ഇപ്പോഴത്തേക്ക് (for the time being) എന്ന ശീർഷകത്തിൽ കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പ്, കൊച്ചിയെ സമകാലീന കലയുടെ സജീവമായ വേദിയാക്കി മാറ്റി. 2025 ഡിസംബർ 12 മുതൽ 2026 മാർച്ച് 31 വരെ നീളുന്ന ഈ കലാമാമാങ്കം ഇന്ത്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര കലാമേള കൂടിയാണ്. ആഗോള കലാസൃഷ്ടികളും പ്രാദേശിക ചരിത്രങ്ങളും സാമൂഹിക വിഷയങ്ങളും കൂടികലർന്ന കലാനുഭവമാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നത്.
സ്ഥിരമായ മ്യൂസിയം പ്രദർശനങ്ങളിൽ നിന്ന് വ്യത്യസ്തമായി സമയമെടുത്ത് കാണാനും അന്വേഷിക്കാനും കലാനുഭവത്തിൽ പങ്കാളികളാകാനും കാഴ്ചക്കാരെ പ്രേരിപ്പിക്കുന്ന വിധത്തിലാണ് ബിനാലെ വിന്യസിച്ചിരിക്കുന്നത്. കൊച്ചിയുടെ കനാലുകൾ, കൊളോണിയൽ വാസ്തുവിദ്യ, ജനജീവിതം, കാലാവസ്ഥ മാറ്റങ്ങൾ ഇവയൊക്കെയുമായി കലാസൃഷ്ടികൾ ഇടപെടുന്നുണ്ട്.
ഗോവ ആസ്ഥാനമായ HH Art Spaces എന്ന സ്ഥാപനവുമായി ചേർന്ന് നിയിൽ ചോപ്ര ക്യുറേറ്റ് ചെയ്ത ബിനാലെയുടെ ഈ പതിപ്പ് പരമ്പരാഗത കലാപ്രദർശന മാതൃകകളെ ബോധപൂർവം മാറ്റിമറിക്കുന്നു. കല ജൈവപരവും തുടർച്ചയായി വികസിക്കുന്ന ഒരു പരിസ്ഥിതിവ്യവസ്ഥയുമാണെന്ന (Eco System) സമീപനമാണ് ഈ പതിപ്പ് ഉയർത്തിക്കാണിക്കുന്നത്. ഉൽപ്പന്നത്തേക്കാൾ പ്രക്രിയയും കാഴ്ചയുടെ വിസ്മയത്തേക്കാൾ സഹകരണത്തിനും പ്രദർശനത്തേക്കാൾ സംവാദത്തിനും പ്രാധാന്യം നല്കുന്നതാണ് ഈ ബിനാലെ പതിപ്പ്.
സമകാലീന കലയിൽ പ്രശസ്തരായവരും പുതുതായി ഉയർന്നുവന്നവരുമായ കലാകൃത്തുക്കൾ ഉൾപ്പെടെ ഇരുപത്തിയഞ്ചിലധികം രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന 66 കലാപദ്ധതികളും സ്റ്റുഡന്റ്സ് ബിനാലെ, എ ബി സി പ്രോഗ്രാം, സമാന്തര പ്രദർശനങ്ങൾ തുടങ്ങിയവയും ഉൾപ്പെടെ വൈവിധ്യമാർന്ന മാധ്യമങ്ങളും രൂപങ്ങളുമടങ്ങുന്ന ബൃഹത്ത് കലാമേളയാണിത്. ഇത്തവണ പ്രധാന വേദിയായ ആസ്പിൻവാളിനു പുറമെ മട്ടാഞ്ചേരിയിലും ഐലന്റിലും ദർബാർ ഹാളിലുമായി പ്രദർശനങ്ങൾ ഒരുക്കിയതിലൂടെ ബിനാലെയുടെ വ്യാപ്തി വർദ്ധിപ്പിക്കാനും നഗരത്തിലെ വിവിധ പ്രദേശങ്ങളും പൈതൃക കെട്ടിടങ്ങളും പരിചയപ്പെടാനും ജനജീവിതവും തദ്ദേശചരിത്രവും അടുത്തറിയാനും സാഹചര്യമൊരുക്കിയിരിക്കുന്നു.
സ്ഥിരമായ മ്യൂസിയം പ്രദർശനങ്ങളിൽ നിന്ന് വ്യത്യസ്തമായി സമയമെടുത്ത് കാണാനും അന്വേഷിക്കാനും കലാനുഭവത്തിൽ പങ്കാളികളാകാനും കാഴ്ചക്കാരെ പ്രേരിപ്പിക്കുന്ന വിധത്തിലാണ് ബിനാലെ വിന്യസിച്ചിരിക്കുന്നത്. കൊച്ചിയുടെ കനാലുകൾ, കൊളോണിയൽ വാസ്തുവിദ്യ, ജനജീവിതം, കാലാവസ്ഥ മാറ്റങ്ങൾ ഇവയൊക്കെയുമായി കലാസൃഷ്ടികൾ ഇടപെടുന്നുണ്ട്. 'ഈ നിമിഷത്തിൽ നിലകൊള്ളുക' (For the Time being) എന്ന അനുഭവത്തിനും ഓരോ പ്രേക്ഷകനുമായുള്ള കലയുടെ തുറന്ന സംവേദനം രൂപപ്പെടുത്തുന്നതിനും ശക്തമായ ഊന്നൽ ഇവിടെ കാണാം. കലാപ്രദർശനം മാത്രമാകാതെ, സമകാലീന ജീവിതത്തെയും ഭാവിയെയും കുറിച്ചുള്ള ആലോചനയ്ക്കുള്ള വേദികൂടിയായി മാറുന്നു കൊച്ചി-മുസിരിസ് ബിനാലെ.
പ്രസിദ്ധ ഇന്ത്യൻ ആർട്ടിസ്റ്റ് ഗുലാം മുഹമ്മദ് ഷെയ്ക്കിന്റെ വിഖ്യാത ചിത്രങ്ങളടങ്ങിയ പ്രദർശനമാണ് ദർബർഹാൾ ആർട് ഗ്യാലറിയിൽ നടക്കുന്നത്. ഒരൊറ്റ ലോകം അല്ലെങ്കിൽ ഒരൊറ്റ സമയം എന്ന ആശയത്തെ നിരാകരിച്ച് നിരന്തരമായി വളർന്നു വികസിക്കുന്ന കലാലോകത്തുനിന്നും പ്രചോദനമുൾക്കൊണ്ടാണ് ഗുലാം മുഹമ്മദ് ഷെയ്ക്കിന്റെ ഈ പ്രദർശനം രൂപപ്പെടുന്നത്. ലോകനാഗരികതയുടെയും സംസ്കാരങ്ങളുടെയും വിശാലഭൂമികയിലൂടെ മാനവികതയുടെ സത്ത തേടുന്ന അദ്ദേഹം ഗാന്ധിജി, കബീർ, ഫ്രാൻസിസ് അസ്സീസി, മീരാഭായ്, മഗ്ദലനമറിയം തുടങ്ങി നിരവധി വ്യക്തിത്വങ്ങളിലൂടെ കടന്നുപോയി, അവരുടെ ഓർമ്മയുണർത്തുകയും, അങ്ങനെ പകയും ഹിംസയുംകൊണ്ട് പൊറുതിമുട്ടിയ ഒരു ലോകത്ത് ഇവരുടെ ജീവിതസന്ദേശങ്ങൾക്ക് ശക്തി പകരുകയും ചെയ്യുന്നു. മുഹമ്മദ് ഷെയ്ക്കിന്റെ കലാവിഷ്കാരത്തിന്റെ കാവ്യാത്മകത നമ്മളെ ആദ്യം വലിച്ചടുപ്പിക്കുന്നത് വ്യക്തമായ ഒരു തിരിച്ചറിയലിന്റെ നിമിഷത്തിലേക്കാണ്. നമ്മുടെ ഉള്ളിലെ ലോകങ്ങളെക്കുറിച്ചും നമ്മൾ നിലകൊള്ളുന്ന ലോകങ്ങളെക്കുറിച്ചും ഇനിയും വരാനിരിക്കുന്ന ലോകങ്ങളെക്കുറിച്ചും നിരവധി ചോദ്യങ്ങൾ നമ്മിലത് അവശേഷിപ്പിക്കുന്നു.
ബിനാലെയിൽ ഇടം നേടിയ ആദ്യ സന്യാസിനിയായ സിസ്റ്റർ റോസ്.വിൻ CMC തന്റെ ജീവിത സാഹചര്യങ്ങളിൽ നിന്നാണ് കലാവിഷയങ്ങൾ കണ്ടെത്തുന്നത്. യാഥാർത്ഥ ചിത്രീകരണത്തെ മറികടന്ന് രചിക്കുന്ന അവരുടെ ചിത്രങ്ങൾ ആത്മീയവും മനഃശാസ്ത്രപരവുമായ മനുഷ്യാവസ്ഥയെ ആവിഷ്ക്കരിക്കുന്നതാണ്. ബിനാലെയിൽ പ്രദർശിപ്പിച്ചിരിക്കുന്ന ചിത്രങ്ങൾ പ്രായമായ അമ്മമാരെയും രോഗാവസ്ഥയിലുള്ളവരെയും പ്രമേയമാക്കിയവയാണ്.
'ഫ്രാൻസീസ് ആന്റ് കബീർ' എന്ന പെയ്ന്റിംഗിൽ, മധ്യകാലഘട്ടത്തിലെ 'എബ്സ്റ്റോർഫ് മാപ്പമുണ്ടി' എന്ന ഭൂപട മാതൃകയെ ആധാരമാക്കി ആവർത്തിച്ച് കൊണ്ടുവരുന്ന പ്രിയപ്പെട്ട രണ്ടു കഥാപാത്രങ്ങളായ സെന്റ് ഫ്രാൻസിസും കബീറും തമ്മിലുള്ള സൂക്ഷ്മഭാവത്തോടു കൂടിയ കൂടിക്കാഴ്ചയെ ഷെയ്ക്ക് രേഖപ്പെടുത്തുന്നു. പതിമൂന്നാം നൂറ്റാണ്ടിലെ ഫ്രാൻസിസ്കൻ സഭാ സ്ഥാപകന്റെ ചിത്രം, പതിനഞ്ചാം നൂറ്റാണ്ടിലെ കവിയും സന്യാസിയുമായ കബീറിന്റെ ചിത്രത്തോടൊപ്പം സ്ഥാപിച്ചുകൊണ്ട്, അപകടഭീഷണി നേരിടുന്ന ലോകത്തിനു ചുറ്റും സംരക്ഷണത്തിന്റെ ഒരു പ്രഭാവലയം സൃഷ്ടിക്കുകയാണ് കലാകൃത്ത് ചെയ്യുന്നത്. യുദ്ധങ്ങളും പകർച്ചാവ്യാധികളും മൂലമുള്ള മനുഷ്യജീവിതത്തിന്റെ അസ്ഥിരതയെക്കുറിച്ചുള്ള സൂചനകളും ഇതിലുണ്ട്. പ്രാരംഭകാല നവോത്ഥാനകാലഘട്ടത്തിലെ ജിയോട്ടോ എന്ന കാലാകാരൻ രചിച്ച സെന്റ് ഫ്രാൻസിസിന്റെയും ഇന്ത്യൻ ചിത്രകാരൻ ബിനോദ് ബിഹാരി മുഖർജിയുടെ കബീറിന്റെയും രൂപങ്ങൾ 'മപ്പമുണ്ടി' (Medievel European Map) യുടെ ഇരുവശങ്ങളിലുമായി, സഹിഷ്ണുത, സമാധാനം, കരുണ എന്നിവ പ്രഘോഷിക്കുന്ന സത്യമായി നിലകൊള്ളുന്നു. പേർഷ്യൻ, യൂറോപ്യൻ, ഇന്ത്യൻ കലാചരിത്ര പ്രതീകങ്ങൾ ഉൾക്കൊള്ളുന്ന ഈ ചിത്രം, ലോകം പുനരുജ്ജീവനത്തിലേക്കും വീണ്ടെടുക്കലിലേക്കും തിരിയുന്ന സമയത്ത്, ചിത്രത്തിനകത്തും പുറത്തുമായി മധ്യസ്ഥ സാന്നിധ്യങ്ങളായി ഫ്രാൻസിസിനെയും കബീറിനെയും ക്രമീകരിച്ചിരിക്കുന്നു.
ഗുലാം മുഹമ്മദ് ഷെയ്ക്കിന്റെ 'കാരവൻ' (Kaarawaan) എന്ന വിഖ്യാതചിത്രം, മനുഷ്യനാഗരികതയുടെയും പാലായനങ്ങളുടെയും കലയുടെ അതിജീവനത്തിന്റെയും ഒരു ദൃശ്യവിജ്ഞാനകോശമാണ്. നോഹയുടെ പേടകം പോലെ, ചരിത്രത്തിന്റെ പ്രക്ഷുബ്ധമായ കടലിലൂടെ സഞ്ചരിക്കുന്ന ഒരു കാലാതീത പേടകമാണ് ഈ ബൃഹത്ചിത്രം. ലോകത്തിന്റെ കൂട്ടായ ഓർമ്മകളെ വഹിച്ചുകൊണ്ട് നീങ്ങുന്ന ഒരു കൂറ്റൻ മരക്കപ്പലാണ് ഈ ചിത്രത്തിലെ കേന്ദ്ര പ്രതീകം. സുരക്ഷിതമായ ഒരു അഭയ പേടകമാണിത്. നൂറ്റാണ്ടുകളിലൂടെ വിവിധ ഭൂഖണ്ഡങ്ങളിലൂടെ കടന്നുപോയ കലാകാരന്മാരുടെ ഒരു വലിയ നിരയെ ഷേയ്ക്ക് ഈ പേടകത്തിൽ അണിനിരത്തിയിട്ടുണ്ട്. ഡാവിഞ്ചി, പൗലോ, ഉച്ചല്ലോ, പീറ്റർ, ബ്രൂഗൽ തുടങ്ങിയ നവോത്ഥാന നായകരും ഫ്രീഡ കാൻലോ, സറീൻ മുസ്തഫ, അമൃത ഷേഗൽ തുടങ്ങിയവരും, ഇന്ത്യൻ കലാപാരമ്പര്യത്തിലെ മുഗൾ കൊട്ടാര ചിത്രകാരന്മാരും മറ്റ് കരകൗശല വിദഗ്ധരും ഈ ബൃഹത്ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
മനുഷ്യരെ മാത്രമല്ല, മുഴുവൻ ലോകങ്ങളെ തന്നെയാണ് ഈ കപ്പൽ വഹിക്കുന്നത്. മതിലുകളാൽ ചുറ്റപ്പെട്ട നഗരങ്ങൾ, തിരക്കേറിയ ഇടവഴികൾ വാസ്തുവിദ്യാവശിഷ്ടങ്ങൾ, മരങ്ങളും മലകളും ഉൾപ്പെട്ട ഭൂപ്രദേശങ്ങൾ തുടങ്ങിയവയൊക്കെ ഈ പേടകത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കപ്പലിനു ചുറ്റുമുള്ള കടൽ പ്രക്ഷുബ്ധമാണ്. ആഞ്ഞടിക്കുന്ന തിരമാലകളും ഒളിഞ്ഞിരിക്കുന്ന ഭീകരരൂപികളും നിറഞ്ഞതാണ് ജലനിരപ്പ്. ഇത് ഇന്നത്തെ ലോകം നേരിടുന്ന പലായനങ്ങൾ, യുദ്ധങ്ങൾ, പാരിസ്ഥിതിക തകർച്ച തുടങ്ങിയ പ്രതിസന്ധികളെ സൂചിപ്പിക്കുന്നു. നാഗരികതയുടെ കപ്പലിനെ മുക്കാൻ ശ്രമിക്കുന്ന ചരിത്രത്തിലെ ഭയാനകമായ സാഹചര്യങ്ങളെയാണ് കടലിലെ ഭീകരരൂപികൾ പ്രതിനിധീകരിക്കുന്നത്.
ഒരു അതിജീവന ഗാഥയാണ് മുഹമ്മദ് ഷെയ്ക്കിന്റെ 'കാരവൻ' എന്ന ഈ ചിത്രം. വിവിധ കാലഘട്ടങ്ങളിലെ കലാകാരന്മാരെ ഒന്നിച്ച് കാണിക്കുന്നതിലൂടെ കല കാലങ്ങളെ ബന്ധിക്കുന്ന ഒരു പാലമാണെന്ന് പറയാതെ പറയുന്നു ചിത്രകാരൻ. പ്രക്ഷുബ്ധമായ കടലിൽ കപ്പൽ ആടിയുലയുന്നുണ്ടെങ്കിലും അത് മുങ്ങിപ്പോകാതെ നില്ക്കുന്നു. ഇത് പ്രത്യാശയെയും മനുഷ്യത്വത്തിന്റെ സുരക്ഷിത താവളം മനുഷ്യത്വമാണെന്ന വിശ്വാസത്തെയും അടയാളപ്പെടുത്തുന്നു. ചരിത്രം എപ്പോഴും അക്രമാസക്തവും കുഴപ്പങ്ങൾ നിറഞ്ഞതുമാണെങ്കിലും കലയിലൂടെയും കൂട്ടായ്മയിലൂടെയും മനുഷ്യചൈതന്യം സുരക്ഷിതമായ തീരങ്ങൾ തേടിയുള്ള യാത്ര തുടരുമെന്ന മനോഹരമായ ഓർമ്മപ്പെടുത്തലാണ് ഗുലാം മുഹമ്മദ് ഷെയ്ക്കിന്റെ ഈ മാസ്റ്റർ പീസ്. ജീവിതയാത്രയെക്കുറിച്ചാണ് ഈ കപ്പൽ ചിത്രം സംസാരിക്കുന്നത്. അനുഭവങ്ങളുടെയും ചരിത്രങ്ങളുടെയും ഓർമ്മകളിലൂടെ പ്രതീക്ഷയിലേക്ക് സഞ്ചരിക്കുന്ന പേടകമാണിത്.
കലാ പ്രദർശനങ്ങൾ കണ്ടുപോകുമ്പോൾ ഏതെങ്കിലും തരത്തിലുള്ള നവീകരണങ്ങൾ ഒരാളിൽ സംഭവിക്കാം. പ്രകൃതിയോടും മനുഷ്യനോടുമുള്ള സമീപനത്തിൽ മാറ്റമുണ്ടാകാം. വെറും കാണൽ എന്നതിനപ്പുറം കലകൾ മാനുഷിക ഭാവത്തെ കൂടുതൽ ഉദ്ദീപിപ്പിക്കുന്ന ആന്തരിക പ്രക്രിയയാണ്.
ബിനാലെയിൽ ഇടം നേടിയ ആദ്യ സന്യാസിനിയായ സിസ്റ്റർ റോസ്.വിൻ CMC തന്റെ ജീവിതസാഹചര്യങ്ങളിൽ നിന്നാണ് കലാവിഷയങ്ങൾ കണ്ടെത്തുന്നത്. യാഥാർത്ഥ ചിത്രീകരണത്തെ മറികടന്ന് രചിക്കുന്ന അവരുടെ ചിത്രങ്ങൾ ആത്മീയവും മനഃശാസ്ത്രപരവുമായ മനുഷ്യാവസ്ഥയെ ആവിഷ്ക്കരിക്കുന്നതാണ്. ബിനാലെയിൽ പ്രദർശിപ്പിച്ചിരിക്കുന്ന ചിത്രങ്ങൾ പ്രായമായ അമ്മമാരെയും രോഗാവസ്ഥയിലുള്ളവരെയും പ്രമേയമാക്കിയവയാണ്. ജീവിതകാലം മുഴുവൻ കർമ്മം ചെയ്ത് തേഞ്ഞുതീരുന്ന മനുഷ്യഭാവങ്ങളെ ആവിഷ്ക്കരിക്കുന്നവയാണ് അവരുടെ ടെറക്കോട്ട ശില്പങ്ങൾ. വേദനയും ആത്മസംഘർഷങ്ങളും ആത്മീയതയും പതം വന്ന വഴികളായും കുരിശുവഴി താണ്ടി ജീവിതസമർപ്പണം നടത്തിയവർക്കായുള്ള ആദരമായും ചിത്രങ്ങളും ശില്പങ്ങളും മാറുന്നതോടൊപ്പം സ്വന്തം ആത്മനിഷ്ഠമായ ചോദ്യങ്ങളും ഓർമ്മകളും ആത്മീയഭാവങ്ങളും ഉയർന്നുവരുകയും ചെയ്യുന്നുണ്ട്, സിസ്റ്റർ റോസ്സിന്റെ കലാവിഷ്കാരങ്ങളിൽ.
കെ എം മധുസൂദനനും ഐശ്വര്യ സുരേഷും ക്യൂറേറ്റ് ചെയ്തിട്ടുള്ള, കേരളത്തിൽ നിന്നുള്ള 36 കലാകാരന്മാരുടെ സൃഷ്ടികൾ 'ഇടം' പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്. അതിൽ ദേവു നെന്മാറയുടെ ചിത്രങ്ങൾ ശ്രദ്ധേയമാണ്. 62 വയസ്സുള്ള, അക്കാദമിക് കലാവൈദഗ്ദ്ധ്യം അവകാശപ്പെടാനില്ലാത്ത അവരുടെ ചിത്രങ്ങൾ ഭൂമിയിൽ നിന്നുത്ഭവം കൊള്ളുന്ന തീവ്രമായ ബന്ധങ്ങളെയും സൂചനകളെയും പ്രകടിപ്പിക്കുന്നതാണ്. ജീവിതകാലം മുഴുവൻ കൂലിപ്പണിക്കാരിയായിരുന്ന അവർ യാദൃശ്ചികമായിട്ടാണ് ചിത്ര രചനയിലേക്ക് എത്തിപ്പെടുന്നത്. കലാകാരനായ മകൻ ഉണ്ണിക്കൃഷ്ണൻ കൊടുത്ത സാമഗ്രികൾ ഉപയോഗിച്ച് പരീക്ഷണാർഥം ചിത്രരചന തുടങ്ങുകയായിരുന്നു അവർ. തന്റെ ഗ്രാമത്തിലെ ഭൂപ്രകൃതിയും സസ്യജന്തുജാലങ്ങളും മനുഷ്യരും ഒക്കെ വളരെ സ്വാഭാവികമായി അവരുടെ കലയിൽ ആവിഷ്കൃതമാകുന്നു. ഉത്സവങ്ങളും ഋതുക്കളുടെ ഭാവങ്ങളും നിറഭേദങ്ങളും ഒക്കെ ചേർന്ന് അകൃത്രിമമായ രീതിയിലാണ് ദേവുവിന്റെ ചിത്രരചന. നിറങ്ങളെക്കുറിച്ചും രൂപങ്ങളെക്കുറിച്ചും സഹജമായ ഒരവബോധം അവർക്കുണ്ട്. നിറങ്ങളുടെയും രൂപങ്ങളുടെയും വിന്യാസത്തിൽ ഒരു സംഗീതാത്മകത ഉണ്ട്. പ്രകൃതിയും മനുഷ്യരും കൂടിച്ചേർന്ന ഒരു മാസ്മരികത ദേവുവിന്റെ ചിത്രങ്ങളിൽ നിറഞ്ഞു നില്ക്കുന്നുണ്ട്.
ആഫ്രിക്കൻ കലാകൃത്തായ ഇബ്രാഹിം മഹാമയുടെ പ്രതിഷ്ഠാപന കല കൊച്ചി ആനന്ദ് വെയർഹൌസിലാണ് ഒരുക്കിയിരിക്കുന്നത്. ഇരുണ്ട ഗോഡൗണിലേക്ക് കയറി ചെല്ലുമ്പോൾ നൂറ്റമ്പതിലേറെ പഴയ മരക്കസേരകൾ നിരത്തിയിട്ടിരിക്കുന്നു. ചുമരുകളിൽ പഴയ ചാക്കുകൾ തൂക്കിയിട്ടിരിക്കുന്നു. 'പ്രേതങ്ങളുടെ പാർലമെന്റ്' എന്നതാണ് ഈ പ്രതിഷ്ഠാപനത്തിന്റെ പേര്. കാലഹരണപ്പെട്ടതും ഉപേക്ഷിക്കപ്പെട്ടതുമായ വസ്തുക്കളിലൂടെ ചരിത്രം പറയുന്ന ശൈലിയാണ് മഹാമയുടേത്. സുഗന്ധവ്യജ്ഞനങ്ങളുടെ മണം പേറുന്ന ചാക്കുകൾ കൊച്ചിയുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള വ്യാപാര ചരിത്രത്തെയും തൊഴിലാളികളുടെ വിയർപ്പിനെയും ഓർമ്മിപ്പിക്കുന്നു. നിരത്തിയിട്ടിരിക്കുന്ന കസേരകൾ സ്കൂളുകളിൽ നിന്നും സർക്കാർ ഓഫീസുകളിൽ നിന്നും കണ്ടെത്തിയതാണ്. ആഫ്രിക്കയിലെയും കൊച്ചിയിലെയും കൊളോണിയൻ കാലഘട്ടത്തിലെ ചൂഷണത്തെയും വ്യാപാര ബന്ധങ്ങളെയും ഈ പ്രതിഷ്ഠാപന കല കൂട്ടിയിണക്കുന്നു. സന്ദർശകർക്ക് കസേരകളിലിരുന്ന് ചരിത്രത്തോടും വർത്തമാനത്തോടും സംവദിക്കാനുള്ള അവസരവുമാണ്.
കൂനമ്മാവുകാരിയായ മീനു ജെയിംസിന്റെ സൃഷ്ടികൾ ഗ്ലാസിലും മരക്കഷണത്തിലും അക്രിലിക്ക് ഉപയോഗിച്ച് ചെയ്തവയാണ്. ഇവ ഒരു കൈപ്പത്തിയിൽ ഒതുങ്ങത്തക്ക ചെറുതാണ്. 'ടോപ്പോഗ്രഫി' എന്ന പരമ്പരയാണ് ബിനാലെ പ്രദർശനത്തിലുള്ളത്. ജന്മസ്ഥലമായ വരാപ്പുഴയുടെ പ്രാന്തപ്രദേശവുമായി ബന്ധപ്പെട്ടു കിടക്കുന്ന തന്റെ വേരുകൾ, സ്ഥാനഭ്രംശം, ഓർമ്മയുടെ അസ്ഥിരത എന്നിവയാണ് ഈ സൃഷ്ടിയുടെ പ്രമേയങ്ങൾ. പാരിസ്ഥിതിക, സാമൂഹിക, രാഷ്ട്രീയ മാറ്റങ്ങൾക്കു പുറമെ ഗൃഹാതുരമായ ഉൾപ്രേരണകൾ കൊണ്ടുകൂടി രൂപപ്പെട്ടവയാണ് മീനുവിന്റെ സ്മരണകൾ. പരമ്പരാഗത സമൂഹങ്ങളെ അവിടെ നിന്ന് ഒഴിപ്പിക്കുന്ന റിയൽ എസ്റ്റേറ്റ് രാഷ്ട്രീയ സമ്മർദങ്ങളും അവരുടെ ചിത്രങ്ങളിലെ ആശയപരമായ പശ്ചാത്തലമാണ്.
ഓർമ്മകളായി നിലനില്ക്കുന്ന ഭൂതകാലങ്ങൾക്കും മാറുന്ന പ്രകൃതിക്കും ഇടയിലുള്ള അഭിപ്രായ സംഘർഷം, വൈകാരികമായ ഭൂപട നിർമ്മാണങ്ങളായും സൂക്ഷ്മമായ ആഖ്യാനങ്ങളായും ഈ കൊച്ചുചിത്രങ്ങളിൽ പ്രകടമാകുന്നു. മീനുവിന്റെ നോട്ടുബുക്കും പ്രദർശനത്തിന്റെ ഭാഗമാണ്. കാര്യങ്ങൾ കാണുന്നതിന്റെയും ഓർക്കുന്നതിന്റെയും പ്രക്രിയയുടെ കാവ്യാത്മകമായ ഒരു രേഖാചിത്രം അതിൽ അവർ അവതരിപ്പിക്കുന്നുണ്ട്.
ഏതാനും ചില കലാകൃത്തുക്കളുടെ സൃഷ്ടികൾ മാത്രമേ ഇവിടെ പരാമർശിച്ചിട്ടുള്ളൂവെങ്കിലും ബിനാലെയിൽ പ്രദർശിപ്പിച്ചിട്ടുള്ള കലാസൃഷ്ടികളും വ്യത്യസ്ത അവതരണങ്ങളും അനന്യമായ അനുഭവങ്ങൾ നല്കുന്നതാണ്. പ്രകോപിപ്പിക്കുകയും ചിന്തിപ്പിക്കുകയും വൈകാരികമായി സ്വാധീനിക്കുകയും ആന്തരികതയെ തൊടുകയും ചെയ്യുന്ന തരത്തിലുള്ള അനുഭവങ്ങളിലൂടെ കടത്തിവിടുന്ന പ്രക്രിയ ഈ പ്രദർശനത്തിൽ നടക്കുന്നുണ്ട്. കേരളീയ സമൂഹത്തിന്റെ ദൃശ്യകലയോടുള്ള സമീപനത്തെ വളരെ പോസിറ്റീവ് ആയി ബിനാലെ സ്വാധീനിക്കുന്നുണ്ട്. കലാകാരരിലും കലാവിദ്യാർഥികളിലും മാത്രമല്ല കലയെ മമതയോടുകൂടി സമീപിക്കുന്ന ഒരു സമൂഹത്തെക്കൂടി അത് സൃഷ്ടിച്ചെടുക്കുന്നുണ്ട്.
കല സ്നേഹത്തിന്റെ ഭാഷയാണ് എന്നാണ് ഈ ബിനാലെ പതിപ്പിന്റെ ക്യൂറേറ്റർ നിഖിൽ ചോപ്ര പറയുന്നത് (ഭാഷാപോഷിണി ഫെബ്രുവരി 2026). കലാ പ്രദർശനങ്ങൾ കണ്ടുപോകുമ്പോൾ ഏതെങ്കിലും തരത്തിലുള്ള നവീകരണങ്ങൾ ഒരാളിൽ സംഭവിക്കാം. പ്രകൃതിയോടും മനുഷ്യനോടുമുള്ള സമീപനത്തിൽ മാറ്റമുണ്ടാകാം. വെറും കാണൽ എന്നതിനപ്പുറം കലകൾ മാനുഷിക ഭാവത്തെ കൂടുതൽ ഉദ്ദീപിപ്പിക്കുന്ന ആന്തരിക പ്രക്രിയയാണ്. സ്നേഹത്തിന്റെ ഭാഷയെ സ്വാംശീകരിക്കുകയും സ്വയം ശുദ്ധീകരിക്കപ്പെടാൻ അനുവദിക്കുകയും ചെയ്തുകൊണ്ട്, ജീവിത സാഹചര്യങ്ങളെ ആർദ്രതയും സമാധാനവും നിറഞ്ഞതാക്കാൻ നമ്മെ പ്രാപ്തരാക്കുന്നതാണ് ഈ കലാനുഭവങ്ങൾ.