Coverstory

മൂന്നാം നൊമ്പരം – മലയാളത്തിനൊരു ബൈബിൾ സിനിമ, കാണികൾക്കൊരു കണ്ണീർക്കണം

Sathyadeepam

മിശിഹാചരിത്രവും സ്നാപകയോഹന്നാനും പോലെയുള്ള ബൈബിൾ സിനിമകൾ മലയാളത്തിൽ വൻവിജയങ്ങൾ നേടിയിട്ടുണ്ട്. പക്ഷേ, പിൽക്കാലത്ത് അത്തരം സിനിമകൾ അപൂർവമായി. ദീർഘകാലത്തെ ഒരിടവേളക്കു ശേഷം മലയാളത്തിൽ ഒരു ബൈബിൾ സിനിമയുമായി വന്നിരിക്കുകയാണ് ജോഷി ഇല്ലത്ത്. അദ്ദേഹം എഴുതി സംവിധാനം ചെയ്ത മൂന്നാം നൊമ്പരം എന്ന സിനിമ ഇപ്പോൾ തിയേറ്ററുകളിലുണ്ട്.

പ. മാതാവിന്റെ ജീവിതത്തിലെ വേദന നിറഞ്ഞ ചില അധ്യായങ്ങളാണ് സിനിമയുടെ പ്രമേയം. കൃത്യമായി പറഞ്ഞാൽ മൂന്നാമത്തെ വേദനയുടേത്. ദൈവത്തിനു മനുഷ്യനാകാൻ ശരീരം കൊടുത്ത മറിയം നേരിടേണ്ടി വന്ന വേദനകളിൽ ഏഴെണ്ണം അതിതീവ്രമായിരുന്നു. അവയിലെ മൂന്നാം നൊമ്പരം ഹൃദയാർദ്രമായ വിധത്തിൽ ഒരു സിനിമയായി അവതരിപ്പിക്കപ്പെടുന്നു.

ബൈബിൾ പണ്ഡിതർക്കു പോലും ഈ സിനിമ പുതിയ ഉൾക്കാഴ്ചകൾ പകർന്നതായി അവർ സിനിമ കണ്ടശേഷം സമ്മതിച്ചു. അതിനെ സിനിമക്കു കിട്ടിയ അവാർഡായി പരിഗണിക്കുകയാണ് സംവിധായകൻ.

മറിയത്തിന്റെയും ഈശോയുടെയും ജീവിതങ്ങളെ കുറിച്ചു ബൈബിളിലുള്ള ചില മൌനങ്ങൾ പൂരിപ്പിക്കാൻ പ്രാർഥനാപൂർവകമായ പരിശ്രമങ്ങൾ സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനുമായ ജോഷി ഇല്ലത്ത് നടത്തുന്നുണ്ട്. എൺപതു വയസ്സിൽ ഗർഭം ധരിച്ച എലിസബെത്തിനെ ശുശ്രൂഷിക്കാൻ പ.മറിയം തന്റെ ഗർഭാവസ്ഥയിൽ പോയതിന് ആ വയോധികയോടുള്ള കാരുണ്യത്തിലുപരിയായ കാരണങ്ങളുണ്ടോ, ബാലനായ ഈശോയെ കാണാതായതെങ്ങനെ, ഈശോയുടെ പന്ത്രണ്ടു വയസ്സു മുതലുള്ള രഹസ്യജീവിതത്തിന്റെ കാരണമെന്ത് തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ സിനിമ തേടുന്നു.

തിരക്കഥയാണു സിനിമയുടെ നട്ടെല്ല്. മേക്കിംഗ്, അഭിനയം എന്നിവയും മികച്ചു നിൽക്കുന്നു. ബംഗളുരുവിലാണ് സിനിമ ചിത്രീകരിച്ചതെങ്കിലും പ്രേക്ഷകർക്ക് അതു മനസ്സിലാക്കാൻ കഴിയുന്നില്ല. ഇസ്രായേലിൽ തന്നെയാണ് ഷൂട്ടിംഗ് എന്നാണ് സിനിമ കണ്ടിറങ്ങിയ മിക്കവരും കരുതുന്നത്. അതു സിനിമക്കു ലഭിച്ച ഒരംഗീകാരമായി ജോഷി ഇല്ലത്ത് കരുതുന്നു. ഇസ്രായേലിൽ ഷൂട്ടിംഗിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയിരുന്നതെങ്കിലും യുദ്ധം മൂലം അനുമതി നിഷേധിക്കപ്പെട്ട സാഹചര്യത്തിലാണ് ഇന്ത്യയിൽ തന്നെ ചിത്രീകരിക്കാൻ തീരുമാനിച്ചത്. പക്ഷേ അത് ഒരു പരിമിതിയായി സിനിമയിൽ വന്നിട്ടില്ല.

ഉണ്ണിയെത്തേടി എന്ന പേരിൽ ജോഷി എഴുതി സംവിധാനം ചെയ്തു ബംഗളുരുവിൽ അവതരിപ്പിച്ച നാടകത്തിനു ലഭിച്ച വലിയ വിജയമാണ് മൂന്നാം നൊമ്പരമെന്ന സിനിമയിലേക്കു നയിച്ചത്. ആ നാടകത്തെ ഉപജീവിച്ചു രചിക്കപ്പെട്ടതാണ് മൂന്നാം നൊമ്പരം.

സംവിധായകനെന്ന നിലയിൽ ജോഷിയുടെ മികവു കണ്ടറിഞ്ഞ അനേകരുടെ നിർബന്ധത്തിനും പ്രോത്സാഹനത്തിനും വഴങ്ങിയാണ് ഫീച്ചർ സിനിമയുടെ പിന്നാലെ ഇറങ്ങിപ്പുറപ്പെട്ടത്. ഒരു ബൈബിൾ പിരീഡ് സിനിമ സംവിധാനം ചെയ്യുകയെന്നത് എളുപ്പമായിരുന്നില്ല. പക്ഷേ അനേകരുടെ സഹായസഹകരണങ്ങളിലൂടെ മൂന്നാം നൊമ്പരം കേരളത്തിലെ തിയേറ്ററുകളിലെത്തി.

ജിജി കർമ്മലേത്ത് ആണു സിനിമയുടെ നിർമ്മാതാവ്. സെസൻ ടെക് എന്ന ഐ ടി കമ്പനിയുടെ ഉടമയാണ് അദ്ദേഹം. ധന്യ മേരി വർഗീസ് പ.മാതാവായും സാജൻ സൂര്യ ഔസേപ്പിതാവായും അഭിനയിക്കുന്നു. അംബിക മോഹൻ, ക്രിസ് ഗോപാലകൃഷ്ണൻ തുടങ്ങിയ താരങ്ങളും കൂടാതെ മറ്റനേകം അമച്വർ അഭിനേതാക്കളും സിനിമയിൽ വേഷമിടുന്നു.

മലയാളത്തിൽ ലഭിച്ച സ്വീകാര്യതയിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് മൂന്നാം നൊമ്പരം, കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലേക്കു മൊഴിമാറ്റം ചെയ്തു റിലീസ് ചെയ്യാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. അന്താരാഷ്ട്ര ഫിലിം ഫെസ്റ്റുകളിലേക്കും സിനിമയ്ക്കു ക്ഷണങ്ങൾ ലഭിച്ചു തുടങ്ങി. ഒ ടി ടിയിലും സിനിമ റിലീസ് ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾ നടക്കുന്നു.

ജോഷി ഇല്ലത്ത് സംവിധാനം ചെയ്ത ഒരു ഫീച്ചർ സിനിമ ആദ്യമായാണ് തിയേറ്ററുകളിലെത്തുന്നതെങ്കിലും അദ്ദേഹം ഒരു നവാഗതസംവിധായകനല്ല. നിരവധി ടെലിസിനിമകൾ ഇതിനകം സംവിധാനം ചെയ്തിട്ടുണ്ട്. അവ പ്രധാനമായും യുട്യൂബിലൂടെയാണ് സംപ്രേഷണം ചെയ്യപ്പെട്ടത്. സിനിമയിലേക്ക് ജോഷി വരുന്നത് നാടകത്തിൽ നിന്നാണ്. ബംഗളുരുവിൽ പള്ളിയുമായി ബന്ധപ്പെട്ടും അല്ലാതെയും അനേകം നാടകങ്ങൾ ജോഷി എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. കലാകാരനെന്ന നിലയിൽ ഏറെ സ്നേഹിക്കുന്നതും നാടകത്തെ തന്നെ.

കൊച്ചിയിൽ ജനിച്ചു വളർന്ന ജോഷി കുട്ടിക്കാലത്തു തന്നെ നാടകങ്ങളിലും തുടർന്നു സിനിമകളിലും ബാലതാരമായി അഭിനിയിച്ചിരുന്നു. മലയാള സിനിമാചരിത്രത്തിൽ അനന്യമായ സ്ഥാനമുള്ള ഓപ്പോൾ എന്ന സിനിമയിലാണ് ബാലതാരമായി ജോഷി അരങ്ങേറ്റം കുറിച്ചത്. അതിൽ വളരെ പ്രധാനപ്പെട്ട ഒരു വേഷം അഭിനയിച്ചു. ജോഷി സംവിധാനം ചെയ്ത രക്തം എന്ന സിനിമയിലെ കഥാപാത്രവും ശ്രദ്ധേയമായിരുന്നു.

യശ്ശശരീരനായ കുയിലന്റെ നേതൃത്വത്തിൽ കൊച്ചിൻ നാടകവേദി അവതരിപ്പിച്ചുകൊണ്ടിരുന്ന ബൈബിൾ നാടകങ്ങളിൽ ബാലതാരമായി വേഷമിട്ടുകൊണ്ടാണ് സിനിമാരംഗത്തേക്ക് ജോഷി ഇല്ലത്ത് പ്രവേശിച്ചത്.

സ്കൂൾ പഠനം കഴിഞ്ഞപ്പോൾ ഉപരിപഠനത്തിനായി അഹമ്മദാബാദിലേക്കു പോയി. പിന്നീടു ബംഗളുരു കർമ്മരംഗമാക്കി. അപ്പോഴും കലയോടുള്ള പ്രണയം വിട്ടില്ല.

സംഗീതം, ശില്പകല എന്നിവ മുതൽ നാടകം വരെയുള്ള കലാരംഗങ്ങളിൽ ബംഗളുരുവിൽ സജീവമായി. അൾത്താരകളുടെ രൂപകൽപനയും നിർമ്മാണവും നടത്തി. അനേകം നാടകങ്ങൾ സംവിധാനം ചെയ്തു. നാടകങ്ങളുടെ സ്വാഭാവികപരിണതി എന്ന നിലയിലാണ് സിനിമകൾ ചെയ്യാൻ തുടങ്ങിയത്.

അടുത്ത സിനിമ ഏഴാം നൊമ്പരമായിരിക്കും എന്നും സംവിധായകൻ അറിയിച്ചു. മാതാവിന്റെ ഏഴാം നൊമ്പരം. അതു പരിശുദ്ധ കന്യകാമാതാവിന്റെ എല്ലാ ഹൃദയവേദനകളിലൂടെയുമുള്ള ഒരു പ്രയാണമായിരിക്കും.

കന്യകാമറിയത്തിന്റെ അമലോത്ഭവം : ഡിസംബര്‍ 8

മനപ്പൊരുത്തം നോക്കിയാലോ

തകിടം മറിയുന്ന പ്ലാനുകൾ

വിശുദ്ധ അംബ്രോസ് (339-397) - ഡിസംബര്‍ 7

തയ്യല്‍ മിത്രാ പദ്ധതി തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു