Coverstory

മനുഷ്യപരിമിതിയില്‍ നിന്നു ദൈവികപൂര്‍ണതയിലേക്ക് നമ്മെ ഉണര്‍ത്തുന്ന പരിശുദ്ധ കന്യകാമറിയം

Sathyadeepam

ഡോ. ജോയി അയിനിയാടന്‍

ആനന്ദിച്ച് ആഹ്ലാദിക്കുവിന്‍ എന്ന അപ്പസ്‌തോലിക പ്രബോധനം ഫ്രാന്‍സിസ് പാപ്പ സമാപിപ്പിക്കുന്നത് ഇപ്രകാരമാണ്: "ഈ വിചിന്തനങ്ങള്‍ പരിശുദ്ധ കന്യകാമറിയത്താല്‍ കിരീടമണിയിക്കപ്പെടാന്‍ ഞാന്‍ ആ ഗ്രഹിക്കുന്നു. എന്തെന്നാല്‍, മറ്റാരും ജീവിച്ചിട്ടില്ലാത്തതുപോലെ യേശുവിന്റെ സുവിശേഷഭാഗ്യങ്ങള്‍ ജീവിച്ചവളാണവള്‍… പരിശുദ്ധ മറിയം വിശുദ്ധരിലെ വിശുദ്ധയാണ്" (ആനന്ദിച്ച് ആഹ്ലാദിക്കുവിന്‍, 176). അജപാലകരായ മാര്‍പാപ്പയും, മെത്രാന്മാരും വൈദികരും അസാധാരണമായ വിശുദ്ധിയുള്ളവരാകണം. വിശുദ്ധരുടെ സമൂഹത്തിനു നേതൃത്വം കൊടുക്കുന്നവര്‍ സഭാമക്കളേക്കാള്‍ വിശുദ്ധിയില്‍ ഒരുപടി കൂടി മുന്‍പന്തിയിലാകണം. "എന്റെ സ്വര്‍ഗസ്ഥനായ പിതാവ് പരിപൂര്‍ണ്ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്‍ണ്ണരായിരിക്കുവിന്‍" (മത്തായി 5:48). സ്വര്‍ഗസ്ഥനായ പിതാവിന്റെ പരിപൂര്‍ണ്ണത മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരു സാധ്യതയാണ്. "ഈ സാധ്യത യാഥാര്‍ത്ഥ്യമാക്കിയ മനുഷ്യവ്യക്തിയാണ് പരിശുദ്ധ കന്യകാമറിയം." ഈ സാധ്യതയിലേക്ക് എങ്ങനെ സ്വയം ഉണരണമെന്നും മറ്റുള്ളവരെ എങ്ങനെ ഉണര്‍ത്തണമെന്നും പരിശുദ്ധ അമ്മ സ്വജീവിതം വഴി നമ്മെ പഠിപ്പിച്ചു. അമ്മ പഠിപ്പിക്കുന്ന ഏഴ് പാഠങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കാന്‍ ഞാന്‍ ഈ സമയം ഉപയോഗിക്കുന്നു.

പാഠം ഒന്ന്: ശാന്തമായ ആത്മീയമൗനം

എല്ലാക്കാര്യങ്ങളും ഹൃദയത്തില്‍ സംഗ്രഹിച്ച് ധ്യാനിക്കുന്ന, പ്രാര്‍ത്ഥനാപൂര്‍വ്വം പരിശോധിക്കുന്ന ജീവിതശൈലി പരിശുദ്ധ കന്യകാമറിയം ബാല്യം മുതല്‍ സ്വന്തമാക്കിയിരുന്നു (ലൂക്കാ 2:52). ദൈവസന്നിധിയില്‍ ശാന്തതയുടെയും ഏകാന്തതയുടെയും മൗനത്തിന്റെയും നിമിഷങ്ങളിലാണ് ദൈവത്തിന്റെ സ്വരം കേള്‍ക്കാന്‍ മനുഷ്യന് സാധിക്കുന്നത് (ആനന്ദിച്ച് ആഹ്ലാദിക്കുവിന്‍, 29).
* തിരുസന്നിധിയില്‍ ഏകാഗ്രതയോടെ ഇരുന്ന് പ്രാര്‍ത്ഥിക്കുന്ന, ധ്യാനിക്കുന്ന, സദാസമയവും ദൈവമേഖലയില്‍ വ്യാപരിക്കുന്ന അജപാലകരുടെ എണ്ണം കുറഞ്ഞു കൊണ്ടിരിക്കുന്നു.
* പ്രാര്‍ത്ഥനകള്‍ ചൊല്ലുന്നവരുടെ എണ്ണം കൂടുകയും പ്രാര്‍ത്ഥിക്കുന്നവരുടെ എണ്ണം കുറയുകയും ചെയ്യുന്നു.
* പ്രകടനപരതയും ശബ്ദമലിനീകരണവും ആള്‍ദൈവസൃഷ്ടിയും പ്രാര്‍ത്ഥനയുടെ മൂല്യം കെടുത്തുന്നു.
"ഒരു മത്സ്യം സദാസമയവും വെള്ളത്തിലായിരിക്കുന്നതുപോലെ ഞാന്‍ എപ്പോഴും ദൈവസന്നിധിയിലായിരിക്കും. മത്സ്യം വെള്ളത്തില്‍ നിന്ന് എടുത്തു മാറ്റപ്പെടുമ്പോള്‍ അതിന്റെ മരണം സംഭവിക്കുന്നതുപോലെ, ദൈവസന്നിധിയില്‍ നിന്ന് അകന്നു നില്‍ക്കുന്ന നിമിഷം എന്റെ ആത്മീയ മരണം സംഭവിക്കും" എന്നാണ് വിശുദ്ധ ജോണ്‍ മരിയ വിയാനി തന്റെ ആത്മീയജീവിതത്തെക്കുറിച്ച് പറയുന്നത്.

പാഠം രണ്ട്: തിരുസന്നിധിയിലെ യുക്തിവിചാരം

ദൈവികവെളിപാടിന്റെ അവ്യക്തതകള്‍ക്ക് വിശദീകരണം തേടുന്ന, കൃത്യതയാര്‍ന്ന ചോദ്യമുന്നയിച്ച് യുക്തിവിചാരം നടത്തുന്ന മറിയത്തെ അവഗണിക്കരുത്. ദൈവത്തിന്റെ മനുഷ്യാവതാരത്തിലെ അവ്യക്തതകള്‍ മുഴുവനും ഒരൊറ്റ ചോദ്യത്തില്‍ അവതരിപ്പിക്കുന്ന നസ്രത്തിലെ യുവതി നമുക്ക് മാതൃകയാകണം: "ഇതെങ്ങനെ സംഭവിക്കും ഞാന്‍ പുരുഷനെ അറിയുകയില്ലല്ലോ?" തിരുസന്നിധിയിലെ യുക്തിവിചാരമാണ് ജ്ഞാനവാദത്തിന്റെ അഹങ്കാരത്തില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗം. ദൈവികവെളിപാട് നമ്മിലുണര്‍ത്തുന്ന ജിജ്ഞാസയും സംശയങ്ങളും അവഗണിക്കരുത്. കത്തുന്ന മുള്‍പ്പടര്‍പ്പിലെ പച്ചപ്പിന്റെ രഹസ്യം തേടി അടുത്തു ചെന്നു പരിശോധിക്കുന്ന ഉണര്‍ന്നിരിക്കുന്ന അജപാലകനായ മോശയും, മിശിഹാ ഉത്ഥിതനായി എന്ന സഹശിഷ്യന്മാരുടെ സാക്ഷ്യത്തെ വ്യക്തമായി വിവേചിച്ചറിയാന്‍ തന്റെ മനുഷ്യപരിമിതിയില്‍ സാധ്യമായ പരിശോധനകള്‍ നടത്തുമെന്ന് ശാഠ്യം പിടിക്കുന്ന തോമാശ്ലീഹായും, അന്ധവിശ്വാസത്തെ ത്യജിച്ച് യുക്തിയിലൂടെ വിശ്വാസത്തിന്റെ ആഴങ്ങളിലേക്കിറങ്ങാന്‍ ധൈര്യം കാണിച്ചവരാണ്. നശ്വരമായ ഈ ലോകത്തില്‍ അനശ്വരമായതിനെ കണ്ടെത്താനുള്ള മനുഷ്യന്റെ അന്വേഷണത്തില്‍ എന്നും പച്ചകെടാതെ നില്‍ക്കുന്ന മുള്‍പ്പടര്‍പ്പ് 'ഞാന്‍ ആയിരിക്കുന്നവന്‍ ആകുന്നു' എന്നു വെളിപ്പെടുത്തിയ ദൈവം തന്നെയാണ് (പുറപ്പാട് 3:14). സ്ഥലകാലപരിമിതിയിലെ മനുഷ്യയുക്തിയും ഇന്നലെയും ഇന്നും നാളെയും ഒരേ സമയം കാണുന്ന ദൈവികജ്ഞാനവും സമന്വയിക്കുന്നിടത്തേ യഥാര്‍ത്ഥ സത്യദര്‍ശനം സാധ്യമാകൂ.
* ആത്മീയാചാര്യന്മാര്‍ ലൗകികവ്യഗ്രതകളില്‍ മുഴുകി ഓരോ പ്രശ്‌നങ്ങളില്‍ ചെന്ന് ചാടുമ്പോള്‍ വസ്തുനിഷ്ഠമായ അപഗ്രഥനത്തിന് നാം തയ്യാറാകുന്നില്ല. എവിടെയും വിഭാഗീയതയാണ്. കൂടെയുള്ളവനും കൂടെയില്ലാത്തവനും തമ്മിലുള്ള വഴക്ക്. വഴക്കിന്റെ പെരുമഴ. അത് ആഘോഷിക്കുന്ന മാധ്യമപ്പടയും.
* "എന്തേ ഇങ്ങനെ സംഭവിക്കുന്നു?" എന്നു തിരുസന്നിധിയിലിരുന്ന് സ്വതന്ത്രമായി ദൈവത്തോടു ചോദിക്കാന്‍ ധൈര്യമുള്ള അജപാലകരുടെ എണ്ണം കുറയുന്നു എന്ന യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയാനും പരിഹാരമാര്‍ഗങ്ങള്‍ തേടാനും നമുക്ക് കഴിയണം.

പാഠം മൂന്ന്: തിരുഹിത നിര്‍വ്വഹണത്തിനായു ള്ള ദാസ്യമനോഭാവം

അവ്യക്തതയുടെ കാര്‍മേഘങ്ങള്‍ കൃപാവര്‍ഷമായി പെയ്തിറങ്ങിയപ്പോള്‍ മറിയം പരിപൂര്‍ണ്ണ സമര്‍പ്പണത്തിന്റെ വിനീത ദാസിയായി മാറി. മനുഷ്യപരിമിതികളെയും യുക്തിയുടെ നിസ്സഹായതയെയും പരിഹരിക്കുന്ന ദൈവികവെളിപാടിന്റെ പുണ്യമുഹൂര്‍ത്തത്തില്‍ "ഇതാ കര്‍ത്താവിന്റെ ദാസി, നിന്റെ ഹിതം എന്നില്‍ നിറവേറട്ടെ" എന്നു പ്രത്യുത്തരം കൊടുത്ത മറിയത്തെപ്പോലെ, ദൈവഹിതനിര്‍വ്വഹണത്തിനായി സ്വയം സമര്‍പ്പിക്കുന്ന ദാസ്യമനോഭാവം അജപാലകനുണ്ടാകണം. അവിടെയാണ് അപകടകരമായ അത്യന്താധുനിക പെലേജിയനിസത്തില്‍ നിന്നുള്ള വിടുതല്‍ സംഭവിക്കുന്നത്. ദൈവം മാത്രമാണ് യഥാര്‍ത്ഥജ്ഞാനിയെന്നും ദാര്‍ശനികന്‍ വിജ്ഞാനകവാടത്തിലെ യാചകനാണെന്നുമുള്ള പൈഥ ഗോറസിന്റെ സത്യദര്‍ശനമാണത്.
* നമ്മില്‍ അനുസ്യൂതം നടന്നുകൊണ്ടിരിക്കുന്ന ദൈവികവെളിപാടിനെ ഗൗരവമായി കാണാന്‍ അജപാലകരില്‍ പലര്‍ക്കും കഴിയുന്നില്ല. ഇരുണ്ട ദിനങ്ങളിലൂടെയും ദുഖഃവെള്ളികളിലൂടെയും ദൈവം നമ്മോടു സംസാരിക്കുമെന്ന അടിസ്ഥാനപരമായ വിശ്വാസം പോലും നമുക്കില്ലാതെ പോകുന്നു.
* നമ്മുടെ പൂര്‍വ്വികര്‍ ആര്‍ജിച്ചെടുത്ത സല്‍പ്പേര് കാത്തുസൂക്ഷിക്കുന്നത് മേര േമിറ റശുഹീാമര്യ വഴിയല്ല. മറിച്ച്, സത്യത്തിന്റെ, നീതിയുടെ, കാരുണ്യത്തിന്റെ മനുഷ്യാവതാരങ്ങളായി മാറുന്നതിലൂടെയാണ്. അങ്ങനെ നാമറിയാതെ നമ്മിലുള്ള ദൈവകൃപ നമ്മില്‍ത്തന്നെ രൂപപ്പെടുന്ന ധാര്‍മ്മികശക്തിയാണ് നമ്മെ യഥാര്‍ത്ഥ അജപാലകരായി നിലനിര്‍ത്തുന്നത്്.
"നമ്മുടെ മയക്കത്തില്‍ നിന്ന് നമ്മെ ഉണര്‍ത്താന്‍, നമ്മുടെ ആലസ്യത്തില്‍ നിന്ന് നമ്മെ സ്വതന്ത്രരാക്കാന്‍ കര്‍ത്താവിനെ നമുക്കനുവദിക്കാം" (ആനന്ദിച്ച് ആഹ്ലാദിക്കുവിന്‍, 137).

ശാസ്ത്രീയമായ പാഠപുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചും,
ചിട്ടയായ പരിശീലനം നല്‍കിയും, പരീക്ഷകള്‍ നടത്തിയും,
സമ്മാനം കൊടുത്തും, ശിക്ഷിക്കുമെന്നു ഭയപ്പെടുത്തിയും,
വിജയലഹരിയെ ഉത്തേജിപ്പിച്ചും നാം വിജയകരമായി
കൊണ്ടുപോകുന്നുണ്ടെന്ന് 
അഭിമാനിക്കുന്ന
വിശ്വാസപരിശീലനത്തെ വിമര്‍ശനാത്മകമായി പരിശോധിച്ച്
വിശാസപരിശീലനരംഗത്തെയും വൈദികപരിശീലനമേഖലയേയും
പുനര്‍ക്രമീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

പാഠം നാല്: പരിശുദ്ധാത്മാവിലുള്ള ഗര്‍ഭധാരണം

പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭം ധരിക്കുന്ന മറിയം ദൈവപുത്രന് ജന്മം നല്‍കുന്നു, ദൈവഹിതാനുസരണം ജീവിക്കുന്നു, ദൈവവചനത്തിന്റെ പ്രഘോഷകയായി മാറുന്നു. മറിയത്തേപ്പോലെതന്നെ ഇന്നിന്റെ അജപാലകന്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭം ധരിക്കപ്പെടണം. അവര്‍ ദൈവപുത്രര്‍ക്ക് ജന്മം നല്‍കും, അവര്‍ മാമോദിസമുക്കുന്നവരെല്ലാം ദൈവപുത്രരാകും, അവരുടെ കൈവയ്പ്പ് വഴി പൗരോഹിത്യത്തിലേക്ക് ഉയര്‍ത്തപ്പെടുന്നവര്‍ ദൈവകൃപയുടെ സം വാഹകരാകും, അവര്‍ അഭിഷേകം ചെയ്യുന്ന പുരോഹിതശേഷ്ഠന്മാര്‍ ദൈവജനത്തിന്റെ ഉറങ്ങാത്ത കാവല്‍ക്കാരുമാകും.
* സുദീര്‍ഘമായ 12 വര്‍ഷത്തെ വിശാസപരിശീലനം സിദ്ധിച്ച അല്മായരും, ഇതിനുപുറമേ 12 വര്‍ഷത്തെ വൈദികപരിശീലനം കൂടി പൂര്‍ത്തിയാക്കിയ പുരോഹിതരും ദൈവകൃപയുടെ സംവാഹകരാകുന്നുണ്ടോ?
* ശാസ്ത്രീയമായ പാഠപുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചും, ചിട്ടയായ പരിശീലനം നല്‍കിയും, പരീക്ഷകള്‍ നടത്തിയും, സമ്മാനം കൊടുത്തും, ശിക്ഷിക്കുമെന്നു ഭയപ്പെടുത്തിയും, വിജയലഹരിയെ ഉത്തേജിപ്പിച്ചും നാം വിജയകരമായി കൊണ്ടുപോകുന്നുണ്ടെന്ന് അഭിമാനിക്കുന്ന വിശ്വാസപരിശീലനത്തെ വിമര്‍ശനാത്മകമായി പരിശോധിച്ച് വിശാസപരിശീലനരംഗത്തെയും വൈദികപരിശീലനമേഖലയേയും പുനര്‍ക്രമീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

പാഠം അഞ്ച്: ആത്മാര്‍ത്ഥമായ മനുഷ്യസ്‌നേഹം

പരിശുദ്ധാത്മാവിനാല്‍ പൂരിതയായ കന്യകാമറിയം എലിസബത്തിനെ സഹായിക്കാന്‍ തിടുക്കത്തില്‍ യാത്രയാകുന്നു. കാനായിലെ വിവാഹവിരുന്നിന്റെ കുറവു പരിഹരിക്കാന്‍ ദൈവിക ഇടപെടലിനായി മാധ്യസ്ഥം വഹിക്കുന്നു. നിസ്സംഗതയില്‍ നിന്നുമുള്ള ഉയിത്തെഴുന്നേല്‍പ്പ് പരിശുദ്ധാത്മാവിന്റെ വരമാണ്. "ദൈവം നിത്യനൂതനത്വമാണ്. അവിടുന്ന് നമ്മെ ഒരു നവയാത്രക്കായി നിരന്തരം പ്രേരിപ്പിക്കുന്നു. സാധാരണമായതിനെ അതിജീവിച്ച്, അതിരുകളിലേക്ക്, അതിനപ്പുറവും കടന്നുചെല്ലാന്‍ പ്രേരിപ്പിക്കുന്നു" (ആനന്ദിച്ച് ആഹ്ലാദിക്കുവിന്‍, 135). പരിശുദ്ധാത്മാവിന്റെ ഈ ദിവ്യ പ്രേരണയാലാണ് ദരിദ്രര്‍ ഭാഗ്യവാന്മാരാകുന്നത്, ദൈവരാജ്യത്തെപ്രതി പീഡകള്‍ സഹിക്കുന്നവരും അവഹേളിതരാകുന്നവരും ദൈവത്തിന് സ്തുതിഗീതങ്ങള്‍ പാടുന്നത്, നീതിയും സമാധാനവും, ദൈവകാരുണ്യവും പുലരുന്ന സമൂഹനിര്‍മ്മിതിക്കായി ജീവിതം സമര്‍പ്പിക്കുന്നത്.
* നമ്മള്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ മറ്റുവള്ളവരെ അറിയിക്കാന്‍ നമ്മുടെ മാധ്യമങ്ങളിലൂടെ പരമാവധി പബ്ലിസിറ്റി കൊടുക്കണമെന്നു ചിന്തിക്കുന്നവരാണധികവും.
* പബ്ലിസിറ്റിക്കുവേണ്ടി നാം ചെലവഴിക്കുന്ന സമയവും പ്രയത്‌നവും പണവും മനുഷ്യന്റെ വേദനയില്‍ പങ്കുചേര്‍ന്ന് ആശ്വാസമരുളാന്‍ ഉപയാഗപ്പെടുത്തുന്നതല്ലേ ഉപരിനന്മ?
* 'വലുതുകൈ ചെയ്യുന്നത് ഇടതുകൈ അറിയരുത്' എന്ന ദിവ്യനാഥന്റെ പ്രബോധനം നാം ഗൗരവമായി കാണണം. ജീവിതശൈലിയായി രൂപപ്പെടുത്തണം.

പാഠം ആറ്: ആത്മീയ ശിക്ഷണം

ചിതറിക്കപ്പെട്ട ശിഷ്യസമൂഹത്തെ പരിശുദ്ധ കന്യകാമറിയം സെഹിയോന്‍ മാളികയില്‍ ഒരുമിച്ചുകൂട്ടി ആത്മാവിന്റെ വരവിനായി ഒരുക്കി. അന്ത്യഅത്താഴത്തിന്റെ സെഹിയോന്‍ മാളിക സഭയുടെ ആദ്യത്തെ വിശ്വാസപാഠശാലയായി രൂപം കൊള്ളുന്നു. പരിശുദ്ധാത്മാവിന്റെ നിറവിന്റെ ആധികാരികതയോടെ കന്യകാമറിയം ആദ്യ പരീശീലകയുമാകുന്നു. ആ പരിശീലനക്കളരിയില്‍ നിന്നും ആത്മാവിനാല്‍ നിറഞ്ഞ് ആയിരങ്ങളെ അഭിസംബോധന ചെയ്യുന്ന പത്രോസ് ശ്ലീഹ തന്നെയാണ് അജപാലകര്‍ക്ക് മാതൃക. വിശ്വാസപരിശീലകന്റെ യോഗ്യതയും പരിശീലനം പൂര്‍ത്തിയാക്കുന്നതിന്റെ മാനദണ്ഡവും ഒന്നുതന്നെയാണ്: പരിശുദ്ധാത്മാവിന്റെ നിറവ്. ഈ ഒരൊറ്റ യോഗ്യതയുടെ സ്ഥാനത്ത് മറ്റു പലതും പ്രതിഷ്ഠിക്കപ്പെടുമ്പോള്‍ വിഭജനവും വിഭാഗീയതയും ലൗകികവ്യഗ്രതയും ധാര്‍മ്മികാധഃപതനവും എന്തുകൊണ്ടുണ്ടാകുന്നു എന്നാലോചിച്ച് തലപുകയേണ്ടതില്ല. അകക്കണ്ണുകള്‍ കൊണ്ട് ആത്മാവിന്റെ പ്രകാശത്തിന്റെ വ്യാപ്തിയും തീവ്രതയും പരിശോധിച്ചാല്‍ മതി.

പാഠം ഏഴ്: സ്വര്‍ഗാരോപണം

ആത്മാവിന്റെ നിറവില്‍ മനുഷ്യത്വത്തില്‍ നിന്ന് ദൈവികപൂര്‍ണ്ണതയിലേക്ക് ഉണര്‍ന്ന പരിശുദ്ധ അമ്മയെ സ്വര്‍ഗം ആഗീരണം ചെയ്ത പുണ്യമുഹൂര്‍ത്തമാണ് സ്വര്‍ഗാരോപണം. വിജ്ഞാനദാഹികളായ ഗ്രീക്കുകാരോട് ദിവ്യഗുരുവായ ക്രിസ്തുവിന്റെ ഉപദേശം മനുഷ്യത്വം വെടിഞ്ഞ് ദൈവികഭാവത്തെ ഉണര്‍ത്തണം എന്നായിരുന്നു. ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കില്‍ അത് അതേപടി ഇരിക്കും, അഴിയുന്നെങ്കിലോ അത് നൂറുമേനി ഫലം പുറപ്പെടുവിക്കും. മനുഷ്യത്വത്തില്‍ നിന്ന് ദൈവികപൂര്‍ണ്ണതയിലേക്കുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പ് അതാണ് മനുഷ്യന്റെ ആത്യന്തികമായ ദൈവവിളി. നമുക്ക് ഉണരാം. ഉയിത്തെഴുന്നേല്‍ക്കാം. പരിശുദ്ധ അമ്മയോട് ചേര്‍ന്ന് ദൈവത്തിന് അനവരതം സ്തുതിഗീതങ്ങള്‍ പാടാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

വയോജന കൂട്ടായ്മ സംഘടിപ്പിച്ചു

കെ സി ബി സി - ഫാ. മാത്യു നടയ്ക്കല്‍ മതാധ്യാപക അവാര്‍ഡ് മൂന്നു പേര്‍ക്ക്

മെല്‍ബണ്‍ രൂപതാ യുവജനങ്ങള്‍ മിഷന്‍ കേന്ദ്രങ്ങളിലെത്തി

ജാര്‍ഖണ്ഡില്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ 87-ാം ജന്മവാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

തണ്ണീര്‍മുക്കം തിരുരക്ത ദൈവാലയത്തിലെ വിശുദ്ധ ചാവറ കുടുംബ കൂട്ടായ്മയുടെ 7-ാമത് വാര്‍ഷിക ആഘോഷം