സഭയും രാഷ്ട്രവും 

AD 800 ലെ ക്രിസ്തുമസ് ദിനം സഭാചരിത്രത്തിൽ പ്രധാനപ്പെട്ടതാണ്. എന്തുകൊണ്ട്? 
സഭയും രാഷ്ട്രവും 
Published on

ശക്തനായ ചാൾസ് രാജാവിന്റെ സംരക്ഷണത്തിലാണ് മാർപ്പാപ്പ മറ്റ് രാജാക്കന്മാരുടെ ആക്രമണങ്ങളെ ചെറുത്തുനിന്നത്. ഇറ്റലിയിലെയും അയൽ രാജ്യങ്ങളിലെയും രാജാക്കന്മാരിൽ നിന്ന് ഉയർന്നിരുന്ന ഭീഷണിയെ അതിജീവിച്ചത് കരൊളിഞ്ചൻ വംശജനായ ചാൾസ് രാജാവിന്റെ സഹായത്താലാണ്. ഹഡ്രിയൻ പാപ്പായ്ക്കുശേഷം വന്ന ലിയോ മൂന്നാമനും ചാൾസിന്റെ സഹായം തേടി. രാജാവ് റോമിലെത്തി. AD 800 ലെ ക്രിസ്തുമസ് ദിനത്തിലെ കുർബാന മധ്യേ ലിയോ പാപ്പ ചാൾസിനെ കിരീടം ധരിപ്പിച്ചു. ജനങ്ങൾ ചാൾസിനെ അവരുടെ ചക്രവർത്തിയായി പ്രഖ്യാപിച്ചു. അതായത് പഴയ റോമാ സാമ്രാജ്യത്തിലെ ചക്രവർത്തിമാർ എന്നപോലെ ചാൾസിനെ നവീന റോമാ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായി അംഗീകരിച്ചു.

ഈ ദിനത്തെക്കുറിച്ച് സഭാ ചരിത്രകാരന്മാർക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ട്. ഈ കാലത്തെ ചരിത്ര രചനകളിൽ രാജാവിനെ കേന്ദ്രമാക്കിയും മാർപ്പാപ്പയെ കേന്ദ്രമാക്കിയും വ്യത്യസ്ത ചരിത്ര രചനകൾ ഉണ്ടായിട്ടുണ്ട്. ചരിത്ര രചനകളിൽ എപ്പോഴും കടന്നുവരുന്ന വ്യക്തി താത്പര്യങ്ങളാണ് ഈ വ്യത്യസ്ത ചരിത്ര രചനകൾക്കും വ്യാഖ്യാനങ്ങൾക്കും കാരണമാകുന്നത്. എന്തായാലും ഈ കിരീട ധാരണവും ചാൾസിനെ ചക്രവർത്തിയായി സ്വീകരിക്കുന്നതും ഒരുപോലെ രാജാവിന്റെയും മാർപ്പാപ്പയുടെയും ആവശ്യമായിരുന്നു. രാജ്യങ്ങൾ കീഴടക്കി തന്റെ സാമ്രാജ്യം വിശാലമാക്കാൻ ആഗ്രഹിച്ച ചാൾസ് രാജാവിന് സഹായകമായിരുന്നു മാർപ്പാപ്പയുടെ അംഗീകാരവും ‘റോമാ ചക്രവർത്തി’ എന്ന സ്ഥാനവും. ഇന്നത്തെ യൂറോപ്പിൽപ്പെടുന്ന അതിർത്തികളൊക്കെയും അന്ന് ചാൾസ് സ്വന്തമാക്കിയിരുന്നു. അതേപോലെ ശക്തനായ ഒരു രാജാവിന്റെ സംരക്ഷണം ഇല്ലാതെ മാർപാപ്പയ്ക്കും പേപ്പൽ രാഷ്ട്രങ്ങൾക്കും നിലനിൽപ്പ് ഉണ്ടാകുമായിരുന്നില്ല. അതിനാൽ പാപ്പ ചാൾസ് രാജാവിൽ അഭയം കണ്ടെത്തി.

എന്നാൽ ഈ നീക്കം സഭയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ വലിയ അപകടം സൃഷ്ടിച്ചു. മാർപാപ്പ ആത്മീയ കാര്യങ്ങളുടെ തലവനും രാജാവ് ഭൗതിക മേഖലയുടെ തലവനും എന്ന ധാരണ സൃഷ്ടിക്കപ്പെട്ടു. രാജാക്കന്മാർ കൂടുതലായി സഭാ കാര്യങ്ങളിൽ ഇടപെട്ടു. ഒരു നാണയത്തിന്റെ രണ്ടുവശങ്ങൾ എന്നപോലെ ക്രിസ്തീയതയുടെ രണ്ട് ഘടകങ്ങളായി സഭയും രാഷ്ട്രവും പരിഗണിക്കപ്പെട്ടു. 

ചാൾസിനെ കിരീടം ധരിപ്പിച്ചതിലൂടെ മാർപാപ്പ തന്റെ അധികാരം ശക്തമാക്കുക കൂടെ ആയിരുന്നു. ചക്രവർത്തിയെ കിരീടം ധരിപ്പിക്കുന്ന പാപ്പയാണല്ലോ ചക്രവർത്തിയേക്കാൾ വലുത്. കിരീടധാരണം പിന്നീട് പല വിലപേശലുകൾക്കും പാപ്പയെ സഹായിച്ചിട്ടുണ്ട്. അതിനാൽ തന്റെ മരണത്തിന് മുൻപ് പുത്രൻ ലൂയിസിനെ ചാൾസ് രാജാവ് തന്നെയാണ് കിരീടം ധരിപ്പിച്ചത്. എന്നാൽ പോപ്പ് സ്റ്റീഫൻ പിന്നീട് ലൂയിസിനെ കിരീടം ധരിപ്പിച്ചു. സഭയും രാഷ്ട്രവും തമ്മിൽ ഒരു ബന്ധം ഈ കാലഘട്ടങ്ങളിൽ സ്ഥാപിക്കപ്പെട്ടു. മാർപാപ്പയുടെ തലത്തിൽ മാത്രമല്ല, രൂപതകളിലെ മെത്രാന്മാരും അവിടുത്തെ പ്രൊവിൻസുകളിലെ രാജാക്കന്മാരും തമ്മിലും ഇത്തരത്തിൽ ബന്ധങ്ങൾ സ്ഥാപിക്കപ്പെട്ടു. ഈ കാലഘട്ടം മുതൽ സെക്കുലറിസം ശക്തിപ്രാപിക്കുന്ന ഈ അടുത്ത കാലഘട്ടം വരെയും സഭയും രാഷ്ട്രവും തമ്മിലുള്ള ഈ കൊടുക്കൽ വാങ്ങൽ ബന്ധം തുടർന്നുപോന്നു. 

logo
Sathyadeepam Online
www.sathyadeepam.org