്യമങ്ങള്‍ കണ്ടെടുക്കുകയും ലോകത്തിനു പരിചയപ്പെടുത്തുകയുമായിരുന്നു. വൈദികരുടെ കലാവിഷ്കാരങ്ങള്‍ മതേതര പൊതുസമൂഹം വിസ്മയത്തോടെ കണ്ടു, ആദരവോടെ അംഗീകരിച്ചു. കലയുടെ മുഖ്യധാരയില്‍ തന്നെ വലിയ സംഭാവനകള്‍ നല്‍കാന്‍ കഴിയുന്നവരാണ് പൗരോഹിത്യത്തിനായി ജീവിതം സമര്‍പ്പിച്ചവരുടെ ഇടയിലുള്ളതെന്നു സമൂഹം തിരിച്ചറിഞ്ഞു.

ഇവരുടെ നിരയിലേയ്ക്ക് ഒടുവിലായി കടന്നു വന്നിരിക്കുന്നത് എറണാകുളം – അങ്കമാലി അതിരൂപതാ വൈദികരുടെ ബാന്‍ഡ് 'ദി ട്വല്‍വ്' എന്ന ഗായകസംഘമാണ്. അതിരൂപതാ മാധ്യമവിഭാഗമായ പില്‍ഗ്രിംസ് കമ്മ്യൂണിക്കേഷന്‍സ് ഇവര്‍ക്കു നേതൃത്വം നല്‍കുന്നു. പ്രളയത്തിന്‍റെയും അതിജീവനത്തിന്‍റെയും പശ്ചാത്തലത്തില്‍ അവര്‍ തയ്യാറാക്കിയ ഉയിര്‍പാട്ട് എന്ന ഗാനമാണ് ഇപ്പോള്‍ യൂ ട്യൂബിലും വാട്സാപ്പിലുമെല്ലാം പാറിപ്പറക്കുന്നത്. യൂ ട്യൂബില്‍ കയറ്റി ഒന്നു രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പതിനായിരങ്ങള്‍ ആ ഗാനം കേള്‍ക്കുകയും ഗാനചിത്രീകരണം കാണുകയും ചെയ്തു കഴിഞ്ഞു. വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയും ഗാനം അതിവേഗം പ്രചരിക്കുന്നു. അപ്രതീക്ഷിതമായ കോണുകളില്‍ നിന്നടക്കം വലിയ അംഗീകാരമാണ് ഗാനത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് പില്‍ഗ്രിംസ് ഡയറക്ടര്‍ ഫാ.ജേക്കബ് കോറോത്ത് പറഞ്ഞു.

ഇക്കഴിഞ്ഞ പ്രളയവേളയില്‍ നിഷ്കളങ്കമായ ഔദാര്യമനസ്ഥിതി കൊണ്ടു കേരളത്തിന്‍റെ ശ്രദ്ധ പിടിച്ചു പറ്റിയ എറണാകുളം ബ്രോഡ്വേയിലെ തെരുവുവ്യാപാരി നൗഷാദിനെ പരാമര്‍ശിച്ചുകൊണ്ടാണ് ഉയിര്‍പാട്ട് തുടങ്ങുന്നത്. 2018 ലെ പ്രളയത്തില്‍ കേരളത്തിന്‍റെ രക്ഷകരായി തീര്‍ന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഗാനം പ്രണാമമര്‍പ്പിക്കുന്നു. ഏതു പ്രളയത്തേയും ഒറ്റക്കെട്ടായി നിന്ന് അതിജീവിക്കാന്‍ കേരളത്തിന്‍റെ സാഹോദര്യത്തിനു കഴിയുമെന്ന പ്രത്യാശ പങ്കു വയ്ക്കുന്നു.

ഫാ. നിബിന്‍ കുരിശിങ്കലിന്‍റേതാണ് ഗാനത്തിന്‍റെ വരികളും ഈണവും. ഫാ. ജേക്കബ് കോറോത്തും ഫാ. ജെയിംസ് തൊട്ടിയിലും ചേര്‍ന്ന് ചിത്രീകരണത്തിന്‍റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. ഫാ. എബി എടശ്ശേരി, ഫാ. ചെറിയാന്‍ നേരെവീട്ടില്‍, ഫാ. മെല്‍വിന്‍ ചിറ്റിനപ്പിള്ളി എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ഗാനത്തിനായി വാദ്യോപകരണങ്ങള്‍ വായിച്ചിരിക്കുന്നത് ഫാ. ജുബി ജോയ് കളത്തിപ്പറമ്പില്‍, ഫാ. സാജോ പടയാട്ടില്‍, ഫാ. ജാക്സണ്‍ സേവ്യര്‍ തുടങ്ങിയവരാണ്.

ഗാനമെന്ന പോലെ ചിത്രീകരണവും വലിയ പ്രശംസ പിടിച്ചു പറ്റി. പ്രളയവും പ്രളയത്തില്‍ രക്ഷകരായ മത്സ്യത്തൊഴിലാളികളും ഗാനത്തിനു വിഷയങ്ങളാകുന്നതുകൊണ്ട് കടല്‍തീരത്തു വച്ചാണ് ഗാനം ചിത്രീകരിച്ചത്. കടല്‍തീരത്തെ വേദിയുടെ കലാസംവിധാനവും ദൃശ്യങ്ങളുടെ എഡിറ്റിംഗും മികച്ച നിലവാരം പുലര്‍ത്തുന്നു.

'ദി ട്വല്‍വ്' ബാന്‍ഡിന്‍റെ ആദ്യത്തെ ശ്രദ്ധേയമായ സംരംഭം അകപെല്ലാ എന്ന സങ്കേതത്തില്‍ പാടിയ ഗാനമാണ്. വാദ്യോപകരണങ്ങളുടെ അകമ്പടിയില്ലാതെ ഒറ്റയ്ക്കോ സംഘമായോ ഗാനമാലപിക്കുന്നതിനെയാണ് അകപെല്ലാ എന്നതുകൊണ്ടര്‍ത്ഥമാക്കുന്നത്. വാദ്യോപകരണങ്ങള്‍ക്കു പകരം അത്യാവശ്യമായ അകമ്പടി അധരങ്ങള്‍ കൊണ്ടും കൈകള്‍ കൊണ്ടും സൃഷ്ടിക്കുന്നു. മലയാളികളെ ഈ ഗാനാലാപന ശൈലി പരിചയപ്പെടുത്തുക എന്നതും ഈ ഗാനാലാപനത്തിന്‍റെയും ചിത്രീകരണത്തിന്‍റെയും ലക്ഷ്യമായിരുന്നു. യു ട്യൂബിലിട്ട ഈ ഗാനം വന്‍ ഹിറ്റായി. രണ്ടര ലക്ഷത്തോളം പേര്‍ യു ട്യൂബില്‍ മാത്രം ഈ ഗാനം കണ്ടു കഴിഞ്ഞു. മറ്റു സോഷ്യല്‍ മീഡിയാ ഫോറങ്ങളിലൂടെയും ഈ ഗാനം പതിനായിരങ്ങളിലേക്കെത്തി.

ഫാ. മെല്‍വിന്‍ ചിറ്റിനപ്പിള്ളി, ഫാ. ലിന്‍റോ കാട്ടുപറമ്പില്‍, ഫാ. ചെറിയാന്‍ നേരെവീട്ടില്‍, ഫാ. എബി എടശ്ശേരി എന്നിവരാണ് ഈ ഗാനം ആലപിച്ചത്. ഫാ. ജാക്സണ്‍ സേവ്യര്‍, ഫാ. ജെറിന്‍ പാലത്തിങ്കല്‍, ഫാ. ജിമ്മി കക്കാട്ടുചിറ, ഫാ. നിബിന്‍ കുരിശിങ്കല്‍ എന്നിവര്‍ പശ്ചാത്തലസംഗീതമൊരുക്കി.

വാദ്യോപകരണങ്ങളുടെ അമിതമായ ഉപയോഗം ആരാധനാസംഗീതത്തിന്‍റെ സവിശേഷലക്ഷ്യത്തിനു വിഘാതമാകാറുണ്ടെന്ന വിമര്‍ശനങ്ങള്‍ക്കിടയിലാണ് വൈദിക സംഘത്തിന്‍റെ അകപ്പെല്ലാ ഗാനം ആളുകളിലേയ്ക്കെത്തുന്നത്. സംഘമായി ചേര്‍ന്ന് ആലപിക്കാവുന്ന ഗാനങ്ങള്‍ക്കും ഗാനശൈലികള്‍ക്കുമാണ് പള്ളികളില്‍ പ്രധാന്യം ലഭിക്കേണ്ടതെന്ന ഒരു സന്ദേശവും ഈ ഗാനത്തിലൂടെ പങ്കു വയ്ക്കപ്പെടുന്നുണ്ടെന്ന് ഫാ. കോറോത്ത് പറഞ്ഞു. യൂറോപ്പിലും മറ്റും ആരാധനാഗാനങ്ങള്‍ സംഘമായി ആലപിക്കാവുന്ന രീതിയിലാണ് സൃഷ്ടിക്കപ്പെടുക പതിവ്. കേരളത്തിലാകട്ടെ പല ഭക്തിഗാനങ്ങളും ഒറ്റയ്ക്ക് പാടാവുന്ന പാട്ടുകളായാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഈ വിഷയത്തിലേയ്ക്കു ശ്രദ്ധ തിരിയണമെന്നും സംഘഗാനങ്ങള്‍ക്കു ഭക്തിഗാനമേഖലയിലുള്ള പ്രാധാന്യം നാം തിരിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാദ്യോപകരണങ്ങള്‍ കുറച്ചും വേണ്ടി വന്നാല്‍ ഇല്ലാതേയും പള്ളികളിലെ പാട്ടുകള്‍ പാടാന്‍ നാം പരിശീലിക്കുകയും പരിചയിക്കുകയും ചെയ്യേണ്ടതുണ്ടെന്നും ഫാ. കോറോത്ത് വ്യക്തമാക്കി.

അതിരൂപതാ വൈദികരുടെ തുടര്‍ പരിശീലനത്തിന്‍റെ ഭാഗമായി നടത്തുന്ന വൈദികകൂട്ടായ്മകളുടെ രാത്രികളില്‍ വൈദികര്‍ ഒത്തു ചേര്‍ന്നു പാട്ടുകള്‍ പാടുന്ന പതിവുണ്ട്. അത്തരമൊരു പാട്ടുരാവില്‍ നിന്നാണ് വൈദിക ബാന്‍ഡിന്‍റെ തുടക്കം. പാടുകയും പാട്ടിഷ്ടപ്പെടുകയും ചെയ്യുന്ന വൈദികരുടെ ഒരു സംഘം രൂപീകരിച്ചാല്‍ നന്നായിരിക്കും എന്ന ചിന്ത രൂപമെടുത്തപ്പോള്‍ അതു ദി ട്വല്‍വ് ബാന്‍ഡായി മാറി. പില്‍ഗ്രിംസ് കമ്മ്യൂണിക്കേഷന്‍സ് അതിനു പിന്തുണ നല്‍കി. ട്വല്‍വ് എന്നത് ബാന്‍ഡിലെ അംഗങ്ങളുടെ എണ്ണത്തെ സൂചിപ്പിക്കുന്നതല്ല. ക്രിസ്തുശിഷ്യന്മാരുടെ എണ്ണമായ പന്ത്രണ്ടില്‍ നിന്നാണ് ആ പേരു വരുന്നത്. ട്വല്‍വ് ബാന്‍ഡിന്‍റെ ആദ്യ സംരംഭമായ അകപ്പെല്ല ഗാനം തന്നെ ജനലക്ഷങ്ങളെ ആകര്‍ഷിച്ചു. ഇതേ തുടര്‍ന്നു കൂടുതല്‍ ഗാനങ്ങള്‍ ഈ രീതിയില്‍ ചെയ്യണമെന്ന ആവശ്യവും ഉയര്‍ന്നു വന്നിട്ടുണ്ട്.

നവമാധ്യമങ്ങളില്‍ സൃഷ്ടിപരമായ ഇടപെടല്‍ നടത്തണമെന്ന ആഗ്രഹവും ഈ ഗാനങ്ങളുടെ പിറവിയ്ക്കു പിന്നിലുണ്ടെന്നു ഫാ. ജേക്കബ് കോറോത്ത് പറഞ്ഞു. പുതിയ തലമുറ മുഴുവന്‍ നവമാധ്യമങ്ങള്‍ ശ്രദ്ധാപൂര്‍വം പിന്തുടരുന്നവരാണ്. മുതിര്‍ന്ന തലമുറയും ഫേസ്ബുക്കിലും വാട്സാപ്പിലുമെല്ലാം സജീവമാണ്. ഇനി അതില്‍ നിന്നെല്ലാം മുക്തമായ ഒരു ജീവിതം ആര്‍ക്കും സാദ്ധ്യമാകുകയുമില്ല. ഇഷ്ടമുള്ളതെല്ലാം ആര്‍ക്കും സൃഷ്ടിക്കുകയും പ്രസിദ്ധീകരിക്കുകയും പ്രക്ഷേപണം ചെയ്യുകയും ചെയ്യാന്‍ കഴിയുന്ന സാഹചര്യമാണ് സാങ്കേതിക വിദ്യ സമ്മാനിച്ചിട്ടുള്ളത്. എഡിറ്റര്‍മാരുടേയോ പബ്ലിഷര്‍മാരുടേയോ പ്രൊഡ്യൂസര്‍മാരുടേയോ ഇടനിലയില്ലാതെ ആര്‍ക്കും എന്തും ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കാവുന്ന സര്‍വതന്ത്രസ്വതന്ത്രമായ നവലോകം. സ്വാഭാവികമായും ഇതെല്ലാം ദുരുപയോഗപ്പെടുത്തുന്നവരും അനേകരുണ്ട്. ഈ മാധ്യമസൗകര്യങ്ങളെല്ലാം സ്വന്തം നിക്ഷിപ്ത താത്പര്യങ്ങള്‍ക്കായി തന്ത്രപൂര്‍വം വിനിയോഗിക്കുന്ന ശക്തികളും സജീവം. ഇതിനെയെല്ലാം കുറ്റം പറഞ്ഞതുകൊണ്ട് ഒരു കാര്യവുമില്ല. മറിച്ച്, ഇതേ മാധ്യമസൗകര്യങ്ങളെ മാനവീക – സുവിശേഷ മൂല്യങ്ങള്‍ പ്രചരിപ്പിക്കാനായി ഉപയോഗപ്പെടുത്തുന്നതെങ്ങിനെ എന്ന ചിന്തയാണ് ഉണ്ടാകേണ്ടത്.

നവമാധ്യമങ്ങളില്‍ നിരന്തരം കയറിയിറങ്ങുന്നവര്‍ക്കു കാണാനും ആസ്വദിക്കാനും വേണ്ട ഉള്ളടക്കത്തിന്‍റെ സൃഷ്ടിയില്‍ മൂല്യങ്ങള്‍ക്കായി നിലകൊള്ളുന്നവരും പങ്കു ചേരുക എന്നതാണു പ്രസക്തമായ കാര്യം. പ്രചോദനാത്മകവും സദ്ചിന്തകളുണര്‍ത്തുന്നതുമായ സൃഷ്ടികള്‍ നവമാധ്യമലോകത്ത് ഉണ്ടാകണം. ആകര്‍ഷകമായ സൃഷ്ടികളുണ്ടായാല്‍ സ്വാഭാവികമായും അതു ജനശ്രദ്ധ പിടിച്ചു പറ്റും. വൈറലാകും. ആളുകളെ അതു സ്വാധീനിക്കും, സന്ദേശം വിനിമയം ചെയ്യപ്പെടും. ഇതിനുള്ള ശ്രമങ്ങള്‍ പില്‍ഗ്രിംസ് തുടരുമെന്ന് ഫാ. കോറോത്ത് വിശദീകരിച്ചു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം