Coverstory

പാഹിമാം : എന്നെ രക്ഷിക്കണമേ

Sathyadeepam
  • ജയ്ഷ ചാക്കോ, എടക്കുന്ന്

സിനിമ കാണാൻ, പാട്ടു കേൾക്കാൻ, നൃത്തം ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരു സാധാരണക്കാരി. എന്നാൽ ഇവയിലെല്ലാം ദൈവത്തെ കണ്ടെത്തുവാനുള്ള സാധ്യത അന്വേഷിക്കുന്ന ഒരു ഗവേഷക.

കഥക് നൃത്തം അഭ്യസിച്ചു തുടങ്ങിയപ്പോഴാണ് ഹിന്ദുസ്ഥാനി സംഗീതത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കിയത്. തിയറി പഠിച്ചു വന്നപ്പോൾ “ഭജൻ” എന്ന സംഗീതശാഖയെ പരിചയപ്പെട്ടു.

ലളിതമായ ഭാഷയും എളുപ്പത്തിൽ പാടാൻ കഴിയുന്ന ഈണവും താളവാദ്യങ്ങളുടെ ഉപയോഗവും ഭജനകളുടെ സവിശേഷതകളാണ്.

ഭക്തിയും ആത്മീയതയും പ്രധാന വിഷയങ്ങളായി, ആവർത്തന സ്വഭാവമുള്ള വരികൾ കൂടി വരുന്നതിനാൽ കൂട്ടായ ആലാപനത്തിനു ഭജൻസ് അനുയോജ്യമായി മാറുന്നു.

പങ്കു വയ്ക്കുക, ആരാധിക്കുക, സേവിക്കുക തുടങ്ങിയ അർത്ഥം വരുന്ന “ഭജ്” എന്ന സംസ്കൃത പദത്തിൽ നിന്നാണ് ഭജൻ എന്ന വാക്ക് ഉരുത്തിരിഞ്ഞത്.

അതിനാൽത്തന്നെ ദൈവത്തെ സ്നേഹത്തോടെ സ്മരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന സംഗീതാവിഷ്കാരമാണിത്.

2026 ഓഗസ്റ്റ് 15 ന് വൈകുന്നേരം 6.30 ന് ഞങ്ങളുടെ ഇടവകപ്പള്ളി പാരിഷ് ഹാളിൽ ‘പാഹിമാം ഭജൻസ്’ എന്ന പേരിൽ ഒരു വലിയ പരിപാടി നടക്കുന്നു എന്ന് വികാരിയച്ചൻ ഫാ.പോൾ ചെറുപിളളി അറിയിക്കുന്നു.

പ്രതികൂല കാലാവസ്ഥയുടെ അടയാളങ്ങൾ കണ്ടെങ്കിലും, ക്രിസ്തീയ ഭക്തി ഗാനാലാപനത്തിനു പുതുഭാവം പകർന്നു കൊണ്ടുള്ള സംഗീത പരിപാടി എന്നുള്ള അച്ചന്റെ വാക്കുകൾ ചെവികളിൽ വീണ്ടും മുഴങ്ങിക്കൊണ്ടിരുന്നു.

നേരത്തെ തന്നെ സീറ്റ് പിടിച്ച്, പാട്ടുകാരുടെയും പക്കമേളക്കാരുടെയും വേദിയിലെ ഒരുക്കങ്ങൾ നിരീക്ഷിച്ച്, ‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ’, എന്ന പാട്ടും മൂളി ഇരിക്കുമ്പോൾ, കണ്ണുകൾക്ക് കൗതുകം പകർന്ന് ജെറി അമൽദേവ് സർ മുൻനിരയിൽ വന്നിരുന്നു. കൃത്യം 6.30 നു തന്നെ പരിപാടികൾക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി.

സാമ്പ്രദായികമായ ഭജനാവതരണ രീതിയിൽ ഗായകർ നിലത്തിരുന്ന്, വദ്യോപകരണങ്ങളുടെ അകമ്പടിയോടെയാണ് ഓരോ ഗാനവും ആലപിക്കപ്പെട്ടത്. തബല, മൃദംഗം, ഹാർമോണിയം, ഘടം, താളം മുതലായ പരമ്പരാഗത വദ്യോപകരണങ്ങളോടൊപ്പം അക്കൗസ്റ്റിക് ഗിറ്റാർ ഉൾപ്പെടെയുള്ളവയുടെ ഫ്യൂഷൻ സ്വരം ആസ്വാദനത്തിനു മാറ്റുകൂട്ടി.

ക്രിസ്തീയ ഭക്തി ഗാനങ്ങൾ ഭജനയുടെ സ്വരരാഗ ശ്രുതി ചേർത്തുള്ള ഒരു പുനരവതരണത്തിനാണ് പാഹിമാം ഭജൻസ് ശ്രമിച്ചത്.

വിശുദ്ധ സംഗീതത്തിന്റെയും ഗാനത്തിന്റെയും ആഴത്തിലുള്ള ആത്മീയ ശക്തി വിളിച്ചോതുന്ന കാഴ്ചകളിലൂടെയാണ് പിന്നീട് ഞാൻ കടന്നു പോയത്. ചുറ്റും നോക്കിയപ്പോൾ, കണ്ണുകൾ അടച്ച് കണ്ണീർ ഒഴുക്കുന്ന, മന്ദഹാസത്തോടെ ചുണ്ടുകൾ അനക്കുന്ന, ചിരിച്ചു കൊണ്ട് തലയാട്ടുന്ന, മുഖങ്ങൾ കാണാനിടയായി. കൈകൾ ഉയർത്തിക്കൊട്ടി, പാട്ടുകാരാടൊപ്പം തന്നെ ഉച്ചത്തിൽ പാടി ആനന്ദിക്കുന്ന, നാം ഒന്നാണെന്ന സന്ദേശം പറയാതെ പറയുന്ന ഒരു പ്രേക്ഷക സമൂഹത്തിനു സാക്ഷ്യം വഹിച്ചു.

വി. കുർബാനയിലും മറ്റ് ആരാധനക്രമ ശുശ്രൂഷകളിലുമുള്ള സംഗീതം കേവലം ഒരു അലങ്കാരമല്ലെന്നും, മറിച്ച്, ദൈവത്തെ മഹത്വപ്പെടുത്തുവാനും വിശ്വാസികളെ വിശുദ്ധീകരിക്കുവാനുമുള്ള പ്രാർത്ഥനയുടെ ഭാഗമാണെന്നുമുള്ള ലിയോ പതിനാലാമൻ പാപ്പയുടെ പ്രബോധനം ഓർമ്മിപ്പിക്കത്തക്ക വിധത്തിലുള്ള സ്നേഹാന്തരീക്ഷം.

വി. അഗസ്റ്റിൻ പറഞ്ഞതുപോലെ “പാടുന്നവൻ രണ്ടു തവണ പ്രാർത്ഥിക്കുന്നു”. “സ്നേഹത്തിൽ നിൽക്കുന്നവരാണ് പാടുന്നത്”, തുടങ്ങിയ വാക്കുകളെ, ദൃശ്യവത്ക്കരിച്ചുകൊണ്ട് തികച്ചും ഭക്തി സാന്ദ്രവും അതിലുപരി സ്നേഹസാന്ദ്രവുമായ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ട മണിക്കൂറുകൾ പ്രദാനം ചെയ്ത പാഹിമാം ഭജൻസ് ടീമിനു നന്ദിയുടെ നറുമലരുകൾ. ആലുവ നാദം മ്യൂസിക് ഡയറക്ടർ ശ്രീ.ടി.എസ്. ജോസഫും ഫാ.ബേസിൽ പുഞ്ചപ്പുതുശേരിയും ചേർന്നാണ് പാഹിമാം ഭജൻസ് സംവിധാനം ചെയ്തിട്ടുള്ളത്. ഫാ.പോൾ കോട്ടയ്ക്കൽ രക്ഷാധികാരിയായിട്ടുള്ള ഈ നൂതന സംരംഭം കൂടുതൽ ജനഹൃദയങ്ങളിലേക്ക് എത്തിച്ചേരട്ടേ എന്ന് ആശംസിക്കുകയാണ്. മ്യൂസിക് ഡയറക്ടർ ശ്രീ ഷാന്റി ആന്റണി അങ്കമാലിയുടെയും എടക്കുന്ന് പള്ളി ഗായക സംഘത്തിന്റെയും നേതൃത്വത്തിലാണ് എടക്കുന്ന് സെന്റ് ആന്റണീസ് ചർച്ച് പാരീഷ് ഹാളിൽ പാഹിമാം ഭജൻസ് സംഘടിപ്പിക്കപ്പെട്ടത്.

ജെറി അമൽദേവ് സർ ന്റെ വിലയിരുത്തലിൽ തുടക്കം എന്ന നിലയിൽ വന്നു പോയേക്കുന്ന, തിരുത്തപ്പെടാവുന്ന ചില ന്യൂനതകൾ ചൂണ്ടിക്കാട്ടിയിരുന്നു.

ഭജനയുടെ ഭാവി പാരമ്പര്യവും ആധുനികതയും തമ്മിലുള്ള സന്തുലിതാവസ്ഥയിൽ അധിഷ്ഠിതമായിരിക്കും.

പുതിയ തലമുറയുടെ സംഗീതാഭിരുചിക്കനുസരിച്ച് അവതരണ രീതികൾ മാറിയാലും ഭജനയുടെ അടിസ്ഥാനമായ സ്നേഹം, സമർപ്പണം, കൂട്ടായ്മ, ആത്മീയത എന്നിവ നിലനിൽക്കും.

മാറ്റങ്ങളിലൂടെ നിലനിന്ന ഒരു പാരമ്പര്യത്തിന്റെ ചരിത്രമാണ് ഭജനയ്ക്കുള്ളത്.

രൂപം മാറിയാലും ഭക്തിയുടെ ആത്മാവ് മാറുന്നില്ല എന്നുള്ളതാണ് ഏറ്റവും ലളിതമായി പറഞ്ഞു വയ്ക്കാവുന്നത്.

വരാപ്പുഴ അതിരൂപതയുടെ നൂറ്റി അൻപതാമത് വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു

വിശുദ്ധ എലെവുത്തേരിയസ് (-585) : സെപ്തംബര്‍ 6

ഫാ. ജോർജ് നേരെ വീട്ടിൽ അനുസ്‌മരണം നടത്തി

ഒരു പ്രാചീന സംസ്‌കൃത വ്യാകരണ ഗ്രന്ഥം

പ്രമോട്ടേഴ്‌സ് വിസിറ്റ് നടത്തി