Coverstory

പ്രധാനമന്ത്രി മോദിക്കുള്ള തുറന്ന കത്ത്

Sathyadeepam

പ്രിയ പ്രധാനമന്ത്രി മോദി,

ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയിലും ഒരു ക്രിസ്ത്യാനി എന്ന നിലയിലും, ഞാന്‍ നിങ്ങള്‍ക്ക് ഈ തുറന്ന കത്ത് നല്‍കുന്നു.

2024 ജൂണ്‍ 14-ന് ഇറ്റലിയിലെ അപുലിയയില്‍ നടന്ന G7 ഉച്ചകോടിയില്‍ മാര്‍പാപ്പയില്‍ നിന്ന് നിങ്ങള്‍ക്ക് ഊഷ്മളമായ ആലിംഗനം ലഭിച്ചു. 2024 ഡിസംബര്‍ 23-ന് നിങ്ങള്‍ കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (CBCI) സംഘടിപ്പിച്ച ഒരു പ്രധാന ക്രിസ്മസ് പരിപാടിയിലും, തുടര്‍ന്ന് ഒരു ക്രിസ്മസ് വിരുന്നിലും പങ്കെടുക്കുകയും ചെയ്തു. 2025-ലെ ക്രിസ്മസിന് നിങ്ങള്‍ ന്യൂഡല്‍ഹിയിലെ കത്തീഡ്രല്‍ ഓഫ് ദി റിഡംപ്ഷനില്‍ പ്രഭാത ശുശ്രൂഷയില്‍ പങ്കെടുത്തു.

അതൊന്നും നിങ്ങള്‍ക്ക് ഫോട്ടോ എടുക്കാന്‍ പറ്റിയ അവസരമായിരുന്നില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ മതേതര ഇന്ത്യയില്‍, ഞങ്ങളുടെ ക്രിസ്ത്യന്‍ വിരുന്നില്‍ നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ഞങ്ങളുടെ ഭാഗത്ത് നിന്ന് ഈ പരിപാടികള്‍ സംഘടിപ്പിച്ചത്.

ഞാന്‍ 'മതേതര ഇന്ത്യ'യെ ഊന്നിപ്പറയുന്നു. കാരണം ഈ രാജ്യത്തെ പൗരന്മാരായ ക്രിസ്ത്യാനികളുടെ സുരക്ഷയ്ക്കും മൗലിക അവകാശങ്ങള്‍ക്കുംവേണ്ടിയുള്ള ഉറപ്പും പ്രതിബദ്ധതയും നിങ്ങളില്‍ നിന്നും നിങ്ങളുടെ ഭരണത്തില്‍ നിന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന ഒരു മതേതര ഭരണഘടനയാണ് നമ്മുടേത്. ഈ മതേതര ഇന്ത്യയില്‍, നിങ്ങളുടെ രാഷ്ട്രീയ സഹപ്രവര്‍ത്തകരുടെ കുട്ടികള്‍ ഉന്നത വിദ്യാഭ്യാസം നേടുന്ന എലൈറ്റ് സ്‌കൂളുകള്‍ ഞങ്ങള്‍ നടത്തുന്നു. വിദൂര ഗ്രാമപ്രദേശങ്ങളില്‍ പോലും, ജാതിയും മതവും പരിഗണിക്കാതെ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഞങ്ങളുടെ ആരോഗ്യ സേവനങ്ങള്‍ പ്രയോജനപ്പെടുന്നു.

ഞങ്ങളുടെ പരിശീലന കേന്ദ്രങ്ങളും ക്ഷേമ പരിപാടികളും ഹിന്ദുക്കളോ മുസ്ലീങ്ങളോ ദലിതരോ എന്ന് വേര്‍തിരിക്കുന്നില്ല.

1951-ലെ ആദ്യ സെന്‍സസ് മുതല്‍ അവസാന സെന്‍സസ് 2011 വരെ ക്രിസ്ത്യന്‍ ജനസംഖ്യയുടെ ശതമാനം 2.3 ല്‍ തുടരുന്നു. മതപരിവര്‍ത്തനത്തിന്റെ ഫലം എവിടെയാണ്? അങ്ങനെയാണെങ്കിലും, മതം 'പ്രഖ്യാപിക്കാനും പ്രസംഗിക്കാനും ആചരിക്കാനുമുള്ള' സ്വാതന്ത്ര്യം ഈ മതേതര ഇന്ത്യയില്‍ ഭരണഘടനാപരവും മൗലികവുമായ അവകാശമാണ്.

എന്നിട്ടും, ഞങ്ങള്‍ എന്തിനാണ് ആക്രമിക്കപ്പെടുന്നത്? ക്രിസ്മസ് ആഘോഷിക്കാന്‍ ഞങ്ങളെ അനുവദിക്കാത്തത് എന്തുകൊണ്ട്? പ്രാര്‍ഥനാ ചടങ്ങുകള്‍ നിര്‍ത്താന്‍ നിങ്ങള്‍ ഡല്‍ഹി പള്ളിയില്‍ പോയിരുന്നോ? അതോ, ഐക്യവും സമാധാനവും പ്രസംഗിക്കാനോ?

ഞങ്ങള്‍ ക്രിസ്ത്യാനികളായതിനാല്‍, മതഭ്രാന്തന്മാര്‍ എന്തിനാണ് ഞങ്ങളെ വേട്ടയാടുന്നത്? ഇത് ഹിന്ദു രാഷ്ട്രമാണെന്നും, ക്രിസ്ത്യന്‍ ഉത്സവങ്ങള്‍ ആഘോഷിക്കരുതെന്നും അവര്‍ ഞങ്ങളോട് പറയുന്നത് എന്തുകൊണ്ടാണ്?

നിങ്ങളുടെ മൂക്കിനു താഴെ, നിങ്ങളുടെ കണ്‍മുന്നിലാണ് ഇതെല്ലാം സംഭവിക്കുന്നത്.

കോടതികള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ഞങ്ങള്‍ കുറ്റകരമായി തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഞങ്ങളെ കോടതിയില്‍ എത്തിക്കുക. പകരം, നിയമം കൈയിലെടുക്കുന്ന ആളുകള്‍ ഞങ്ങളെ മര്‍ദിക്കുകയും തല്ലുകയും കൊല്ലുകയും ഞങ്ങളുടെ സ്ഥാപനങ്ങള്‍ നശിപ്പിക്കുകയും ഞങ്ങളുടെ പുണ്യസ്ഥലങ്ങള്‍ അശുദ്ധമാക്കുകയും ചെയ്യുന്നു. ഇത്തരം ക്രിമിനല്‍ അതിക്രമങ്ങള്‍ക്കിടയില്‍ നിങ്ങള്‍ എങ്ങനെയാണ് നിശബ്ദത പാലിക്കുന്നത്?

നിങ്ങളുടെ പൊലീസിനും, കോടതികള്‍ക്കും എന്താണ് സംഭവിച്ചത്?

പ്രധാനമന്ത്രി, നിങ്ങള്‍ സംസാരിക്കുക. നിങ്ങള്‍ നീതിമാനായ ഒരു രാഷ്ട്രനേതാവാണെന്ന് രാജ്യത്തിന് ഉറപ്പുനല്‍കാന്‍ നീതിപൂര്‍വം പ്രവര്‍ത്തിക്കുക. അല്ലെങ്കില്‍, നിങ്ങള്‍ നിസ്സഹായനാണെന്നും, രാജ്യത്തെ ഗെഹെന്നത്തിന്റെ ഗര്‍ത്തത്തിലേക്കു കൊണ്ടുപോകുന്ന രാക്ഷസ ശക്തികളാല്‍ നിയന്ത്രിക്കപ്പെടുന്നുവെന്നും ഞങ്ങള്‍ വിശ്വസിക്കണോ?

ഇല്ല, കാര്യങ്ങള്‍ കൂടുതല്‍ വൃത്തികെട്ടതായിത്തീരുമ്പോഴും ഞങ്ങള്‍ അങ്ങനെ വിശ്വസിക്കുന്നില്ല. മോദി, ലോകം നിങ്ങളെ നിരീക്ഷിക്കുന്നു. 'നിങ്ങളിലെ വിശ്വ ഗുരു' നീതിമാനായ ഒരു ഭരണാധികാരിയും നേതാവുമായി പ്രവര്‍ത്തിക്കട്ടെ. നമ്മുടെ ഭരണഘടനയുടെ പവിത്രതയില്‍ നിങ്ങള്‍ വിശ്വസിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്കതു കഴിയും.

ഒരു മുറി കത്തി എരിയുമ്പോള്‍, അന്തേവാസികള്‍ മൂലയില്‍ പതുങ്ങി നില്‍ക്കുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. ചവിട്ടിതുറന്ന് പുറത്തുകടക്കുക എന്നതാണ് ഏക ഓപ്ഷന്‍!

പി. എ. ചാക്കോ എസ്. ജെ.

കൊച്ചിയിലെ കപ്പലൊച്ചകള്‍ [20]

പണത്തിന്റെ യക്ഷിയുണ്ടാക്കുന്ന പ്രതിസന്ധികള്‍

ഉക്രെയ്‌ന് സഹായവുമായി മാര്‍പാപ്പയുടെ മൂന്ന് ട്രക്കുകള്‍

ജൂബിലി വാതില്‍ അടയുമ്പോഴും കൃപയുടെ ദൈവഹൃദയം അടയുന്നില്ല: കര്‍ദ്ദിനാള്‍ മാക്‌റിസ്‌കാസ്

ക്രൈസ്തവര്‍ക്ക് ശത്രുക്കള്‍ ഇല്ല, സഹോദരങ്ങള്‍ മാത്രം