Coverstory

വ്യാപാരവും വര്‍ഗീയതയും: വിചിത്രമായ മുന്‍ഗണനകള്‍

Sathyadeepam

കെ ഗോപാലകൃഷ്ണന്‍
മുന്‍ എഡിറ്റര്‍ മാതൃഭൂമി ദിനപത്രം

ഏതാനും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നയങ്ങളുടെയും പരിപാടികളുടെയും അടിസ്ഥാനത്തിലായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍. തല്‍ഫലമായി, വോട്ടുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കുറച്ച് പേരുടെ കാര്യത്തില്‍ സ്ഥാനാര്‍ത്ഥികളുടെ യോഗ്യതയുടെ അടിസ്ഥാനത്തിലുമായിരുന്നു. പ്രകടനപത്രിക കളുടെ കരട് തയ്യാറാക്കുന്നത് ഉന്നത നേതൃത്വത്തിന്റെ മാര്‍ഗ നിര്‍ദേശത്തില്‍ പാര്‍ട്ടി സൈദ്ധാന്തികരെ ഏല്പിച്ചായിരുന്നു. തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാല്‍, പ്രകടന പത്രിക നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കണമെന്ന് പാര്‍ട്ടി നിര്‍ബന്ധിക്കാറുണ്ടായിരുന്നു. ഭരണത്തിന്റെ അവസാന ഘട്ടത്തില്‍ ചില സര്‍ക്കാരുകള്‍ തിരക്കിട്ടു പ്രകടനപത്രിക നടപ്പാക്കുന്നത് നാം കാണാറുമുണ്ട്. ഇക്കാലത്ത്, ജാതി, സാമുദായിക പരിഗണനകള്‍ പ്രചാരണങ്ങളില്‍ പ്രധാന പങ്കുവഹിക്കുന്നു. നിയോജക മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നവരെ വോട്ടര്‍മാര്‍ ആഗ്രഹിക്കുന്നതിനാല്‍ സ്ഥാനാര്‍ത്ഥികളുടെ യോഗ്യതയ്ക്കും ഒരു പങ്കുണ്ട്. പ്രത്യയശാസ്ത്രങ്ങളും പരിവര്‍ത്തനത്തിന് വിധേയമായി. നയങ്ങളിലും പരിപാടികളിലും വലിയ വ്യത്യാസമില്ല. വികസനമാണ് മുദ്രാവാക്യം. ഖേദകരമെന്നു പറയട്ടെ, എല്ലാ പാര്‍ട്ടികളും അപലപിക്കുന്നുണ്ടെങ്കിലും ജാതിവര്‍ഗീയ പരിഗണനകളും ശക്തമാണ്.
അടുത്തിടെ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ക്ഷേമ നടപടികളായിരുന്നു പ്രധാന പരിഗണന. വികസന നേട്ടങ്ങള്‍ തങ്ങളിലേക്കെത്തുന്നതിനു വളരെയധികം സമയ മെടുക്കുന്നതിനാല്‍ ആളുകള്‍ അവരുടെ പ്രശ്‌നങ്ങള്‍ക്ക് ഉടനടിയുള്ള ഇടക്കാല ആശ്വാസം ആഗ്രഹിക്കുന്നു. എന്നാല്‍ വിചിത്രമായ മുന്‍ഗണനകളിലേക്ക് നയിക്കുന്ന മറ്റ് ചില സ്വാധീനങ്ങളും നമുക്കു കണ്ടെത്താനാകുന്നുണ്ട്. അതിലൊന്ന് വളരെ ഞെട്ടിക്കുന്നതുമാണ്.
ആദ്യം ഞെട്ടിക്കുന്ന കേസ് എടുക്കാം. തിരഞ്ഞെടുപ്പ് ചരിത്ര ത്തിലെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ്. ഒരു സ്ഥാനാര്‍ത്ഥി ഒരു വോട്ട് പോലും നേടു ന്നതില്‍ പരാജയപ്പെടുന്നു, തന്റെയോ അല്ലെങ്കില്‍ കുടുംബാംഗങ്ങളുടെയോ പ്രിയപ്പെട്ട വരുടെയോ പോലും! സിപിഐ (എം) പിന്തുണയ്ക്കുന്ന ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥി, കൊടുവള്ളി മുനിസിപ്പാലിറ്റി യുടെ ചുണ്ടപ്പുറം ഡിവിഷനിലെ ഒ.പി. റാഷിദ് ആണ് ഈ ബഹു മതിക്ക് അര്‍ഹനായിരിക്കുന്നത്!

രാഷ്ട്രീയപാര്‍ട്ടികള്‍ തങ്ങളുടെ വഴികള്‍ ശരിയാക്കുന്നില്ലെങ്കില്‍,
അരാഷ്ട്രീയ ശക്തികള്‍ അധികാരത്തിന്റെ 
നിയന്ത്രണം
ഏറ്റെടുത്തേക്കാം. അത് കേരളത്തിന്റെയോ ഏതെങ്കിലും
പരിഷ്‌കൃത സമൂഹത്തിന്റെയോ താല്‍പ്പര്യങ്ങള്‍ക്ക്
ഗുണകരമാകില്ല. ഭാഗ്യവശാല്‍, രാഷ്ട്രീയ ശക്തികള്‍ക്ക്
സ്വയം തിരുത്താനും അരാഷ്ട്രീയ ശക്തികളുടെ വളര്‍ച്ച
തടയാനും വേണ്ടത്ര സമയം ഇനിയുമുണ്ട്.

ആരാണ് വിജയിച്ചത്? നയതന്ത്ര ബാഗേജുകളിലൂടെ സ്വര്‍ണ്ണക്കടത്ത് നടത്തിയതായി ആരോപിക്കപ്പെടുന്ന കാരാട്ട് ഫൈസല്‍. ഐഎന്‍എല്ലിന് നീക്കി വച്ചിരുന്ന വാര്‍ഡില്‍ എല്‍ഡിഎഫ് സ്വതന്ത്രനായി ഫൈസല്‍ പത്രിക നല്‍കി. ആശയക്കുഴപ്പത്തിലായ സിപിഐ (എം) വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം ഫൈസലി നുള്ള പിന്തുണ പിന്‍വലിക്കുകയും ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി അംഗം ഒ.പി. റാഷിദിനെ ഇടതു സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്തു. പത്രിക സമര്‍പ്പണത്തിനുള്ള സമയവും തീയതിയും അവസാനിക്കുന്ന തിനുമുമ്പ് ഫൈസല്‍ ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പത്രിക സമര്‍പ്പിച്ചു.
കേരളമാകെ ഇടതുതരംഗം ആഞ്ഞടിച്ച തിരഞ്ഞെടുപ്പില്‍ സിപിഐ (എം) പിന്തുണയ്ക്കുന്ന ഒരു സ്ഥാനാര്‍ത്ഥിക്ക് ഒരു വോട്ട് പോലും ലഭിക്കാത്ത സ്ഥിതി സങ്കല്‍പ്പിക്കുക! സിപിഐ (എം)ന്റെ പ്രിയങ്കരനായിരുന്ന ഫൈസലിനെ ആരാണ് പിന്തുണച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ബിജെപി സ്ഥാനാര്‍ത്ഥി പി.ടി. സദാശിവന് പോലും 50 വോട്ടുകള്‍ ഇവിടെ ലഭിച്ചു. ചുണ്ടപ്പുറത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സൃഷ്ടിച്ച റെക്കോര്‍ഡ് ആര്‍ക്കും തകര്‍ക്കാന്‍ എളുപ്പമല്ലെന്നതാണ് ഒരേയൊരു ആശ്വാസം!
കോര്‍പ്പറേറ്റ് സ്ഥാപനമായ കിറ്റെക്‌സ് സ്‌പോണ്‍സര്‍ ചെയ്ത ട്വന്റി 20 എന്ന അരാഷ്ട്രീയ സംഘടനയുടെ സ്ഥാനാര്‍ത്ഥികള്‍ പിന്നെയും കൂടുതല്‍ സീറ്റുകള്‍ നേടി എന്നതാണ് തെരഞ്ഞെടുപ്പിലു ണ്ടായിരിക്കുന്ന അസ്വസ്ഥജനകമായ ഒരു സംഭവവികാസം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സംഘടന ഇപ്പോള്‍ പദ്ധതിയിടു ന്നുണ്ടെന്ന് ട്വന്റി 20 നേതാവ് സാബു എം. ജേക്കബ് പറഞ്ഞു.
കമ്പനിയും കുറച്ച് പ്രാദേശിക പ്രവര്‍ത്തകരും ചേര്‍ന്നു കൊണ്ട് 2012 ലാണു ട്വന്റി ട്വന്റി എറണാകുളം ജില്ലയിലെ കിഴക്കമ്പലത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. 2015 ല്‍ ട്വന്റി 20 തിരഞ്ഞെടുപ്പ് രംഗത്തേക്ക് പ്രവേശിക്കുക യും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണയില്ലാതെ കിഴക്ക മ്പലം പഞ്ചായത്തില്‍ ഭരണം നേടുകയും ചെയ്തു. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പില്‍ അവര്‍ കിഴക്കമ്പലം നിലനിര്‍ ത്തിയെന്നു മാത്രമല്ല, അടുത്തുള്ള മഴുവന്നൂര്‍, കുന്നത്തുനാട്, ഐക്കരനാട് എന്നിവിടങ്ങളില്‍ വിജയിക്കുകയും യുഡിഎഫിനെ അമ്പേ പരാജയപ്പെടുത്തുകയും ചെയ്തു. കോണ്‍ഗ്രസിന്റെയും എല്‍ഡിഎഫിന്റെയും വോട്ടുകള്‍ വെട്ടിക്കുറയ്ക്കാന്‍ ഇവര്‍ക്കു കഴിഞ്ഞുവെന്നതു വ്യക്തം.
ഫലങ്ങളോട് പ്രതികരിച്ചു കൊണ്ടു സാബു ജേക്കബ് പറഞ്ഞു: 'കിഴക്കമ്പലം പഞ്ചായത്തില്‍ ട്വന്റി ട്വന്റിക്കു ചെയ്യാന്‍ കഴിഞ്ഞ വന്‍കിട വികസന പ്രവര്‍ത്തനങ്ങളുടെ ഫലമാണ് വിജയം. ഞങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ ആളുകള്‍ കണ്ടു കൊണ്ടിരിക്കുകയാണ്. അവര്‍ക്കായി എല്ലാ ക്ഷേമ നടപടികളും നടപ്പിലാക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ തോതില്‍ മത്സരിക്കാനുള്ള ആത്മവിശ്വാസം തദ്ദേശ സ്വയംഭരണ വോട്ടെടുപ്പ് ഫലങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കി. വലുതും ചെറുതുമായ എല്ലാ രാഷ്ട്രീയക്കാരും ഞങ്ങളെ എതിര്‍ക്കാന്‍ ഒത്തു ചേര്‍ന്നെങ്കിലും, വികസനവും നല്ല ഭരണവും കൊണ്ടുവരാന്‍ കഴിയുന്ന ഒരു ബദലിനെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ ഞങ്ങള്‍ വിജയിച്ചു.'
ശരിയാണ്, ട്വന്റി 20 മികച്ച പ്രവര്‍ത്തനമാണു കാഴ്ച വച്ചത്, കൂടാതെ കിറ്റെക്‌സ് നന്നായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയുമാണ്. എന്നാല്‍ കച്ചവട താല്‍പ്പര്യങ്ങള്‍ രാഷ്ട്രീയരംഗത്തേക്ക് കടക്കുന്നത് ആരോഗ്യകരമായ ഒരു സംഭവവികാസമല്ല. ഒരു സംസ്ഥാന ഭരണമോ കേന്ദ്ര ഭരണമോ നിര്‍വഹിക്കുക എന്നത് വ്യാപാരസ്ഥാപനങ്ങള്‍ നടത്തുന്നത് പോലെയല്ല. ബിസിനസിന്റെ പ്രാഥമിക താല്‍പ്പര്യം ബിസിനസ്സ് മാത്രമാണ്. ഒരു ബിസിനസ്സ് ഗ്രൂപ്പിനോ ഒരു കൂട്ടം ബിസിനസുകാര്‍ക്കോ അവരുടെ പ്രാഥമിക ലക്ഷ്യങ്ങള്‍ അവഗണിക്കുക ബുദ്ധിമുട്ടായിരിക്കും. ബ്രിട്ടീഷ് നിര്‍മ്മിതമായ ഈസ്റ്റ് ഇന്ത്യ കമ്പനി ഒരു കോര്‍പറേറ്റ് എന്ന നിലയില്‍ വിജയമാകുകയും ഇന്ത്യയുടെ ഭരണമേറ്റെടുക്കുകയും ചെയ്തു. ബ്രിട്ടീഷ് കാഴ്ചപ്പാടില്‍ നോക്കിയാല്‍ അതു തെറ്റില്ലാതെ നടത്തുകയും ചെയ്തു. പക്ഷേ, വൈകാതെ ബ്രിട്ടീഷ് ഭരണകൂടം തന്നെ കമ്പനിയെ ഒഴിവാക്കി ഇന്ത്യയുടെ ഭരണം നേരിട്ട് ഏറ്റെടുക്കുകയുണ്ടായി. കാരണം ഒരു കമ്പനിയെ ഒരു നാടു ഭരിക്കാന്‍ ഏല്‍പിക്കുന്നതു ശരിയല്ല എന്ന് അവര്‍ മനസ്സിലാക്കിയിരുന്നു. ഇതു നാം മറക്കരുത്. ഒരു രാജ്യം ഭരിക്കുക എന്നത് ഒരു വാണിജ്യസ്ഥാപനം നടത്തുക എന്നതില്‍ നിന്നു തികച്ചും വ്യത്യസ്തമായ കാര്യമാണ്.
ബിസിനസ്സ് താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന നിരവധി സര്‍ക്കാരുകള്‍ ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ മുഖാന്തരം രാജ്യം ഭരിക്കുന്നത് ബിസിനസ്സ് ലോബിയാണെന്നും പലരും പറയുന്നു. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളെ ഇല്ലാതാക്കിയാല്‍ അത് അപകടകര മാണ്. ഓരോ അഞ്ച് വര്‍ഷത്തി ലും തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്നാണു വാണിജ്യ താത്പര്യമെങ്കില്‍ തുടര്‍ന്നുള്ള കാര്യങ്ങള്‍ എന്താവുമെന്ന് ആര്‍ക്കും ഉറപ്പിക്കാനാവില്ല. സ്വേച്ഛാധിപത്യപ്രവണതയുടെ പേരില്‍ അറിയപ്പെടുന്ന ഇന്ദിരാഗാന്ധി പോലും തിരഞ്ഞെടുപ്പ് നടത്തുന്നതില്‍ പരാജയപ്പെട്ടി ല്ലെന്നോര്‍ക്കുക. അരാഷ്ട്രീയ താല്‍പ്പര്യങ്ങളുടെ വളര്‍ച്ച ഒരു ജനാധിപത്യത്തിന് അപകടകരമാണ്.
ഈ പ്രവണത യഥാര്‍ത്ഥത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഒരു മുന്നറിയിപ്പാണ്, പ്രത്യേകിച്ചും രാഷ്ട്രീയ പാര്‍ട്ടികളോടും അവരുടെ ദുര്‍ഭരണ ത്തോടും വര്‍ദ്ധിച്ചുവരുന്ന അസംതൃപ്തിയുള്ള (വെറുപ്പും ദേഷ്യവുമെന്നു വായിക്കുക) കേരളത്തില്‍. ബ്യൂറോക്രസിയുടെ ഒരു വിഭാഗം പോലും രാഷ്ട്രീയമായിത്തീരുകയും ഭരണമുന്നണിയുടെ ആജ്ഞാനു വര്‍ത്തികളാകുകയും ചെയ്യുക യാണ്. ക്രിമിനല്‍ കേസുകളുടെ അന്വേഷണങ്ങള്‍ പക്ഷപാതപരമാകുന്നുവെന്നും കുറ്റവാളികളെ സംരക്ഷിക്കുന്നുവെന്നും ഉള്ള ആരോപണങ്ങള്‍ പല അവസരങ്ങളിലും ഉണ്ട്. നിയമപാലകരു ടെ മോശം വിശ്വാസ്യത തുറന്നു കാട്ടിക്കൊണ്ട്, സിബിഐ അന്വേഷണത്തിനുള്ള ആവശ്യം വര്‍ദ്ധിച്ചു വരുന്നു. ജാതി, സാമുദായിക ശക്തികള്‍ സംസ്ഥാനത്ത് ശക്തി പ്രാപിക്കുന്നു എന്നാണ് ഏറ്റവും മോശം കാര്യം.
ഇതെല്ലാം രാഷ്ട്രീയക്കാരു ടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും വിശ്വാസ്യതയുടെ നഷ്ട ത്തിലേക്കു വിരല്‍ ചൂണ്ടുന്നു. രാഷ്ട്രീയപാര്‍ട്ടികള്‍ തങ്ങളുടെ വഴികള്‍ ശരിയാക്കുന്നില്ലെങ്കില്‍, അരാഷ്ട്രീയ ശക്തികള്‍ അധികാരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തേക്കാം. അത് കേരളത്തിന്റെയോ ഏതെങ്കിലും പരിഷ്‌കൃത സമൂഹത്തിന്റെയോ താല്‍പ്പര്യങ്ങള്‍ക്ക് ഗുണകരമാകില്ല. ഭാഗ്യവശാല്‍, രാഷ്ട്രീയ ശക്തികള്‍ക്ക് സ്വയം തിരുത്താനും അരാഷ്ട്രീയ ശക്തികളുടെ വളര്‍ച്ച തടയാനും വേണ്ടത്ര സമയം ഇനിയുമുണ്ട്.
അതെന്തായാലും, സാമുദായിക, മതമൗലികവാദ ശക്തികളുടെ വളര്‍ച്ചയാണ് കൂടുതല്‍ അപകടകരമായ സംഭവവികാസം. അവയെല്ലാം ഈ തിരഞ്ഞെടുപ്പില്‍ ശക്തി പ്രാപിച്ചിരിക്കുകയാണ്. മിക്ക പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഈ കക്ഷികളുമായി രഹസ്യമായി പ്രാദേശിക നീക്കു പോക്കുകള്‍ ഉണ്ടായിരുന്നു എന്നതാണ് ഏറ്റവും മോശമായ കാര്യം. വിശദാംശങ്ങള്‍ എല്ലാവര്‍ക്കും അറിയാം, വിശേഷിച്ചും എതിരാളികള്‍ക്ക്. അവ പങ്കിടു ന്നതില്‍ അവര്‍ പരാജയപ്പെട്ടിട്ടു മില്ല. എന്നാല്‍ വ്യക്തമായ കേന്ദ്ര നിര്‍ദേശങ്ങള്‍ അവഗണി ച്ച് കേരളത്തിലെ കോണ്‍ഗ്രസ് അത്തരം നീക്കുപോക്കുകളില്‍ ഏര്‍പ്പെട്ടു എന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം. ഇത് ചരിത്രപരമായ ഈ ദേശീയ പാര്‍ട്ടിക്ക് ഭൂരിപക്ഷ സമുദായത്തിന്റെ ചില വോട്ടുകള്‍ നഷ്ടപ്പെടാന്‍ ഇടയാക്കി. എന്തിനധികം, കേരളത്തിന് പുറത്ത് ഈ നീക്കുപോക്കുകള്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ നഷ്ടമുണ്ടാക്കുമെന്ന് ഉറപ്പാണ്.
സംസ്ഥാനത്തിന്റെ മതേതര പ്രതിച്ഛായ വലിയ പരിക്കേറ്റു എന്നതാണ് ഏറ്റവും മോശം കാര്യം. കുറച്ച് വോട്ടുകള്‍ക്ക് വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറായ രാഷ്ട്രീയ പാര്‍ട്ടികളുടെ വിചിത്രമായ മുന്‍ഗണനകളാണ് ഇവ പ്രതിഫലിപ്പിക്കുന്നത്. സ്ഥാപിത മതേതര മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കാന്‍ വോട്ടര്‍മാരെ ഇതു നിര്‍ബന്ധിതരാക്കി. ജനങ്ങള്‍ വന്‍തോതില്‍ അങ്ങ നെ മാറിയിട്ടില്ല എന്നതു ശരിയാണ്. ഭാഗ്യവശാല്‍, സാമുദായിക വിഷവും വിദ്വേഷവും പ്രചരിപ്പി ക്കുകയും ദേശവിരുദ്ധ പ്രവണതകള്‍ ശക്തിയാര്‍ജിക്കുകയും ചെയ്തിട്ടും സംസ്ഥാനത്തിന്റെ പൊതുവായ മതേതര സ്വഭാവം നിലനില്‍ക്കുന്നുണ്ട്.
വോട്ടിംഗ് രീതികളിലുണ്ടായിരിക്കുന്ന ഈ വിചിത്രമായ മുന്‍ഗണനകളെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ശ്രദ്ധിക്കുകയും സംസ്ഥാന താത്പര്യത്തിനു വേണ്ടി സ്വയം കൂടുതല്‍ പക്വതയും ഉത്തരവാദിത്വവും പ്രകടിപ്പിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.

സഹൃദയവേദി വജ്രജൂബിലി മന്ദിര ഫണ്ട് ഉദ്ഘാടനം ചെയ്തു

വിശ്വാസപരിശീലന വാര്‍ഷികം ആഘോഷിച്ചു

ഏഴു സഹോദര രക്തസാക്ഷികളും അമ്മ വിശുദ്ധ ഫെലിസിറ്റിയും (165) : ജൂലൈ 10

തീര്‍ഥാടനത്തിനു നമ്മുടെ വിശ്വാസജീവിതത്തില്‍ നിര്‍ണ്ണായക പങ്കുണ്ട്

അഫെക്ക് : തകര്‍ന്നുവീഴുന്ന കോട്ട