വിശുദ്ധ പൗളിനൂസ് നോള (353-431) : ജൂണ്‍ 22

വിശുദ്ധ പൗളിനൂസ് നോള (353-431) : ജൂണ്‍ 22
ഫ്രാന്‍സില്‍ ബോര്‍ഡോയ്ക്കു സമീപമാണ് പൗളീനൂസിന്റെ ജന്മസ്ഥലം. ഗോളിലെ പ്രീഫെക്ടും ധനാഢ്യനും റോമാക്കാരനുമായ പൊന്തിയൂസ് പൗളീനൂസിന്റെ മകനായി 353-ല്‍ ജനിച്ചു. കവിയായ ഔസോനിയസിന്റെ കീഴിലായിരുന്നു വിദ്യാഭ്യാസം. 25-ാമത്തെ വയസ്സില്‍ അറിയപ്പെടുന്ന പ്രഭാഷകനും കവിയുമായി മാറിക്കഴിഞ്ഞിരുന്ന പൗളീനൂസ് സെനറ്ററായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് റോമിന്റെ പ്രീഫെക്ടും കമ്പാഗ്ന പ്രൊവിന്‍സിന്റെ ഗവര്‍ണറുമായി വാലെന്റീനിയന്‍ ചക്രവര്‍ത്തി അദ്ദേഹത്തെ നിയമിച്ചു.

സ്പാനീഷ് കത്തോലിക്കാ യുവതിയായ തെരാസിയായെയാണ് പൗളിനൂസ് വിവാഹം ചെയ്തത്. അതിനുശേഷം 385-ല്‍ പൗളീനൂസും ജ്ഞാനസ്‌നാനം സ്വീകരിച്ചു. അവര്‍ക്ക് ഒരു കുഞ്ഞ് ജനിച്ചെങ്കിലും ചെറുപ്പത്തിലേ മരിച്ചു. പിന്നീട്, ഏതാനും വര്‍ഷം അവര്‍ സ്‌പെയിനിലായിരുന്നു. അവര്‍ താമസിച്ചിരുന്ന ബാര്‍സിലോണയിലെ ജനങ്ങളുടെ ആഗ്രഹപ്രകാരം പൗരോഹിത്യം സ്വീകരിക്കാന്‍ പൗളീനൂസ് തയ്യാറായി. സ്‌പെയിനില്‍ തനിക്കുണ്ടായിരുന്ന സ്വത്തുക്കളെല്ലാം സാധുക്കള്‍ക്ക് വീതിച്ചുകൊടുത്തിട്ട് തെരാസിയായും കന്യാസ്ത്രീയാകാന്‍ തീരുമാനിച്ചു.

കുറെക്കാലം മിലാനില്‍ വി. അമ്പ്രോസിന്റെകൂടെ ചെലവഴിച്ച പൗളിനൂസ് ഇറ്റലിയില്‍ നേപ്പിള്‍സിനടുത്തുള്ള നോളയില്‍ വച്ച് സന്ന്യാസം സ്വീകരിച്ചു ജീവിതം തുടര്‍ന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് രക്തസാക്ഷിയായ വി. ഫെലിക്‌സ് നോളയിലെ മെത്രാനായിരുന്നു. അദ്ദേഹത്തിന്റെ കബറിടത്തിങ്കല്‍ അത്ഭുതങ്ങള്‍ നടക്കുന്നത് പൗളീനൂസ് വര്‍ഷങ്ങള്‍ക്കുമുമ്പേ മനസ്സിലാക്കിയിരുന്നു. വി. ഫെലിക്‌സിന്റെ നാമത്തില്‍ ഒരു ആശുപത്രി പൗളീനൂസ് സ്വന്തം ചെലവില്‍ പണികഴിപ്പിച്ചു. കൂടാതെ, ഒരു സുന്ദരമായ ദൈവാലയവും വി. ഫെലിക്‌സിന്റെ നാമത്തില്‍ അദ്ദേഹം പടുത്തുയര്‍ത്തി.

409-ല്‍ പൗളീനൂസ് നോളയുടെ ബിഷപ്പായി നിയമിതനായി. നീണ്ട ഇരുപതുവര്‍ഷം കൊണ്ട് തന്റെ ഉത്തരവാദിത്വം വിജയകരമായി അദ്ദേഹം പൂര്‍ത്തിയാക്കി. ടൗണിലെ ജനങ്ങള്‍ക്കെല്ലാം ശുദ്ധജലം എത്തിക്കാനായി അദ്ദേഹം ആരംഭിച്ച ശുദ്ധജലപദ്ധതിയെക്കുറിച്ച് ജനങ്ങള്‍ നന്ദിയോടെ സ്മരിക്കുന്നു.

താന്‍ ജീവിച്ചിരുന്ന കാലഘട്ടത്തിലെ സംസ്‌കാരസമ്പന്നരായ വ്യക്തികളില്‍ ശ്രദ്ധേയനായിരുന്നു വി. പൗളീനൂസ്. അദ്ദേഹത്തിന്റെ ശാസ്ത്രവിജ്ഞാനവും കൃതികളും ക്രിസ്തീയ ഗാനങ്ങളും വളരെ പ്രസിദ്ധങ്ങളായിരുന്നു. തിന്മയുടെ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ അദ്ദേഹത്തിന് അത്ഭുതകരമായ ശക്തിയുണ്ടായിരുന്നു.

വിദ്യകൊണ്ട് സ്ഫുടംചെയ്ത് ബലവത്താക്കിയ ഒരു മനസ്സിന്റെ ഉടമയായിരുന്നു വി. പൗളീനൂസ്. ബാഹ്യമോടികളിലും വെറും ആചാരങ്ങളിലും കുടുങ്ങാതെ 77 വര്‍ഷം അദ്ദേഹം തീക്ഷ്ണതയുള്ള വിശ്വാസിയായിരുന്നു. മോശയെപ്പോലെ ശാന്തനും പത്രോസിനെപ്പോലെ തീക്ഷ്ണനും യോഹന്നാനെപ്പോലെ സ്‌നേഹസമ്പന്നനും തോമാശ്ലീഹായെപ്പോലെ സൂക്ഷ്മദൃക്കും സ്റ്റീഫനെപ്പോലെ ക്രാന്തദര്‍ശിയും ആയിരുന്നു വി. പൗളീനൂസെന്ന് അദ്ദേഹത്തെ അറിയാവുന്നവരൊക്കെ സമ്മതിക്കുന്നു. ഇവയൊക്കെയാണ് ഒരു കാലഘട്ടത്തിലെ ഏറ്റവും സംസ്‌കാര സമ്പന്നനായ വ്യക്തിയാക്കി അദ്ദേഹത്തെ ഉയര്‍ത്തിയത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org