Coverstory

മനോധൈര്യമെന്ന മറുമരുന്ന്

ഫാ. തോമസ് പാട്ടത്തില്‍ചിറ CMF

അനുഭവം

അര്‍ബുദരോഗിയായിരുന്ന ഒരാളെ സന്ദര്‍ശിക്കാനും പ്രാര്‍ത്ഥിക്കാനും പോയ ഒരനുഭവം ഇന്നും ഓര്‍മ്മയിലുണ്ട്. വീട്ടില്‍ ചെന്നപ്പോള്‍ അവിടെ രോഗിയും കുടുംബാംഗങ്ങള്‍ എല്ലാവരുമുണ്ട്. തികച്ചും ശോകമൂകമായ അന്തരീക്ഷം. പരിചിതമെങ്കിലും ചിരി മറന്ന മുഖങ്ങളായിരുന്നു അവിടെ അധികവും. ചിലര്‍ വെറുതെ പുഞ്ചിരിക്കാന്‍ പാടുപെടുന്ന പോലെ തോന്നി. എന്നാല്‍, നിരാശയുടെ ഇരുള്‍നിറഞ്ഞ ആ വീടിനുള്ളില്‍ രോഗിയായ ആ വ്യക്തിയുടെ മുഖം മാത്രം വളരെ ശാന്തവും പ്രസന്നവുമായിരുന്നു. പ്രത്യാശയുടെ പ്രകാശം അവിടെ തെളിഞ്ഞു നിന്നിരുന്നു. അര്‍ബുദത്തിന്റെ അസഹ്യമായ വേദനയുടെയും അസ്വസ്ഥതകളുടെയുമൊക്കെ നടുവിലും സുസ്‌മേരവദനനായിക്കഴിയാന്‍ അയാള്‍ക്ക് സാധിക്കുന്നതില്‍ എനിക്ക് അത്ഭുതം തോന്നി. മറ്റുള്ളവരെയൊക്കെ മാറ്റിനിര്‍ത്തി അല്പനേരം അയാളുമായി ഞാന്‍ സംസാരിച്ചു. എന്റെ ആശ്വാസവാക്കുകളേക്കാള്‍ എത്രയോ ശ്രേഷ്ഠവും പ്രതീക്ഷാനിര്‍ഭരവുമായി അയാളുടെ സംസാരം! ശാരീരികമായി എത്ര വയ്യെന്നാകിലും മനസ്സുപതറാതെ ഞാന്‍ പിടിച്ചുനില്ക്കും... ഞാന്‍ തളര്‍ന്നാല്‍ ഈ വീടുതന്നെ ഇടിഞ്ഞുവീഴും... ഇവിടെ ബാക്കിയുള്ളവര്‍ അത്രയ്ക്ക് തകര്‍ന്നവരാണ്... അവരെ സമാധാനിപ്പിക്കാനാണ് എനിക്കേറെ പ്രയാസം... എന്നിങ്ങനെ അയാള്‍ പറഞ്ഞ ഓരോ വാക്കിനും വ്യാധിയെ സധൈര്യം നേരിടാനുള്ള അയാളുടെ നിശ്ചയദാര്‍ഢ്യത്തിന്റെ ധ്വനിയുണ്ടായിരുന്നു. മാസങ്ങളായി ഭയം കാര്‍ന്നുതിന്നു കൊണ്ടിരുന്ന ആ കുടുംബത്തിന്റെ അതിജീവനത്തിന്റെ കരുത്തു പകരാന്‍ ആ രോഗിയുടെ മനോഭാവവും പരിശ്രമവും പര്യാപ്തമാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ ഞാന്‍ പടിയിറങ്ങി.

അവസ്ഥ

വൈദ്യശാസ്ത്രം ഇത്രമാത്രം വളര്‍ന്നിട്ടും കാന്‍സര്‍ പോലുള്ള ചില രോഗങ്ങള്‍ക്കു മുമ്പില്‍ അത് ഇന്നും മുട്ടുമടക്കിത്തന്നെ നില്ക്കുന്നു. മനുഷ്യനിര്‍മിതങ്ങളായ മനസ്സുകളുടെ സൗഖ്യശേഷിക്കപ്പുറത്തേയ്ക്ക് ഇത്യാദി ദീനങ്ങള്‍ വ്യാപിച്ചിരിക്കുന്നു. അതിവിദഗ്ദമായ ചികിത്സാസൗകര്യങ്ങള്‍ ലഭിക്കുന്നവര്‍പോലും പിന്നീട് ശയ്യാവലംബരായി എന്നത് അനിഷേധ്യമായ യാഥാര്‍ഥ്യം. അതുകൊണ്ടുതന്നെ വല്ലാത്ത ഭീതിയും നൈരാശ്യവുമാണ് ഈവിധ രോഗങ്ങള്‍ മനുഷ്യമനസ്സുകളില്‍ നിക്ഷേപിക്കുക. അത് രോഗികളുടെ മാനസിക ഭദ്രതയുടെതന്നെ അസ്തിവാരം കിളയ്ക്കും. അര്‍ബുദരോഗം സ്ഥിരീകരിക്കപ്പെടുന്ന നിമിഷംതന്നെ രോഗികള്‍ ശാരീരികവും മാനസികവുമായി ദുര്‍ബലരാകുന്നതിന്റെ കാരണവും ഇതുതന്നെ. ജീവിതം തീര്‍ന്നു എന്നുള്ള മിഥ്യാധാരണയിലേയ്ക്ക് അവര്‍ അറിയാതെ വഴുതി വീഴുന്നു. അതോടെ അവരുടെ കുടുംബത്തിന്റെതന്നെ ഊര്‍ജ്ജം ക്ഷയിക്കുകയും അവിടെയുണ്ടായിരുന്ന ആഹ്ലാദങ്ങളും ആഘോഷങ്ങളും അന്യമായിപ്പോകുകയും ചെയ്യുന്നു. കാന്‍സറിനെ ചിരിച്ചു തോല്പിച്ചവര്‍ എന്ന് സമ്പത്തും സൗകര്യങ്ങളുമുള്ള ചുരുക്കം ചിലരെ ലോകം വിളിക്കുമ്പോഴും ചിരിക്കാന്‍പോലും ശേഷിയില്ലാത്ത നിര്‍ധനരോഗികളാണ് സമൂഹത്തില്‍ സിംഹഭാഗവും എന്ന വസ്തുത വിസ്മരിക്കപ്പെടരുത്.

അതിജീവനം

ഒന്നിനും അടിപെടാതെ എന്തിനെയും അതിജീവിക്കാനാണ് മനുഷ്യരുള്‍പ്പടെയുള്ള ജീവജാലങ്ങള്‍ പരിശ്രമിക്കുക. അര്‍ബുദം പോലുള്ള വ്യാധികള്‍ ഇടയാക്കുന്ന ശാരീരിക, മാനസിക അസ്വസ്ഥതകളില്‍ നിന്നും അവയ്ക്ക് ഇരകളാകുന്നവരെ അതിജീവിക്കാന്‍ സഹായിക്കേണ്ടത് അവരുടെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും കടമയാണ്. രോഗബാധിതര്‍ക്ക് സമാശ്വാസവും സാന്ത്വനവും സ്വന്തമാക്കാന്‍ സാധിക്കുന്ന തരത്തിലുള്ള അന്തരീക്ഷം അവരുടെ കുടുംബങ്ങളില്‍ സൃഷ്ടിക്കുന്നതില്‍ ഭവനാംഗങ്ങള്‍ എല്ലാവരുംതന്നെ ബദ്ധശ്രദ്ധരാകണം. അവര്‍ക്ക് സമയാസമയങ്ങള്‍ വൈദ്യസഹായം ഉറപ്പുവരുത്തുന്നതോടൊപ്പം അവരുടെ മാനസികവും വൈകാരികവുമായ സു സ്ഥിതിക്ക് ആവശ്യമായതൊക്കെയും കഴിവിനൊത്ത് ലഭ്യമാക്കിക്കൊടുക്കണം. ശാരീരികബുദ്ധിമുട്ടുകളും വല്ലായ്മകളും മനസ്സിനെ മരവിപ്പിക്കാതെയും മടുപ്പിക്കാതെയും സൂക്ഷിക്കണം. മനസ്സിന്റെ തകര്‍ച്ചയാണ് മാരകരോഗങ്ങള്‍ മൂലമുണ്ടാകുന്ന തളര്‍ച്ചയേക്കാള്‍ കൂടുതല്‍ ഹാനികരം. ആകയാല്‍, കുടുംബാംഗങ്ങളുടെയും രോഗികളുമായി അടുത്ത് ഇടപഴകുന്നവരുടെയും സംസാരശൈലിയും സമീപനരീതിയുമൊക്കെ അങ്ങേയറ്റം സൗമ്യവും മധുരവുമായിരിക്കണം. ആത്മബലത്തിന്റെയും ശുഭാപ്തിവിശ്വാസത്തിന്റെയും പടികള്‍ പടിപടിയായി കയറാന്‍ അപ്പോള്‍ അവര്‍ പ്രപ്തരാകും. ഓര്‍ക്കണം, വാക്കുകള്‍ക്കാണ് വൈദ്യത്തേക്കാള്‍ സൗഖ്യശേഷിയും, വാക്കത്തിയേക്കാള്‍ സംഹാരശേഷിയും. രോഗികളാകുന്നത് ആരുടെയും കുറ്റംകൊണ്ടല്ല. അതുകൊണ്ടുതന്നെ ഒരു രോഗിയും ഒരിടത്തും ഒറ്റപ്പെടാന്‍ പാടില്ല. രോഗികളുടെ സുഖാവസ്ഥയ്ക്കും ദുരവസ്ഥയ്ക്കുമൊക്കെ അവരുള്‍പ്പെടുന്ന സമൂഹത്തിനും ഒരു പരിധിവരെ ഉത്തരവാദിത്വമുണ്ട്. കാന്‍സര്‍രോഗികളെ പോലുള്ളവരെ 'പഴുത്തയിലകള്‍' ആയി തഴഞ്ഞുകളയാതെ സാമൂഹികകൂട്ടായ്മയോടു ചേര്‍ത്തുനിര്‍ത്താന്‍ സകലസംവിധാനങ്ങള്‍ക്കും കഴിയണം. സാമ്പത്തിക പരാധീനതകളുള്ള രോഗികള്‍ക്ക് സൗജന്യചികിത്സ സാധ്യമാക്കാന്‍ ഭരണകൂടങ്ങള്‍ സന്നദ്ധമാകണം.

അവബോധം

അര്‍ബുദരോഗത്തെ ചുറ്റിപ്പറ്റിയുള്ള ചിന്തകളും ആകുലതകളും പേറി ഓരോ വര്‍ഷവും ഫെബ്രുവരി നാല് എത്തുമ്പോള്‍ മനം നിറയ്ക്കാന്‍ ചില വലിയ അവബോധങ്ങള്‍കൂടി അതു ബാക്കിവയ്ക്കുന്നുണ്ട്. അവയില്‍ ആദ്യത്തേത്, നമ്മുടെ അനുദിന ജീവിത, ഭക്ഷണശീലങ്ങളെപ്പറ്റിയുള്ളതുതന്നെ. ശരീരത്തിന്റെ ആരോഗ്യത്തേയും ക്ഷേമത്തേയും പ്രതികൂലമായി ബാധിക്കുന്ന ആഹാരവസ്തുക്കളും, സ്വഭാവദൂഷ്യങ്ങളും പാടേ ഉപേക്ഷിക്കാന്‍ നാം തയ്യാറാകണം. സമയലാഭവും സൗകര്യവും എളുപ്പവും മാത്രം ലക്ഷ്യമാക്കിക്കൊണ്ട് വിപണികളില്‍നിന്നും നാം വാങ്ങിക്കഴിക്കുന്നവ പലതും പുറമേ ആകര്‍ഷണീയമാണെങ്കിലും അകമേ ആപത്ക്കരമാണ്. ആധുനികമനുഷ്യനെ ആവരണം ചെയ്തുനില്ക്കുന്ന മരണസംസ്‌കാരത്തിന്റെ പ്രഥമവും പ്രകടവുമായ ഘടകങ്ങളില്‍ ഒന്നാണ് 'ഫാസ്റ്റ്ഫുഡ്' വിഭവങ്ങള്‍ എന്ന യാഥാര്‍ത്ഥ്യം ആരും മറന്നുപോകരുത്. ജീവനെ വിലമതിക്കുക, പ്രോത്സാഹിപ്പിക്കുക, പരിപോഷിപ്പിക്കുക. അതിനു ഭീഷണിയുയര്‍ത്തുന്ന സകലതില്‍നിന്നും സുരക്ഷിതമായ അകലം സൂക്ഷിക്കുക. രണ്ടാമത്തേത്, അര്‍ബുദരോഗികളായി കഴിയുന്നവര്‍ക്കുണ്ടാകേണ്ട മനോധൈര്യത്തിന്റെ മാഹാത്മ്യത്തേക്കുറിച്ചുള്ള ബോധ്യമാണ്. മരുന്നുകളുടെ സൗഖ്യദായകശേഷി ഒരേസമയം അവയിലെ ശാസ്ത്രീയമായ ഔഷധക്കൂട്ടുകളെയും, രോഗിയുടെ മാനസികസ്ഥിതിയെയും ആശ്രയിച്ചാണിരിക്കുക എന്നു നിരീക്ഷിക്കുന്നതില്‍ തെറ്റില്ലെന്നു തോന്നുന്നു. മരുന്നും മനസ്സും ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്നു ചുരുക്കം. അക്കാരണത്താല്‍ തന്നെ, ശാരീരികമായ രോഗം മനസ്സിനെ ഒരുതരത്തിലും ബാധിക്കാതിരിക്കാന്‍ അവര്‍ ശ്രദ്ധിക്കണം. മനസ്സാണ് ശരീരത്തിനു കരുത്തു പകരുന്നത്. ആത്മവീര്യം അസ്തമിക്കുമ്പോള്‍ നിരാശയുടെയും നഷ്ടബോധത്തിന്റെയും നിഴലുകള്‍ പരക്കും. അവ ശിഷ്ടായുസ്സിനെ ആകമാനം അന്ധകാരമയമാക്കും. ആകയാല്‍, മനോധൈര്യമെന്ന മറുമരുന്ന് സദാ കൂടെക്കരുതുക തന്നെ വേണം. ലോക കാന്‍സര്‍ ദിനത്തില്‍ സുപരിചിതരും അപരിചിതരുമായ സകല രോഗഗ്രസ്തരെയും വളരെ പ്രത്യേകമായി ഓര്‍ത്ത് അവരുടെ സൗഖ്യത്തിനായി പ്രാര്‍ത്ഥിക്കാം. അവരെ ശുശ്രൂഷിക്കുന്നവര്‍ക്ക് മനസാ നന്ദി നേരാം. അതോടൊപ്പം, അര്‍ബുദം എന്ന വ്യാധിയെ അകറ്റിനിര്‍ത്താന്‍ ആവശ്യമായ മുന്‍കരുതലുകളും അനുയോജ്യമായ തീരുമാനങ്ങളും വ്യക്തി, സമൂഹജീവിതതലങ്ങളില്‍ എടുക്കാം. ഒരു കാന്‍സര്‍ രഹിത ലോകത്തിനായി കരംകോര്‍ക്കാം, പ്രയത്‌നിക്കാം.

വിശുദ്ധ പീറ്ററും വിശുദ്ധ ഡയോനീസ്യായും : മെയ് 15

വിശുദ്ധ മത്തിയാസ് : മെയ് 14

ബിഷപ്പ് ആൻറണി വാലുങ്കൽ വരാപ്പുഴ അതിരൂപതയുടെ പുതിയ സഹായ മെത്രാൻ

100 പേർ രക്തം ദാനം ചെയ്ത് ഗബ്രിയേൽ അച്ചൻ്റെ ചരമ വാർഷികം

ബഹിരാകാശ രംഗത്ത് സ്വകാര്യ മേഖലയ്ക്ക് പങ്കാളിത്തം നൽകും: ഡോ. എസ്. സോമനാഥ്