Coverstory

ആശ്രമഭിത്തികളിൽ പൂവിട്ട സന്യാസത്തിന്റെ ‘വര’ദാനം

കോവിഡ് കാലത്ത് മഠത്തിന്റെ ഭിത്തികളിൽ വരച്ചുതുടങ്ങിയ സിസ്റ്റർ റോസ്.വിൻ സി എം സിയുടെ ചിത്രങ്ങളും ശില്പങ്ങളും കൊച്ചി-മുസിരിസ് ബിനാലെയിൽ ശ്രദ്ധ നേടിയിരിക്കുന്നു. ബിനാലെയിലേക്കു ക്ഷണിക്കപ്പെടുന്ന ആദ്യ സന്യാസിനിയാണ് സിസ്റ്റർ റോസ്.വിൻ.

ഷിജു ആച്ചാണ്ടി

വരയ്ക്കുന്ന അപ്പനെ കണ്ടുപരിചയിച്ച കുട്ടിയായിരുന്നു മാലു. എന്നാൽ വരയ്ക്കാൻ വലിയ ശ്രമങ്ങളൊന്നും നടത്തിയില്ല. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ മഠത്തിൽ ചേർന്നു. പഠനപരിശീലനങ്ങളുടെ നീണ്ട വർഷങ്ങൾക്കുശേഷം വ്രതവാഗ്ദാനം ചെയ്തു സന്യാസിനിയായി. മാലു ജോയ്, സിസ്റ്റർ റോസ് വിൻ എന്ന പേരു സ്വീകരിച്ചു. സോഷ്യോളജിയും സൈക്കോളജിയും പഠിച്ചു, കൗൺസലിംഗ് നടത്തി, കൊച്ചുകുട്ടികളെ പഠിപ്പിച്ചു. അപ്പോഴൊന്നും ജനിതകത്തിൽ പതിഞ്ഞ 'വര'ദാനം തിരിച്ചറിഞ്ഞില്ല. കോവിഡിൽ മഠത്തിനകത്ത് അടച്ചിരിക്കേണ്ടി വന്നപ്പോൾ പക്ഷേ, ഉള്ളിലുറങ്ങിക്കിടന്ന ചിത്രകാരി ചിറകടിച്ചു പറന്നു.

മഠത്തിന്റെ ഭിത്തികളിൽ ചിത്രം വരയ്ക്കണമെന്നു കോവിഡ് കാലത്ത് സിസ്റ്റർ റോസ് വിനു കഠിനമായ ആശ തോന്നി. മദറിനോടു പറഞ്ഞു. അവർ പെയിന്റും ബ്രഷും വാങ്ങിക്കൊടുത്തു. സിസ്റ്റർ വര തുടങ്ങി. മഠത്തിന്റെ ഭിത്തികളിൽ മനോഹരമായ പെയിന്റിംഗുകൾ നിറഞ്ഞു. സിസ്റ്റർമാരും മേലധികാരികളും പറഞ്ഞു, ഇതിങ്ങനെ വിട്ടാൽ പറ്റില്ല! ചിത്രകല ഔപചാരികമായി പഠിക്കണം. അവർ നിർലോഭം പ്രോത്സാഹിപ്പിച്ചു. അന്നു കൈയിലെടുത്ത ബ്രഷുമായി സിസ്റ്റർ ആരംഭിച്ച പ്രയാണം ഇന്നെത്തി നിൽക്കുന്നത് ലോകപ്രസിദ്ധമായ കൊച്ചി-മുസിരിസ് ബിനാലെയുടെ പുതിയ പതിപ്പിലാണ്. അവിടം കൊണ്ട് അതു നിൽക്കുകയുമില്ല. ബിനാലെയിലെ സിസ്റ്ററുടെ ചിത്രങ്ങളും ശില്പങ്ങളും കണ്ടവർ ജർമ്മനിയിൽ നിന്നു സ്കോളർഷിപ് നൽകുന്നു. മൂന്നു മാസം ജർമ്മനിയിൽ പോയി താമസിച്ചു കലാസൃഷ്ടിയും അവയുടെ പ്രദർശനവും നടത്താനുള്ള സൗജന്യമായ അവസരമാണ് ആ സ്കോളർഷിപ്പിലൂടെ ലഭിക്കുന്നത്. കൂടാതെ മുംബൈയിൽ മറ്റൊരു പ്രദർശനത്തിനു ക്ഷണം ലഭിച്ചു. ബിനാലെയിൽ പ്രദർശിപ്പിച്ച പന്ത്രണ്ടോളം ചിത്രങ്ങൾ സിംഗപ്പൂരിലേക്കും മറ്റും വലിയ വിലയ്ക്കു വിറ്റു പോകുകയും ചെയ്തു.

മനുഷ്യരെ മനസ്സിലാക്കുകയും അവരുടെ മനസ്സുകളെ ആവിഷ്കരി ക്കുകയും ചെയ്യുകയാണ് സിസ്റ്റർ. ആളുകളുമായി സംസാരിക്കാനും അവരെ കേൾക്കാനും ഇഷ്ടപ്പെടുന്ന ഒരു സന്യാസിനിയെ ഈ കലാസൃഷ്ടികളുടെ പിന്നിൽ സന്ദർശകർ കണ്ടെത്തുന്നു.

ബിനാലെയിൽ ചിത്രങ്ങളും ശില്പങ്ങളും പ്രദർശിപ്പിക്കാൻ ക്ഷണിക്കപ്പെടുന്ന ആദ്യത്തെ കന്യാസ്ത്രീയാണ് സിസ്റ്റർ റോസ് വിൻ. അതിനു വഴിയൊരുക്കിയത് തൃപ്പൂണിത്തുറ ആർ എൽ വി കോളേജിലെ പഠനമാണ്. അവിടെയായിരുന്നു ഔപചാരികമായ കലാപഠനം. ശില്പകലയിൽ അവിടെ നിന്നു ബി എഫ് എ ബിരുദം നേടി സിസ്റ്റർ. കോവിഡ് കാലത്തെ മഠത്തിലെ ചുവരുകളിലെഴുതിയ ചിത്രങ്ങൾ കണ്ട അധികാരികളുടെ നിർദേശമായിരുന്നു ചിത്രകലയിലെ ഉപരിപഠനം. അറുനൂറോളം പേരെഴുതുന്ന എൻട്രൻസ് പരീക്ഷയിൽ നിന്നാണ് നാൽപതു പേർക്കു പ്രവേശനമുള്ള കോഴ്സിലേക്ക് സിസ്റ്റർക്കു പ്രവേശനം ലഭിച്ചത്. വിദ്യാർഥിനിയായി ചേർന്ന സന്യാസിനിയെ കണ്ട കോളേജ് അധികൃതർ തങ്ങളുടെ ആശങ്ക മറച്ചു വച്ചില്ല. സിസ്റ്റർ പഠനം പൂർത്തിയാക്കുമോ എന്നതായിരുന്നു ആ ആശങ്ക. അനവധി പേർ ആശിച്ച ഒരു സീറ്റ് വെറുതെയാക്കരുത് എന്ന താത്പര്യം. അതു സിസ്റ്റർക്കും മനസ്സിലായി. പഠനം പൂർത്തിയാക്കുക മാത്രമല്ല, വിദ്യാർഥികളുടെ പ്രദർശനം കാണാൻ വന്ന ബിനാലെ ക്യുറേറ്റർമാരുടെ ശ്രദ്ധ പതിഞ്ഞ കലാസൃഷ്ടികളുടെ രചയിതാവാകാൻ കൂടി സിസ്റ്റർക്കു സാധിച്ചു. അങ്ങനെയാണ് ബിനാലെയിലെത്തുന്നത്. അതിനു മുമ്പു ഒറ്റയ്ക്കും കൂട്ടായും ചില ചിത്രപ്രദർശനങ്ങളിലും സിസ്റ്റർ പങ്കെടുത്തിട്ടുണ്ട്.

വയോധികരായ സിസ്റ്റേഴ്സുമായുള്ള ബന്ധമാണ് സിസ്റ്ററിന്റെ ഒട്ടേറെ രചനകൾക്കു വിഷയവും പ്രേരണയുമായത്. അതു കലാസ്വാദകരോടു സുഗമമായി സംവദിക്കുകയും ചെയ്യുന്നു. വിദേശികളായ ഒട്ടെറെ കാഴ്ചക്കാർ ബിനാലെക്ക് എത്തിയിരുന്നു. തന്റെ ശില്പങ്ങളെയും ചിത്രങ്ങളെയും കുറിച്ച് വാതോരാതെ അവരോടു സംസാരിക്കാൻ ഭാഷ പലപ്പോഴും തടസ്സമായിരുന്നു. എന്നാൽ, വാക്കുകളില്ലാതെ തന്നെ രചനകൾ തങ്ങളോടു സംസാരിക്കുന്നുണ്ടെന്നു കലാസ്വാദകർ പ്രതികരിക്കാറുണ്ട്.

തീവ്രമായ ഭാവങ്ങൾ പ്രകാശിപ്പിക്കുന്നവയാണ് സിസ്റ്ററുടെ രചനകൾ. വേദനയും ആത്മസംഘർഷങ്ങളും അവ സംവേദിപ്പിക്കുന്നുണ്ടെന്നു നിരൂപകർ അഭിപ്രായപ്പെട്ടു. മനുഷ്യരെ മനസ്സിലാക്കുകയും അവരുടെ മനസ്സുകളെ ആവിഷ്കരിക്കുകയും ചെയ്യുകയാണ് സിസ്റ്റർ. ആളുകളുമായി സംസാരിക്കാനും അവരെ കേൾക്കാനും ഇഷ്ടപ്പെടുന്ന ഒരു സന്യാസിനിയെ ഈ കലാസൃഷ്ടികളുടെ പിന്നിൽ സന്ദർശകർ കണ്ടെത്തുന്നു.

എറണാകുളം-അങ്കമാലി അതിരൂപതയിലെ വല്ലം ഫൊറോനാ പള്ളി ഇടവകയിലെ ആപ്പാടൻ ജോയ് - ലിസി ദമ്പതികളുടെ മകളാണ് മാലു. ലാലു ഇരട്ട സഹോദരിയാണ്. സാലു എന്ന ഒരു സഹോദരി കൂടിയുണ്ട്. മാലും ലാലുവും സദൃശ ഇരട്ടകളാണ്. പത്താം ക്ലാസു വരെ പഠിച്ചത് കാലടി, ചെങ്ങലുള്ള സി എം സി സിസ്റ്റേഴ്സിന്റെ സ്കൂളിലാണ്. സിസ്റ്റർമാരുടെ ജീവിതം എന്തെന്നറിയാനുള്ള ഒരു ജിജ്ഞാസ മാലുവിന് ഉണ്ടായിരുന്നു. മാതൃസഹോദരി സിസ്റ്റർ ഡെൽഫി മരിയ ഇതേ സന്യാസസമൂഹത്തിലെ അംഗമാണ്. അങ്ങനെ മഠത്തിലെ ജീവിതം അറിയാൻ മഠത്തിൽ ചെന്നു താമസിച്ചു നോക്കിയ ആ പത്താം ക്ലാസുകാരി തുടർന്നുള്ള ജീവിതം മഠത്തിൽ തന്നെയെന്നുറപ്പിച്ചു. പക്ഷേ അപ്പോൾ ഏറ്റവും കഠിനമായി തോന്നിയത് ഇരട്ട സഹോദരിയായ ലാലുവിനെ പിരിയുക എന്നതാണ്. അതുവരെ രണ്ടു ശരീരമെങ്കിലും ഒരു മനമായി നടന്നവർ. ഇരട്ട പിരിഞ്ഞ് ഒറ്റയായി മഠത്തിൽ ജീവിക്കുമ്പോൾ വലിയ വേദന ഹൃദയത്തിൽ അനുഭവിച്ചിരുന്നു. സിസ്റ്ററായ ശേഷവും വിട്ടുപിരിഞ്ഞ ഇരട്ടസാഹോദര്യത്തിന്റെ നൊമ്പരം അലട്ടിക്കൊണ്ടിരുന്നു. ആ വേദന ശമിക്കയില്ലെന്നും മരണം വരെ അതു തന്റെ കൂടെയുണ്ടാകും എന്നും സിസ്റ്റർ പിന്നീടു തിരിച്ചറിഞ്ഞു. അതറിയുന്നതുകൊണ്ടു തന്നെ മറ്റുള്ളവരെ എളുപ്പത്തിൽ മനസ്സിലാക്കാനാവുന്നു. അവരുടെ വേദന തന്റെയും വേദനയായി മാറുന്നു. ഹൃദയത്തിൽ സംവഹിക്കുന്ന ആ വേദന തന്റെ സർഗജീവിതത്തിന് ഊർജം പകരുകയും കലാസൃഷ്ടികളിൽ പ്രതിഫലിക്കുകയും ചെയ്യുന്നുണ്ടാകുമെന്നു സിസ്റ്റർ കരുതുന്നു.

ബി എഫ് എ യിൽ ശില്പകലയാണു സവിശേഷപഠനത്തിനായി തിരഞ്ഞെടുത്തത്. ചിത്രകലയേക്കാൾ കലയുടെ ആഴങ്ങളിലേക്കു പോകാൻ കുറച്ചുകൂടി സാധ്യതകൾ ശില്പകലയിലാണെന്നു തോന്നി. പിന്നീട് നാലു വർഷത്തെ പഠനം. സന്യാസിനി എന്ന നിലയിൽ പല വെല്ലുവിളികളും ഉണ്ടായി. പക്ഷേ ലക്ഷ്യബോധത്തിൽ നിന്നു തന്നെ വ്യതിചലിപ്പിക്കാൻ പ്രാപ്തമായിരുന്നില്ല അവയൊന്നും. ലക്ഷ്യത്തിൽ മനസ്സുറപ്പിച്ചു പഠനവുമായി മുന്നോട്ടു പോയി.

ബി എഫ് എ പഠിക്കുമ്പോൾ ക്രൈസ്തവസഭ ആഗോളകലാരരംഗത്തിനു നൽകിയ സംഭാവനകൾ മനസ്സിലാക്കാനായി. റോം കലയുടെയും ആസ്ഥാനമായിരുന്നു. മഹാന്മാരായ ഒട്ടേറെ ചിത്രകാരന്മാർക്കും ശില്പികൾക്കും പ്രവർത്തനസൗകര്യവും പ്രദർശനസൗകര്യവും നൽകിയ സംവിധാനമായി സഭ പ്രവർത്തിച്ചു. എന്നാൽ, കേരളത്തിലേക്കു വരുമ്പോൾ കലയ്ക്കും കലാകാരന്മാർക്കും മതിയായ പ്രാധാന്യവും പ്രോത്സാഹനവും സഭ നൽകുന്നുണ്ടോ എന്ന സംശയം ബാക്കിയാകുന്നതായി സിസ്റ്റർ റോസ് വിൻ പറഞ്ഞു.

ഇതിനു മാറ്റം വരുന്നുണ്ട്. ബിനാലെക്കുള്ള ഒരുക്കത്തിനായി അങ്കമാലി വേങ്ങൂരുള്ള സിഎംസി പ്രൊവിൻഷ്യലേറ്റിലെ സിസ്റ്റർമാർ കാര്യമായി അധ്വാനിച്ചു. ചിത്രങ്ങളും ശില്പങ്ങളും ഒരുക്കാനും ബിനാലെ വേദിയിലെത്തിക്കാനും വേണ്ടി അവർ സിസ്റ്റർ റോസ് വിനോടൊപ്പം രാപ്പകൽ പണിയെടുത്തു. ചിത്രങ്ങൾക്കും ശില്പങ്ങൾക്കും മോഡലായതും സിസ്റ്റർമാർ തന്നെ. വയോധികയായ ഒരു സിസ്റ്റർ, ചിത്രകാരിക്കു മോഡലാകാൻ അടുത്തു നിന്നുള്ള മഠത്തിൽ നിന്നു വന്ന് ആഴ്ചകളോളം കൂടെ താമസിച്ചു. ബി എഫ് എ പഠനത്തിനയച്ച മുൻ പ്രൊവിൻഷ്യൽ സിസ്റ്റർ പ്രസന്നയ്ക്കും ഇപ്പോൾ എല്ലാ പിന്തുണയും നൽകുന്ന പ്രൊവിൻഷ്യൽ സിസ്റ്റർ മരിയ ആന്റോക്കും സന്യാസസമൂഹത്തിലെ മറ്റെല്ലാ അംഗങ്ങൾക്കും കൂടി അവകാശപ്പെട്ടതാണ് ചിത്രകാരിയും ശില്പിയുമെന്ന നിലയിൽ തനിക്കു ലഭിക്കുന്ന അംഗീകാരമെന്നു സിസ്റ്റർ റോസ് വിൻ പറയുന്നു.

ഇപ്പോൾ ബി എഡ് പഠനത്തിലാണ് സിസ്റ്റർ. ഒപ്പം കലാസപര്യയും തുടരുന്നു.

ലിയോ മാര്‍പാപ്പ അപ്പസ്‌തോലിക കൊട്ടാരത്തിലേക്കു താമസം മാറ്റി

ക്വൊ വാദിസ് ഹുമാനിറ്റാസ് ?

എസ് ഡി സന്യാസ സമൂഹം ശതാബ്ദി ആഘോഷങ്ങളിലേക്ക്

വത്തിക്കാന്‍ സമാധാന ധാരണയില്‍ 80 ശാസ്ത്രജ്ഞര്‍ ഒപ്പു വച്ചു

യുദ്ധത്തില്‍ പങ്കെടുക്കുന്ന ക്രൈസ്തവര്‍ ഗൗരവമായ ആത്മപരിശോധനയ്ക്കു തയ്യാറാകണം : ലിയോ പതിനാലാമന്‍ മാര്‍പാപ്പ