ഡോ. മാര്‍ട്ടിന്‍ N ആന്റണി O. de M
'വിശ്വസിക്കുന്നവന്‍, ചിന്തിക്കുന്നവനായിരിക്കണം. വിശ്വസിച്ചുകൊണ്ട് ചിന്തിക്കുക; ചിന്തിച്ചുകൊണ്ട് വിശ്വസിക്കുക. ചിന്തയില്ലാത്ത വിശ്വാസം വിശ്വാസമേ അല്ല'. പറഞ്ഞത് മറ്റാരുമല്ല വിശുദ്ധ അഗസ്റ്റിനാണ്. തന്റെ മരണത്തിന് രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കു മുമ്പ് എഴുതിയ 'ഓണ്‍ ദി പ്രീഡെസ്റ്റിനേഷന്‍ ഓഫ് ദി സെയിന്റ്‌സ്' എന്ന കൃതിയിലാണ് ഇങ്ങനെ ഒരു വാചകം നമ്മള്‍ കാണുന്നത്. ആര്യനിസത്തിന്റെ വികലമായ ദര്‍ശനങ്ങള്‍ ക്രൈസ്തവികതയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്ന ഒരു കാലഘട്ടത്തിലാണ് ഇങ്ങനെ ഒരു അഭ്യര്‍ഥന വിശുദ്ധന്‍ നടത്തുന്നത്. അതിനുശേഷം സമയചക്രം എത്രയോ കറങ്ങിയിരിക്കുന്നു. നമ്മള്‍ ഇപ്പോള്‍ 'പോസ്റ്റ്' കാലഘട്ടത്തിലാണ്. പോസ്റ്റ് മോഡേണ്‍, പോസ്റ്റ് ഹ്യൂമന്‍, പോസ്റ്റ് മെറ്റാഫിസിക്കല്‍, പോസ്റ്റ് സെക്കുലര്‍... കാലഘട്ടത്തില്‍. മതം ഒരു ആവശ്യകതയാകില്ല എന്നു പഴമക്കാര്‍ ചിന്തിച്ച ഈ കാലഘട്ടത്തില്‍ മതംതന്നെ രാഷ്ട്രീയമായി മാറിയപ്പോള്‍ നമ്മുടെ അടുത്തേക്കു വരുന്ന ഭാവിയെക്കുറിച്ച് ഭയത്തോടെയല്ലാതെ എങ്ങനെ നോക്കുവാന്‍ സാധിക്കും?
എല്ലാ വ്യത്യസ്തതകളെയും അംഗീകരിച്ച്, ഒരുമിച്ച് ഒരു നാഗരികതയെ നിര്‍മ്മിക്കുക എന്ന മതേതര, സ്ഥിതിസമത്വ ചിന്തകളെ മതതീവ്രചിന്തകരും രാഷ്ട്രീയക്കാരും കൂടി തുടച്ചുനീക്കി കഴിഞ്ഞിരിക്കുന്നു. മതമൗലികവാദം നമ്മുടെ ചിന്തകളെ മരവിപ്പിക്കാന്‍ തുടങ്ങി എന്നതിന്റെ വ്യക്തമായ തെളിവുകളാണ് ഭരണഘടനയില്‍ നിന്നും 'മതേതരം', 'സോഷ്യലിസം' എന്നീ പദങ്ങള്‍ എടുത്തുമാറ്റണമെന്ന ആര്‍ എസ് എസ് സൈദ്ധാന്തികന്റെ ആവശ്യവും ജെ എസ് കെ എന്ന സിനിമയെക്കുറിച്ചുള്ള വിവാദവും സൂംബ നൃത്തത്തിന്റെ അശ്ലീല വല്‍ക്കരണവുമെല്ലാം.
'രാഷ്ട്രീയ കൃത്യത' അഥവാ പൊളിറ്റിക്കല്‍ കറക്റ്റ്‌നസ്സ് എന്നത് ഒരു അശ്ലീലതയല്ല എന്ന കാര്യം മതസംഘടനകള്‍ ഓര്‍ക്കണം. ഈ മതനിരപേക്ഷ ഇന്ത്യയില്‍, ഒരു ആത്മീയ മര്യാദയിലേക്ക് നമ്മുടെ മതസംഘടനകള്‍ ഇനിയും എത്രത്തോളം വളരേണ്ടിയിരിക്കുന്നു എന്നതിന്റെ തെളിവാണ് ഇപ്പോള്‍ സംഭവിച്ചുക്കൊണ്ടിരിക്കുന്ന വിവാദങ്ങള്‍.
ആധുനിക സമൂഹത്തില്‍ വിശ്വാസം ഒരു വിഷയമാകില്ല, സംസ്‌കാരം തന്നെ മതപരമല്ലാതായി മാറും എന്ന് എപ്പോള്‍ നിങ്ങള്‍ കരുതുന്നുവോ അന്ന് മതം അതിന്റെ എല്ലാ രൗദ്രഭാവവുമായി ഉയിര്‍ത്തെഴുന്നേല്‍ക്കും എന്നു പറഞ്ഞത് കാള്‍ ജാസ്‌പേഴ്‌സാണ്. ഭരണഘടനയില്‍ നിന്നും 'മതേതരം' എന്ന പദത്തെ എടുത്തുമാറ്റിക്കൊണ്ട് ഏതെങ്കിലും ഒരു മതത്തെ 'സാംസ്‌കാരിക മതം' ആക്കി മാറ്റാം എന്നു സ്വപ്നം കാണുന്നവരാണ് ഒരുവിധത്തില്‍ പറഞ്ഞാല്‍ ജെ എസ് കെ എന്ന ചലച്ചിത്രത്തെയും സുംബ നൃത്തത്തെയും വിവാദമാക്കുന്നത്.
രാഷ്ട്രീയത്തില്‍ എന്തിനാണ് മതം എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല. പക്ഷേ മതതീവ്ര ചിന്തകളുമായി രാഷ്ട്രീയം എന്തിന് അനുരഞ്ജനപ്പെടണം എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. മതത്തെ ഒരു വിഭജന ഉപകരണമാക്കി പണിതുയര്‍ത്തിയിട്ടുള്ള നാഗരികതകളിലെല്ലാം മനുഷ്യജീവിതം നരകതുല്യമായിട്ടേയുള്ളൂ. മതനിരപേക്ഷമായ ഒരു സംസ്‌കാരത്തില്‍ മാത്രമേ സ്വന്തം സ്വത്വവും പാരമ്പര്യവും ഉപേക്ഷിക്കാതെ സ്വസ്ഥമായി ജീവിക്കാന്‍ സാധിക്കൂ. ആ സ്വസ്ഥതയെ ഇല്ലാതാക്കാനാണ് ഇന്ന് പലരും മനഃപൂര്‍വം ശ്രമിക്കുന്നത്.
മതതീവ്രവാദങ്ങള്‍ മലയാളത്തിലെ വിശ്വാസ സമൂഹത്തിന്റെ ചിറകുകളില്‍ ഒരു ശൂലാഗ്രമായി മാറിക്കഴിഞ്ഞു. ഈ ചിറകുകളുമായി വികസനത്തിന്റെ വിഹായസ്സിലേക്ക് നമ്മള്‍ പറന്നുയരും എന്നാണ് ചിലര്‍ പറയുന്നത്. പെട്ടെന്ന് കാലഹരണപ്പെട്ടേക്കാവുന്ന ഈ ചിന്ത നമുക്ക് ആവശ്യമുണ്ടോ, അതോ ചിറകുകളില്ലാതെ പറക്കുന്ന ഭക്തിയുടെ മിഥ്യാധാരണയില്‍ നമ്മള്‍ ചുരുണ്ടുകൂടണമോ? അനിശ്ചിതമായ ഒരു വഴിത്തിരിവിലാണ് മലയാളത്തിലെ ഭക്തസമൂഹങ്ങള്‍ എത്തിയിരിക്കുന്നത്. മുകളില്‍ കുറിച്ചിരിക്കുന്ന വിശുദ്ധ അഗസ്റ്റിന്റെ വാക്കുകള്‍ നമുക്ക് ഒരു പാത കാണിച്ചുതരും. എല്ലാം തകരുന്നതായി തോന്നുമ്പോള്‍, ഒരു യുഗത്തിന്റെ സൂര്യാസ്തമയത്തിനപ്പുറത്തേക്ക് നോക്കണമെങ്കില്‍, അകലെയായി തോന്നുന്ന പ്രഭാതത്തിന്റെ അടയാളങ്ങള്‍ക്കായി തിരയണമെങ്കില്‍, നമുക്ക് വേണ്ടത് ഭക്തിയും മതതീവ്രതയുമല്ല, മഹത്തായ ചിന്തകളാണ്.
രാഷ്ട്രീയത്തില്‍ എന്തിനാണ് മതം എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല. പക്ഷേ മതതീവ്ര ചിന്തകളുമായി രാഷ്ട്രീയം എന്തിന് അനുരഞ്ജനപ്പെടണം എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. മതത്തെ ഒരു വിഭജന ഉപകരണമാക്കി പണിതുയര്‍ത്തിയിട്ടുള്ള നാഗരികതകളിലെല്ലാം മനുഷ്യജീവിതം നരകതുല്യമായിട്ടേയുള്ളൂ.
ദീര്‍ഘദര്‍ശനം ഇല്ലാത്ത, മുന്നോട്ടും പിന്നോട്ടും നോക്കാത്ത, തെറ്റായ ധര്‍മ്മസങ്കടത്തിന്റെ തടവുകാരായി മാറുകയാണ് നമ്മള്‍. ഒന്നുകില്‍ വിശ്വാസമില്ലാത്ത ഒരു അവ്യക്തമായ മതത്തില്‍ നാം സ്ഥിരതാമസമാക്കുന്നു, അല്ലെങ്കില്‍ മതമില്ലാത്ത ഒരു വിശ്വാസത്തില്‍ നാം അതിഥികളാകുന്നു. അതുകൊണ്ടുതന്നെ നല്ല ശതമാനം മലയാളികള്‍ക്കും സഹജന്റെ നൊമ്പരം വെറുമൊരു ബ്രേക്കിംഗ് ന്യൂസ് മാത്രമാണ്. നമ്മുടെ ഇടയില്‍ വേദനാരഹിതമായ വികാരങ്ങളുടെ ശേഖരം സൃഷ്ടിക്കാന്‍ മലയാള മാധ്യമങ്ങള്‍ക്കു സാധിച്ചു എന്നത് ചെറിയൊരു സംഗതിയല്ല. ഏത് തരത്തിലുള്ള ജീവിതവുമായും സാമ്പത്തിക, രാഷ്ട്രീയ, സാംസ്‌കാരിക ഘടനയുമായും നമ്മള്‍ അറിയാതെ പൊരുത്തപ്പെടുകയാണ്. വെള്ളം ചൂടായിക്കൊണ്ടിരിക്കുന്നു എന്ന് അറിയാത്ത തവളയെ പോലെ.
ഏത് പ്രമാണത്തിനും ഒരു വിരുദ്ധമുഖം ഉണ്ടാകും. 'ചിന്തയില്ലാത്ത വിശ്വാസം വിശ്വാസമേ അല്ല' എന്ന വിശുദ്ധ അഗസ്റ്റിന്റെ കാഴ്ചപ്പാടിന് നേര്‍വിപരീതമായി ചിന്തിക്കാതെയും വിശ്വസിക്കാം എന്ന കാഴ്ചപ്പാടും മതങ്ങളിലുണ്ട്. ആ കാഴ്ചപ്പാടില്‍ നമ്മള്‍ നിലവിലില്ലാത്ത ഒരു കാലത്തിന്റെ നൊസ്റ്റാള്‍ജിയയില്‍ മുഴുകുവാന്‍ തുടങ്ങും, അല്ലെങ്കില്‍ ഇതുവരെ വന്നിട്ടില്ലാത്ത ഒരു കാലത്തിനായി നമ്മള്‍ കാത്തിരിക്കും. അങ്ങനെ വരുമ്പോഴാണ് മതങ്ങള്‍ ധാരാളം സദാചാരങ്ങളും ഒട്ടും സംസ്‌കാരവും ഇല്ലാത്ത ഇടങ്ങളായി മാറുന്നത്. ചിലപ്പോഴൊക്കെ ഈയുള്ളവന്‍ ചിന്തിക്കാറുണ്ട്; ഈ 'പോസ്റ്റ്‌മെറ്റാഫിസിക്കല്‍' കാലഘട്ടത്തില്‍ വിശ്വാസത്തെക്കുറിച്ച് ചിന്തിക്കുന്നതില്‍ എന്ത് അര്‍ഥമാണുള്ളത്? പക്ഷേ ഒരു കാര്യം വ്യക്തമായി കഴിഞ്ഞിരിക്കുന്നു, സമൂഹം എത്ര ആധുനികവല്‍ക്കരിച്ചാലും മതത്തിന്റെ തീവ്രവിചാരങ്ങളിലും രാഷ്ട്രീയ സംവിധാനത്തിന്റെ അല്‍പ്പത്തരത്തിലും ഒരിക്കലും മാറ്റം ഉണ്ടാവുകയില്ല.
അവ സൃഷ്ടിക്കുന്ന വിഘടിത സമൂഹത്തില്‍ സാങ്കേതികസാമ്പത്തിക വ്യവസ്ഥ വളരെ ശക്തവും രാഷ്ട്രീയം വളരെ ദുര്‍ബലവുമാകും എന്നത് ഒരു ആഗോള പ്രതിഭാസമാണ്. ഉദാഹരണത്തിന് ഇന്ത്യ, അമേരിക്ക, ഇറ്റലി, തുടങ്ങിയ തീവ്രവലതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങളുടെ സാമ്പത്തിക വളര്‍ച്ചയെ ശ്രദ്ധിച്ചാല്‍ മതി. ഈ പ്രതിഭാസം നമ്മില്‍ നിന്നും എടുത്തുകളയുന്നത് സാഹോദര്യത്തിന്റെ സാര്‍വത്രികതയെയാണ്. ഇത് സുവിശേഷത്തിന് നേര്‍വിപരീതമാണ്. ഉത്ഥിതന്‍ നമുക്ക് നല്‍കുന്ന ഉത്തരവാദിത്വം സാഹോദര്യത്തിന്റെ സാംസ്‌കാരികവല്‍ക്കരണമാണ്. ആരും ശത്രുവല്ല, എല്ലാവരും ദൈവമക്കളാണ് എന്ന ചിന്തയാണത്. അതുകൊണ്ടുതന്നെ മനുഷ്യത്വത്തിന്റെ പരിമിതിയെ വിമര്‍ശനാത്മകമായി നമ്മള്‍ ഉപേക്ഷിക്കണം. അല്ലാത്തപക്ഷം നമ്മള്‍ ജീവിക്കുന്ന സമൂഹത്തില്‍ ഒരു ഉപ്പിന്റെ ഗുണമായി മാറാന്‍ സാധിക്കുകയില്ല.
എനിക്കറിയില്ല എന്തിനാണ് മതതീവ്രവാദികള്‍ തങ്ങളുടെ മതവിശ്വാസത്തിലെ വൈജ്ഞാനിക സാധ്യതയെ മരവിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന്. ചിലപ്പോള്‍ സാഹോദര്യത്തിന്റെ അതിരുകളില്‍ വേലികള്‍ കെട്ടുന്നതിനുവേണ്ടി മാത്രമായിരിക്കാം അത്. അങ്ങനെ വരുമ്പോള്‍ മതങ്ങള്‍ക്ക് നഷ്ടപ്പെടുന്നത് ആത്മീയതയുടെ അനന്തമായ ഉയരവും സാഹോദര്യത്തിന്റെ വിശാലതയുമാണ്.
'രാഷ്ട്രീയ കൃത്യത' അഥവാ പൊളിറ്റിക്കല്‍ കറക്റ്റ്‌നസ്സ് എന്നത് ഒരു അശ്ലീലതയല്ല എന്ന കാര്യം മതസംഘടനകള്‍ ഓര്‍ക്കണം. ഈ മതനിരപേക്ഷ ഇന്ത്യയില്‍, ഒരു ആത്മീയ മര്യാദയിലേക്ക് നമ്മുടെ മതസംഘടനകള്‍ ഇനിയും എത്രത്തോളം വളരേണ്ടിയിരിക്കുന്നു എന്നതിന്റെ തെളിവാണ് ഇപ്പോള്‍ സംഭവിച്ചു ക്കൊണ്ടിരിക്കുന്ന വിവാദങ്ങള്‍. വിദൂര ചക്രവാളങ്ങളെ ചൂണ്ടികാണിച്ചു വര്‍ത്തമാനകാലത്തില്‍ നിന്നുള്ള ഒരു രക്ഷപ്പെടലാണ് ഇങ്ങനെയുള്ളവര്‍ ചെയ്യുന്നത്. അപ്പോഴും നമ്മള്‍ ഓര്‍ക്കണം, ഒരു വിശ്വാസി എന്ന നിലയില്‍ നമ്മള്‍ ഭയക്കേണ്ടത് ഭൂമിയിലെ കേവലവസ്തുക്കളില്‍ മാത്രം വസിക്കുന്ന ചരിത്രത്തെയാണ്.
സഹജരല്ല നമ്മുടെ പരിമിതികളുടെ ശത്രു, നമ്മെ കാത്തിരിക്കുന്ന അനന്തമായ അനിശ്ചിതത്ത്വമാണ്. അതുകൊണ്ടുതന്നെ മനുഷ്യര്‍ ലംബജീവികളാണെന്ന് ഓര്‍മ്മിപ്പിക്കുന്ന മതങ്ങളുടെ ഏറ്റവും വലിയ ഉത്തരവാദിത്വം മണ്ണിനെ വാസയോഗ്യമാക്കുക എന്നതാണ്. നമ്മള്‍ തല ഉയര്‍ത്തി മുകളിലേക്ക് നോക്കുന്നത് നമ്മുടെ കാലുകള്‍ നിലത്ത് ഉറപ്പിച്ചു നിര്‍ത്താന്‍ വേണ്ടിയാണ്. അതുകൊണ്ടുതന്നെ ഒരു മതവിഭാഗവും ചിന്തിക്കരുത് ഈ മണ്ണ് എന്റെയും എന്റെ മതസ്ഥരുടെയും മാത്രമാണെന്ന്.