Coverstory

മാനസീകാരോഗ്യം ദുര്‍ബലം; സമൂഹത്തിന്റെ സുസ്ഥിതി പ്രതിസന്ധിയില്‍

ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട്

കോവിഡ് 19 ഒമിക്രോണ്‍ മഹാമാരികള്‍ സൃഷ്ടിച്ച പ്രത്യേക സാഹചര്യം സമൂഹത്തിന്റെ സര്‍വ്വ മേഖലകളേയും തളര്‍ത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കഴിഞ്ഞ ആറുമാസമായി കാണുന്ന അനഭിലഷണീയമായ സംഭവങ്ങള്‍ മനുഷ്യന്റെ മാനസീകാരോഗ്യനില തീര്‍ത്തും ദുര്‍ ബലമാണെന്നതിന്റെ സൂചനയാണ്. ഉപജീവനം, മക്കളുടെ വിദ്യാഭ്യാസച്ചെലവുകള്‍ തുടങ്ങിയ മേഖലകളില്‍ പ്രതീക്ഷയറ്റു പോകുന്നതിനാല്‍ മനസ്സ് ഏതു ദിശയിലേക്ക് തിരിയുമെന്ന് പ്രവചിക്കാനാവുന്നില്ല. അത്രമാത്രമാണ് വിഷാദരോഗം മനുഷ്യനെ പിടികൂടിയിരിക്കുന്നത്. ബംഗ്ലൂരുവിലെ 'നിംഹാന്‍സ്' (ചകങഒഅചട) എന്ന ദേശീയ മാനസീകാരോഗ്യകേന്ദ്രം നടത്തിയ സര്‍വേഫലം ലോക്‌സഭയില്‍ അവതരിപ്പിക്കപ്പെട്ടത് ഞെട്ടലോടെയാണ് എം.പിമാര്‍ ശ്രവിച്ചത്. 12 സംസ്ഥാനങ്ങളിലെ പ്രായപൂര്‍ത്തിയായവരില്‍ നടത്തിയ സാമ്പിള്‍ സര്‍വേയില്‍ 10.6 ശതമാനം പേരുടേയും മാനസികാരോഗ്യം ദുര്‍ബലമാണെന്ന് കണ്ടെത്തി. (കേരളത്തില്‍ പതിനൊന്ന് ശതമാനം.) അതായത് ഇന്ത്യയില്‍ പത്തിലൊരാള്‍ക്ക് മാനസിക അസ്വസ്ഥതകളുണ്ടെന്ന് വ്യക്തം. ഇന്ത്യയെപ്പോലെ ഒരു വികസ്വര രാഷ്ട്രത്തിന് താങ്ങാനാവുന്നതില്‍ അധികമാണിതെന്ന് നിംഹാന്‍സിലെ വിദഗ്ദ്ധര്‍ കേന്ദ്ര സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. അടിയന്തിര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ കേവലം ഒരു വ്യക്തിയേയോ ചില കുടുംബങ്ങളേയോ മാത്രമല്ല, ഒരു രാജ്യത്തിന്റെ വളര്‍ച്ചയെത്തന്നെ ബാധിക്കും. വലിയ നഗരങ്ങളില്‍ 13.5 ശതമാനം പേര്‍ തകര്‍ന്ന മനസ്സോടെ ജീവിക്കുന്നു. ഗ്രാമങ്ങളില്‍ വ്യക്തികളും കുടുംബങ്ങളും തമ്മിലുള്ള ഇഴയടുപ്പം മൂലം 4.3 ശതമാനം പേര്‍ മാത്രമേ ഈ അവസ്ഥയിലുള്ളൂ. ജോലി സംബന്ധമായി വന്‍നഗരങ്ങളില്‍ ചേക്കേറുന്നവര്‍ ജോലിയില്ലായ്മ, കുടുംബത്തിന്റെ അസാന്നിധ്യം എന്നിവമൂലം അനാഥാവസ്ഥയും മാനസികശൂന്യതയും അനുഭവിക്കുന്നു. ഈ ശൂന്യത നികത്താന്‍ പലരും ലഹരിയെ ആശ്രയിക്കുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കുന്നു. ചേരികളിലെ അവസ്ഥ അതിദയ നീയമാണ്.

ഭാരതത്തില്‍ 704 ജില്ലകളിലെ മാനസീകവും തദ്വാര ശാരീരികവുമായ ആരോഗ്യം അപ കടാവസ്ഥയിലാണ്. അധരവ്യായാമമെന്നത് പോലെ തേഞ്ഞരഞ്ഞ് അര്‍ത്ഥംപോലും നഷ്ടപ്പെട്ട 'ബോധ വല്‍ക്കരണം' കൊണ്ട് പ്രയോജനമില്ലെന്ന് നിംഹാന്‍സ് പഠനം വ്യക്തമാക്കുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കാര്യമായി പ്രവര്‍ത്തിക്കാന്‍ ഫണ്ട് ലഭ്യമാക്കണം. പൊതുജനാരോഗ്യത്തിന് വലിയ തുക മാറ്റിവയ്ക്കപ്പെടുന്നുണ്ടെങ്കിലും മാനസികാരോഗ്യപ്രവര്‍ത്തനങ്ങള്‍ക്ക് നാമമാത്രമായ ഫണ്ട് മാത്രമേ നല്‍കുന്നുള്ളൂ. വികസിത രാഷ്ട്രങ്ങള്‍ പദ്ധതിവിഹിതത്തിന്റെ പത്ത് ശതമാനം മാനസികാരോഗ്യത്തിന് നീക്കി വയ്ക്കുമ്പോള്‍ ഇന്ത്യയില്‍ അരശതമാനം മാത്രമാണ് നല്‍കുന്നത്. മാനസികാരോഗ്യചികിത്സ എന്നാല്‍ ആസ്പത്രികളും, ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും മാത്രമല്ല ഗവേഷണവിഭാഗവും പ്രവര്‍ത്തിക്കേണ്ടതുണ്ട്. മാത്രമല്ല, രോഗത്തിന്റെ മുദ്ര കുത്തി സെല്ലുകളില്‍ അടച്ചിട്ടു രോഗികളെ ചികിത്സിക്കുന്നത് ക്രൂരതയും അനീതിയുമാണ്. ഈ രോഗികളെ ചികിത്സിക്കാന്‍ പ്രത്യേക പരിശീലനം ആവശ്യമുണ്ട്. ഇതിനായി ഡോക്ടര്‍മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ഇടയ്ക്കിടെ ഇന്‍ സര്‍വീസ് പരിശീലനവും നല്‍കേണ്ടിവരും. അര്‍ദ്ധമനസ്സോടെ മാനസികരോഗികളെ ചികിത്സിച്ചതുകൊണ്ട് ഒരു പ്രയോജനവുമില്ല. ചികിത്സയില്‍ മാനുഷികപരിഗണന ഉള്‍പ്പെടുത്താന്‍ സുപ്രീംകോടതി നേരിട്ട് ഓരോ മാനസികാരോഗ്യകേന്ദ്രങ്ങളിലും മോണിട്ടറിംഗ് കമ്മറ്റികള്‍ രൂപീകരിച്ചിരുന്നു. ജില്ലാ ജഡ്ജി ആണ് കമ്മറ്റിയുടെ തലവന്‍. കുറെക്കാലം നല്ല നിലയില്‍ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചിരുന്നു. വനിത വാര്‍ഡുകളിലെ സൗകര്യങ്ങള്‍, മെച്ചപ്പെട്ട ഭക്ഷണം, മാനസീകോല്ലാസത്തിനുള്ള സംവിധാനങ്ങള്‍, തൊഴില്‍ പരിശീലനം, വ്യക്തിപരമായ കൗണ്‍സിലിങ്ങ് എന്നിവയെല്ലാം കുറെ വര്‍ഷങ്ങളില്‍ കുറ്റമറ്റതായി നടത്തി. ഈ മോണിട്ടറിംഗ് കമ്മറ്റികളെക്കുറിച്ച് ഈയിടെയായി ഒന്നും കേള്‍ക്കാറില്ല. രോഗികളെ ബലം പ്രയോഗിച്ച് ആസ്പത്രികളില്‍ പ്രവേശിപ്പിക്കുന്നതോടെ തങ്ങളുടെ ബാധ്യത തീര്‍ന്നു എന്ന മട്ടിലാണ് ബന്ധുക്കള്‍. ഉയര്‍ത്തിക്കെട്ടിയ മതിലുകള്‍ക്കുള്ളില്‍ എന്ത് സംഭവിക്കുന്നുവെന്ന് സമൂഹവും അന്വേഷിക്കുന്നില്ല. മാനസികാരോഗ്യ മാനുവല്‍ പ്രകാരമുള്ള സ്റ്റാഫ് ഉണ്ടെങ്കിലും അവര്‍ക്ക് മാത്രം ഇത്തരം രോഗികളുടെ ആവശ്യം നിറവേറ്റാനാവില്ല. സന്നദ്ധപ്രവര്‍ത്തകര്‍ സഹായിക്കാനുണ്ടാകണം. വിദ്യാര്‍ത്ഥികള്‍, റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥന്മാര്‍, സര്‍ക്കാരിതര സംഘടനകള്‍, മതങ്ങളിലെ യുവജനസംഘടനകള്‍, എന്നിവര്‍ക്കെല്ലാം ഈ മേഖലയില്‍ പ്രവര്‍ത്തിക്കാനാകും. തൃശ്ശൂരിലെ മേരിമാതാ മേജര്‍ സെമിനാരിയിലെ വൈ ദികാര്‍ത്ഥികള്‍ കുറെക്കാലം അന്തേവാ സികളുടെ മുടിവെട്ടിക്കൊടുക്കാന്‍ എത്തി യിരുന്നത് സമൂഹത്തിനു മുമ്പില്‍ വലി യൊരു ക്രൈസ്തവസാക്ഷ്യമായിരുന്നു. നിംഹാന്‍സ് പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം, രോഗികളും സമൂഹവും ഒരു മതിലിന്റെ അപ്പുറവും ഇപ്പുറവും ആണെന്ന വ്യത്യാസം മാത്രമേയുള്ളൂ. മാനസികാരോഗ്യം തകരാറിലായ സ്ത്രീപുരുഷ രോഗികളെ ചികിത്സിക്കുന്ന ഭാരതത്തിലെ സ്ഥാപനങ്ങളില്‍ കത്തോലിക്കാസഭയുടെ സാന്നിധ്യം തന്നെയാണ് മുന്‍നിരയില്‍ എന്നത് ശ്രദ്ധേയമാണ്. യാതൊരു പ്രതി ഫലവും പ്രതീക്ഷിക്കാതെ രാവും പകലും ഈ രോഗികളെ ജാഗ്രതയോടും സ്‌നേഹത്തോടും ശുശ്രൂഷിക്കുന്ന സമര്‍പ്പിതര്‍ക്ക് സമൂഹം ആദരവാര്‍പ്പിച്ചാല്‍ മാത്രം പോര, അവര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുകയും വേണം.

മാനസീകാരോഗ്യത്തകര്‍ച്ചയുടെ പ്രത്യക്ഷലക്ഷണങ്ങളാണ് വര്‍ദ്ധിച്ചുവരുന്ന ആത്മഹത്യകളും കൊലപാതകങ്ങളും. 1990-കളില്‍ ഇതുപോലെ കൂട്ട ആത്മഹത്യകള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഷെയര്‍ ലോകത്തിലെ തകര്‍ച്ച, സാമ്പത്തിക മാന്ദ്യം, ശിഥിലമായ കുടുംബബന്ധങ്ങള്‍ എന്നിവയായിരുന്നു കാരണം. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍, സുകുമാര്‍ അഴിക്കോട് തുടങ്ങിയവരും ചില സഭാ മേലധ്യക്ഷന്മാരും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാണ് അതിന്നൊരു വിരാമമിട്ടത്. ഇക്കാരണങ്ങളെല്ലാം ആധുനീകതയോടെ എല്ലാ ചമയങ്ങളോടും കൂടെ രംഗത്തിറങ്ങിയിരിക്കുന്ന ഇക്കാലത്ത് പൊട്ടാസ്യം സയനൈഡും, കാര്‍ബണ്‍ മോണോക് സൈഡുമെല്ലാം പുത്തന്‍ താരങ്ങളായി ഉയര്‍ന്നുവന്നുകഴിഞ്ഞു. മൊബൈല്‍ ഫോണിന്റെ സഹായത്തോടെ കൗമാര പ്രായക്കാര്‍ എത്തിച്ചേരുന്ന വന്‍ ചതിക്കുഴികള്‍ ഭയാജനകമാണ്. ആത്മഹത്യയിലും, രാഷ്ട്രീയക്കൊലപാതകങ്ങളിലും ലഹരി ഉപയോഗത്തിലും കേരളം മുന്‍പന്തിയിലെത്തി. നാഷണല്‍ ക്രൈം റെ ക്കോര്‍ഡ് ബ്യൂറോയുടെ സ്ഥിതിവിവരക്കണക്കില്‍ കേരളം ആത്മഹത്യയില്‍ അഞ്ചാം സ്ഥാനത്താണ്.

സ്‌നേഹത്തിന്റെ കൂട്ടിപ്പിടുത്തമുള്ള കുടുംബങ്ങളില്‍ അനഭിലഷണീയമായ പല പ്രവര്‍ത്തനങ്ങളും കുറവാണ്. സാമ്പത്തികത്തകര്‍ച്ച ഒരു മുഖ്യകാരണമാണെങ്കിലും അതുമാത്രമല്ല മുഖ്യഹേതു. കഴിഞ്ഞവര്‍ഷം ആത്മഹത്യ ചെയ്തവരില്‍ 34 പേര്‍ പ്രഫഷണല്‍ ബിരുദധാരികളും ഉയര്‍ന്ന ശമ്പളം കൈപറ്റുന്നവരുമായിരുന്നു. അപ്പോള്‍ അതിനുമപ്പുറം അച്ചടക്കമില്ലാത്ത ജീവിതശൈലിയാണ് പ്രധാനകാരണങ്ങളിലൊന്ന് എന്ന് വ്യക്തം. ഏതായാലും അതീവ കുടുംബ, സാമൂഹ്യജാഗ്രത പുലര്‍ത്തേണ്ട സമയമാണിത്. അപ്രധാനമായ തര്‍ക്കങ്ങളിലും ചേരിതിരിവിലും അകപ്പെട്ട് സഭയുടെ ഊര്‍ജ്ജം നഷ്ടപ്പെടുത്താതിരുന്നാല്‍ മാത്രമേ ഈ അവസ്ഥയുടെ പരിഹാരത്തിന് സമയം കണ്ടെത്താനാകൂ. പതിവ് പ്രസംഗങ്ങളും ലഘുലേഖകളും വെറും ജലരേഖകളായി മാറിയ ഇക്കാലത്ത് ഐക്യത്തോടെയുള്ള ക്രൈസ്തവ കൂട്ടായ്മ ഒരു അനിവാര്യതയായി മാറുന്നു. കാലിന്നടിയില്‍ നിന്ന് മണ്ണ് ഒലിച്ചുപോകുന്നത് തിരിച്ചറിയാതിരിക്കുന്നതാണ് ആത്മീയകുഷ്ഠരോഗത്തിന്റെ പ്രത്യക്ഷലക്ഷണം.

(തൃശ്ശൂര്‍ ഗവ. മാനസികാരോഗ്യ കേന്ദ്രത്തില്‍ കേരള ഹൈക്കോടതി നിയമിച്ച മോണിറ്ററിങ്ങ് കമ്മറ്റിയില്‍ 1998-2003 കാലഘട്ടത്തില്‍ ഉപാധ്യക്ഷനായിരുന്നു ലേഖകന്‍.)

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6

മിസ്പാ : കാവല്‍ ഗോപുരം

സത്യദീപം-ലോഗോസ് ക്വിസ് 2025: [No.08]

ഇന്ത്യന്‍ കത്തോലിക്ക സഭയില്‍ നീതിക്കും സമത്വത്തിനും വേണ്ടി നിലകൊള്ളാന്‍ അഭ്യര്‍ത്ഥിച്ച് ദളിത് ക്രൈസ്തവ നേതാക്കള്‍