വരാപ്പുഴ അതിരൂപതയുടെ നൂറ്റി അൻപതാമത് വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു

The 150th anniversary celebrations of the Archdiocese of Varappuzha have begun.
Published on

കൊച്ചി: വരാപ്പുഴ അതിരൂപത "അതിരൂപതയായി " ഉയർത്തപ്പെട്ടിട്ട് 140 വർഷങ്ങൾ പൂർത്തിയായ 2026 സെപ്റ്റംബർ ഒന്നിന് 2036-ൽ നൂറ്റി അമ്പതു വർഷങ്ങൾ പൂർത്തിയാക്കാനുള്ള, പത്തുവർഷം നീണ്ട് നിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

1659 ൽ അലക്സാണ്ടർ ഏഴാമൻ പാപ്പ മലബാർ ക്രൈസ്തവരെ ഒന്നാകെ 'മലബാർ വികാരിയാത്ത്' എന്ന കത്തോലിക്കാ ഭരണ സംവിധാനത്തിൽ പുനർനിർണയിച്ചു.'അപ്പസ്തോലിക് വികാരി' യായി ബിഷപ്പ് ജോസഫ് സെബസ്ത്യാനി, മലബാർ വികാരിയാത്തിന്റെ പ്രഥമ സാരഥിയായി നിയമിതനായി.മലബാർ വികാരിയാത്തിന്റെ ആസ്ഥാനം അന്നത്തെ യാത്രാ സൗകര്യമനുസരിച്ച് വരാപ്പുഴയാവുകയും 1709-ൽ വരാപ്പുഴ വികാരിയാത്ത് എന്ന് പുനർനാമകരണം ചെയ്യപ്പെടുകയും ചെയ്തു.

1886-ൽ വരാപ്പുഴ വികാരിയാത്ത് വരാപ്പുഴ അതിരൂപതയായി ഉയർത്തപ്പെട്ടു. വരാപ്പുഴ വികാരിയാത്തിന്റെ കീഴിലായിരുന്ന സുറിയാനിക്കാർക്കു വേണ്ടി കോട്ടയം, തൃശ്ശൂർ സുറിയാനി വികാരിയാത്തുകളും സ്ഥാപിതമായി. ഉദയംപേരൂർ സൂനഹദോസു മുതൽ ആരംഭിച്ച അഭംഗുരമായ കത്തോലിക്ക വിശ്വാസ പാരമ്പര്യത്തിൽ, 1886-ൽ ഭാഗ്യസ്മരണാർഹനായ ലെയോ പതിമൂന്നാമൻ പാപ്പ "ഹുമാനേ സലൂത്തിസ് ഔക്തോർ" എന്ന തിരുവെഴുത്തുവഴി, സെപ്റ്റംബർ ഒന്നിന് വരാപ്പുഴ അതിരൂപത കേരളസഭയിൽ ജന്മമെടുത്തു. വരാപ്പുഴ അതിരൂപതയുടെ 140-ാം വർഷ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് എറണാകുളം സെൻ്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ ദേവാലയത്തിൽ വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ ദിവ്യബലിക്ക് മുഖ്യകാർമികത്വം വഹിച്ചു.

വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആൻറണി വാലുങ്കൽ, ജാൻസി രൂപത മുൻ മെത്രാൻ ഡോ. പീറ്റർ പറപ്പുള്ളി , വികാരി ജനറൽമാരായ മോൺ. മാത്യു കല്ലിങ്കൽ, മോൺ. മാത്യു ഇലഞ്ഞി മിറ്റം, ചാൻസലർ ഫാ. എബിജിൻ അറക്കൽ, പ്രൊക്കുറേറ്റർ ഫാ. സോജൻ മാളിയേക്കൽ, ഫൊറോന വികാരി ഫാ. പീറ്റർ കൊച്ചുവീട്ടിൽ എന്നിവർ സഹകാർമികരായിരുന്നു. തുടർന്ന് 150-ാം ജൂബിലി യാത്രയ്ക്ക് തുടക്കം കുറിച്ച് ആർച്ച്ബിഷപ്പ് പതാക ഉയർത്തൽ കർമ്മവും നിർവഹിച്ചു. വരാപ്പുഴ അതിരൂപതയിലെ എല്ലാ ഇടവക പള്ളികളിലും ജൂബിലി പതാക ഉയർത്തി.

logo
Sathyadeepam Online
www.sathyadeepam.org