Coverstory

സ്നാപക ശിരസ്സുകൊണ്ട് സലോമി എന്ത് ചെയ്തിട്ടുണ്ടാകും?

Pro and Contra [യോജിച്ചും വിയോജിച്ചും] - 01

ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍

തികച്ചും സാങ്കല്പികമായ ഒരു ചോദ്യമാണ് “സ്നാപക ശിരസ്സുകൊണ്ട് സലോമി എന്ത് ചെയ്തിട്ടുണ്ടാകും?” എന്ന ചോദ്യം. കാരണം വളരെയേറെ സമ്മർദ്ദം ചെലുത്തിയും വിലപേശൽ നടത്തിയും ആണ് സലോമിയും ഹേറോദിയയും സ്നാപക ശിരസ്സ് വെള്ളിത്താലത്തിലാ ക്കിയത്. വീഞ്ഞിന്റെ ലഹരിയിൽ അതിഥികളുടെ മുന്നിൽ ചെയ്ത വാഗ്ദാനം പാലിച്ച് മുഖം രക്ഷിക്കാൻ ഹേറോദേസിന് നീതിമാന്റെ തലയെടുക്കേണ്ടി വന്നു. എല്ലാക്കാലത്തും ഇത് സംഭവിക്കുന്നുണ്ട്. സത്യം പറയുന്ന സ്നാപക ശിരസ്സുകൾ അരമനകളിൽ എത്തുമ്പോൾ വെള്ളിത്താല ത്തിൽ കൊട്ടാരം നർത്തകിമാർക്ക് കാഴ്ച വസ്തുക്കളാകുന്നുണ്ട്. പക്ഷേ, കഥ അതുകൊണ്ട് തീരുന്നില്ല.

വിലപേശി വാങ്ങിയ സ്നാപക ശിരസ്സു കൊണ്ട് സലോമി എന്ത് ചെയ്തിട്ടുണ്ടാകും എന്ന ചോദ്യം അവശേഷിക്കുന്നു. തങ്ങളുടെ പ്രതികാരവിജയത്തിന്റെ പ്രതീകമെന്ന് സലോമിയും ഹേറോദിയയും കരുതുന്ന ആ ശിരസ്സ് കാണുമ്പോഴെല്ലാം ഭയത്തിന്റെ തിരമാലകൾ അവരുടെ മനസ്സാക്ഷിയുടെ അശാന്ത സമുദ്രങ്ങളിൽ ഉയരും. വെള്ളിത്താലത്തിൽ സൂക്ഷിച്ച ആ ശിരസ്സ് പിൽകാലമത്രയും സലോമിയെയും ഹേറോദിയയേയും ഭയപ്പെടുത്തുന്ന ഒന്നായി മാറുന്ന വൈരുദ്ധ്യം!

ആളുകളെ സമ്മർദത്തിലാഴ്ത്തിയും ബ്ലാക് മെയിൽ ചെയ്തും അധാർമ്മിക വഴികളിലൂടെ നേടുന്ന പലതും പിൽക്കാലത്ത് അശനിപാതം പോലെ നമ്മെ ഭയപ്പെടുത്തിയേക്കാം എന്ന സൂചനയാണിത്. അർഹതപ്പെടാത്ത നേട്ടങ്ങൾ കൈവശപ്പെടുത്താൻ വഴിവിട്ട കളികൾ കളിക്കുന്ന എല്ലാവർക്കുമുള്ള ഒരു ഓർമ്മപ്പെടുത്തലാണിത്.

കയ്യിൽ വരുന്ന ആ കുറച്ച് സമയത്തേക്ക് മാത്രമേ അവ നമുക്ക് സന്തോഷം തരുകയുള്ളൂ. അതിനുശേഷം ഒഴിയാബാധയുടെ ഭയപ്പാടുകൾ ആയി മാറുന്നു, അധാർമ്മിക വഴികളിലൂടെ നേടുന്ന തെല്ലാം! പിൻവാതിലിലൂടെ പത്മശ്രീ വാങ്ങുന്ന എല്ലാ പ്രാഞ്ചിയേട്ടൻമാരേയും പിന്നീട് അത് ഭയപ്പെടുത്തുമെന്ന് ചുരുക്കം! ഉപഭോഗ ത്വര മൂത്ത് നമ്മൾ മാർക്കറ്റിൽ നിന്ന് വാങ്ങുന്ന പലതും പിന്നീട് നമുക്ക് ബാധ്യതയാകുന്നതും ഇതിനോട് കൂടി വായിക്കുക! നമ്മുടെ പല വീടുകളിലും വലിയ വിലകൊടുത്ത് വാങ്ങിയ ഈ ബാധ്യതകൾ വെള്ളി ത്താലത്തിൽ വെറുതെ ഇരിപ്പുണ്ട്.

ഫ്രഞ്ച് ചിന്തകനായ മിഷേൽ ഫുക്കോ (Michael Foucault) തന്റെ വിഖ്യാത കൃതിയായ Discipline and Punish: The Birth of the Prison എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം എഴുതി: “അധികാരം എതിർപ്പിനെ തോൽപ്പി ക്കാൻ മാത്രം നിൽക്കാതെ എതിർക്കു ന്നവരെ നിർജ്ജീവ വസ്തുക്കളാക്കാൻ ശ്രമിക്കുന്നു.” അതേ, ഇന്നും സ്നാപക ശിരസ്സുകൾ നിശ്ശബ്ദമാക്കപ്പെടുന്നുണ്ട്. തല വെട്ടിക്കൊണ്ടല്ല, മറിച്ച് സത്യശബ്ദങ്ങളെ നിർവീര്യമാക്കുന്ന വ്യാജ നരേറ്റീവുകൾ നിർമ്മിച്ചു കൊണ്ടാണ് അവർ ഇത് ചെയ്യുന്നത്. ഹിഡൻ അജണ്ടയുള്ള ഭരണകൂടം മുതൽ വിഷലിപ്തമായ ഒരു സോഷ്യൽ മീഡിയ പോസ്റ്റ് വരെ ഈ നിർവീര്യമാക്കൽ നടത്തുന്നുണ്ട്. ഒരു ഡീപ്പ് ഫെയ്ക്ക് വീഡിയോ, ഒരു ലീക്ക്ഡ് വോയ്സ് മെസേജ്, പൊതുഇടത്തിലുള്ള വ്യക്തിഹത്യ, ഒരു വർഗീയ ചാപ്പകുത്തൽ എന്നിങ്ങനെ പല രൂപത്തിൽ സ്നാപക ശബ്ദങ്ങളെ അഭിനവ ഹേറോദിയമാർ നിർവീര്യമാക്കുന്നുണ്ട്.

ശിരച്ഛേദം ചെയ്യപ്പെടുന്ന സ്നാപക ശിരസ്സുകൾ നിശ്ശബ്ദമാക്കപ്പെട്ടു എന്ന് ആരാണ് പറഞ്ഞത്? സ്നാപകന്റെ മരണം അതിനേക്കാൾ ശക്തമായ ക്രിസ്തു സ്വരത്തെയാണ് ഉണർത്തിയത്. ബൈബിൾ മുഴുവൻ നിശ്ശബ്ദരാക്കപ്പെടു ന്നവർക്കുവേണ്ടി ദൈവം പ്രവാചക ശബ്ദങ്ങളെ ഉണർത്താറുണ്ട്. നാബോത്തിനുവേണ്ടി ശബ്ദമുയർത്തിയ ഏലിയയും ദാവീദിന്റെ കൊള്ളരുതായ്മയ്ക്കെതിരെ രംഗത്തു വന്ന നാഥാനും സാമൂഹ്യനീതിയുടെ വെള്ളച്ചാട്ടമായ ആമോസുമെല്ലാം ഈ ജനുസ്സിൽപ്പെടുന്നവർ തന്നെ. അതേ, പൊളിറ്റിക്കൽ ഫിലോസഫറായ ഹന്നാ ആരെന്റ് (Hannah Arendt) എഴുതിയത് പോലെ “ഹിംസ വ്യക്തിയെ ഇല്ലാതാക്കി യേക്കാം; പക്ഷേ ആശയങ്ങളെ അവ കൂടുതൽ ശക്തിപ്പെടുത്തും.” അതുകൊണ്ട് വീട്ടിലും നാട്ടിലും സഭയിലും ഹേറോദിയ കളിക്കുന്നവർ ചിന്തിക്കുക: വ്യത്യസ്ത ശബ്ദങ്ങളെ കേൾക്കണോ, അതോ അവയെ ഇല്ലാതാക്കണോ? കാരണം സ്നാപക ശിരസ്സുകൾ ട്രോഫി പോലെ ഒരു അരമനയിലും സൂക്ഷിക്കാനാവില്ല!

വി. ജോണ്‍ ഫിഷര്‍ (1469-1535) – ജൂണ്‍ 22

വിശുദ്ധ പൗളിനൂസ് നോള (353-431) : ജൂണ്‍ 22

വി. തോമസ് മൂര്‍ (1477-1535) – ജൂണ്‍ 22

സഭയും രാഷ്ട്രവും 

വിശുദ്ധ അലോഷ്യസ് ഗൊണ്‍സാഗ (1568-1591) : ജൂണ്‍ 21