Coverstory

വി. മാര്‍ട്ടിന്‍ ഡി പോറസ് (1579-1639) : ദൈവവിചാരത്തിന്റെ നാനാര്‍ഥങ്ങള്‍

ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍
  • ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍

ലാറ്റിന്‍ അമേരിക്ക ലോകത്തിനു കൊടുത്തത് ഫുട്‌ബോളും സാഹിത്യവും മാത്രമല്ല, ലക്ഷണമൊത്ത വിശുദ്ധരെക്കൂടിയാണ്. അതില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഒരാളാണ് കറുത്ത വിശുദ്ധന്‍ എന്നറിയപ്പെടുന്ന പാവങ്ങളുടെ സ്‌നേഹിതന്‍ ലിമയിലെ മാര്‍ട്ടിന്‍ ഡി പോറസ്. പുറം കറുപ്പാണെങ്കിലും അകം വെളുത്ത ഈ വിശുദ്ധനെ അന്ന് സ്‌നേഹിച്ചത് ലിമയിലെ പതിനായിരങ്ങളാണ്; ഇന്ന് ലോകം മുഴുവനും!

സങ്കരയിനം പട്ടി എന്ന് പരിഹസിക്കപ്പെട്ട കറുത്ത മാര്‍ട്ടിന്റെ ശവമഞ്ചം വഹിച്ചത് ലിമ നഗരത്തിലെ മേയറും വൈസ്രോയിയും മജിസ്‌ട്രേറ്റും ബിഷപ്പും കൂടിയാണ്! എന്തൊരദ്ഭുതമേ!

ജീവിതത്തിന്റെ നിറം വെളുപ്പ്!

നിറം കറുത്തത് ആയതിന്റെ പേരില്‍ സ്വന്തം പിതാവ് ഉപേക്ഷിച്ചു പോയ ഒരു ബാലന്‍; ഡോണ്‍ ജുവാന്‍ പോറസ് എന്ന സ്പാനിഷ് പ്രഭുവിന് കറുത്ത വര്‍ഗക്കാരിയില്‍ ജനിച്ച മാര്‍ട്ടിന്‍ എന്ന ബാലന്റെ നിറം അപ്പന്റെ നിറമായ വെളുപ്പ് ആയിരുന്നില്ല. മകന്റെ നിറം കറുത്തതായതുകൊണ്ടാണ് ഭര്‍ത്താവ് തന്നെ ഉപേക്ഷിച്ചതെന്നറിയുമ്പോള്‍ ആ കാരണംമൂലം മകനെ വെറുത്ത ഒരമ്മ; ആശ്രമത്തില്‍ ചേരാന്‍ ആഗ്രഹിച്ചപ്പോഴും നിറം മാര്‍ട്ടിന് തടസ്സമായി. 'സങ്കരയിനം പട്ടി' എന്നര്‍ഥമുള്ള Mulatto Dog എന്ന് സന്യാസ ആശ്രമത്തില്‍ വച്ച് വെള്ളക്കാരാല്‍ പരിഹസിക്കപ്പെട്ട ഒരു തുണ സഹോദരന്‍; ഇതെല്ലാമായിരുന്ന മാര്‍ട്ടിന്‍ മരിച്ചപ്പോള്‍ നടന്ന ആദ്യത്തെ അദ്ഭുതം! സങ്കരയിനം പട്ടി എന്ന് പരിഹസിക്കപ്പെട്ട കറുത്ത മാര്‍ട്ടിന്റെ ശവമഞ്ചം വഹിച്ചത് ലിമ നഗരത്തിലെ മേയറും വൈസ്രോയിയും മജിസ്‌ട്രേറ്റും ബിഷപ്പും കൂടിയാണ്! എന്തൊരദ്ഭുതമേ!

അദ്ദേഹത്തിന്റെ ജീവിതവിശുദ്ധിയുടെ അദ്ഭുത സിദ്ധിയില്‍ വിശ്വസിച്ചിരുന്ന സാധാരണ ജനങ്ങള്‍ മരണസമയത്ത് അദ്ദേഹത്തെ ധരിപ്പിച്ചിരുന്ന വസ്ത്രങ്ങള്‍ തിരുശേഷിപ്പായി കരുതി മുറിച്ച് കൊണ്ടുപോയതുകൊണ്ട് രണ്ട് പ്രാവശ്യം പുതിയ ഉടുപ്പ് ധരിപ്പിക്കേണ്ടി വന്നു എന്നാണ് അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ജനിക്കുന്ന കുടുംബത്തിന്റെ വലുപ്പമോ തൊലിയുടെ നിറമോ, കുലമഹിമയോ അല്ല, ജീവിതത്തിന്റെ നന്മയാണ് ഒരാളുടെ ജീവിതത്തെ വെണ്മയുള്ളതാക്കുന്നതെന്ന് ഓര്‍മ്മപ്പെടുത്തുന്നു മാര്‍ട്ടിന്റെ ജീവിതം. വെള്ളയടിച്ച കുഴിമാടങ്ങളെ ഈശോയ്ക്കുപോലും ഇഷ്ടമില്ല! തീര്‍ത്തും പ്രതികൂലമായ സാഹചര്യങ്ങളിലും ദൈവത്തിലാശ്രയിച്ചും വെറുത്തവരെ സ്‌നേഹിച്ചും കഴിഞ്ഞ ഈ വിശുദ്ധനെ വായിക്കുമ്പോള്‍ ഇനി സാഹചര്യങ്ങളെ കുറ്റപ്പെടുത്താന്‍ നമുക്കെന്തവകാശം? വി. ഫ്രാന്‍സിസ് ഡി സാലസ് പറയുന്നതുപോലെ ഒരു കുടം വിനാഗിരി കൊണ്ട് ആകര്‍ഷിക്കുന്നതിനേക്കാള്‍ പത്തിരട്ടി തേനീച്ചകളെ ഒരു തുള്ളി തേന്‍ കൊണ്ട് ആകര്‍ഷിക്കാം.

ദൈവവിചാരത്തിന്റെ ജീവിതം

ദൈവവിചാരത്തിന്റെ ജീവിതം നയിച്ച ഒരാളായിരുന്നു മാര്‍ട്ടിന്‍. മലാക്കി കരോള്‍ എഴുതിയ മാര്‍ട്ടിന്റെ ജീവചരിത്രത്തില്‍ അദ്ദേഹത്തിന്റെ പ്രഭാത അനുഷ്ഠാനങ്ങളെക്കുറിച്ച് എഴുതിയിരിക്കുന്നത് ശ്രദ്ധാര്‍ഹമാണ്. സാന്‍ ഡൊമിനിങ്കോ ആശ്രമത്തിലെ ഗോപുരമണി അഞ്ചു മണിക്ക് അന്തേവാസികളെ പുതിയ ദിവസത്തിലേക്ക് വിളിച്ചുണര്‍ത്തും. മാര്‍ട്ടിന്‍ എഴുന്നേറ്റാല്‍ ആദ്യം തന്നെ ക്രൂശിതരൂപത്തിനു മുമ്പില്‍ തലകുമ്പിട്ട് പറയും: 'ഈശോ മിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ.' തുടര്‍ന്ന് പരിശുദ്ധ കന്യാമറിയത്തിന്റെ രൂപത്തിനു മുമ്പില്‍ നിന്നിട്ട് പറയും: 'പ്രിയപ്പെട്ട അമ്മേ, ഈ ദിവസത്തില്‍ എന്നെ എന്തിനെങ്കിലും പ്രയോജനം ഉള്ളവനാക്കിത്തീര്‍ക്കണമെ.' തുടര്‍ന്ന് ആശ്രമ മധ്യസ്ഥനായ വി. ഡൊമിനിക്കിന്റെ രൂപത്തിനു മുമ്പില്‍ നിന്ന് പ്രാര്‍ഥിക്കും: 'ഇന്നത്തെ ജോലികളില്‍ എന്നെ സഹായിക്കണമേ. അപകടങ്ങളില്‍ നിന്ന് രക്ഷിക്കണമേ.' ദൈവവിചാരത്തിന്റെ ജീവിതം നയിച്ച ഒരാള്‍! ദൈവത്തെ ജീവിതത്തില്‍ നിന്നും മാറ്റി നിര്‍ത്താത്ത ഒരാള്‍! അതിരാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കുരിശുവരച്ച് എഴുന്നേല്‍ക്കുന്ന ഒരാളും, വീട്ടില്‍ നിന്നും യാത്രയ്ക്കായി ഇറങ്ങുമ്പോള്‍ പ്രാര്‍ഥനാമുറിയിലെ ആ തിരുഹൃദയ രൂപത്തിലേക്കൊന്ന് പ്രാര്‍ഥനാപൂര്‍വം നോക്കുന്ന വിദ്യാര്‍ഥിയും, യാത്രയ്ക്കിടെ പള്ളിയോ കപ്പേളയോ കാണുമ്പോള്‍ കുരിശുവരയ്ക്കുന്ന യാത്രികനും, യാത്രയ്ക്കിടെ സുകൃതജപം ഉരുവിടുന്ന സമര്‍പ്പിതരും, പാടത്തെ പണിക്കിടെ കുരിശുമണി അടിക്കുമ്പോള്‍ 'കര്‍ത്താവിന്റെ മാലാഖ' ചൊല്ലുന്ന കര്‍ഷകനും, രോഗക്കിടക്കയില്‍ ഇടയ്ക്കിടെ കൊന്ത ചൊല്ലുന്ന വല്യമ്മയുമൊക്കെ ദൈവവിചാരത്തിന്റെ ഈ മാര്‍ട്ടിന്‍ മാതൃകയെ പിഞ്ചെല്ലുന്നവരാണ്.

  • സ്‌നേഹിക്കയുണ്ണി നീ

  • നിന്നെ ദ്രോഹിക്കുന്ന ജനത്തെയും!

വര്‍ണ്ണ വെറി കൊടികുത്തി വാഴുന്ന ഒരു കാലത്താണ് മാര്‍ട്ടിന്‍ ഡൊമിനിക്കന്‍ ആശ്രമത്തിലെത്തുന്നത്. സന്യാസാര്‍ഥി ആയിട്ടല്ല മാര്‍ട്ടിന്‍ ലിമയിലെ ആശ്രമത്തില്‍ എത്തിയത്. കാരണം പെറുവിലെ അന്നത്തെ നിയമം അനുസരിച്ച് ആഫ്രിക്കന്‍ വംശജര്‍ക്ക് സന്യാസ സമൂഹങ്ങളിലെ അംഗങ്ങളാവാന്‍ എളുപ്പമായിരുന്നില്ല. എന്നാല്‍ മാര്‍ട്ടിന്റെ സ്വഭാവത്തിന്റെ നന്മ കൊണ്ട് ഡൊമിനിക്കന്‍സ് അവനെ ഒരു ഡോണാഡോ = തുണ സഹോദരന്‍ (Donado : One who performs menial jobs and in return he can wear the habit and live with the Community) ആയി സ്വീകരിച്ചു. മുടി വെട്ടുക, വെള്ളം കോരുക, തറ തുടയ്ക്കുക എന്നിങ്ങനെയുള്ള ജോലികള്‍ ആശ്രമത്തില്‍ ചെയ്യുമ്പോള്‍ ഒരിക്കലും പരാതി പറയാതെ എല്ലാം അതിന്റെ പൂര്‍ണ്ണതയില്‍ ചെയ്തു മാര്‍ട്ടിന്‍. Saint of the Broom എന്ന അപര നാമം അദ്ദേഹത്തിന് ലഭിച്ചതും ബാര്‍ബര്‍മാരുടെയും സത്രം സൂക്ഷിപ്പുകാരുടെയും മധ്യസ്ഥനായി അദ്ദേഹം അറിയപ്പെടുന്നതും മേല്‍പ്പറഞ്ഞ കാരണം കൊണ്ട് തന്നെ. എന്നാല്‍ വംശീയ മേല്‍ക്കോയ്മയുടെ അശുദ്ധി ഉള്ളില്‍ പേറുന്ന ചില 'വെളുത്ത' സന്യാസിമാര്‍ അവനെ സങ്കരയിനം പട്ടി എന്നര്‍ഥമുള്ള Mulatto Dog എന്ന് വിളിച്ച് പരിഹസിച്ചു. പിറവി മുതലുള്ള അവഹേളനം സഹിച്ചു ശീലിച്ച മാര്‍ട്ടിന്‍ അതും ക്ഷമിച്ചു. അപ്രതീക്ഷിതമായി ആ ആശ്രമത്തില്‍ സാമ്പത്തിക പ്രതിസന്ധി വന്നപ്പോള്‍ വെള്ളക്കാരുള്‍പ്പെടെ എല്ലാവരും പട്ടിണിയില്‍ ആയി. ആ സമയത്ത് അടിമകള്‍ക്ക് നല്ല വിലയുള്ള സമയമാണ്. ആശ്രമത്തിലെ പട്ടിണി കണ്ടപ്പോള്‍ മാര്‍ട്ടിന്‍ പറഞ്ഞു. ഞാന്‍ ഒരു സങ്കരയിനം പട്ടി (Mulatto Dog) അല്ലേ? എന്നെ വിറ്റ് ആശ്രമത്തിലെ പട്ടിണി മാറ്റൂ. തന്നെ പരിഹസിച്ച വെളുത്ത സന്യാസിമാരുടെ പട്ടിണി മാറ്റാന്‍ അടിമയായി വില്‍ക്കപ്പെടാന്‍ സന്നദ്ധനായ മാര്‍ട്ടിന്‍! ഇത്തരം ജീവിതങ്ങളെ നോക്കി കവി പാടുകയാണ്: 'സ്‌നേഹിക്കയുണ്ണി നീ, നിന്നെ ദ്രോഹിക്കുന്ന ജനത്തെയും.'

ലോകമേ തറവാട്

ആശ്രമത്തിലെ കപ്യാരായിരുന്ന ബ്രദര്‍ മൈക്കിള്‍ മാര്‍ട്ടിനോട് ഒരു പരാതി പറഞ്ഞു: സങ്കീര്‍ത്തിയിലെ ലിനന്‍ തുണികളും സൂര്‍പ്ലസും എലി കരണ്ടു. ഇതുകേട്ട മാര്‍ട്ടിന്‍ പറഞ്ഞു: ഇത് എന്റെ കുറ്റമാണ്. ഞാന്‍ എലികള്‍ക്ക് തീറ്റ കൊടുക്കാത്തത് കൊണ്ടാണ് ഇത് സംഭവിച്ചത്. അന്നു മുതല്‍ എലികള്‍ക്കു ഭക്ഷണം കൊടുക്കുന്നതില്‍ മാര്‍ട്ടിന്‍ വിരമിച്ചിട്ടില്ല. ഗാന്ധിയെത്തുറിച്ചുള്ള 'എന്റെ ഗുരുനാഥന്‍' എന്ന കവിതയില്‍ ഗാന്ധിയുടെ വിശ്വവീക്ഷണം വള്ളത്തോള്‍ അവതരിപ്പിക്കുന്നത് ശ്രദ്ധാര്‍ഹമാണ്:

  • 'ലോകമേ തറവാട് തനിക്കീ ചെടികളും

  • പുല്‍കളും പുഴുക്കളും കൂടിത്തന്‍ കുടുംബക്കാര്‍'

ജീവജാലങ്ങളെ മുഴുവന്‍ സ്‌നേഹിച്ച ഒരു വലിയ ഹൃദയം മാര്‍ട്ടിനുണ്ടായിരുന്നു. തന്റെ ശ്രദ്ധക്കുറവ് കൊണ്ടുകൂടിയാണ് ലോകത്തില്‍ കുറവുകളുണ്ടാകുന്നതെന്ന് കരുതി വേദനിച്ച ഹോസെ സരമാഗുവിന്റെ ജോസഫിനെപ്പോലെ നീതിമാനായ ഒരാള്‍; അതായിരുന്നു പ്രപഞ്ചത്തെ മുഴുവന്‍ സ്‌നേഹിച്ച മാര്‍ട്ടിന്‍.

ജറുസലേം സൂനഹദോസും വി. മാര്‍ട്ടിനും തമ്മിലെന്ത്?

സഭയിലെ ആദ്യത്തെ സൂനഹദോസായ ജറുസലേം സൂനഹദോസില്‍ ഒരൊറ്റ തീരുമാനമേ ഉണ്ടായിരുന്നുള്ളൂ: പാവങ്ങളെക്കുറിച്ച് കരുതല്‍ വേണം. മാര്‍ട്ടിന്റെ ജീവചരിത്രകാരന്മാര്‍ അദ്ദേഹത്തെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നതും ഇതുതന്നെ: 'ജീവകാരുണ്യ പ്രവര്‍ത്തനങ്ങളോടുള്ള അഭിനിവേശം ബാല്യത്തിലെ ഒരേയൊരു ദുര്‍ഗുണമായുള്ളവന്‍.' 'Martin of Charity' (ഉപവിയുടെ മാര്‍ട്ടിന്‍) എന്ന അപരനാമം അദ്ദേഹത്തിന് ലഭിക്കാനുള്ള കാരണവും ഇതു തന്നെ. വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയ മാര്‍ട്ടിന്‍ വാങ്ങിയതെല്ലാം പാവങ്ങള്‍ക്കു കൊടുത്ത് വെറുംകൈയോടെ മടങ്ങി വന്നതെത്രയോ തവണ! ഒരിക്കല്‍ ശരീരം മുഴുവന്‍ വ്രണം കൊണ്ടു മൂടിയ ഒരു യാചകനെ മാര്‍ട്ടിന്‍ ആശ്രമത്തിലെത്തിച്ചു. ഇടമില്ലാത്തതിനാല്‍ ഈ ഭിക്ഷക്കാരനെ തന്റെ സ്വന്തം കട്ടിലില്‍ കിടത്തി ശുശ്രൂഷിച്ചു. ആ യാചകന്റെ വൃത്തിയില്ലായ്മയെക്കുറിച്ച് പരാതി പറഞ്ഞു കലഹിച്ച സഹ സന്യാസിമാരോട് മാര്‍ട്ടിന്‍ പറഞ്ഞു: Compassion is preferable to cleanliness.

കാരുണ്യം സകലത്തെയും പിന്നിലാക്കുന്ന ഒരു കാലമല്ലേ വി. മാര്‍ട്ടിന്‍ സ്വപ്നം കണ്ടത്? ഫ്രാന്‍സിസ് പാപ്പ സഭയെ ഒരു യുദ്ധ മുന്നണിയിലെ ആശുപത്രിയോടാണ് (Field Hospital) താരതമ്യം ചെയ്യുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: 'യുദ്ധത്തില്‍ മാരകമായി മുറിവേറ്റ ഒരാളെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ അയാളുടെ കൊളസ്‌ട്രോളും ഷുഗറുമൊന്നുമല്ല ആദ്യം ചെക്ക് ചെയ്യേണ്ടത്; മറിച്ച് അവന്റെ ജീവന്‍ രക്ഷിക്കാനുള്ള അടിയന്തര ചികിത്സയാണ് നല്‍കേണ്ടത്. യുദ്ധമുന്നണിയിലെ ആശുപത്രി പോലെയാണ് സഭയും.' അവിടെ കാരുണ്യത്തിനാണ് കര്‍ക്കശമായ ചിട്ടവട്ടങ്ങളേക്കാള്‍ മുന്‍ഗണന കിട്ടേണ്ടത് എന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു അധികാരികള്‍ എതിര്‍ത്തിട്ടും ശരീരം മുഴുവന്‍ വ്രണം നിറഞ്ഞ യാചകനെ തന്റെ കിടക്കയില്‍ കിടത്തി ശുശ്രൂഷിച്ച വി. മാര്‍ട്ടിന്‍ ഡി പോറസ്. കവി പാടുന്നത് നമുക്ക് വേണ്ടിക്കൂടെയല്ലേ:

  • 'അന്യ ജീവനുതകി സ്വജീവിതം

  • ധന്യമാക്കുമമലേ വിവേകികള്‍'

''ക്രിസ്തുവില്‍ ഒന്ന്, മിഷനില്‍ ഒരുമിച്ച്''- 2026 ലെ മിഷന്‍ ദിന പ്രമേയം

സുഡാനില്‍ ഉടന്‍ വെടിനിര്‍ത്തല്‍ വേണമെന്ന് മാര്‍പാപ്പ

ബഹിരാകാശത്തെ ആണവ-ആണവേതര ആയുധങ്ങളുടെ സംഭരണശാലയാക്കരുത്-വത്തിക്കാന്‍

കൊച്ചിയിലെ കപ്പലൊച്ചകള്‍ [13]

വചനമനസ്‌കാരം: No.194