Coverstory

ഒരു ചൈനാ ഡയറിക്കുറിപ്പ്

Sathyadeepam


ഫാ. ജിജോ കണ്ടംകുളത്തി സിഎംഎഫ്

കടുത്ത മതനിയന്ത്രണനിയമങ്ങളും നിരീക്ഷണ സംവിധാനങ്ങളും നിലനില്‍ക്കുന്ന ചൈനയിലെ 4 കത്തോലിക്കാ രൂപതകളിലെ വൈദികര്‍ക്കു തുടര്‍ പരിശീലനത്തിന്‍റെ ഭാഗമായ ബൈബിള്‍ ക്ലാസുകള്‍ നല്‍കുന്നതിനു നടത്തിയ സന്ദര്‍ശനത്തിന്‍റെ വിവരങ്ങള്‍ പങ്കുവയ്ക്കുകയാണു മകാവു കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ക്ലരീഷ്യന്‍ മിഷണറിയായ ലേഖകന്‍.

ചൈനയിലെ നിംഗ് ബോ രൂപതയിലെ വൈദികര്‍ക്കു വേണ്ടി മുമ്പ് ഒരു ബൈബിള്‍ പഠനക്ലാസ് നടത്തിയിരുന്നു. നിംഗ് ബോ രൂപതയും വെന്‍ ഷൗ, തായ്ഷൗ, ഹാംഗ് ഷൗ എന്നീ രൂപതകളും ഉള്‍പ്പെടുന്ന സെജാംഗ് പ്രവിശ്യയിലെ എല്ലാ വൈദികര്‍ക്കും വേണ്ടി ബൈബിള്‍ ക്ലാസുകള്‍ നടത്തണമെന്ന ഒരു നിര്‍ദേശം അന്ന് ഉയര്‍ന്നു വന്നിരുന്നു. വൈദികരുടെ തുടര്‍ പരിശീലനത്തിന്‍റെ ചുമതല വഹിക്കുന്ന ഫാ. ജോണ്‍സു ഇതിനായി എന്നെ വിളിച്ചു. ഇതിനു വേണ്ടിയാണ് മക്കാവുവില്‍ നിന്നു ഞാന്‍ ചൈനയിലേയ്ക്കു തിരിച്ചത്.

80 വൈദികരെയാണു ക്ലാസില്‍ പ്രതീക്ഷിക്കുന്നത്. പക്ഷേ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പലതരം തന്ത്രങ്ങള്‍ മൂലം പല വൈദികര്‍ക്കും ഇത്തരം ക്ലാസുകള്‍ക്ക് എത്തിച്ചേരാന്‍ അവസാനനിമിഷം കഴിയാതെ വരാറുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ നേരിടുന്നതിനായി ക്ലാസുകള്‍ നടത്തേണ്ട സ്ഥലം ഹാംഗ്ഷൗവിലെ ഒരു ത്രീ സ്റ്റാര്‍ ഹോട്ടലിലേയ്ക്കു മാറ്റി.

നിംഗ്ബോയില്‍ ചെന്നിറങ്ങുമ്പോള്‍ സിസ്റ്റര്‍ വിക്ടോറിയ, നിംഗ്ബോയിലെ ഒരു വിശ്വാസിയായ ഫിലോമിന, ഞങ്ങളുടെ സഹകാരികളിലൊരാളായ ഷുവെന്‍ സെന്‍ എന്നിവര്‍ സ്വീകരിക്കാന്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ ഭക്ഷണം കഴിച്ച് ഹോട്ടലില്‍ കാത്തിരുന്നു. ക്ലാസില്‍ പങ്കെടുക്കുന്ന വൈദികര്‍ക്ക് ഇതേ ഹോട്ടലിലാണു താമസം ഏര്‍പ്പെടുത്തിയിരുന്നത്. ചില വൈദികര്‍ക്ക് സമയത്തിന് എത്തിച്ചേരാന്‍ കഴിയാതിരുന്നതിനാല്‍ ഉദ്ദേശിച്ച സമയത്ത് ക്ലാസുകള്‍ തുടങ്ങാന്‍ കഴിഞ്ഞില്ല. കോഴ്സില്‍ പൂര്‍ണമായി സംബന്ധിക്കണമെന്ന് ആഗ്രഹിച്ച ആ വൈദികരെ നിരാശപ്പെടുത്താന്‍ കഴിയില്ലായിരുന്നു. അതുകൊണ്ട് ദിവ്യബലിയര്‍പ്പിച്ച് ഞങ്ങള്‍ വൈകുന്നതുവരെ കാത്തിരുന്നു. വൈകുന്നേരമായപ്പോഴേയ്ക്കും നിംഗ്ബോ രൂപതയുടെ ബിഷപ്പും അമ്പതോളം വൈദികരും എത്തിച്ചേര്‍ന്നു. ക്ലാസ് തുടങ്ങി. രാത്രി പത്തു മണി വരെ അന്നത്തെ ക്ലാസ് നീണ്ടു പോയി.

അടുത്ത ദിവസവും ക്ലാസുകള്‍ നല്ല രീതിയില്‍ മുന്നോട്ടു പോയി. 'വി. ലൂക്കായുടെ സുവിശേഷത്തിലെ അഞ്ചു താക്കോലുകള്‍' ആയിരുന്നു ഞാന്‍ അവതരിപ്പിച്ചുകൊണ്ടിരുന്നത്. വളരെ പോസിറ്റീവായ പ്രതികരണങ്ങള്‍ പങ്കെടുക്കുന്ന വൈദികരില്‍ നിന്ന് ഉണ്ടായിക്കൊണ്ടിരുന്നു. സുവിശേഷത്തെ കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാടില്‍ മാറ്റങ്ങള്‍ വരുത്താന്‍ ക്ലാസിനു കഴിഞ്ഞെന്നു ചില വൈദികര്‍ പറഞ്ഞു.

രണ്ടാമത്തെ ദിവസം ഞാന്‍ ബിഷപ്പുമായി വ്യക്തിപരമായി സംസാരിക്കുകയും നുണ്‍ഷ്യോ ഏല്‍പിച്ചിരുന്ന കത്ത് അദ്ദേഹത്തിനു കൈമാറുകയും ചെ യ്തു. രൂപതയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് ലഭിക്കണമെന്ന നുണ്‍ഷ്യോയുടെ ആഗ്രഹം അദ്ദേഹത്തെ അറിയിച്ചു. ഫെബ്രുവരിയില്‍ ചൈനീസ് പുതുവര്‍ഷാഘോഷങ്ങളുടെ സമയത്ത് ഒരു വൈദികനെ റിപ്പോര്‍ട്ടുകളുമായി മക്കാവുവില്‍ നുണ്‍ഷ്യോയുടെ അടുത്തേയ്ക്കു നേരിട്ടയച്ചുകൊള്ളാമെന്നു ബിഷപ് പറഞ്ഞു. നുണ്‍ഷ്യോയില്‍ നിന്ന് ഒരു കത്തു ലഭിച്ചതില്‍ ബിഷപ് വളരെ സന്തുഷ്ടനായിരുന്നു. അദ്ദേഹം അതു വൈദികര്‍ക്കെല്ലാം കൈമാറി കാണിച്ചു കൊടുത്തു. പെട്ടെന്നാണ് നുണ്‍ഷ്യോയുടെ കത്തിനെ ചൊല്ലി ഇത്രയും പരസ്യമായ ആഹ്ലാദപ്രകടനം അത്ര നല്ലതല്ലെന്ന ചിന്ത അവരിലേയ്ക്കു വന്നത്. അവരതു മടക്കി വയ്ക്കുകയും അതേ കുറിച്ചുള്ള സംഭാഷണം അവസാനിപ്പിക്കുകയും ചെയ്തു. ചൈനീസ് മതകാര്യവകുപ്പുദ്യോഗസ്ഥരുടെ ചാരക്കണ്ണുകളെ ചൈനീസ് സഭയിലെ വൈദികര്‍ ഭയപ്പെടുന്നുണ്ട്.

പിറ്റേന്ന് മൂന്നാം ദിവസത്തെ ക്ലാസില്‍ ഇരിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വരുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. അതു ശരിയായി. അന്ന് രാവിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ക്ലാസിലേയ്ക്കു വരികയും സര്‍ക്കാര്‍ നിയമങ്ങളെ കുറിച്ചു വൈദികര്‍ക്കു അവര്‍ ക്ലാസ് എടുക്കുകയും ചെയ്തു. ഞാനും സി. വിക്ടോറിയയും മുറികളില്‍ തന്നെയിരുന്നു. വൈകുന്നേരം നാലു മണിക്കും ഉദ്യോഗസ്ഥര്‍ വരുമെന്നറിയിച്ചു. അത് ഒട്ടും പ്രതീക്ഷിച്ചിരുന്നതല്ല. അതുകൊണ്ട് ഞങ്ങള്‍ രണ്ടു മുതല്‍ നാലു വരെ ഒരു ക്ലാസ് നടത്തി. പക്ഷേ മതകാര്യവകുപ്പിന്‍റെ മേധാവിയായ ഉദ്യോഗസ്ഥന്‍ നേരത്തെ വരികയും എന്‍റെ ക്ലാസ് കേള്‍ക്കുകയും ചെയ്തു. ലൂക്കായുടെ സുവിശേഷത്തിലെ ദാരിദ്ര്യത്തിന്‍റെയും സമ്പത്തിന്‍റെയും സങ്കല്‍പങ്ങളെ കുറിച്ചു പഠിപ്പിക്കുകയായിരുന്നു ഞാന്‍. ക്ലാസ് കേള്‍ക്കുന്നതിനിടയില്‍ ക്ലാസിലിരുന്നു കൊണ്ടു തന്നെ അദ്ദേഹം പലരേയും ഫോണില്‍ വിളിക്കുകയും വ്യക്തിപരമായ കാര്യങ്ങള്‍ സംസാരിക്കുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു. അത് ചെറിയ അലോസരം സൃഷ്ടിച്ചു. ക്ലാസിന്‍റെ ഇടവേളയില്‍ ഞാന്‍ മുറിയിലേയ്ക്കു പോയി. ഈ സമയത്ത് ഈ മതകാര്യവകുപ്പുദ്യോഗസ്ഥന്‍ എന്‍റെ മുറിയിലേയ്ക്കു കടന്നുവരികയും പ്രകോപനപരമായ വിധത്തില്‍ ഒരു സംഭാഷണത്തിനു മുതിരുകയും ചെയ്തു. ഇങ്ങനെയൊരു വരവും സംസാരവും പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും ഞാന്‍ ശാന്തമായി പ്രതികരിച്ചു. പരിഭാഷ നടത്താനാണെന്ന നാട്യത്തില്‍ ഫാ. ജോണ്‍സുവും സി. വിക്ടോറിയയും എന്‍റെ മുറിയിലേയ്ക്കു വന്നു. ഹോങ്കോംഗിലേതു പോലൊരു സാഹചര്യം ഹാംഗ്ഷൗവിലുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നാണു ഉദ്യോഗസ്ഥന്‍ പറഞ്ഞുകൊണ്ടിരുന്നത്. ബൈബിളാണ് എന്‍റെ വിഷയമെന്നും അദ്ദേഹത്തിനു വേണമെങ്കില്‍ മുഴുവന്‍ ക്ലാസുകളും കേള്‍ക്കാമെന്നും രാഷ്ട്രീയത്തില്‍ എനിക്കു താത്പര്യമില്ലെന്നും ഞാന്‍ മറുപടിയായി പറഞ്ഞു. ചൈന വളരെ തുറന്ന മനസ്സുള്ള, പുരോഗമനപരമായ രാഷ്ട്രമാണെന്നായി അദ്ദേഹം. പക്ഷേ ചൈനയിലെ സഭയ്ക്കു ചൈനീസ് സ്വഭാവസവിശേഷതകള്‍ വേണം. ഞാന്‍ ഇന്ത്യയില്‍ നിന്നാണു വരുന്നതെന്നും ഇന്ത്യന്‍ സഭ ഇന്ത്യന്‍ സവിശേഷതകളുള്ളതാണെന്നും ഞാന്‍ പറഞ്ഞു. വിശ്വാസം ഒരു പുതിയ നാട്ടിലേയ്ക്ക് എത്തുമ്പോള്‍ അത് അവിടത്തെ സംസ്കാരവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയും അങ്ങനെ ഒരു കൊടുക്കല്‍വാങ്ങല്‍ ഉണ്ടാകുകയും ചെയ്യുന്നുണ്ട്. ഇരുഭാഗത്തും അതിന്‍റെ നേട്ടമുണ്ടാകുന്നു. പക്ഷേ കൊടുക്കല്‍വാങ്ങല്‍ മാത്രമല്ല നടക്കുന്നത്, ഏറ്റുമുട്ടലും നടക്കുന്നുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. അതു നാം അതിനെ എങ്ങനെ കാണുന്നുവെന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്നായി ഞാന്‍. "സ്വീകാര്യമായത് നിലനില്‍ക്കും, അസ്വീകാര്യമായത് ഈ കൈമാറ്റത്തില്‍ നഷ്ടപ്പെടും. നിങ്ങള്‍ക്കിതിനെ ഏറ്റുമുട്ടലെന്നു വിളിക്കാം, അങ്ങനെ വിളിക്കാനാണിഷ്ടമെങ്കില്‍," ഞാന്‍ പറഞ്ഞു.

അദ്ദേഹം അല്‍പനേരം മൗനമായിരുന്നു, പിന്നെ ഞാന്‍ പറഞ്ഞതു സമ്മതിച്ചു. തുടര്‍ന്ന് അദ്ദേഹമെന്നെ ചോദ്യം ചെയ്യാന്‍ തുടങ്ങി. മായിംഗ് ലിനിനെ അറിയുമോ എന്നു ചോദിച്ചു. അദ്ദേഹത്തിന്‍റെ ഓഫീസില്‍ പോയിട്ടുണ്ടെന്നും ലിയു ബായ് നിയാനെയും അറിയാമെന്നും പറഞ്ഞു. ഫെയ്ത്ത് പ്രസില്‍ താമസിച്ചിട്ടുണ്ടോ എന്നായി പിന്നെ. ഞങ്ങള്‍ പാര്‍ട്ണര്‍മാരാണെന്നും അവിടെ പോയിട്ടുണ്ടെങ്കിലും താമസിച്ചിട്ടില്ലെന്നും മറുപടി നല്‍കി.

യാത്ര പറയുമ്പോള്‍ ചൈന പുരോഗമന രാജ്യമാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞു. ദക്ഷിണാഫ്രിക്ക, ഇന്ത്യ, അര്‍ജന്‍റീന എന്നിവയെ കൂട്ടിച്ചേര്‍ത്താണ് അദ്ദേഹമിതു പറഞ്ഞത്. തുടര്‍ന്ന് അച്ചന്മാര്‍ക്ക് അദ്ദേഹം വീണ്ടും ക്ലാസ്സെടുത്തു. അത്താഴത്തിന് അദ്ദേഹത്തോടൊപ്പം മറ്റു മൂന്നു ഉദ്യോഗസ്ഥര്‍ കൂടി വന്നു. അവര്‍ക്കൊപ്പം ഇരിക്കേണ്ടി വന്നത് അസ്വസ്ഥതയുണ്ടാക്കി. നഗരത്തിലെ ഗവര്‍ണറും മറ്റു രണ്ടു പേരുമായിരുന്നു അവര്‍. ഞാന്‍ കുടിക്കണമെന്ന് അവര്‍ നിര്‍ബന്ധിച്ചു. വളരെ മര്യാദയോടെ ഞാന്‍ നിരസിച്ചു. നിര്‍ബന്ധം രൂക്ഷമായപ്പോള്‍ അവരോടൊപ്പം ടോസ്റ്റ് ചെയ്യാന്‍ ഞാന്‍ സമ്മതിച്ചു. മര്യാദയുടെ പേരിലായിരുന്നു അത്. ഞങ്ങള്‍ വിരക്തിയുടെ ജീവിതം നയിക്കുന്നവരാണെന്നും അമിതമായ തീറ്റയും കുടിയുമൊക്കെ ഉപേക്ഷിച്ചിരിക്കുന്നവരാണെന്നും അവരെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു. അത് ഉള്‍ക്കൊണ്ട് അവര്‍ എന്നെ നിര്‍ബന്ധിക്കുന്നത് നിറുത്തി. അവര്‍ കുടിച്ചു. തുടര്‍ന്നുള്ള സംഭാഷണങ്ങളിലൂടെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. അതൊരവസരമാക്കി ഞാന്‍ ഇന്ത്യയെക്കുറിച്ച് അവരോടു പറഞ്ഞു. ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ യോജിക്കാവുന്ന ഒരുപാടു മേഖലകളുണ്ടെന്നും ഇന്ത്യ സന്ദര്‍ശിക്കണമെന്നും അവരോട് ആവശ്യപ്പെട്ടു. വൈകാതെ, അടുത്ത ക്ലാസിന് ഒരുങ്ങാനുണ്ടെന്നു പറഞ്ഞ് ഞാന്‍ അത്താഴമേശയില്‍ നിന്നു പതുക്കെ സ്ഥലം വിട്ടു. ഗവര്‍ണര്‍ ലിഫ്റ്റ് വരെ വന്ന് എന്നെ ആലിംഗനം ചെയ്തു യാത്രയാക്കുകയും ഞാന്‍ വീണ്ടും ഹാംഗ്ഷൗ സന്ദര്‍ശിക്കുകയും അവിടത്തെ സഭയെ ശക്തിപ്പെടുത്തുകയും ചെയ്യണമെന്നു ആവശ്യപ്പെടുകയും ചെയ്തു! ആ വാക്കുകളിലെ പൊള്ളത്തരം മനസ്സിലായെങ്കിലും ഇന്ത്യ സന്ദര്‍ശിക്കണമെന്ന് ആവര്‍ത്തിച്ചു ക്ഷണിച്ചുകൊണ്ടാണ് ഞാനതിനോടു പ്രതികരിച്ചത്. ഏതായാലും ഒരു സൗഹൃദാന്തരീക്ഷത്തിലാണു ഞങ്ങള്‍ പിരിഞ്ഞത്.

എന്‍റെ മറുപടികളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സംതൃപ്തരായെന്നും ഇത് കൂടുതല്‍ ക്ലാസുകള്‍ നടത്തുന്നതിന് സാഹചര്യമുണ്ടാക്കിയിട്ടുണ്ടെന്നും ബിഷപും വൈദികരും പിന്നീട് പറഞ്ഞു.

ഹാംഗ്ഷൗവില്‍ നിന്നു ഫുഷൗവിലേയ്ക്കാണു ഞാന്‍ പോയത്. സി. വിക്ടോറിയയും ഒപ്പമുണ്ടായിരുന്നു. അവിടെ കഴിഞ്ഞ വര്‍ഷം ഞാന്‍ നടത്തിയ ബൈബിള്‍ ക്ലാസില്‍ സംബന്ധിച്ച കുറെ യുവാക്കള്‍ കാത്തിരിപ്പുണ്ടായിരുന്നു. ഒരു കെട്ടിടത്തിന്‍റെ 26-ാം നിലയില്‍ രഹസ്യമായി സമ്മേളിക്കുന്നതിന് അവര്‍ സൗകര്യമൊരുക്കിയിട്ടുണ്ടായിരുന്നു. ഒരു പുസ്തകക്കടയുടെയും ലൈബ്രറിയുടെയും രൂപത്തിലായിരുന്നു അത്. അവിടെ അവര്‍ വേദപാഠം പഠിപ്പിക്കുകയും വൈദികരും കന്യാസ്ത്രീകളും അവിടെയെത്തി ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്യുമായിരുന്നു. അവിടെ രാത്രി പത്തുമണിയോടെ ഞങ്ങള്‍ ഒരു പ്രാര്‍ത്ഥനായോഗം നടത്തുകയും അതിനു ശേഷം പിരിയുകയും ചെയ്തു. വേര്‍പിരിയുന്നതിന്‍റെ വിഷമം എല്ലാവരും പ്രകടിപ്പിച്ചു.

നിംഗ്ബോയില്‍ നിന്നായിരുന്നു എന്‍റെ മടക്കയാത്രയ്ക്കുള്ള വിമാനം. നിംഗ് ബോ ബിഷപ്പുമായി ഒരു കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ടായിരുന്നു. അന്നു രാത്രി അവിടെ കത്തീഡ്രലിനടുത്തുള്ള ഒരു ഹോട്ടലില്‍ തങ്ങി. രാവിലെ എട്ടിനുള്ള ചൈനീസ് കുര്‍ബാനയില്‍ സംബന്ധിച്ചു. പള്ളി നിറയെ ആളുണ്ടായിരുന്നു. ആദ്യകുര്‍ബാന സ്വീ കരിക്കാത്ത കുഞ്ഞുങ്ങളെ വെള്ളയുടുപ്പുകള്‍ അണിയിച്ചാണു കൊണ്ടു വന്നിരുന്നത്. ദിവ്യകാരുണ്യവിതരണവേളയില്‍ ഈ കുഞ്ഞുങ്ങള്‍ക്കു പ്രത്യേക ആശീര്‍വാദം നല്‍കുന്നുണ്ടായിരുന്നു. അനുദിന സുവിശേഷവിചിന്തനങ്ങള്‍ വില്‍ക്കുന്ന പുസ്തകശാല ഞാന്‍ ശ്രദ്ധിച്ചു. ഒരു വര്‍ഷം നൂറു കോപ്പികളാണ് ഏകദേശവില്‍പനയെന്ന് അവര്‍ പറഞ്ഞു. ആളുകളുടെ എണ്ണം നോക്കുമ്പോള്‍ അതു തീരെ കുറവാണ്. മൂന്നു വര്‍ഷം മുമ്പ് എന്‍റെ ബൈബിള്‍ ക്ലാസില്‍ സംബന്ധിച്ച ഒരു മതാധ്യാപകനെ അവിടെ വച്ചു കണ്ടു. ചുരുങ്ങിയത് 200 മുതിര്‍ന്നവര്‍ ഒരു വര്‍ഷം അവിടെ ജ്ഞാനസ്നാനം സ്വീകരിച്ചു വിശ്വാസത്തിലേയ്ക്കു വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പീഢിപ്പിക്കപ്പെടുന്ന ഒരു സഭ ഇത്രയധികം ഫലം പുറപ്പെടുവിക്കുന്നുവെന്നതില്‍ ആഹ്ലാദം തോന്നി.

11 മണിയുടെ ഇംഗ്ലീഷ് കുര്‍ബാന വരെ ഞാന്‍ കത്തീഡ്രല്‍ പള്ളിയില്‍ തന്നെ നിന്നു. അവിടെ ധാരാളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വരാറുണ്ടെന്നു ഞാന്‍ കേട്ടിരുന്നു. കുര്‍ബാന കഴിഞ്ഞപ്പോള്‍ കേരളത്തില്‍ നിന്നുള്ള ഏതാനും വിദ്യാര്‍ത്ഥികളെ കാണുകയും ചെയ്തു. ഒരു മലയാളി പുരോഹിതനെ അവിടെ വച്ചു കണ്ടതില്‍ അവരും ആശ്ചര്യഭരിതരായി. നിംഗ്ബോ യൂണിവേഴ്സിറ്റിയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളായിരുന്നു അവര്‍. അവിടെ എംബിബിഎസ് പഠിക്കുന്ന എല്ലാവരും തന്നെ ഇന്ത്യാക്കാരാണെന്ന് അവര്‍ പറഞ്ഞു. 57 മലയാളികളും 3 തമിഴരും. അവരുടെ വിലാസങ്ങളും മറ്റും വാങ്ങി, വൈകീട്ട് 5-നുള്ള വിമാനത്തില്‍ ഞാന്‍ മകാവുവിലേയ്ക്കു തിരിച്ചു.

ചൈനയില്‍ ഇത്രയധികം മലയാളികള്‍ മെഡിസിന്‍ പഠിക്കുന്നുവെന്നത് നാം ശ്രദ്ധിക്കേണ്ട ഒരു വിഷയമാണെന്നു തോന്നുന്നു. അതിന്‍റെ വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.

വയോജന കൂട്ടായ്മ സംഘടിപ്പിച്ചു

കെ സി ബി സി - ഫാ. മാത്യു നടയ്ക്കല്‍ മതാധ്യാപക അവാര്‍ഡ് മൂന്നു പേര്‍ക്ക്

മെല്‍ബണ്‍ രൂപതാ യുവജനങ്ങള്‍ മിഷന്‍ കേന്ദ്രങ്ങളിലെത്തി

ജാര്‍ഖണ്ഡില്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ 87-ാം ജന്മവാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

തണ്ണീര്‍മുക്കം തിരുരക്ത ദൈവാലയത്തിലെ വിശുദ്ധ ചാവറ കുടുംബ കൂട്ടായ്മയുടെ 7-ാമത് വാര്‍ഷിക ആഘോഷം