വിശുദ്ധ എലെവുത്തേരിയസ് (-585) : സെപ്തംബര്‍ 6

വിശുദ്ധ എലെവുത്തേരിയസ് (-585) : സെപ്തംബര്‍ 6
Published on

ഇറ്റലിയില്‍ സ്‌പൊളേറ്റോയ്ക്കു സമീപമുള്ള വി. മര്‍ക്കോസിന്റെ ആശ്രമത്തിലെ ആബട്ടായിരുന്നു എലെവുത്തേരിയസ്. ലളിതജീവിതം നയിച്ചിരുന്ന വൃദ്ധനും വിശുദ്ധനുമായ ഒരു വൈദികനായിരുന്നു അദ്ദേഹം.

ഒരിക്കല്‍ കന്യാസ്ത്രീകളുടെ മഠത്തില്‍ കുറച്ചുകാലം തങ്ങേണ്ടിവന്നു. അപ്പോള്‍, എന്നും രാത്രിയില്‍ പിശാച് ഉപദ്രവിക്കുന്ന ഒരു ബാലനെ രക്ഷപെടുത്താനായി അദ്ദേഹത്തിന്റെ അടുക്കല്‍ കൊണ്ടുവന്നു. അത്ഭുത പ്രവര്‍ത്തനങ്ങള്‍ക്കു പേരുകേട്ട എലെവുത്തേരിയസ് ആ ബാലനെ ഏറ്റെടുക്കുകയും അദ്ദേഹത്തിന്റെ സാമീപ്യത്താല്‍ ബാലന്‍ സുഖം പ്രാപിക്കുകയും ചെയ്തു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: "കുട്ടി ദൈവദാസന്മാരുടെ മദ്ധ്യത്തിലായതിനാല്‍ പിശാച് ഉപദ്രവിക്കാന്‍ ധൈര്യപ്പെടുന്നില്ല." അതു തികച്ചും ഒരു വലിയ ആത്മസ്തുതിയായിരുന്നു.

അതിനുശേഷം പിശാച് വീണ്ടും ആ ബാലനെ ദയനീയമായി ഉപദ്രവിക്കാന്‍ തുടങ്ങി. എലെവുത്തേരിയസിനു തന്റെ അബദ്ധം മനസ്സിലായി. ദൈവത്തോട് കുറ്റം ഏറ്റുപറഞ്ഞു. ആ മഠത്തിലെ കന്യാസ്ത്രീകളെയും കൂട്ടി ഉപവാസമെടുത്തു പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. ആ പിശാച് ബാലനെ വിട്ടുപോകുന്നതു വരെ പ്രാര്‍ത്ഥന തുടര്‍ന്നു. അവന്‍ സുഖം പ്രാപിക്കുകയും ചെയ്തു.

ഉയിര്‍പ്പുതിരുന്നാളിന്റെ തലേദിവസം ഉപവസിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും രോഗത്താല്‍ അവശനായിരുന്നതിനാല്‍ പോപ്പ് ഗ്രിഗറിക്ക് അതിനു സാധിച്ചില്ല. അപ്പോള്‍ മാര്‍പാപ്പ വൃദ്ധനായ എലെവുത്തേരിയസിന്റെ സഹായം ആവശ്യപ്പെട്ടു. വി. ആന്‍ഡ്രൂവിന്റെ നാമത്തിലുള്ള ദൈവാലയത്തില്‍ തന്നോടൊപ്പം ദൈവത്തിന്റെ സഹായം അഭ്യര്‍ത്ഥിക്കാ നായിരുന്നു അത്.

ഏതായാലും എലെവുത്തേരിയസ് കരഞ്ഞു പ്രാര്‍ത്ഥിച്ചു. ദൈവാലയത്തില്‍ നിന്നു പുറത്തുവന്ന മാര്‍പാപ്പ പെട്ടെന്ന് ആരോഗ്യവാനായി കാണപ്പെട്ടു. തന്റെ ആഗ്രഹം പോലെ മറ്റുള്ളവരോടൊപ്പം ഉപവാസത്തില്‍ പങ്കെടുക്കാന്‍ മാര്‍പാപ്പയ്ക്കു സാധിക്കുകയും ചെയ്തു.

ആബെട്ടുസ്ഥാനം ഉപേക്ഷിച്ച്, പോപ്പ് വി. ഗ്രിഗറി റോമില്‍ സ്ഥാപിച്ച വി. ആന്‍ഡ്രുവിന്റെ ആശ്രമത്തില്‍ പ്രാര്‍ത്ഥനയില്‍ മുഴുകി ജീവിച്ച വി. എലെവുത്തേരിയസ് 585-ല്‍ മരണമടഞ്ഞു.

നിങ്ങള്‍ ഉപവസിക്കുമ്പോള്‍ കപടനാട്യക്കാരേപ്പോലെ വിഷാദം ഭാവിക്കരുത്. തങ്ങള്‍ ഉപവസിക്കുന്നുവെന്ന് അന്യരെ കാണിക്കാനായി അവര്‍ മുഖം വികൃതമാക്കുന്നു. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവര്‍ക്കു പ്രതിഫലം ലഭിച്ചുകഴിഞ്ഞു. നീ ഉപവസിക്കുന്നത് അദൃശ്യനായ പിതാവല്ലാതെ മറ്റാരും കാണാതിരിക്കുന്നതിന് ശിരസ്സില്‍ തൈലം പുരട്ടുകയും മുഖം കഴുകുകയും ചെയ്യുക. രഹസ്യങ്ങള്‍ അറിയുന്ന പിതാവ് നിനക്കു പ്രതിഫലം തരും.
വിശുദ്ധ മത്തായി 6:16-18

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org