Coverstory

നീതിയില്‍ ആവിഷ്കൃതമാകേണ്ട വിശ്വാസവും യുക്തിയും

Sathyadeepam


സുനില്‍ പി. ഇളയിടം

കേവലവും ശാശ്വതവും സനാതനവുമായ ഒരു യുക്തിബോധമോ ഒരു വിശ്വാസമോ നിലനില്ക്കുന്നില്ല എന്നു കരുതുന്ന ഒരാളാണു ഞാന്‍. മറിച്ച്, നമ്മുടെ യുക്തിബോധവും നമ്മുടെ വിശ്വാസവും ചരിത്രബന്ധങ്ങള്‍ക്കുളളിലാണു നിലനില്ക്കുന്നത് എന്നതാണ് എന്‍റെ ധാരണ. ചരിത്രബന്ധങ്ങള്‍ പറയുമ്പോഴാകട്ടെ അത് സത്താരൂപത്തിലല്ല മറിച്ചു വിപുലമായ ഒരു ബന്ധവ്യവസ്ഥയ്ക്കുള്ളിലാണ്. അതില്‍ ഒരുപാടു ഘടങ്ങളുണ്ട്. ലളിതമായി പറഞ്ഞാല്‍ നമ്മുടെ ജീവിതക്രമം, നമ്മുടെ ഉത്പാദനവ്യവസ്ഥ, ഭരണകൂടങ്ങള്‍, നാം ആര്‍ജ്ജിക്കുന്ന വിജ്ഞാനം, സാങ്കേതികവിദ്യയുടെ വളര്‍ച്ച, ഭൗതിക പരിതസ്ഥിതികള്‍… ഇങ്ങനെ എത്രയോ ഘടകങ്ങള്‍ ചേര്‍ന്ന ഒരു വലിയ ബന്ധത്തിനുള്ളിലാണു നമ്മള്‍ എപ്പോഴും ജീവിക്കുന്നത്.

പ്രാചീനനായ മനുഷ്യന്‍ മിക്കവാറും പ്രകൃതിയില്‍ നിന്നു ജീവിതോപാധികള്‍ വേട്ടയാടിപ്പിടിച്ചു മാത്രം ജീവിച്ചിരുന്ന ഒരു ഘട്ടത്തില്‍ അയാളെ വിശ്വാസത്തിലേക്കോ നീതി ബോധത്തിലേക്കോ നയിക്കുന്ന ഘടകങ്ങള്‍ക്കൊന്നും ഇന്നു വിശ്വാസമോ യുക്തിബോധമോ ആയി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളിലെ മഹാനായ ജെയിംസ് ഫ്രെയ്സര്‍ എന്ന നരവംശ ചിന്തകന്‍ മന്ത്രവാദത്തിന്‍റെ പൊരുള്‍ വിശദീകരിക്കുന്ന സമയത്ത് പറയുന്ന കൗതുകകരമായ ഒരു കാര്യം, മന്ത്രവാദം എന്നു പറയുന്നതു പ്രാചീനമായ സയന്‍സാണ് എന്നാണ്. മന്ത്രവാദം മതമല്ല. മതം വിശ്വാസത്തിലധിഷ്ഠമാണ്. മന്ത്രവാദം യുക്തിയില്‍ അധിഷ്ഠിതമാണ്. ഇന്നു നിങ്ങള്‍ കരുതുന്നതു മന്ത്രവാദം മതത്തിന്‍റെ ഭാഗമായിട്ടാണ്. ഫ്രെയ്സര്‍ പറയുന്നത്, മന്ത്രവാദചടങ്ങുകളിലും യുക്തിയുണ്ട്. ആ യുക്തി തെറ്റാണ് എന്നറിയുന്നതുകൊണ്ടു നാമതിനെ യുക്തിപരമായി കരുതുന്നില്ല. പക്ഷേ, ആ യുക്തി തെറ്റല്ല എന്നു കരുതാത്തിടത്തോളം കാലം അതു യുക്തിപരമായിട്ടാണു നിലനിന്നത്. അദ്ദേഹം വിശദീകരിക്കുന്നതിതാണ്, മന്ത്രവാദ ചടങ്ങുകള്‍ക്ക് അടിസ്ഥാനപരമായി സമ്പര്‍ക്കനിയമം, സാദൃശ്യനിയമം എന്നീ തത്ത്വങ്ങളുണ്ട്. നിങ്ങളെ കൊലപ്പെടുത്തണമെന്നാഗ്രഹിച്ചാല്‍ നിങ്ങളെ കൊല്ലാന്‍ നിവൃത്തിയില്ലെങ്കില്‍ നിങ്ങളുടെ രൂപത്തില്‍ ഒരു പ്രതിമയുണ്ടാക്കി അതില്‍ ആണിയടിച്ചു കയറ്റിയാല്‍ അതിന്‍റെ ഫലം നിങ്ങള്‍ക്കുണ്ടാകും എന്ന് പഴയ ആഭിചാരകര്‍മങ്ങളില്‍ വിശ്വസിച്ചിരുന്നു. ഇന്നു നമുക്കറിയാം, അങ്ങനെ ആണിയടിച്ചാല്‍ നിങ്ങള്‍ക്കൊന്നും പറ്റില്ല, ആണി അവിടെ ഇരിക്കുകയേ ഉള്ളൂ… ഈ സമ്പര്‍ക്കനിയമവും സദൃശ്യനിയമവും ഒക്കെകൊണ്ട് സംഘടിപ്പിക്കപ്പെട്ട നൂറുകണക്കായ ചടങ്ങുകള്‍ ആചരിച്ചാണു മനുഷ്യര്‍ ലക്ഷോപലക്ഷം വര്‍ഷം ജീവിച്ചിരുന്നത്. മഴ പെയ്താല്‍ തവള കരയും എന്നതുകൊണ്ടു പ്രാചീന സമൂഹങ്ങളില്‍ പലതും മഴ പെയ്യാന്‍വേണ്ടി തവളയെപ്പോലെ ഒച്ചയുണ്ടാക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നു. കാരണം മഴ പെയ്താല്‍ തവള കരയും തിരിച്ചു ചിന്തിക്കുമ്പോള്‍, തവള കരഞ്ഞാല്‍ മഴ പെയ്യണം. തവള കരഞ്ഞില്ലെങ്കിലോ? നിങ്ങള്‍ തവളയെപ്പോലെ കരഞ്ഞാലും മതി… കാരണം ഇതു തമ്മില്‍ പരസ്പരം ബന്ധമുണ്ടെന്നു മനുഷ്യര്‍ നിരീക്ഷിക്കുന്നു. ഇന്നു നമുക്കറിയാം, തവള കരഞ്ഞിട്ടും മഴ പെയ്യുന്നില്ല, നിങ്ങള്‍ കരഞ്ഞിട്ടും മഴ പെയ്യില്ല. മഴ പെയ്യുന്നത് വേറെ കാരണങ്ങള്‍കൊണ്ടാണ്. എന്നാല്‍ ഇത് അറിയാത്തിടത്തോളം കാലം നമുക്കു കരഞ്ഞുനോക്കാം. അങ്ങനെ കരഞ്ഞുനോക്കുന്നതു യുക്തിപരമായിട്ടാണ്. പക്ഷേ ആ യുക്തി ചരിത്രപരമാണ്. കേവല യുക്തി എന്നു പറയുന്നതു വാസ്തവത്തില്‍ നിലനില്ക്കുന്ന ഒന്നല്ല. നമ്മുടെ ധ്യാനാത്മകചിന്തയിലോ നമ്മുടെ അമൂര്‍ത്തമായ വിചാരങ്ങളിലോ അതിനെ കൊണ്ടുനടക്കാം എന്നല്ലാതെ യുക്തി ചരിത്രനിരപേക്ഷമായ ഒന്നല്ല.

കേവല വിശ്വാസം എന്നൊന്നില്ല. വിശ്വാസത്തെ ഓരോ സമൂഹവും തങ്ങള്‍ ജീവിക്കുന്ന കാലത്തിന്‍റെ മൂല്യബോധത്തിനും ആ മൂല്യബോധത്തെ നിര്‍ണയിക്കുന്ന അടിസ്ഥാന ഭൗതിക ബന്ധങ്ങള്‍ക്കും ഉപയുക്തമാകുന്ന മട്ടില്‍ പുനഃക്രമീകരിച്ചുകൊണ്ടിരിക്കുന്നുണ്ട്. അങ്ങനെ പുനഃക്രമീകരിക്കുക എന്നതു വിശ്വാസത്തിന്‍റെ അതിജീവനത്തിന് അതിപ്രധാനമായ അടിസ്ഥാനമാണ് എന്നു ഞാന്‍ കരുതുന്നു. അതുകൊണ്ടു വിശ്വാസം, യുക്തി എന്നിവയെ സത്താപരമായ, ശാശ്വതമായ രണ്ടു ഗണങ്ങളായി കല്പിച്ച് ഇതില്‍ ഏതാണു ശരി എന്നു ചോദിക്കുന്നത് അര്‍ത്ഥശൂന്യമായ ചോദ്യമാണ്. യുക്തി ചരിത്രപരമാണ്, സമൂഹബന്ധങ്ങള്‍ക്കും ചരിത്രബന്ധങ്ങള്‍ക്കും ഉള്ളിലാണ്. വിശ്വാസവും ചരിത്രപരവും സാമൂഹികവുമായ ബന്ധങ്ങള്‍ക്കുള്ളിലാണ്; കേവലമല്ല.

അങ്ങനെയെങ്കില്‍ കേവലമായി ഇവയ്ക്കിടയില്‍ ഉയര്‍ത്തിപ്പിടിക്കാവുന്ന എന്തെങ്കിലുമുണ്ടോ? എല്ലാം ആപേക്ഷികമാണ് എന്നു കരുതിയാല്‍ മനുഷ്യജീവിതം വളരെ നിരര്‍ത്ഥകമായിത്തീരില്ലേ? മനുഷ്യജീവിതത്തില്‍ എന്തും അനുവദനീയമാണ് എന്നു വരില്ലേ? അങ്ങനെ പോകാമോ എന്നു ചോദിച്ചാല്‍ നിശ്ചയമായും പൊയ്ക്കൂടാ എന്നുതന്നെ കരുതുന്ന ഒരാളാണു ഞാന്‍. ആപേക്ഷികമായി അല്ലാത്തത് എന്തുണ്ട്, ഒരു സമൂഹജീവി എന്ന നിലയ്ക്ക്, വ്യക്തി എന്ന നിലയ്ക്ക് മനുഷ്യര്‍ക്കു കേവലമായി ഉയര്‍ത്തിപ്പിടിക്കാന്‍ അര്‍ഹമായത് എന്തുണ്ട് എന്ന ചോദ്യത്തിനു ഞാന്‍ കരുതുന്ന ഒരു ഉത്തരം നീതി എന്നതാണ്. ഈ നീതിയുടെ ആവിഷ്കാരമാകുന്ന യുക്തിയും നീതിയില്‍ ആവിഷ്കാരമാകുന്ന വിശ്വാസവുമാണു നിലനില്ക്കാന്‍ യോഗ്യമായത്. നീതിയുടെ ആവിഷ്കാരമാകുമ്പോള്‍ മാത്രമേ നിയമംപോലും നിലനില്ക്കാന്‍ യോഗ്യമാകൂ. നീതി എന്നു പറയുന്നതാണു നിയമമെന്നു തെറ്റിദ്ധരിക്കരുത്. നീതിബോധത്തെ ഓരോ ചരിത്രഘട്ടവും വ്യവസ്ഥപ്പെടുത്തിക്കൊണ്ടാണു നിയമമുണ്ടായത്. അതു നീതിയാകണമെന്നില്ല. സ്വവര്‍ഗാനുരാഗം കുറ്റകൃത്യമായിരുന്നു. എന്നാല്‍ സുപ്രീം കോടതി വിധി വഴി അതു കുറ്റകൃത്യമല്ലെന്നും ഒന്നര നൂറ്റാണ്ടുകാലം നാം കുറ്റവാളികളായി അവരെ (സ്വവര്‍ഗാനുരാഗികളെ) പരിഗണിച്ചതാണു തെറ്റ് എന്നും നാം മനസ്സിലാക്കി. ഇതൊരു കാര്യം മാത്രമല്ല.

ഗാന്ധിജി നിസ്സഹകരണപ്രസ്ഥാനത്തില്‍ ഏര്‍പ്പെടുകയും നിയമലംഘനപ്രസ്ഥാനം സംഘടിപ്പിക്കുകയുമൊക്കെ ചെയ്തു. നിയമലംഘനപ്രസ്ഥാനം ഗാന്ധിജി ഉണ്ടാക്കിയ സമയത്തു കോണ്‍ഗ്രസ്സിന്‍റെ വലിയ നേതാക്കളില്‍ ഒരാളായിരുന്ന ആനി ബസന്‍റ് നിയമലംഘനം എന്നതിനെ സമരമാര്‍ഗമാക്കുന്നതു തെറ്റാണ് എന്നു വാദിക്കുകയുണ്ടായി. നിയമം അനുസരിക്കുക എന്നത് ഉത്തരവാദിത്വമുള്ള മനുഷ്യര്‍ ചെയ്യേണ്ട കാര്യമാണ്. നിയമം ലംഘിച്ചുകൂടാത്ത ഒന്നാണ് എന്നും അതിനെ ഒരു സമരമാര്‍ഗമാക്കിക്കൂടാ എന്നും സൂചിപ്പിക്കപ്പെട്ടപ്പോള്‍ 'നിയമം ലംഘിച്ചുകൂടാ എന്നു പറയുന്നതു ശരിയാണ്. എപ്പോള്‍ മാത്രം, നിയമം നീതിയുടെ ആവിഷ്കാരമായിരിക്കുമ്പോള്‍ മാത്രം" എന്നാണു ഗാന്ധിജി വ്യക്തമാക്കിയത്. നീതിയെ ലംഘിക്കുന്ന നിയമമാണെങ്കില്‍ നിയമത്തെ ലംഘിക്കലാണു നീതി. അതുകൊണ്ട് അടിസ്ഥാനം നിയമമല്ല, നീതിയിലാണ്.

ഈ നീതി എന്ന മൂല്യത്തെ മുന്നില്‍വയ്ക്കുകയും നിങ്ങളുടെ യുക്തിബോധത്തെയും വിശ്വാസത്തെയും നീതിയുടെ തുലാസിലിട്ടു തൂക്കിനോക്കുകയും അതു നീതിക്കൊപ്പം നില്ക്കുന്നതാണ്, നീതിയെ പിന്തുണയ്ക്കുന്നതാണ് എന്നു വരികയും ചെയ്യുമ്പോള്‍ മാത്രം അതിനെ സാധൂകരിക്കുകയാണു ചെയ്യേണ്ടത്. അതുകൊണ്ടു വിശ്വാസവും നീതിയും എന്നതിനെ കേവല സംജ്ഞകളായി എടുത്ത് ആ വിശ്വാസത്തെയും നീതിയെയും ചരിത്രത്തിനും ജീവിതബന്ധങ്ങള്‍ക്കും സമൂഹത്തിനും പുറത്തു മനുഷ്യര്‍ കൊണ്ടുനടക്കുന്ന എന്തോ ഒന്നാണ് എന്നു സങ്കല്പിക്കുകയും ഇതിലേതാണു ശരി എന്ന താര്‍ക്കികമായ ചോദ്യം ചോദിക്കുകയും ചെയ്യുന്നതുകൊണ്ടു ചരിത്രത്തില്‍ വലിയ ഫലമൊന്നും ഉണ്ടാകില്ല. ചരിത്രത്തില്‍ പ്രവര്‍ത്തിക്കുന്നതു കേവല വിശ്വാസമല്ല, കേവലയുക്തിയുമല്ല; ചരിത്രബന്ധങ്ങള്‍ക്കുള്ളിലെ വിശ്വാസമാണ്, ചരിത്രബന്ധങ്ങള്‍ക്കുള്ളിലെ യുക്തിബോധമാണ്…

ഗാന്ധിജി വിശ്വാസിയായിരുന്നു. കടുത്ത മതബോധനത്തിനകത്തു ജീവിച്ചിരുന്ന ആളായിരുന്നു അദ്ദേഹം. തന്‍റെ ദൈവബോധത്തെ തന്‍റെ രാഷ്ട്രീയപ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനമാക്കാന്‍ അദ്ദേഹം ശ്രമിച്ചു. എന്നാല്‍ മുഹമ്മദാലി ജിന്ന ഒരു വലിയ മുസ്ലീം വിശ്വാസിയായിരുന്നില്ല എന്നു നമുക്കറിയാം. അദ്ദേഹം മതാചാരങ്ങള്‍ക്കുള്ളില്‍ ജീവിച്ചയാളല്ല. പക്ഷേ, ഗാന്ധിജി മതനിരപേക്ഷമായ രാഷ്ട്രത്തിനുവേണ്ടി നിലകൊള്ളുകയും വെടികൊണ്ടു മരിക്കുകയും ചെയ്തു. ജിന്ന മതാധിഷ്ഠിമായ ഒരു രാഷ്ട്രമുണ്ടാക്കി. ജിന്നയെപ്പോലെതന്നെ ദൈവബോധം ഏറെയൊന്നും ഇല്ലാതിരുന്ന ആളായിരുന്നു സവര്‍ക്കര്‍. 'ഹിന്ദുത്വ' എന്ന വാക്ക് ഉണ്ടാക്കിയത് സവര്‍ക്കറാണ്. അദ്ദേഹം ദൈവവിശ്വാസിയായിരുന്നില്ല. അതുകൊണ്ടു വിശ്വാസം എന്നു പറയുന്നത്, ദൈവത്തിലാണ് എന്നും മതത്തിലാണ് എന്നും പറയുന്നത് ഒരേ കാര്യമാണ് എന്നു തെറ്റിദ്ധരിക്കരുത്.

ഒരേയൊരു ദൈവം എന്നു പറഞ്ഞ നാരായണഗുരു കൂടെപ്പറഞ്ഞ് ഒരു വാക്യം ഇന്നു നിലനില്ക്കുന്ന ഏതങ്കിലും ഒരു മതത്തോടു നമുക്കു പ്രത്യേകിച്ചു യാതൊരു ബന്ധവുമില്ല എന്നാണ്. സാമ്പ്രദായികമായ ജീവിതത്തിനപ്പുറം, മതത്തെ, വിശ്വാസത്തെ ധാര്‍മ്മികമായി സങ്കല്പിച്ചാല്‍ നിങ്ങളുടെ വിശ്വാസം മറ്റൊരു വിശ്വാസത്തെ പുറന്തള്ളില്ല. മറിച്ച്, മതത്തെ ചരിത്രപരമായ ആചാരങ്ങ ളും അതിര്‍വരമ്പുകളുമായി സങ്കല്പിച്ചാല്‍ നിങ്ങളുടെ മതം മറ്റൊരു മതത്തെ പുറന്തള്ളും. അതുകൊണ്ടു മതം നൈതികമൂല്യമായിട്ടാണോ ആചാരമായിട്ടാണോ മാനിക്കപ്പെടേണ്ടത്?

വിശ്വാസമാണോ യുക്തിയാണോ? ഈ ചോദ്യത്തിനു വളരെ പ്രസക്തമായ ഉത്തരം ഗുരുവിനുണ്ട്. ഗുരുവിനോട് അദ്ദേഹത്തിന്‍റെ പ്രസിദ്ധ ശിഷ്യന്മാരിലൊരാളായ സി.വി. കുഞ്ഞിരാമന്‍ ചോദിച്ചു, സ്വാമി പറയുന്നതില്‍ ദൈവം ഒന്നാണ് എന്നതു മനസ്സിലായി. ജാതി ഒന്നാണെന്നു പറഞ്ഞതും മനസ്സിലായി. പക്ഷേ, മതങ്ങള്‍ പലതല്ലേ? അപ്പോള്‍ ഗുരു ചോദിച്ചത്, എന്തിനെയാണു മതമായി കാണുന്നത് എന്നാണ്? മതം അതിന്‍റെ മൂല്യമാണോ അതിന്‍റെ ആചാരരൂപമാണോ? ശേഷം അദ്ദേഹം പറയുന്ന മനോഹരമായ ഉദാഹരണമുണ്ട്. ക്രിസ്തുമതം സ്നേഹമാണ്, മുഹമ്മദ് മതം സാഹോദര്യമാണ്. എന്നാല്‍ സ്നേഹമില്ലാതെ, സാഹോദര്യമോ സാഹോദര്യമില്ലാതെ സ്നേഹമോ സാദ്ധ്യമല്ല. എന്നിരിക്കേ മതഭേദങ്ങള്‍ക്ക് എന്താണര്‍ത്ഥം എന്നാണു ഗുരു ചോദിക്കുന്നത്. നിങ്ങള്‍ മതാനുഭവത്തെ, നിങ്ങളുടെ വിശ്വാസത്തെ അതിന്‍റെ ധാര്‍മ്മികമായ മൂല്യമാക്കി മാറ്റിയാല്‍ നിങ്ങള്‍ക്കു യുക്തികൊണ്ട് എത്തിച്ചേരാവുന്നതിന്‍റെ പരമാവധിയില്‍ എത്തിച്ചേരാന്‍ കഴിയും എന്നാണു ഗുരു പറയാന്‍ ശ്രമിച്ചത്. യുക്തികൊണ്ടു നിങ്ങള്‍ എത്തിച്ചേരുന്ന സാര്‍വലൗകികതയിലേക്കും ബോദ്ധ്യത്തിലേക്കും നിങ്ങളുടെ വിശ്വാസത്തിന്‍റെ ധാര്‍മ്മികതലം നിങ്ങളെ നയിക്കും. ആ ധാര്‍മ്മികതലത്തില്‍ നില്ക്കുന്നതുകൊണ്ട് എനിക്ക് അവിടെ എത്താനായി മറ്റെന്തെങ്കിലും വേണ്ട. ഒരു ക്രൈസ്തവ പുരോഹിതന്‍ ചെന്ന് ക്രിസ്തുമതത്തെക്കുറിച്ച് ഒരുപാടു സംസാരിച്ചതിനുശേഷം ക്രിസ്തുമതം സ്വീകരിക്കണമെന്നാവശ്യപ്പെട്ടപ്പോള്‍, ഞാന്‍ താങ്കള്‍ ജനിക്കുന്നതിനുമുമ്പേ ക്രിസ്ത്യാനിയാണല്ലോ എന്നാണു ഗുരു പറഞ്ഞത്.

യുക്തിയെ നാം പലപ്പോഴും താര്‍ക്കികതയായി തെറ്റിദ്ധരിക്കുന്നുണ്ട്. അന്യോന്യം തര്‍ക്കിച്ചു മുന്നേറുന്നതാണു താര്‍ക്കികത. ഞാന്‍ യുക്തിവാദിയല്ല ദൈവവിശ്വാസിയുമല്ല. പക്ഷേ, ദൈവവിശ്വാസത്തെ ആദരിക്കുന്നയാളാണ്. അതിനെ ആദരിക്കുന്നത് അതിന്‍റെ നൈതികമാനത്തെ മുന്‍ നിര്‍ത്തിയാണ്, ആചാരത്തെ മുന്‍ നിര്‍ത്തിയല്ല. ആചാരത്തെ മുന്‍ നിര്‍ത്തി ഒരു വിശ്വാസത്തെ ആദരിക്കാന്‍ പറ്റില്ല. മൂല്യത്തിലേക്കു നോക്കണം. മൂല്യത്തിലേക്കു നോക്കുമ്പോള്‍ ബുദ്ധമതം കരുണയാണ്. ആചാരത്തിലേക്കു നോക്കിയാല്‍ ശ്രീലങ്കയില്‍ തമിഴരെ കൊന്നൊടുക്കുന്നുണ്ട്. ആചാരത്തിലേക്കു നോക്കിയാല്‍ രോഹിങ്ക്യന്‍ മുസ്ലീങ്ങളെ മ്യാന്‍മാറില്‍ കൊന്നുകൊണ്ടേയിരിക്കുന്നുണ്ട്. ആ ആചാരരൂപങ്ങളെല്ലാം കരുണയിലാണ്; ബുദ്ധമതം സ്നേഹത്തിലാണ്; സാഹോദര്യത്തിലാണ്, ഏകതയിലാണ്. ഈ മൂല്യ ത്തെ സ്വാംശീകരിച്ചാല്‍ യുക്തികൊണ്ട് എത്തിച്ചേരാവുന്നതിന്‍റെ പരമാവധിയിലേക്കു നിങ്ങള്‍ക്കു വിശ്വാസത്തിന്‍റെ ധാര്‍മ്മികതലംകൊണ്ട് എത്തിച്ചേരാന്‍ കഴിയും. അതിനു പകരം, താര്‍ക്കികതയെ യുക്തിയായി കാണുകയും തര്‍ക്കവാസനയെ യുക്തിയുടെ വിചാരലോകമാണ് എന്നു തെറ്റിദ്ധരിക്കുകയും ചെയ്തിട്ട് അതിനെ വിശ്വാസത്തിന്‍റെ മറുപുറത്തു നിര്‍ത്തേണ്ട കാര്യമില്ല. അതുപോലെതന്നെ ചരിത്രബദ്ധമായി രൂപപ്പെട്ടുവരു ന്ന ആചാരങ്ങളെ അതിന്‍റെ വിശ്വാസത്തിന്‍റെ ആവിഷ്കാരമാണ് എന്നു തെറ്റിദ്ധരിച്ചിട്ടു ചരിത്രമുണ്ടാക്കിയ അധികാരബന്ധങ്ങളും സ്ഥാപനരൂപങ്ങളും ഭൗതികപരിസരങ്ങളും ഉണ്ടാക്കിയെടുത്ത്, കാലത്താല്‍ കെട്ടപ്പെട്ട ആചാരങ്ങളെ ചരിത്രാതീതമായ വിശ്വാസത്തിന്‍റെ അടിസ്ഥാനമെന്നു തെറ്റിദ്ധരിച്ച് അതില്‍ കെട്ടിച്ചമഞ്ഞു കിടക്കുന്നതിനെ ഒരു നിലയ്ക്കും മാനിക്കേണ്ടതില്ല, മാനിക്കപ്പെടേണ്ടത് മൂല്യങ്ങളാണ്. ആ മൂല്യത്തിന്‍റെ പരമപദം എന്നെ സംബന്ധിച്ചിടത്തോളം നീതി എന്ന സങ്കല്പമാണ്. ആ നീതി എന്ന സങ്കല്പത്തിലേക്ക് എത്തിച്ചേരാന്‍ ഉപയുക്തമാകുന്നതെന്ത് എന്ന ചോദ്യം നാം നിരന്തരം നമ്മോടുതന്നെ ചോദിക്കേണ്ടതുണ്ട്.

(തേവര എസ്.എച്ച്. കോളജിലെ സ്പീക്കേഴ്സ് ഫോറത്തിന്‍റെ ആഭിമുഖ്യത്തില്‍ ജനുവരി 15-ന് സംഘടിപ്പിച്ച "വിശ്വസവും യുക്തിയും" എന്ന സിമ്പോസിയത്തില്‍ ചെയ്ത പ്രഭാഷണത്തില്‍നിന്ന്).

വയോജന കൂട്ടായ്മ സംഘടിപ്പിച്ചു

കെ സി ബി സി - ഫാ. മാത്യു നടയ്ക്കല്‍ മതാധ്യാപക അവാര്‍ഡ് മൂന്നു പേര്‍ക്ക്

മെല്‍ബണ്‍ രൂപതാ യുവജനങ്ങള്‍ മിഷന്‍ കേന്ദ്രങ്ങളിലെത്തി

ജാര്‍ഖണ്ഡില്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ 87-ാം ജന്മവാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

തണ്ണീര്‍മുക്കം തിരുരക്ത ദൈവാലയത്തിലെ വിശുദ്ധ ചാവറ കുടുംബ കൂട്ടായ്മയുടെ 7-ാമത് വാര്‍ഷിക ആഘോഷം