ഷിജു ആച്ചാണ്ടി
പരിസ്ഥിതിമലിനീകരണവും പാരിസ്ഥിതികപ്രതിസന്ധികളും ഒരു പ്രവാചകഹൃദയത്തോടെ പതിറ്റാണ്ടു കള്‍ക്കുമുമ്പേ തിരിച്ചറിഞ്ഞയാളാണ് ഡോ. ജോര്‍ജ് പിട്ടാപ്പള്ളില്‍ സിഎംഐ. ആ തിരിച്ചറിവ് സമൂഹത്തിനു പകരുക തന്റെ സന്യാസജീവിതത്തിന്റെ സവിശേഷ ദൗത്യമായി അദ്ദേഹം സ്വീകരിച്ചു. ഫോസില്‍ ഇന്ധനങ്ങളുടെ അമിതോപയോഗമാണ് പരിസ്ഥിതിയെ തകര്‍ക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്ന തെന്ന് ശാസ്ത്രം ശരി വച്ചിട്ടുള്ളതാണ്. ഇന്ധനമില്ലാതെ, ഊര്‍ജോപഭോഗ മില്ലാതെ മനുഷ്യജീവിതം അസാധ്യവു മാണ്. അതിനാല്‍, പരിസ്ഥിതി സംരക്ഷി ക്കണം എന്നു പറഞ്ഞുകൊണ്ടിരുന്നാല്‍ പോരാ, പകരമുള്ള ഊര്‍ജസ്രോതസ്സു കളെ ജനത്തിനു പരിചയപ്പെടുത്തുകയും ഉപയോഗിക്കാന്‍ പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യണം. അതിനായി ഫാ. പിട്ടാപ്പള്ളില്‍ സ്ഥാപിച്ച പ്രസ്ഥാനമാണ് മിത്രധാം. ചുണങ്ങംവേ ലിയില്‍ പത്ത് ഏക്കറോളം സ്ഥലത്തു പ്രവര്‍ത്തിക്കുന്ന മിത്രധാം കേരളത്തില്‍ പൂര്‍ണമായും സൗരോര്‍ജം ഉപയോഗിക്കുന്ന ആദ്യകാല സ്ഥാപനങ്ങളിലൊന്നാണ്.
ഫോസില്‍ ഇന്ധനങ്ങളെ നരകത്തില്‍ നിന്നുള്ള ഊര്‍ജമെന്നും സൂര്യന്‍ ഉള്‍പ്പെടെയുള്ള സ്രോതസ്സുകളില്‍ നിന്നുള്ള അക്ഷയോര്‍ജത്തെ സ്വര്‍ഗ ത്തില്‍ നിന്നുള്ളതെന്നും വിശേഷിപ്പി ക്കുന്ന പാരിസ്ഥിതികാവബോധമുള്ള ഒരു ആത്മീയതയാണ് ഫാ. പിട്ടാ പ്പള്ളില്‍ മുന്നോട്ടു വയ്ക്കുന്നത്. ലോകം ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നു അക്ഷയോര്‍ജത്തിലേക്കു നീങ്ങുന്നത് അദ്ദേഹം സ്വപ്നം കാണുന്നു.
കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫിസിക്‌സില്‍ ഡോക്ടറേറ്റ് നേടി, തേവര കോളേജില്‍ ഫിസിക്‌സ് അധ്യാപകനായിരിക്കെ ഫാ. പിട്ടാപ്പള്ളില്‍ ജര്‍മ്മനിയിലെ പ്രസിദ്ധമായ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റി റ്റിയൂട്ടില്‍ പോസ്റ്റ് ഡോക്ടറല്‍ പഠന ത്തിനു പോയി. എണ്‍പതുകളുടെ ആദ്യത്തിലായിരുന്നു ഇത്. ജര്‍മ്മനി യിലെ പഠനവും പരിചയങ്ങളും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് കൂടുതല്‍ ഉള്‍ക്കാഴ്ചകളും പ്രായോഗികലക്ഷ്യങ്ങളും പകര്‍ന്നു.
കേരളത്തില്‍ മടങ്ങിയെത്തിയ അദ്ദേഹം തേവര കോളേജിലെ അധ്യാപന ജോലിക്കിടയില്‍ തന്നെ അക്ഷയോര്‍ജസ്രോതസ്സുകള്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മിത്രധാം സ്ഥാപിച്ചത് അതിന്റെ ഭാഗമാണ്. സൗരോര്‍ജവുമായി ബന്ധപ്പെട്ട സംരംഭകരും സാങ്കേതികവിദഗ്ധരും മിത്രധാമിന്റെ ആരംഭകാലത്തു കേരളത്തില്‍ വിരലില്‍ എണ്ണാവുന്നര്‍ മാത്രമായിരുന്നു. അവരുടെ നിലനില്‍പും ദുഷ്‌കരമായിരുന്നു. അവരെ സംഘടിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനു ഫാ. പിട്ടാപ്പള്ളില്‍ മുന്‍കൈയെടുത്തു. അവരുടെ സംഘടന രൂപീകരിക്കുകയും അതിന്റെ പ്രസിഡന്റായി അദ്ദേഹം പ്രവര്‍ത്തിക്കുകയും ചെയ്തു.
ഫോസില്‍ ഇന്ധനങ്ങളെ നരകത്തില്‍ നിന്നുള്ള ഊര്‍ജമെന്നും സൂര്യന്‍ ഉള്‍പ്പെടെയുള്ള സ്രോതസ്സുകളില്‍ നിന്നുള്ള അക്ഷയോര്‍ജത്തെ സ്വര്‍ഗത്തില്‍ നിന്നുള്ളതെന്നും വിശേഷിപ്പിക്കുന്ന പാരിസ്ഥിതികാവബോധമുള്ള ഒരു ആത്മീയതയാണ് ഫാ. പിട്ടാപ്പള്ളില്‍ മുന്നോട്ടു വയ്ക്കുന്നത്. ലോകം ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നു അക്ഷയോര്‍ജത്തിലേക്കു നീങ്ങുന്നത് അദ്ദേഹം സ്വപ്നം കാണുന്നു.
സൗരോജരംഗത്ത് പുതിയ സാങ്കേതികവിദഗ്ധരെയും സംരംഭകരെയും വാര്‍ത്തെടുക്കാന്‍ യഥാസമയം നിര്‍ണായക സംഭാവനകള്‍ നല്‍കാന്‍ മിത്രധാമിനു സാധിച്ചു. ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന സൗരോര്‍ജവിപ്ലവം എന്നു വിളിക്കാവുന്ന വലിയ മാറ്റത്തിന്റെ ആരംഭകരാകുവാന്‍ മിത്രധാമിലൂടെ ഫാ. പിട്ടാപ്പള്ളിലിനു സാധിച്ചു. നൂറു കണക്കിനു കോടി രൂപയുടെ വ്യവസായമായി സൗരോര്‍ജപ്ലാന്റുകളുടെ സ്ഥാപനം കേരളത്തില്‍ മാറിക്കഴിഞ്ഞു. ഈ രംഗത്തെ തുടക്കക്കാരിലൊരാള്‍ എന്ന നിലയില്‍ അച്ചനതിനെ വലിയ കൃതാര്‍ഥതയോടെയാണ് നോക്കിക്കാണുന്നത്.
എന്നാല്‍ പാരിസ്ഥിതികമായ ഒരു അടിയന്തിരാവസ്ഥയ്ക്ക് ഇന്നും യാതൊരു ലഘൂകരണവും വന്നിട്ടില്ല എന്ന് അച്ചന്‍ ചൂണ്ടിക്കാട്ടി. രോഗങ്ങളായും കാലാവസ്ഥാവ്യതിയാനമായും പ്രകൃതിദുരന്തങ്ങളായും പരിസ്ഥിതിനശീകരണം നമ്മെ അധികമധികം ബാധിച്ചുകൊണ്ടിരിക്കുന്നു. അതിനെ പ്രതിരോധിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മറ്റെന്നത്തേക്കാളും ഇന്ന് ആവശ്യമായിരിക്കുന്നു. അതിനാല്‍ മിത്രധാമിന്റെയും അനുബന്ധപ്രസ്ഥാനങ്ങളുടെയും പ്രസക്തി ദിനംതോറും കൂടിവരികയാണ്. അതനുസരിച്ച് മിത്രധാമിന്റെ പ്രവര്‍ത്തനപദ്ധതികളിലും കാലാനുസൃതമായ നവീകരണം വരുത്തിക്കൊണ്ടിരിക്കുകയാണ് ഫാ. പിട്ടാപ്പള്ളില്‍.
ഇവിടെ മതങ്ങള്‍ക്കു പൊതുവെയും സഭയ്ക്കു വിശേഷിച്ചും വലിയ പങ്കുവഹിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അപ്രധാനമായ ആചാരങ്ങളിലും ഉപരിപ്ലവമായ അധികാരത്തര്‍ക്കങ്ങളിലും മുഴുകി കാലം കഴിക്കുകയാണ് സഭ. സഭയില്‍ എല്ലാവര്‍ക്കും പാരിസ്ഥിതികാവബോധം നല്‍കുന്നതിനുള്ള ശ്രമം ഊര്‍ജിതമായി നടത്തണം. ഫരിസേയമനോഭാവം വെടിഞ്ഞ്, ഇന്നു ജനങ്ങള്‍ അഭിമുഖീകരിക്കുന്ന യഥാര്‍ഥമായ പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധ തിരിക്കണം. അവയെ നേരിടുന്നതിനുള്ള അറിവും നൈപുണ്യവും ജനങ്ങള്‍ക്കു നല്‍കുന്നതിനു സഭ അതിന്റെ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തണം. – ഫാ. പിട്ടാപ്പള്ളില്‍ വിശദീകരിച്ചു.
കോവിഡ് തുടങ്ങിയ കാലത്താണ് സീറോമലബാര്‍ സഭയില്‍ കുര്‍ബാന പ്രശ്‌നം വരുന്നത്. ആ സമയത്ത് സഭയില്‍ എടുത്തിടേണ്ട വിഷയം കുര്‍ബാനയര്‍പ്പണരീതി ആയിരുന്നില്ല, മറിച്ച് കോവിഡിനെ എങ്ങനെ നേരിടാം, കോവിഡിനെ നേരിടുന്നതിനു ജനങ്ങളെ എങ്ങനെ സഹായിക്കാം എന്നതായിരുന്നു. കോവിഡ് ആയിരുന്നു അന്നു സഭയുടെ മുഖ്യ ചിന്താവിഷയമായിരുന്നതെങ്കില്‍ ലോകത്തിനു തന്നെ മാതൃകയാകുന്ന സംഭാവനകള്‍ നല്‍കാന്‍ സീറോ മലബാര്‍ സഭക്കു കഴിയുമായിരുന്നു. കാരണം, അതിനു പര്യാപ്തമായ വൈദഗ്ധ്യവും വിജ്ഞാനവും സംഘാടനശേഷിയും സഭയ്ക്കുണ്ട്. ഇനിയെങ്കിലും സഭ അതിന്റെ സ്രോതസ്സുകളും കഴിവുകളും പരിസ്ഥിതിസംരക്ഷണം ഉള്‍പ്പെടെയുള്ള അത്യാവശ്യമുള്ള മേഖലകളിലേക്കും തിരിക്കണം - ഫാ. പിട്ടാപ്പള്ളില്‍ ആവശ്യപ്പെട്ടു.
ഫ്രാന്‍സിസ് മാര്‍പാപ്പ ലൗദാത്തോ സി എന്ന ചാക്രികലേഖനം പ്രസിദ്ധീകരിച്ചുകൊണ്ട് പരിസ്ഥിതിസംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കി. ലൗദാത്തോ സി ഇന്നു സഭയുടെ പ്രബോധനത്തിന്റെ ഭാഗമാണ്. അതുണ്ടാക്കിയ മാറ്റം ആഗോളതലത്തില്‍ വളരെ വലുതായിരുന്നു. കേരളസഭയില്‍ ലൗദാത്തോ സി എന്തു സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നതും അതിന്റെ പ്രായോഗിക വശങ്ങളും പരിശോധനാവിധേയമാക്കേണ്ട കാലമാണിതെന്നും ഫാ. പിട്ടാപ്പള്ളില്‍ പറഞ്ഞു.
സഭയ്ക്കുള്ളില്‍ ബോധവത്കരണപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നു ഫാ. പിട്ടാപ്പള്ളില്‍ ആവശ്യപ്പെട്ടു. സഭയുടെ ഇടവകകളും വിദ്യാഭ്യാസസ്ഥാപനങ്ങളും സംഘടനകളും രംഗത്തിറങ്ങിയാല്‍ പരിസ്ഥിതി സംരക്ഷണത്തിലും അക്ഷയോര്‍ജ ഉപയോഗത്തിന്റെ പ്രചാരണത്തിലും വലിയ മാറ്റമുണ്ടാക്കാന്‍ സാധിക്കും.
അത്തരം പ്രവര്‍ത്തനങ്ങള്‍ക്കു കൂടി മുന്നില്‍ നില്‍ക്കാന്‍ കഴിയുന്ന വിധത്തില്‍ കാലാനുസൃതമായി സ്വയം നവീകരിച്ചു സജീവമായി മുന്നേറിക്കൊണ്ടിരിക്കുകയാണ് മിത്രധാം.
സാങ്കേതികവിദ്യാവികസനവും അതനുസരിച്ചുള്ള ജീവിതശൈലീ പരിവര്‍ത്തനവും ലോകമാകെയും ഊര്‍ജാവശ്യത്തില്‍ വലിയ വര്‍ധനവ് ഇനിയുള്ള വര്‍ഷങ്ങളിലുണ്ടാക്കും. പക്ഷേ ആ ആവശ്യങ്ങള്‍ക്ക് ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് അപകടകരമായിരിക്കുമെന്ന ബോധ്യവും ലോകത്തിലുണ്ടായിട്ടുണ്ട്. ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് അക്ഷയോര്‍ജത്തിലേക്കും ശുദ്ധമായ ഊര്‍ജത്തിലേക്കുമുള്ള മാറ്റത്തിനായി ലോകം അരങ്ങൊരുക്കിക്കൊണ്ടിരിക്കുകയാണ്. അക്ഷയോര്‍ജം, സുസ്ഥിര കൃഷിരീതികള്‍, പാരിസ്ഥിതിക വിദ്യാഭ്യാസം, ആഗോള തലത്തിലുള്ള സംഘാതപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ രംഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഈ ലക്ഷ്യം മുന്‍നിറുത്തിയാണ് മിത്രധാം ഇപ്പോള്‍ മുന്നോട്ടു നീങ്ങുന്നത്.
ഗ്ലോബല്‍ വില്ലേജ് വിദ്യാഭ്യാസപങ്കാളിത്ത പരിപാടിയുടെ ഭാഗമായി ജര്‍മ്മനിയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ മിത്രധാമില്‍ വരികയും വിവിധ പരിശീലനപരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തു വരുന്നുണ്ട്. ഇന്ത്യയിലെ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ടാണ്
ഈ പരിപാടികള്‍ സംഘടിപ്പിച്ചുവരുന്നത്. പങ്കെടുക്കുന്ന വര്‍ക്ക് ലോകത്തെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും കൂടുതല്‍ അവബോധമാര്‍ജിക്കാന്‍ കഴിയുന്നുണ്ടെന്നു ഫാ. പിട്ടാപ്പള്ളില്‍ പറഞ്ഞു.
ജര്‍മ്മനിയിലെ ഈസ്റ്റ് ബവേറിയ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച്, ശാസ്ത്രീയ കണ്ടുപിടിത്തങ്ങളും അവയുടെ പ്രായോഗികാവിഷ്‌കാരവും തമ്മിലുള്ള വിടവു കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളും മിത്രധാം നടത്തിപോന്നിരുന്നു. അക്ഷയോര്‍ജസ്രോതസ്സുകളെക്കുറിച്ചുള്ള സിദ്ധാന്തങ്ങള്‍ ഏട്ടില്‍ നിന്ന് ഫലത്തിലെത്തിക്കുക എന്നതാണു ഈ യൂണിവേഴ്‌സിറ്റിയുടെ പ്രഖ്യാപിതലക്ഷ്യം. മിത്രധാമും അതു ലക്ഷ്യം വയ്ക്കുന്നു. യൂണിവേഴ്‌സിറ്റിയുടെ പരിസ്ഥിതി സാങ്കേതികവിദ്യാവകുപ്പും മിത്രധാമും തമ്മിലുള്ള പങ്കാളിത്തപരിപാടിയില്‍, പ്രധാനമായും ഉന്നമിടുന്നത് അക്ഷയോര്‍ജമേഖലയിലെ പ്രവര്‍ത്തനങ്ങളാണ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഈ പരിപാടികളില്‍ പങ്കാളികളാകുന്നുണ്ട്.
ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുവേണ്ടിയുള്ള ഒരു പരിശീലന പരിപാടിയും മിത്രധാം ജര്‍മ്മന്‍ പങ്കാളിത്തത്തോടെ ആവിഷ്‌കരിച്ചു നടപ്പാക്കിയി രുന്നു. ഇതില്‍ സഹകരിക്കുന്ന ജര്‍മ്മന്‍ സ്‌കൂളില്‍ നിന്നുള്ള അധ്യാപകരും വിദ്യാര്‍ഥികളും മിത്രധാമില്‍ വരികയും ഇവിടെ മിത്രധാമിനോടു സഹകരിക്കുന്ന സ്‌കൂളുകള്‍ക്കായി പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തുപോരുന്നു. ജര്‍മ്മനിയിലെ മറ്റ് നാലു യൂണിവേഴ്‌സിറ്റികളും മിത്രധാമുമായി സഹകരിക്കുന്നുണ്ട്.
അക്ഷയോര്‍ജത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും അതിനു അനുപൂരകമായി വര്‍ത്തിക്കുന്ന ആത്മീയതയുടെയും പാഠങ്ങള്‍ സന്ദര്‍ശകര്‍ക്കു പകരാന്‍ കഴിയുന്ന വിധത്തിലുള്ളതാണ് മിത്രധാം ക്യാംപസ്.
പത്ത് ഏക്കറിലധികം വരുന്ന സ്ഥലത്ത് മനോഹരമായി സംവിധാനം ചെയ്തിരിക്കുന്ന കെട്ടിടവും ക്യാംപസുമാണ് മിത്രധാമിന്റെ ഒരു പ്രധാനമായ ആകര്‍ഷണം. അക്ഷയോര്‍ജത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും അതിനു അനുപൂരകമായി വര്‍ത്തിക്കുന്ന ആത്മീയതയുടെയും പാഠങ്ങള്‍ സന്ദര്‍ശകര്‍ക്കു പകരാന്‍ കഴിയുന്ന വിധത്തിലുള്ളതാണ് മിത്രധാം ക്യാംപസ്. സൗരോര്‍ജത്തിനു പുറമെ മലിനജലശുദ്ധീകരണം, സൗരോര്‍ജം ഉപയോഗിച്ചുള്ള കാര്‍ഷികവിളകളുടെ സംസ്‌കരണം, പ്രപഞ്ചവികാസ ചരിത്രത്തെ മനസ്സിലാക്കാനും ധ്യാനിക്കാനുമുള്ള ബോധവല്‍ക്കരണോപാധികള്‍ എന്നിവയെല്ലാം മിത്രധാം ക്യാംപസില്‍ സജ്ജീകരിച്ചിരിക്കുന്നു. വിദ്യാര്‍ഥികള്‍ക്കു മിത്രധാം സന്ദര്‍ശിക്കുന്നതിന് നാമമാത്രമായ ചെലവില്‍ സൗകര്യമൊരുക്കുന്നുണ്ട്. ആ സന്ദര്‍ശനത്തിലൂടെ ഒട്ടേറെ പാഠങ്ങള്‍ പഠിക്കാനും പ്രകൃതിസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രചോദനമാര്‍ജിക്കാനും വിദ്യാര്‍ഥികള്‍ക്കു സാധിക്കും. നിരവധി സ്‌കൂളുകളും കോളേജുകളും ഇപ്പോള്‍ ആ സൗകര്യം ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നുണ്ട്.
ഈ പതിവുപ്രവര്‍ത്തനങ്ങള്‍ കൂടാതെ ഇപ്പോള്‍ മിത്രധാമില്‍ പാരിസ്ഥിതിക ധ്യാനത്തിനും സൗകര്യമൊരുക്കിയിട്ടുണ്ട്. വൈദികര്‍ക്കും സന്യാസിനിമാര്‍ക്കുമാണ് ഇപ്പോള്‍ ധ്യാനങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. 25 പേര്‍ക്കു താമസിക്കാനുള്ള സൗകര്യമാണ് മിത്രധാമിലുള്ളത്. അതിനു താഴെയുള്ള സംഘങ്ങള്‍ ഏതാനും ദിവസങ്ങള്‍ വന്നു താമസിച്ച് ധ്യാനിക്കുന്നതിനെ മിത്രധാം സ്വാഗതം ചെയ്യുന്നു. ധ്യാനഗുരുക്കന്മാരുടെ സേവനവും മിത്രധാം അവര്‍ക്കായി സജ്ജീകരിച്ചിട്ടുണ്ട്.
ഇത്തരം ധ്യാനങ്ങളിലൂടെ പ്രകൃതിയെയും ഊര്‍ജത്തെയും ഊര്‍ജസ്രോതസ്സുകളെയും അടുത്തറിയാനും ആ അറിവുകള്‍ ആത്മനവീകരണത്തിനുപയോഗിക്കാനും സാധിക്കുമെന്നതാണ് മിത്രധാമിന്റെ പ്രത്യാശ. ധ്യാനം പൂര്‍ത്തിയാക്കി മിത്രധാമില്‍ നിന്നു മടങ്ങുന്നവര്‍ ലൗദാത്തോ സിയിലൂടെ ഫ്രാന്‍സിസ് പാപ്പാ ലക്ഷ്യം വച്ചതുപോലെ ഭൂമിയെന്ന
ഈ പൊതുഭവനത്തിനു കരുതലേകുന്നതില്‍ കൂടുതല്‍ ചുമതലാബോധം ഉള്ളവരായി മാറുമെന്നും പൊതുഭവനം കുറേക്കൂടി മെച്ചപ്പെട്ട ഒരിടമായി മാറുമെന്നും മിത്രധാം പ്രതീക്ഷിക്കുന്നു.
(ഫാ. ജോര്‍ജ് പിട്ടാപ്പള്ളില്‍ സിഎംഐ 9847747650)