Coverstory

മംഗലപ്പുഴ സെമിനാരി : നവതിയുടെ ധന്യതയില്‍

ഫാ. ഡോ. ഇഗ്‌നേഷ്യസ് പയ്യപ്പിള്ളി
വരാപ്പുഴയില്‍നിന്നും ആലങ്ങാടുനിന്നും പുത്തന്‍പള്ളിയിലേക്കും അവിടെനിന്നു മംഗലപ്പുഴയിലേക്കും നീളുന്ന വൈദികപരിശീലനത്തിന്റെ മൂന്നു നൂറ്റാണ്ടുകളുടെ ചരിത്രമാണു മംഗലപ്പുഴ സെമിനാരി പ്രതിഫലിപ്പിക്കുന്നത്.

വൈദിക പരിശീലനത്തിന്റെ നവീന ശൈലി കേരള കത്തോലിക്കര്‍ക്കു പരിചയപ്പെടുത്തി കൊടുത്ത വൈദിക പരിശീലനകേന്ദ്രമാണ് ആലുവ മംഗലപ്പുഴ സെമിനാരി. വരാപ്പുഴ പുത്തന്‍പള്ളിയില്‍ സ്ഥാപിതമായ സെന്റ് ജോസഫ്‌സ് അപ്പസ്‌തോലിക സെമിനാരിയുടെ തുടര്‍ച്ചയായി 1932-ല്‍ മംഗലപ്പുഴയിലേക്കു മാറ്റി സ്ഥാപിക്കപ്പെട്ട ഈ വൈദിക പരിശീലന കേന്ദ്രം മംഗലപ്പുഴയിലേക്കു പറിച്ചു നട്ടതിന്റെനവതി ആഘോഷിക്കുന്ന ഈ അവസരത്തില്‍ തലമുറകളുടെ പാരമ്പര്യം പേറുന്ന ഈ ആത്മീയകേന്ദ്രത്തിന്റെ പിന്നാമ്പുറങ്ങളിലേക്കു കണ്ണോടിക്കുന്നതു നന്നായിരിക്കും. വരാപ്പുഴയില്‍നിന്നും ആലങ്ങാടുനിന്നും പുത്തന്‍പള്ളിയിലേക്കും അവിടെനിന്നു മംഗലപ്പുഴയിലേക്കും നീളുന്ന വൈദികപരിശീലനത്തിന്റെ മൂന്നു നൂറ്റാണ്ടുകളുടെ ചരിത്രമാണു മംഗലപ്പുഴ സെമിനാരി പ്രതിഫലിപ്പിക്കുന്നത്.

മല്പാനേറ്റുകളും ആദ്യകാല സെമിനാരികളും

പാശ്ചാത്യ മിഷനറിമാരുടെ ആഗമനത്തിനുമുമ്പു മാര്‍ത്തോമ്മാ നസ്രാണികളുടെ ഇടയില്‍ ആധുനിക ഭാഷയില്‍ വിവക്ഷിക്കപ്പെടുന്ന സെമിനാരി സമ്പ്രദായവും വിദ്യാഭ്യാസ രീതികളും വൈദികാര്‍ത്ഥികളുടെ പരിശീലനവും ഉണ്ടായിരുന്നില്ല. പാശ്ചാത്യ രാജ്യങ്ങളില്‍പോലും ത്രെന്തോസ് സൂനഹദോസിനു (1545-1563) ശേഷം മാത്രമാണ് ആധുനിക രീതിയിലുള്ള വൈദികപരിശീലനം ആരംഭിച്ചത്. ഭാരതസംസ്‌ക്കാരത്തിലും സങ്കല്പത്തിലും രൂപപ്പെട്ട മല്പാനേറ്റുകളിലാണു കേരളത്തില്‍ വൈദികാര്‍ത്ഥികളുടെ പരിശീലനം നടത്തിയിരുന്നത്. കേരളത്തില്‍ പ്രസിദ്ധങ്ങളായ പല മല്പാനേറ്റുകളും ഉണ്ടായിരുന്നതില്‍ ഏറ്റവും പ്രസിദ്ധമായത് അങ്കമാലിയിലെ മല്പാനേറ്റായിരുന്നു. പതിനാറാം നൂറ്റാണ്ടില്‍ പോര്‍ട്ടുഗീസ് മിഷനറിമാര്‍ കേരളത്തില്‍ എത്തിയതോടെ പാശ്ചാത്യ മാതൃകയിലുള്ള സെമിനാരികള്‍ സ്ഥാപിച്ചു വൈദികപരിശീലനം തുടങ്ങി. കൊടുങ്ങല്ലൂരിലാണ് ഇപ്രകാരമുള്ള ആദ്യത്തെ സെമിനാരി സ്ഥാപിതമായത്. ഫ്രെവിച്ചെന്തെ ദെ ലാഗോസ് എന്ന മിഷനറി 1541-ല്‍ കൊടുങ്ങല്ലൂരില്‍ സ്ഥാപിച്ച ഒരു കോളേജാണ് ഈ ഗണത്തില്‍പ്പെട്ട പ്രഥമ സെമിനാരി.

1574-ല്‍ പോര്‍ട്ടുഗീസുകാര്‍ വൈപ്പിനിലെ പള്ളിപ്പുറത്ത് ഒരു കോളേജ് (സെമിനാരി) സ്ഥാപിച്ചു. വൈപ്പിക്കോട്ട സെമിനാരി എന്നാണ് ഇത് അറിയപ്പെട്ടത്. 1583-ല്‍ മാര്‍ അബ്രാഹത്തിന്റെ അദ്ധ്യക്ഷതയില്‍ അങ്കമാലിയില്‍ കൂടിയ മലങ്കര നസ്രാണികളുടെ യോഗത്തിലെടുത്ത തീരുമാനമനുസരിച്ചു നസ്രാണി വൈദികാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നതിനു മാര്‍ അബ്രാഹം ഈശോസഭക്കാരുടെ സഹായം അഭ്യര്‍ത്ഥിക്കുകയും ചേന്ദമംഗലത്തു 1584-ല്‍ ഈശോസഭക്കാര്‍ സെമിനാരി സ്ഥാപിക്കുകയും ചെയ്തു. പള്ളിപ്പുറത്തെ വൈപ്പിക്കോട്ട സെമിനാരി ചേന്ദമംഗലത്തേക്കു മാറ്റി സ്ഥാപിച്ചു. നസ്രാണി വൈദികാര്‍ത്ഥികളുടെ പരിശീലനകേന്ദ്രമായി വൈപ്പിക്കോട്ട സെമിനാരി മാറി. 1663 ജനുവരി 7-നു ഡച്ചുകാര്‍ പോര്‍ട്ടുഗീസുകാരെ തോല്പ്പിച്ചു കൊച്ചിയും പരിസരപ്രദേശങ്ങളും കീഴടക്കി. ഡച്ചധീനപ്രദേശങ്ങളില്‍നിന്നും പോര്‍ട്ടുഗീസുകാര്‍ സ്ഥലംവിട്ടുപോവുകയോ നാടുകടത്തപ്പെടുകയോ ചെയ്തു. അതോടെ 1584 മുതല്‍ 1663 വരെ ചേന്ദമംഗലത്തു പ്രവര്‍ത്തിച്ചിരുന്ന വൈപ്പിക്കോട്ട സെമിനാരിയും അടയ്ക്കപ്പെട്ടു.

വരാപ്പുഴ-ആലങ്ങാട് സെമിനാരികള്‍

കര്‍മ്മലീത്തര്‍ക്കും ഡച്ചധീനപ്രദേശങ്ങളില്‍നിന്നും പിന്‍വാങ്ങേണ്ടിവന്നെങ്കിലും കര്‍മ്മലീത്താ മിഷനറിമാരില്‍ ഒരാളായിരുന്ന മത്തേവൂസ് പാതിരി ഡച്ചു ഗവര്‍ണ്ണരായിരുന്ന വാന്റീഡുമായി സൗഹൃദത്തിലാവുകയും അദ്ദേഹത്തിന്റെയും ചാണ്ടി മെത്രാന്റെയും അനുവാദത്തോടെ 1673-ല്‍ എറണാകുളത്തു ചാത്യാത്തും വരാപ്പുഴയില്‍ തത്തരശ്ശേരി എന്ന സ്ഥലത്തും പള്ളികളും കര്‍മ്മലീത്താ ആശ്രമങ്ങളും സ്ഥാപിക്കുകയും ചെയ്തു. വരാപ്പുഴയില്‍ പള്ളി സ്ഥാപിച്ചശേഷം ക്രമേണ ഒരു സെമിനാരിയും മത്തേവൂസ് പാതിരി സ്ഥാപിക്കുകയുണ്ടായി. വൈദികാര്‍ത്ഥികളെ ആശ്രമത്തില്‍ താമസിപ്പിച്ചുകൊണ്ടാണു പരിശീലനം നല്കിയിരുന്നത്. കര്‍മ്മലീത്താ വൈദികനായിരുന്ന ആഞ്ചലോ ഫ്രാന്‍സിസാണ് 1682 -ല്‍ സെമിനാരി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയത്. 1683-ല്‍ സുറിയാനിക്കാരായ വൈദികാര്‍ത്ഥികളുടെ പരിശീലനത്തിനായി സെമിനാരി പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. ആരംഭത്തില്‍ സുറിയാനിക്കാരായ വിദ്യാര്‍ത്ഥികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പില്ക്കാലത്തു ലത്തീന്‍ വൈദികാര്‍ത്ഥികളെയും ഇവിടെ പരിശീലിപ്പിക്കാന്‍ തുടങ്ങി. ആകയാല്‍ വരാപ്പുഴ സെമിനാരി സുറിയാനി - ലത്തീന്‍ വൈദികാര്‍ത്ഥികളുടെ പരിശീലന കളരിയായി മാറി. വൈദികാര്‍ത്ഥികളുടെ പരിശീലകനായിരുന്ന ആഞ്ചലോ ഫ്രാന്‍സിസ് 1700 ഡിസംബറില്‍ മലബാര്‍ വികാരിയാത്തിന്റെ വികാരി അപ്പസ്‌തോലിക്കയായി നിയമിക്കപ്പെട്ടു. അദ്ദേഹത്തിന്റെ നിയമനത്തോടെ പ്രൊപ്പഗാന്ത - പദ്രൊവാദൊ ഭരണത്തിലെ മെത്രാന്മാരും അവര്‍ക്കു കീഴിലുള്ള വൈദികരും കര്‍മ്മലീത്താക്കാരും തമ്മിലുള്ള തര്‍ക്കങ്ങളുടെ ഫലമായി വരാപ്പുഴ സെമിനാരിയുടെ പ്രവര്‍ത്തനം നിലച്ചു. അതോടെ പഴയ മല്പാനേറ്റുകള്‍ വീണ്ടും സജീവമായി.

പ്രവര്‍ത്തനം നിലച്ചുപോയ സെമിനാരിയെ വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാന്‍ 1764 സെപ്തംബറില്‍ പ്രൊപ്പഗാന്ത തിരുസംഘം കര്‍മ്മലീത്താക്കാരോടു കല്പിച്ചു. സുറിയാനി - ലത്തീന്‍ റീത്തുകളിലെ വൈദികാര്‍ത്ഥികളെ പരിശീലിപ്പിക്കാനുള്ള അനുവാദം തിരുസംഘം കര്‍മ്മലീത്താക്കാര്‍ക്കു നല്കി. അതനുസരിച്ചു 1766 -ല്‍ ആലങ്ങാടില്‍ സുറിയാനിക്കാര്‍ക്കുവേണ്ടിയും വരാപ്പുഴയില്‍ ലത്തീന്‍ക്കാര്‍ക്കുവേണ്ടിയും സെമിനാരികള്‍ സ്ഥാപിച്ചു പ്രവര്‍ത്തനം തുടങ്ങി. 1790-ലെ ടിപ്പുവിന്റെ പടയോട്ടത്തില്‍ ആലങ്ങാടു പള്ളിയും സെമിനാരിയും ആക്രമിക്കപ്പെട്ടതോടെ ആലങ്ങാടു സെമിനാരിയുടെ പ്രവര്‍ത്തനം നിലച്ചു. പടയോട്ടക്കാലത്തു വരാപ്പുഴ സെമിനാരിയുടെയും പ്രവര്‍ത്തനം നിലച്ചുവെങ്കിലും ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം സെമിനാരി വീണ്ടും പ്രവര്‍ത്തനക്ഷമമായി. ആലങ്ങാടുണ്ടായിരുന്ന വൈദികാര്‍ത്ഥികളില്‍ കുറച്ചുപേര്‍ വരാപ്പുഴയിലെത്തി. അതേസമയം സുറിയാനിക്കാര്‍ വൈദികാര്‍ത്ഥികളെ പരിശീലിപ്പിക്കാന്‍ വിവിധ സ്ഥലങ്ങളില്‍ വീണ്ടും മല്പാനേറ്റുകള്‍ ആരംഭിക്കുകയും ചെയ്തു. 1853 മുതല്‍ വരാപ്പുഴ വികാരിയാത്തിന്റെ ഭരണച്ചുമതല ഏറ്റെടുത്ത ബര്‍ണ്ണര്‍ദ്ദീന്‍ ബാച്ചിനെല്ലി മെത്രാപ്പോലീത്ത മല്പാനേറ്റുകളുടെ പ്രവര്‍ത്തനങ്ങളില്‍ സന്തുഷ്ടനായിരുന്നില്ല. 1854-ല്‍ അഞ്ചെണ്ണം ഒഴികെയുള്ള ബാക്കി എല്ലാ മല്പാനേറ്റുകളും നിറുത്തല്‍ ചെയ്തു. ഈ അഞ്ചു മല്പാനേറ്റുകളാകട്ടെ കര്‍മ്മലീത്താക്കാരുടെ നിയന്ത്രണത്തിലുള്ളവയായിരുന്നു.

പുത്തന്‍പള്ളി സെമിനാരി

ഒരു കന്യാസ്ത്രീ മഠം ആരംഭിക്കണമെന്ന ഉദ്ദേശത്തോടെ 1854-ല്‍ ബര്‍ണ്ണര്‍ദ്ദീന്‍ മെത്രാപ്പോലീത്ത പുത്തന്‍പള്ളി പള്ളിവകയായിരുന്ന ഏകദേശം ഒന്‍പത് ഏക്കര്‍ സ്ഥലം പള്ളിയില്‍നിന്നും പാട്ടത്തിനെടുത്ത് ഒരു കെട്ടിടം പണിയാന്‍ ആരംഭിച്ചു. 1862 -ല്‍ കെട്ടിടം പണി പൂര്‍ത്തിയാക്കി. എന്നാല്‍ മഠം സ്ഥാപിക്കുന്നതിനുമുമ്പേ കേരള കത്തോലിക്കാ സഭയെ പിടിച്ചുലക്കിയ റോക്കോസ് ശീശ്മ പൊട്ടിപ്പുറപ്പെട്ടു. റോക്കോസ് ശീശ്മയ്ക്കുശഷം വരാപ്പുഴ വികാരിയാത്തില്‍ തുടര്‍ന്ന സുറിയാനി പള്ളിക്കാരുടെ ഇടവകകളില്‍ സേവനം ചെയ്യുന്നതിനുള്ള വൈദികരെ കാലത്തിന്റെ മാറ്റങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കുമനുസരിച്ചു പരിശീലനം നല്കുന്നതിനു പറ്റിയ അവസ്ഥ വരാപ്പുഴ സെമിനാരിയില്‍ ഇല്ലാതിരുന്നതിനാല്‍ മഠത്തിനുവേണ്ടി പണിതീര്‍ത്ത പുത്തന്‍പള്ളിയിലെ കെട്ടിടം 1866-ല്‍ ബര്‍ണ്ണര്‍ദ്ദീന്‍ മെത്രാപ്പോലീത്ത സെമിനാരിയാക്കി രൂപപ്പെടുത്തുകയും വൈദികാര്‍ത്ഥികളുടെ പരിശീലനം അവിടെ ആരംഭിക്കുകയും ചെയ്തു. 1866 ആഗസ്റ്റ് 15-നു മാന്നാനത്തുനിന്നും 4 വൈദികാര്‍ത്ഥികളെ പുത്തന്‍പള്ളി സെമിനാരിയില്‍ കൊണ്ടുവന്നു പാര്‍പ്പിച്ചാണു സെമിനാരിക്കു തുടക്കം കുറിച്ചത്. മല്പാനേറ്റുകള്‍ നിറുത്തല്‍ ചെയ്തു ഏകീകൃതമായ വൈദികപരിശീലനം കേരളത്തില്‍ ആരംഭിക്കണമെന്ന കര്‍മ്മലീത്താ മിഷനറിമാരുടെ ആഗ്രഹമാണു പുത്തന്‍പള്ളി സെമിനാരിയുടെ സ്ഥാപനത്തോടെ സഫലീകൃതമായത്. സുറിയാനി ലത്തീന്‍ റീത്തുകളിലെ വൈദികാര്‍ത്ഥികളെ ഇവിടെ പരിശീലിപ്പിച്ചിരുന്നു. വൈദികാര്‍ത്ഥികളുടെ പരിശീലനം കര്‍മ്മലീത്ത മിഷനറിമാരുടെ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലുമായിരുന്നു. വരാപ്പുഴ വികാരിയാത്തിലെ സെമിനാരിയായി 1866-ല്‍ പ്രവര്‍ത്തനമാരംഭിച്ച പുത്തന്‍പള്ളി സെമിനാരിയെ 1888-ല്‍ വത്തിക്കാന്‍ ഒരു മേജര്‍ സെന്‍ട്രല്‍ സെമിനാരിയാക്കി ഉയര്‍ത്തി. അതിന്റെ പശ്ചാത്തലത്തില്‍ സെമിനാരിയുടെ ഭരണം പരിശുദ്ധ സിംഹാസനത്തിനു കൈമാറാന്‍ വരാപ്പുഴ മെത്രാപ്പോലീത്താ നിര്‍ബന്ധിതനായി. 03-03-1890-ല്‍ സെമിനാരി പരിശുദ്ധ സിംഹാസനത്തിനു (പ്രൊപ്പഗാന്ത തിരുസംഘത്തിനു) കൈ മാറി. 1890-ല്‍ തിരുസംഘം സെമിനാരിയുടെ ഭരണം ഡലഗേറ്റ് അപ്പസ്‌തോലിക്കായെ ഏല്പിക്കുകയും ചെയ്തു.

1890 മുതല്‍ പ്രൊപ്പഗാന്ത തിരുസംഘത്തിന്റെ കീഴിലായിരുന്ന സെമിനാരി 1908 മുതല്‍ പൗരസ്ത്യതിരുസംഘത്തിന്റെ കീഴിലായി. 1860 -ല്‍ പണിത സെമിനാരികെട്ടിടം കാലാകാലങ്ങളില്‍ നീട്ടിപ്പണിതുവെങ്കിലും വൈദികാര്‍ത്ഥികളുടെ സംഖ്യ ആണ്ടുതോറും വര്‍ദ്ധിച്ചുകൊണ്ടിരുന്നതിനാല്‍ ഒരു മേജര്‍ സെമിനാരിക്കാവശ്യമായ സ്ഥലസൗകര്യങ്ങള്‍ പുത്തന്‍പള്ളി സെമിനാരിയില്‍ ഇല്ലായിരുന്നു. സെമിനാരിയുടെ വികസനത്തിനാവശ്യമായ സ്ഥലം ലഭിക്കാനുള്ള സാധ്യതകള്‍ പുത്തന്‍പള്ളിയില്‍ ഇല്ലാതിരുന്നതിനാലും പുത്തന്‍പള്ളി ഇടവകയുടെ സ്വന്തമായിരുന്ന സ്ഥലത്തിന്റെ പാട്ടത്തെ സംബന്ധിച്ച തര്‍ക്കംനിലനിന്നിരുന്നതിനാലും സെമിനാരി മറ്റൊരു സ്ഥലത്തേക്കു മാറ്റി സ്ഥാപിക്കുന്നതിനെക്കുറിച്ചു ചിന്തിക്കാന്‍ അധികാരികള്‍ നിര്‍ബന്ധിതരായി. അതിന്റെ പശ്ചാത്തലത്തിലാണു സെമിനാരി മംഗലപ്പുഴയിലേക്കു മാറ്റി സ്ഥാപിച്ചത്.

പുണ്യചരിതരും പണ്ഡിതരുമായ അനേകം വൈദികരുടെ പാദസ്പര്‍ശത്താല്‍ ധന്യമാക്കപ്പെട്ട മംഗലപ്പുഴ സെമിനാരിയില്‍നിന്നും കഴിഞ്ഞ തൊണ്ണൂറു വര്‍ഷത്തിനിടയില്‍ നാലായിരത്തി തൊള്ളായിരത്തിലധികം വൈദികര്‍ പരിശീലനം നേടിയിട്ടുണ്ട്. കേരള സഭയുടെ അഭിമാനമായി ഈ പുണ്യഗേഹം വിരാജിക്കുന്നു.

മംഗലപ്പുഴ സെമിനാരിയുടെ പൂര്‍വ്വകാല ചരിത്രം

മംഗലപ്പുഴയില്‍ 1932-ല്‍ സെമിനാരി സ്ഥാപിച്ചു പ്രവര്‍ത്തനം തുടങ്ങുന്നതിനും ആറു ദശവത്സരങ്ങള്‍ക്കുമുമ്പുതന്നെ ഇവിടെ കേരളത്തിലെ സുറിയാനിക്കാരായ വൈദികാര്‍ത്ഥികളെ പരിശീലിപ്പിക്കാന്‍ ഒരു സെമിനാരി സ്ഥാപിക്കപ്പെട്ടിരുന്നു. റോക്കോസ് ശീശ്മയ്ക്കുശേഷം വരാപ്പുഴ വികാരിയാത്തില്‍ ഉള്‍പ്പെട്ടിരുന്ന പള്ളികളിലെ വൈദികാര്‍ത്ഥികള്‍ക്കുവേണ്ടി പുത്തന്‍പള്ളി സെമിനാരി സ്ഥാപിക്കപ്പെട്ടപ്പോള്‍ കൊടുങ്ങല്ലൂര്‍ അതിരൂപതയില്‍പ്പെട്ട വൈദികാര്‍ത്ഥികളെ അവിടെ സ്വീകരിച്ചു പരിശീലിപ്പിക്കാന്‍ ബര്‍ണ്ണര്‍ദ്ദീന്‍ മെത്രാപ്പോലീത്ത തയ്യാറായില്ല. ആ പശ്ചാത്തലത്തില്‍ കൊടുങ്ങല്ലൂര്‍ ഭദ്രാസനത്തിലെ ജനങ്ങള്‍ക്കുവേണ്ടി ഒരു സെമിനാരി ഉണ്ടാക്കുന്നതിനു സമുദായ നേതാക്കന്മാര്‍ തീരുമാനിച്ചു. സെമിനാരിക്കുവേണ്ടിയുള്ള സ്ഥലമന്വേഷണം ആലുവയ്ക്കടുത്തു പെരിയാറിന്റെ തീരത്തു സ്ഥിതിചെയ്തിരുന്ന ''മോന്തേഫൊര്‍മോസ'' അഥവാ മംഗലപ്പുഴക്കുന്നില്‍ എത്തിച്ചേര്‍ന്നു. ഈ സ്ഥലം വാങ്ങുന്നതിനുവേണ്ടി പള്ളിക്കാര്‍ ആഗ്രഹിക്കുകയും അതിനുവേണ്ടി അക്കാലത്തു സുറിയാനിക്കാരുടെ ഇടയിലുണ്ടായിരുന്ന സമ്പന്നനും ഉദാരമതിയുമായ ശ്രീ പാറായില്‍ അവിര തരകനെ സമീപിക്കുകയും ചെയ്തു.

പള്ളിക്കാരുടെ ആവശ്യപ്രകാരം ശ്രീ അവിര തരകന്‍ ഒരു ഇംഗ്ലീഷുകാരന്‍ സായിപ്പിന്റെ കൈവശമിരുന്ന 40 ഏക്കര്‍ സ്ഥലും അതിലെ ബംഗ്ലാവും 1866-ല്‍ തീറെഴുതി വാങ്ങിച്ചു. (തീറാധാരം നടത്തിയ താളിയോല സെമിനാരി രേഖാലയത്തില്‍ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്). കൊടുങ്ങല്ലൂര്‍ അതിരൂപതയില്‍ അങ്ങിങ്ങായി ചിതറിക്കിടന്നിരുന്ന 55 സുറിയാനിപ്പള്ളിക്കാരുടെ വിഹിതമായി പിരിഞ്ഞുകിട്ടിയ 2000 രൂപയും ശ്രീ തരകന്റെ മുത്തപ്പന്‍ ശ്രീ അവിരാത്തരകന്‍ ഈ നിയോഗത്തിനായി പണ്ടുതന്നെ നീക്കിവച്ചിരുന്ന 2000 രൂപയും കൂടി കൂട്ടി 4000 രൂപയ്ക്കാണു 40 ഏക്കര്‍ സ്ഥലം തീറുവാങ്ങിയത്. പ്രസ്തുത സ്ഥലത്തു സായിപ്പ് പണിയിച്ച ബംഗ്ലാവില്‍ 1866-ല്‍ തന്നെ സമിനാരി ആരംഭിച്ചു. കൊടുങ്ങല്ലൂര്‍ അതിരൂപതയിലെ ഇടവക വൈദികര്‍ തന്നെയാണ് ഈ സെമിനാരി നടത്തിയിരുന്നത്. ഇക്കാലത്തു കൊടുങ്ങല്ലൂര്‍ അതിരൂപതയില്‍ മെത്രാനില്ലാതിരുന്നതിനാല്‍ പരിശീലനം പൂര്‍ത്തിയാക്കുന്ന വൈദികാര്‍ത്ഥികള്‍ ഗോവയില്‍പോയി ഗോവ മെത്രാപ്പോലീത്തായില്‍നിന്നും പട്ടം സ്വീകരിക്കേണ്ടിയിരുന്നു. എന്നാല്‍ പട്ടം കൊടുക്കുന്നതിനു മംഗലപ്പുഴയില്‍ വാങ്ങിയിരുന്ന സ്ഥലവും കെട്ടിടവും ഗോവ മെത്രാപ്പോലീത്തായുടെ പേരില്‍ എഴുതികൊടുക്കണമെന്നു ഗോവ മെത്രാപ്പോലീത്ത നിര്‍ബബന്ധം പിടിച്ചു. മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ലാതിരുന്നതിനാല്‍ ശ്രീ അവിര വര്‍ക്കി തരകന്‍ സുറിയാനിക്കാരുടെ സമ്മതത്തോടെ പ്രസ്തുത സ്ഥലം എഴുതിക്കൊടുത്തു. എന്നാല്‍ അദ്ദേഹം എഴുതിക്കൊടുത്ത തീറാധാരത്തില്‍ ''കൊടുങ്ങല്ലൂര്‍ അതിരൂപതയില്‍ ഒരു സെമിനാരി പണിയുന്നതിനും രൂപതയുടെ ഗുണത്തിനുമായി പിതാവു നിശ്ചയിക്കുന്ന കാര്യങ്ങള്‍ക്കും'' എന്ന വ്യവസ്ഥയിന്മേലാണു ഭൂമി കൈമാറിയത്.

നാട്ടുകാരായ വൈദികരുടെ മേല്‍നോട്ടത്തില്‍ 20 വര്‍ഷം ഇവിടെ സെമിനാരി പ്രവര്‍ത്തിച്ചു. എന്നാല്‍ കൊടുങ്ങല്ലൂര്‍ അതിരൂപതയ്ക്കു സ്വന്തം മെത്രാനില്ലാതിരുന്നതിനാലും ഗോവയില്‍പോയി പട്ടം വാങ്ങുക ദുഷ്‌ക്കരമായിരുന്നതിനാലും സെമിനാരിയുടെ പ്രവര്‍ത്തനം മന്ദീഭവിച്ചു. 1886-ല്‍ വത്തിക്കാനും പോര്‍ട്ടുഗലും തമ്മിലുണ്ടായ ഉടമ്പടിപ്രകാരം പദ്രൊവാദൊ ഭരണവും കൊടുങ്ങല്ലൂര്‍ അതിരൂപതയും നിറുത്തല്‍ ചെയ്യപ്പെട്ടു. അതോടെ പദ്രൊവാദൊയ്ക്കു കീഴിലുണ്ടായിരുന്ന മംഗലപ്പുഴ സെമിനാരിയും നിറുത്തലാക്കപ്പെട്ടു. മംഗലപ്പുഴ സെമിനാരിയുടെ ഉടമസ്ഥാവകാശം ഉന്നയിക്കുന്നതിനു സുറിയാനിക്കാര്‍ക്കു സ്വന്തം മെത്രാനില്ലാതിരുന്നതിനാലും കൊടുങ്ങല്ലൂരിലെ പദ്രൊവാദൊയുടെ കാര്യം അന്വേഷിക്കുന്നതിനു ഗോവയില്‍നിന്നു കൊച്ചി മെത്രാനു അധികാരം കൊടുത്തിരുന്നതിനാലും മംഗലപ്പുഴയുടെ സെമിനാരിയും വസ്തുവകകളും ഗോവയില്‍നിന്നു കൊച്ചിമെത്രാനെ ഏല്പിച്ചു. അങ്ങനെ 1898 മുതല്‍ കുറെ നാളത്തേക്കു മംഗലപ്പുഴക്കുന്നും കെട്ടിടങ്ങളും ഇതിന്റെ സര്‍വ്വരേഖകളും കൊച്ചിമെത്രാന്റെ മേല്‍നോട്ടത്തിലായി. അദ്ദേഹമത് തന്റെ വേനല്‍ക്കാല വസതിയായി ഉപയോഗിച്ചുവരവെയാണു വീണ്ടും സെമിനാരിക്കുവേണ്ടി വിട്ടുകൊടുത്തത്.

മംഗലപ്പുഴ സെമിനാരിയുടെ സ്ഥാപനം

മംഗലപ്പുഴക്കുന്ന് കൊച്ചിമെത്രാന്റെ സൂക്ഷത്തില്‍ ലഭിച്ചുവെങ്കിലും അതു ക്രയവിക്രയം ചെയ്യാനുള്ള അവകാശം അദ്ദേഹത്തിനില്ലായിരുന്നു. എങ്കിലും 1907-ല്‍ കൊച്ചിമെത്രാന്‍ പ്രസ്തുത വസ്തു വില്ക്കുന്നതിന് ഉദ്യമിച്ചു. അക്കാലത്ത് എറണാകുളം വികാരിയാത്തിന്റെ വികാരി അപ്പസ്‌തോലിക്കയായിരുന്ന മാര്‍ ളൂയിസ് പഴേപറമ്പിലിന്റെ സമയോചിതമായ ഇടപെടല്‍മൂലം വസ്തു വില്ക്കാന്‍ വത്തിക്കാന്റെ അനുവാദം ലഭിച്ചില്ല. 1923-ല്‍ ഈ വസ്തുവില്‍ ഒരു ഭാഗം കൊച്ചിമെത്രാന്‍ യു.സി. കോളേജിനു പാട്ടത്തിനു നല്കി. അക്കാലത്ത് എറണാകുളം മെത്രാപ്പോലീത്തയായിരുന്ന മാര്‍ അഗസ്റ്റിന്‍ കണ്ടത്തിലിന്റെ സമയോചിതമായ ഇടപെടല്‍മൂലം വസ്തുവിന്റെ പാട്ടക്കരാര്‍ പുതുക്കാതെ കൊച്ചിമെത്രാന്‍ സ്ഥലം വീണ്ടെടുത്തു. ഇപ്രകാരമൊരു സാഹചര്യത്തിലാണു 1929-ല്‍ സെമിനാരിയധികൃതര്‍ പുത്തന്‍പള്ളി സെമിനാരി മറ്റൊരു സ്ഥലത്തേക്കു മാറ്റി സ്ഥാപിക്കുന്നതിനു സ്ഥലമന്വേഷിക്കുന്നതും കൊച്ചി മെത്രാനായിരുന്ന ബിഷപ്പ് ജോസ് മാര്‍ട്ടിന്‍ റിബൈരൊ തന്റെ സൂക്ഷത്തിലായിരുന്ന മംഗലപ്പുഴക്കുന്ന് സെമിനാരി സ്ഥാപിക്കുന്നതിലേക്കുവേണ്ടി വിട്ടുകൊടുത്തതും. കൊച്ചിമെത്രാനും സെമിനാരി റെക്ടറായിരുന്ന ബഹു. ജോണ്‍ ജോസഫ് അച്ചനും വേണ്ടപ്പെട്ട മേലധികാരികളില്‍നിന്നും ലഭിച്ച അനുകൂലമായ മറുപടികളുടെ പശ്ചാത്തലത്തില്‍ 1929 ഒക്‌ടോബര്‍ 24-നു മംഗലപ്പുഴയിലെ വസ്തുവകകള്‍ മാര്‍പാപ്പയുടെ പ്രതിനിധിയെന്ന നിലയില്‍ പുത്തന്‍പള്ളി സെമിനാരി റെക്ടറായിരുന്ന ബഹു. ജോണ്‍. ജോസഫ് ഒസിഡി അച്ചന്റെ പേരില്‍ തീറെഴുതി.

വസ്തു തീറു ലഭിച്ചതിനെത്തുടര്‍ന്നു സെമിനാരി കെട്ടിടം പണിയുന്നതിനുള്ള അനുവാദത്തിനും മറ്റുമായി ബഹു. ജോണ്‍ ജോസഫ് അച്ചന്റെ നേതൃത്വത്തില്‍ നടപടികള്‍ ആരംഭിച്ചു. 1930 ഫെബ്രുവരി ഒന്നിനു ഡലഗേറ്റ് അപ്പസ്‌തോലിക്ക മോണ്‍. എഡ്വേവാര്‍ഡ് മൂണി അടിസ്ഥാനശില ആശീര്‍വ്വദിച്ചു. 15-03-1930-നു കെട്ടിട നിര്‍മ്മാണത്തിനു പൗരസ്ത്യതിരുസംഘത്തില്‍നിന്നുള്ള അനുവാദം ലഭിച്ചതോടെ 1930 ഏപ്രില്‍ 1-നു ബഹു. ജോണ്‍ ജോസഫ് അച്ചന്‍ ശിലാസ്ഥാപനം നിര്‍വ്വഹിക്കുകയും പണികള്‍ ആരംഭിക്കുകയും ചെയ്തു. പണികള്‍ ഭാഗികമായി പൂര്‍ത്തിയായ മുറയ്ക്കു 1932 മെയ് മാസത്തില്‍തന്നെ പുത്തന്‍പള്ളി സെമിനാരിയിലെ ജംഗമ വസ്തുക്കളെല്ലാം മംഗലപ്പുഴയിലേക്കു മാറ്റി. മെയ് 29-നു എല്ലാ വൈദികരും അവരുടെ സാധനസാമഗ്രികളുമായി മംഗലപ്പുഴയിലേക്കു പോന്നു. അവധികഴിഞ്ഞു മെയ് 30-നു വൈദികാര്‍ത്ഥികളും തിരിച്ചെത്തി. മെയ് 31-നു റെക്ടര്‍ ബഹു. ജോണ്‍ ജോസഫ് അച്ചന്‍ ഭാഗികമായി പണികള്‍ പൂര്‍ത്തിയായ കെട്ടിടം ആശീര്‍വ്വദിച്ചു. പുത്തന്‍പള്ളിയില്‍നിന്നും മംഗലപ്പുഴയിലേക്കു ചേക്കേറുമ്പോള്‍ 274 സെമിനാരിക്കാരും 17 വൈദികരുമാണ് ഉണ്ടായിരുന്നത്. രണ്ടര മാസങ്ങള്‍ക്കുശേഷം മധ്യഭാഗം കെട്ടിടത്തിന്റെ പണികള്‍ കൂടി പൂര്‍ത്തിയാക്കിയതോടെ 1932 ആഗസ്റ്റ് 14-നു വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ഏയ്ഞ്ചല്‍ മേരി സെമിനാരി കെട്ടിടം ആശീര്‍വ്വദിച്ചു. ആദ്യഘട്ടം പണികള്‍ 1932 ഡിസംബറില്‍ പൂര്‍ത്തിയാക്കി. 1933 ജനുവരി 28-നു ഇന്ത്യയുടെ ഡലഗേറ്റ് അപ്പസ്‌തോലിക്കയായിരുന്ന മോണ്‍. ലെയൊ കിയേര്‍ക്കെലസ് സെമിനാരിക്കെട്ടിടം ആശീര്‍വ്വദിക്കുകയും സെമിനാരിയുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു.

19-03-1944 -ല്‍ അക്കാലത്തെ റെക്ടറായിരുന്ന ബഹു. ജോണ്‍ ജോസഫ് അച്ചനാണു സെമിനാരി ചാപ്പലിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചത്. ധന്യന്‍ ഫാ. ഔറേലിയന്‍ ഒസിഡി അച്ചന്‍ റെക്ടറും ബഹു. വിക്ടര്‍ സാന്‍മിഗുയേന്‍ (പില്ക്കാലത്ത് ബിഷപ്പ് വിക്ടര്‍) ഒസിഡി അച്ചന്‍ പ്രൊക്കുറേറ്ററായും ആയിരുന്ന കാലഘട്ടത്തില്‍ 1947-ലാണു സെമിനാരി ചാപ്പലിന്റെ നിര്‍മ്മാണം ആരംഭിച്ചത്. പണികള്‍ പൂര്‍ത്തിയായ സെമിനാരി ചാപ്പല്‍ 02-01-1951 -ന് അപ്പസ്‌തോലിക് ഇന്റര്‍ ന്യൂന്‍ഷിയോ മോണ്‍. ലെയൊ പി. കീര്‍ക്കല്‍സ് വെഞ്ചെരിച്ചു. 1957-ല്‍ നിര്‍മ്മാണം ആരംഭിച്ച മേരിമാതാ ബ്ലോക്ക് 1959 മെയ് മാസത്തില്‍ പണി പൂര്‍ത്തിയാക്കി. വൈദികാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരുന്ന സാഹചര്യത്തില്‍ തത്വശാസ്ത്ര വിഭാഗത്തിനുവേണ്ടി പുതിയൊരു കെട്ടിടം പണിയുന്നതിനു സെമിനാരി അധികൃതരുടെ അഭ്യര്‍ത്ഥനപ്രകാരം മേലധികാരത്തില്‍ നിന്നും തീരുമാനിക്കുകയും അതിനുള്ള നടപടികള്‍ 1953-ല്‍ ആരംഭിക്കുകയും ചെയ്തു. തത്വശാസ്ത്ര വിഭാഗത്തിനുവേണ്ടി പണി ചെയ്യപ്പെട്ട കാര്‍മ്മല്‍ഗിരി സെമിനാരി സ്ഥിതിചെയ്യുന്ന തൊടലിക്കുന്ന് 1885-ലാണു കര്‍മ്മലീത്താ സന്യാസസമൂഹത്തിന്റെ പേരില്‍ തീറുവാങ്ങിയത്. 07-12-1953-ല്‍ പൗരസ്ത്യതിരുസംഘാദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ തിസരാന്റ് ആശീര്‍വ്വദിച്ച അടിസ്ഥാനശില 1954 മെയ് 5-നു റെക്ടര്‍ ധന്യന്‍ ഫാ. ഔറേലിയന്‍ സ്ഥാപിച്ചു; താമസിയാതെ പണികള്‍ തുടങ്ങി. നിര്‍മ്മാണം പൂര്‍ത്തിയായ കാര്‍മ്മല്‍ഗിരി സെമിനാരി കെട്ടിടം 1955 നവംബര്‍ 24-നു അപ്പസ്‌തോലിക് ഇന്റര്‍ന്യുന്‍ഷിയോ മോണ്‍. മാര്‍ട്ടിന്‍ ലൂക്കാസ് ആശീര്‍വ്വദിച്ചു. അക്കൊല്ലംതന്നെ തത്വശാസ്ത്ര വൈദികാര്‍ത്ഥികള്‍ കാര്‍മ്മല്‍ഗിരിയില്‍ താമസിച്ചു പരിശീലനം നേടിതുടങ്ങി.

വരാപ്പുഴയില്‍ തുടക്കംക്കുറിച്ച സെമിനാരിയെ വരാപ്പുഴ സെമിനാരിയെന്നും പുത്തന്‍പള്ളിയില്‍ സെമിനാരി സ്ഥാപിച്ചപ്പോള്‍ അതിനെ പുത്തന്‍പള്ളി സെമിനാരിയെന്നും വിളിച്ചു. പുത്തന്‍പള്ളിയില്‍ സെമിനാരിയുടെ പ്രഥമ നാമധേയം സെന്റ് ജോസഫ്‌സ് അപ്പസ്‌തോലിക് സിറിയന്‍ സെമിനാരി എന്നായിരുന്നു. 1888-ല്‍, പ്രൊപ്പഗാന്തയുടെ നേരിട്ടുള്ള ഭരണത്തിലായപ്പോള്‍ 'സിറിയന്‍' എന്ന പദം ഒഴിവാക്കി സെന്റ് ജോസഫ്‌സ് അപ്പസ്‌തോലിക് സെമിനാരി, പുത്തന്‍പള്ളി എന്നാക്കി. എന്തെന്നാല്‍ സുറിയാനിക്കാരും ലത്തീന്‍കാരുമായ വൈദികാര്‍ത്ഥികള്‍ ഇവിടെ പരിശീലനം നേടിയിരുന്നുവല്ലോ. വരാപ്പുഴയിലും പുത്തന്‍പള്ളിയിലും സെമിനാരി സ്ഥാപിച്ചത് വിശുദ്ധ യൗസേപ്പിന്റെ നാമത്തിലായിരുന്നു. 1888-ല്‍ മേജര്‍ സെന്‍ട്രല്‍ സെമിനാരിയായി ഉയര്‍ത്തപ്പെട്ട സെന്റ് ജോസഫ്‌സ് സെമിനാരി എന്ന അപ്പസ്‌തോലിക് സെമിനാരിയെ പൊന്തിഫിക്കല്‍ സെമിനാരിയാക്കി ഉയര്‍ത്താന്‍ റോമിലെ തിരുസംഘങ്ങള്‍ മാര്‍പാപ്പയോടു ശിപാര്‍ശ ചെയ്തതിന്റെ പശ്ചാത്തലത്തില്‍ 1964 മാര്‍ച്ച് 17-നു മംഗലപ്പുഴ സെമിനാരിയെ പൊന്തിഫിക്കല്‍ സെമിനാരിയായി ഉയര്‍ത്തി വിശുദ്ധ പോളാറാമന്‍ മാര്‍പാപ്പ കല്പന പുറപ്പെടുവിച്ചു.

1959 മംഗലപ്പുഴ സെമിനാരിയെ റോമിലെ ലാറ്ററന്‍ യൂണിവേഴ്‌സിറ്റിയുമായി അഫീലിയേറ്റ് ചെയ്തു. ഒരു ദശവത്സരത്തിനുശേഷം മംഗലപ്പുഴ സെമിനാരിയില്‍ ഒരു സ്വതന്ത്ര ഫാക്കല്‍റ്റി സ്ഥാപിച്ചെടുക്കുന്നതിനുള്ള പരിശ്രമങ്ങള്‍ സെമിനാരിയധികൃതര്‍ ആരംഭിച്ചു. കെ.സി.ബി.സിയും അതിനുള്ള നടപടിക്രമങ്ങളില്‍ പങ്കുചേര്‍ന്നു. നീണ്ട പരിശ്രമങ്ങളുടെ ഫലമായി 1972 ഫെബ്രുവരി 24-നു മംഗലപ്പുഴ സെമിനാരിയില്‍ സ്വതന്ത്ര ഫാക്കല്‍റ്റിക്കു രൂപംകൊടുത്തു പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. സേക്രഡ് കോണ്‍ഗ്രിഗേഷന്‍ ഫോര്‍ കാത്തലിക് എ ഡ്യുക്കേഷന്‍ ഡിക്രി പുറപ്പെടുവിച്ചു. ഡിഗ്രികളും മാസ്റ്റര്‍ ഡിഗ്രികളും ഡോക്ടറേറ്റും നല്കുന്നതിന് അധികാരമുള്ള ഒരു സ്വതന്ത്ര ഫാക്കല്‍റ്റിയോടുകൂടിയതാണ് ആലുവയിലെ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. റെക്ടറായിരുന്ന ബഹു. ഡോമിനിക് ഒസിഡി അച്ചന്റെ നേതൃത്വത്തില്‍ നടത്തിയ നിരന്തരമായ പരിശ്രമങ്ങളുടെ പരിസമാപ്തിയായിരുന്നു പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപനം. വരാപ്പുഴ മുതല്‍ ആലങ്ങാട്, പുത്തന്‍ പള്ളി എന്നീ സെമിനാരികളിലും മംഗലപ്പുഴയിലും (കാര്‍മ്മല്‍ഗിരി ഉള്‍പ്പെടെ) പഠിപ്പിച്ചിരുന്ന അദ്ധ്യാപകരില്‍ ബഹുഭൂരിപക്ഷവും വിദേശിയ കര്‍മ്മലീത്താ വൈദികരായിരുന്നു. മാത്രമല്ല, ഈ സെമിനാരികളെല്ലാം അവരുടെ പരിശ്രമത്താല്‍ സ്ഥാപിക്കപ്പെട്ടവയുമായിരുന്നു. ആകയാല്‍ ആരംഭകാലം മുതല്‍ അവരില്‍ ഒരാളാണു റെക്ടറായിരുന്നത്. 1975 വരെ ഈയവസ്ഥ തുടര്‍ന്നു. 1975-ല്‍ കര്‍മ്മലീത്താക്കാരനായിരുന്ന ഫാ. ഡൊമിനിക് ഒസിഡി അച്ചന്‍ റെക്ടര്‍ സ്ഥാനം ഒഴിയുകയും എറണാകുളം അതിരൂപതാംഗമായ മോണ്‍. വര്‍ഗ്ഗീസ് കവലക്കാട്ട് പ്രഥമ തദ്ദേശീയ റെക്ടറായി ചുമതലയേല്ക്കുകയും ചെയ്തു.

റെക്ടര്‍ സ്ഥാനം സ്വദേശിയര്‍ക്ക് ഏല്പിക്കപ്പെട്ടതോടൊപ്പം 1975-ല്‍ സെമിനാരിയുടെ ഭരണവും കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (കെ.സി.ബി.സി.) കീഴിലായി. കേരളത്തിലും കേരളത്തിനു പുറത്തുമുള്ള സുറിയാനി, ലത്തീന്‍, മലങ്കര റീത്തുകളില്‍പ്പെട്ട രൂപതകളിലെയും സന്യാസസഭകളിലെയും വൈദികാര്‍ത്ഥികള്‍ പരിശീലനം നേടിക്കൊണ്ടിരുന്ന മംഗലപ്പുഴ സെമിനാരിയില്‍ (കാര്‍മ്മല്‍ഗിരി ഉള്‍പ്പെടെ) മൂന്നു റീത്തിലെയും വൈദികരും സന്യാസ വൈദികരും സേവനം ചെയ്തിരുന്നു. 1999 വരെ ലോകത്തിലെ ഏറ്റവും വലിയ ഇന്റര്‍ റിച്വല്‍ സെമിനാരി എന്ന പ്രശസ്തിയും മംഗലപ്പുഴ സെമിനാരിക്ക് ഉണ്ടായിരുന്നു. 1999-ല്‍ ആലുവ സെമിനാരി റീത്തടിസ്ഥാനത്തില്‍ പുനഃക്രമീകരിക്കപ്പെട്ടു. ദീര്‍ഘമായ ചര്‍ച്ചകളുടെയും അന്വേഷണങ്ങളുടെയും പശ്ചാത്തലത്തില്‍ 07-10-1999-ല്‍ ആലുവയിലെ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ സെമിനാരി റീത്തടിസ്ഥാനത്തില്‍ പുനഃക്രമീകരിച്ചു വത്തിക്കാന്‍ ഡിക്രി പുറപ്പെടുവിച്ചു. അതുപ്രകാരം മംഗലപ്പുഴ സെമിനാരി സുറിയാനിക്കാര്‍ക്കും കാര്‍മ്മല്‍ഗിരി സെമിനാരി ലത്തീന്‍കാര്‍ക്കുമായി വിഭജിക്കപ്പെട്ടു; ഒപ്പം സെമിനാരിയുടെ വസ്തുവകകളും. റീത്തടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടതോടെ മംഗലപ്പുഴ സെമിനാരിയുടെ ഭരണം സീറോ മലബാര്‍ മെത്രാന്‍ സിനഡിന്റെ കീഴിലും കാര്‍മ്മല്‍ഗിരി സെമിനാരിയുടെ ഭരണം കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ കീഴിലുമായി. പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ വിഭജിക്കുക സാധ്യമല്ലായിരുന്നതിനാല്‍ രണ്ടു സെമിനാരികളും പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭാഗമായി തുടരുകയും ചെയ്യുന്നു.

സെമിനാരി പുനഃക്രമീകരിക്കപ്പെട്ടതോടെ മംഗലപ്പുഴയില്‍ ഫിലോസഫി വിഭാഗത്തിനുവേണ്ടി പ്രത്യേകം കെട്ടിടം പണിയേണ്ടതായിവന്നു. 2000 നവംബറില്‍ ഫിലോസഫി ബ്ലോക്കിന്റെ നിര്‍മ്മാണം ആരംഭിച്ചു. 2002 ജനുവരി 14-നു സെമിനാരിയുടെ ചാന്‍സലറും സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പുമായിരുന്ന മാര്‍ വര്‍ക്കി വിതയത്തില്‍ മെത്രാപ്പോലീത്ത ഫിലോസഫി ബ്ലോക്കിന്റെ ആശീര്‍വ്വാദം നിര്‍വ്വഹിച്ചു. ഇപ്പോള്‍ സീറോ മലബാര്‍, സീറോ മലങ്കര റീത്തുകളില്‍പ്പെട്ട രൂപതകളിലെയും വിവിധ സന്യാസസഭകളിലെയും വൈദികാര്‍ത്ഥികള്‍ മംഗലപ്പുഴ സെമിനാരിയില്‍ നിന്നും പരിശീലനം നേടിവരുന്നു. താമസിച്ചു പഠിക്കുന്ന വൈദികാര്‍ത്ഥികള്‍ക്കൊപ്പം ഡെ സ്‌കോളേഴ്‌സായും (സന്യാസ സഭാംഗങ്ങള്‍) വൈദികാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു. നവതിയുടെ നിറവിലായിരിക്കുന്ന മംഗലപ്പുഴ സെമിനാരിയിലൂടെ ഭാരത സഭയ്ക്കും പ്രത്യേകിച്ചു കേരള സഭയ്ക്കും സമൂഹത്തിനും ലഭിച്ചിട്ടുള്ള നന്മകള്‍ അവര്‍ണ്ണനീയങ്ങളാണ്. പുണ്യശ്ലോകരായ വാഴ്ത്തപ്പെട്ട തേവര്‍ പറമ്പില്‍ കുഞ്ഞച്ചന്‍, ധന്യന്‍ ഫാ. ഔറേലിയന്‍ ഒസി ഡി, ധന്യന്‍ ഫാ. സഖറിയാസ് ഒസിഡി, ധന്യന്‍ ഫാ. വര്‍ഗ്ഗീസ് പയ്യപ്പിള്ളി തുടങ്ങിയ പുണ്യചരിതരും പണ്ഡിതരുമായ അനേകം വൈദികരുടെ പാദസ്പര്‍ശത്താല്‍ ധന്യമാക്കപ്പെട്ട മംഗലപ്പുഴ സെമിനാരിയില്‍നിന്നും കഴിഞ്ഞ തൊണ്ണൂറു വര്‍ഷത്തിനിടയില്‍ നാലായിരത്തി തൊള്ളായിരത്തിലധികം വൈദികര്‍ പരിശീലനം നേടിയിട്ടുണ്ട്. കേരള സഭയുടെ അഭിമാനമായി ഈ പുണ്യഗേഹം വിരാജിക്കുന്നു.

വയോജന കൂട്ടായ്മ സംഘടിപ്പിച്ചു

കെ സി ബി സി - ഫാ. മാത്യു നടയ്ക്കല്‍ മതാധ്യാപക അവാര്‍ഡ് മൂന്നു പേര്‍ക്ക്

മെല്‍ബണ്‍ രൂപതാ യുവജനങ്ങള്‍ മിഷന്‍ കേന്ദ്രങ്ങളിലെത്തി

ജാര്‍ഖണ്ഡില്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ 87-ാം ജന്മവാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

തണ്ണീര്‍മുക്കം തിരുരക്ത ദൈവാലയത്തിലെ വിശുദ്ധ ചാവറ കുടുംബ കൂട്ടായ്മയുടെ 7-ാമത് വാര്‍ഷിക ആഘോഷം