വിശുദ്ധ അലോഷ്യസ് ഗൊണ്‍സാഗ (1568-1591) : ജൂണ്‍ 21

വിശുദ്ധ അലോഷ്യസ് ഗൊണ്‍സാഗ (1568-1591) : ജൂണ്‍ 21
റോമാസാമ്രാജ്യത്തില്‍ മാണ്ടുവായുടെ ഭരണാധിപനായിരുന്ന ഫെര്‍ഡിനാന്റ് ഗൊണ്‍സാഗയുടെ മൂത്തമകനായി അലോഷ്യസ് 1568 മാര്‍ച്ച് 9-ന് ജനിച്ചു. റോമാസാമ്രാജ്യത്തിന്റെ ഉന്നതഭരണാധികാരിയാകേണ്ട രാജകുമാരന്‍. എട്ടാമത്തെ വയസ്സില്‍ അലോഷ്യസിനെ സഹോദരനൊപ്പം ഇറ്റലിയിലെ ഫ്‌ളോറന്‍സില്‍, രണ്ടുവര്‍ഷത്തെ ഭരണപരിചയത്തിനയച്ചു. പക്ഷേ, ഭരണകാര്യങ്ങളില്‍ ഒട്ടും മനസ്സുറപ്പിക്കാന്‍ അലോഷ്യസിന് സാധിച്ചില്ല. അന്നേ ആദ്ധ്യാത്മിക ചിന്തയില്‍ മനസ്സു വ്യാപരിച്ചു തുടങ്ങിയ അദ്ദേഹം നിത്യബ്രഹ്മചര്യവ്രതമെടുത്തു. കൂടാതെ, ഒരു സമ്പൂര്‍ണ്ണ കുമ്പസാരവും നടത്തി. കൊച്ചു കൊച്ചു പാപങ്ങളായിട്ടും കുറ്റബോധംകൊണ്ട് കുമ്പസാരക്കാരന്റെ കാല്ക്കല്‍ ബോധംകെട്ടുവീണ അലോഷ്യസിന് പിറ്റേദിവസമാണ് കുമ്പസാരം പൂര്‍ത്തിയാക്കാന്‍ സാധിച്ചത്.

ഫ്‌ളോറന്‍സില്‍ നിന്ന് മാണ്ടുവായില്‍ തിരിച്ചെത്തിയ അലോഷ്യസ് കര്‍ശനമായ ആധ്യാത്മിക അഭ്യാസത്തിന് സ്വയം വിധേയനാകുകയായിരുന്നു. കഠിനമായ ഉപവാസം, ദ്വേഷം നിയന്ത്രിക്കാനും മറ്റുള്ളവരെ വിമര്‍ശിക്കാതിരിക്കാനുമുള്ള അഭ്യാസങ്ങള്‍-എല്ലാം അനുദിന ജീവിതത്തില്‍ ആ പയ്യന്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടിരുന്നു. അങ്ങനെ പന്ത്രണ്ടാമത്തെ വയസ്സില്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം. അന്ന് മിലാന്റെ ആര്‍ച്ചുബിഷപ്പും ബന്ധുവുമായ വി. ചാള്‍സ് ബൊറോമിയോയില്‍ നിന്നാണ് ആദ്യകുര്‍ബാന സ്വീകരണം നടത്തിയത്.

ഉന്നതകുടുംബത്തില്‍ ജനിച്ചതില്‍ അഹങ്കരിക്കാന്‍ എന്തിരിക്കുന്നു; ദരിദ്രനെപ്പോലെതന്നെ സമ്പന്നനും അവസാനം മണ്ണോടു മണ്ണാകുന്നു.
വി. അലോഷ്യസ് ഗൊണ്‍സാഗ

ഉടനെതന്നെ "പ്രിന്‍സ് ഓഫ് റോമന്‍ എമ്പയര്‍" എന്ന ടൈറ്റില്‍ ഇളയസഹോദരനു കൈമാറിയിട്ട് അലോഷ്യസ് ആദ്ധ്യാത്മിക വഴിയേ തിരിഞ്ഞു. ഇക്കാര്യത്തില്‍ ഏറ്റവും കൂടുതല്‍ എതിര്‍പ്പ് പിതാവില്‍ നിന്നായിരുന്നു. മൂന്നുവര്‍ഷമെടുത്തു പിതാവിനെ കാര്യങ്ങള്‍ പറഞ്ഞു ധരിപ്പിച്ച് സമ്മതം നേടാന്‍. ഇതിനിടയില്‍ ഭരണകാര്യങ്ങളില്‍ പരിചയം നേടുവാന്‍ രണ്ടുവര്‍ഷത്തേക്ക് സ്‌പെയിനിലും ചെലവഴിക്കേണ്ടിവന്നു. ആ സമയത്ത് പ്രഭുക്കന്മാരും രാജകുമാരന്മാരുമൊക്കെയായി ഇടപഴകി ജീവിക്കേണ്ടിവന്നു. അവരെല്ലാം ആ തീരുമാനത്തില്‍നിന്ന് അലോഷ്യസിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷേ, എല്ലാം വിഫലമായി. അവസാനം 1585-ല്‍ 17-ാമത്തെ വയസ്സില്‍ ജസ്യൂട്ടിന്റെ നൊവീഷ്യറ്റില്‍ പങ്കെടുക്കാനായി അദ്ദേഹം റോമിലേക്കു പുറപ്പെട്ടു.

ഏകാഗ്രമായി പ്രാര്‍ത്ഥിക്കാനും ദൈവവുമായുള്ള ഐക്യത്തില്‍ മണിക്കൂറുകള്‍ ചെലവഴിക്കാനും അലോഷ്യസ് നന്നായി പരിശീലിച്ചിരുന്നു. ഒരു മണിക്കൂര്‍ നിശ്ശബ്ദമായി, ഏകാഗ്രതയോടെ പ്രാര്‍ത്ഥിക്കാന്‍ അദ്ദേഹത്തിന് ഒട്ടും ബുദ്ധിമുട്ടില്ലായിരുന്നു. ആ പ്രാര്‍ത്ഥന ചിലപ്പോള്‍ അഞ്ചു മണിക്കൂര്‍ വരെ നീണ്ടുപോകും. മേലധികാരികളെ അനുസരിക്കുന്നതാണു ദൈവഹിതം എന്നു മനസ്സിലാക്കി ജീവിച്ച അലോഷ്യസിന് അത് വലിയ മനഃശാന്തി പ്രദാനം ചെയ്തിരുന്നു.

"ഞാന്‍ ഒരു വളഞ്ഞ ഇരുമ്പുവടിയാണ്. അതു നിവര്‍ത്തിയെടുക്കാനാണ് ഞാന്‍ ആദ്ധ്യാത്മിക ജീവിതത്തിലേക്കു കടന്നത്."

ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ തന്റെ മരണത്തെപ്പറ്റി എന്തോ സൂചനകള്‍ അദ്ദേഹത്തിനു വെളിപ്പെട്ടുകിട്ടിയിരുന്നു. ഭൗതികലോകവുമായി അവസാനം തന്നെ ബന്ധപ്പെടുത്തിയിരുന്നത് ദൈവശാസ്ത്ര പരവും ആദ്ധ്യാത്മികവുമായ നോട്ടുകളാണ്. എല്ലാം അദ്ദേഹം റെക്ടറെ ഏല്പിച്ചു മോചനം നേടി.

1590-ല്‍ ഇറ്റലി കഠിന ദാരിദ്ര്യത്തിന്റെ കരാളഹസ്തങ്ങളിലായി. പിന്നാലെ പകര്‍ച്ചവ്യാധിയും പടര്‍ന്നുപിടിച്ചു. ജസ്യൂട്ട്‌സ് ഒരു അടിയന്തിര ആശുപത്രി തുറന്നു പ്രവര്‍ത്തനമാരംഭിച്ചിരുന്നു. മരുന്നും ഭക്ഷണവുംകൊണ്ട് അലോഷ്യസ് രോഗികളെ ശുശ്രൂഷിച്ചുകൊണ്ട് ഓടിനടന്നു. പക്ഷേ, 1591 മാര്‍ച്ചില്‍ അലോഷ്യസും രോഗത്തിനടിമയായി. അങ്ങനെ മൂന്നുമാസത്തോളം രോഗപീഡകളെല്ലാം ക്ഷമയോടെ സഹിച്ച് ജൂണ്‍ 21-ന് 23-ാമത്തെ വയസ്സില്‍ ഈലോകജീവിതം അവസാനിപ്പിച്ചു. ഈശോസഭയില്‍ ചേര്‍ന്നിട്ട് വെറും ആറുവര്‍ഷമേ ആയിരുന്നുള്ളു. അലോഷ്യസിന്റെ അന്ത്യനിമിഷങ്ങളില്‍, രാത്രി മുഴുവന്‍ വി. റോബര്‍ട്ട് ബല്ലാര്‍ മൈന്‍ അദ്ദേഹത്തിന്റെ സമീപത്തുണ്ടായിരുന്നു.

1726-ല്‍ അലോഷ്യസിനെ വിശുദ്ധരുടെ പട്ടികയില്‍ ചേര്‍ത്തു. 1729-ല്‍ യുവാക്കളുടെ പ്രത്യേക മദ്ധ്യസ്ഥനായി അലോഷ്യസിനെ ഉയര്‍ത്തി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org