ഫാ. ഷെറിന്‍ മാടവന
മനുഷ്യനും നിര്‍മ്മിതബുദ്ധിയും തമ്മിലുള്ള അതിരുകള്‍ ഇന്ന് വളരെ നേര്‍ത്തതാണ്. സാങ്കേതികവിദ്യയുടെ കുത്തൊഴുക്കില്‍പ്പെട്ടുപോയ മനുഷ്യാന്തസ്സിനെ തിരിച്ചുപിടിക്കാനുള്ള സഭയുടെ സ്വരമാണ് കത്തോലിക്ക സഭയുടെ വിശ്വാസതിരുസംഘ കാര്യാലയം 2025 ജനുവരി 8-ന് പുറത്തുവിട്ട Antiqua et Nova (നവീനവും പുരാതനവും) എന്ന കുറിപ്പ്.
കത്തോലിക്ക വിശ്വാസികളോ ദൈവശാസ്ത്രജ്ഞരോ മാത്രം വായിക്കേണ്ട ഔദ്യോഗിക രേഖ എന്നതിലുപരി ലോകത്തെ സകല മനുഷ്യരെയും അടിമുടി സ്വാധീനിക്കാന്‍ ശക്തിയുള്ള നിര്‍മ്മിതബുദ്ധിയെപ്പറ്റിയുള്ള ഈ രേഖ ഏവരുടെയും വായനയും ശ്രദ്ധയും അര്‍ഹിക്കുന്നുണ്ട്.
മനുഷ്യന്റെ അനന്യതയുടെ അടിസ്ഥാനമായ ദൈവത്തിന്റെ ഛായയുടെയും സാദൃശ്യത്തിന്റെയും അടയാളമായിട്ടാണ് മനുഷ്യബുദ്ധിയെ ഈ രേഖ ആമുഖത്തില്‍ അവതരിപ്പിക്കുക. മനുഷ്യന്റെ ഏത് ഇടപെടലും - ശാസ്ത്രം, സാങ്കേതികത, കല - എന്നിവ ദൃശ്യപ്രകൃതിയെ പൂര്‍ണ്ണതയിലെത്തിക്കേണ്ട ദൈവികപദ്ധതിയുടെ ഭാഗമായിട്ടാണ് സഭ കാണുന്നത് (1). അതുകൊണ്ടുതന്നെ നിര്‍മ്മിതബുദ്ധിയെ ഒരു സാധ്യതയായി കാണുകയും അതിന്റെ വെല്ലുവിളികളെ വിവേകപൂര്‍വം നോക്കികാണുകയും ചെയ്യുകയാണ് സഭയുടെ സാമൂഹികദൗത്യം എന്ന് രേഖ ചൂണ്ടി കാണിക്കുന്നു. ഇതിനായി സഭയുടെ അറിവിലും അനുഭവത്തിലും നിന്നുകൊണ്ട് മനുഷ്യബുദ്ധിയെയും നിര്‍മ്മിത ബുദ്ധിയെയും വേര്‍തിരിച്ച് മനസ്സിലാക്കുകയും എപ്രകാരം നിര്‍മ്മിതബുദ്ധിയെ മനുഷ്യന്റെ അന്തസ്സിനും മഹത്വത്തിനും ഉപകാരപ്രദമായ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാം എന്ന് ആലോചിക്കുകയുമാണ് ഈ രേഖയുടെ ലക്ഷ്യമെന്ന് ആമുഖം വ്യക്തമാക്കുന്നു.
നിര്‍മ്മിതബുദ്ധിയെ ആഴത്തില്‍ വിശകലനം ചെയ്യുന്ന രണ്ടാം ഭാഗം ആരംഭിക്കുന്നത് നിര്‍മ്മിതബുദ്ധിയുടെ ആരംഭത്തെ പ്രതിപാദിച്ചുകൊണ്ടാണ്. ഈ സങ്കല്‍പത്തിന്റെ വേരുകള്‍ക്കു ചരിത്രത്തില്‍ ഏറെ ആഴമുണ്ടെങ്കിലും 1956 ല്‍ ജോണ്‍ മക്കാര്‍ത്തി എന്ന ശാസ്ത്രജ്ഞന്‍ സംഘടിപ്പിച്ച ശാസ്ത്ര സെമിനാറിനെയാണ് ഈ രേഖ ഒരു നാഴികക്കല്ലായി അവതരിപ്പിക്കുന്നത്.
മനുഷ്യബുദ്ധി അവന്റെ അല്ലെങ്കില്‍ അവളുടെ സമഗ്രതയെ സൂചിപ്പിക്കുമ്പോള്‍ നിര്‍മ്മിതബുദ്ധി യന്ത്രത്തിന്റെ പ്രവര്‍ത്തന സ്വഭാവത്തെ മാത്രമേ പ്രതിഫലിപ്പിക്കുന്നുള്ളൂ എന്നതാണ് വസ്തുത.
ഒരു മനുഷ്യന്‍ ചെയ്യുന്നതുപോലെ ബുദ്ധിപരമായ രീതിയില്‍ ഒരു യന്ത്രം പെരുമാറുന്നതിനെയാണ് അദ്ദേഹം നിര്‍മ്മിതബുദ്ധി എന്ന് വിളിച്ചത്. തുടര്‍ന്ന് നിര്‍മ്മിതബുദ്ധിയുടെ വളര്‍ച്ചയെ സൂചിപ്പിച്ചുകൊണ്ട് രേഖ Narrow Artificial Intelligence നെ പറ്റിയും ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സിനെപ്പറ്റിയും സൂപ്പര്‍ ഇന്റലിജന്‍സിനെപ്പറ്റിയും പ്രതിപാദിക്കുന്നു.
മനുഷ്യബുദ്ധിയോട് കിടപിടിക്കാന്‍ തക്ക സാമ്യമുള്ള മുന്നേറ്റങ്ങളെ സഭ അംഗീകരിക്കു മ്പോള്‍ പോലും മനുഷ്യബുദ്ധിയെയും നിര്‍മ്മിതബുദ്ധിയെയും ഒന്നായി പരിഗണിക്കുന്നില്ല. മനുഷ്യബുദ്ധി അവന്റെ അല്ലെങ്കില്‍ അവളുടെ സമഗ്രതയെ സൂചിപ്പിക്കുമ്പോള്‍ നിര്‍മ്മിതബുദ്ധി യന്ത്രത്തിന്റെ പ്രവര്‍ത്തനസ്വഭാവത്തെ മാത്രമേ പ്രതിഫലിപ്പിക്കുന്നുള്ളൂ എന്നതാണ് വസ്തുത (10). ഇതുതന്നെയാണ് മനുഷ്യന്റെ അനന്യതയും.
കത്തോലിക്ക സഭയുടെ തത്വചിന്തയുടെയും ദൈവശാസ്ത്രത്തിന്റെയും സുദീര്‍ഘമായ ചരിത്രത്തില്‍ നിന്നുകൊണ്ട് ബുദ്ധി എന്ന ആശയത്തെ ആഴത്തില്‍ നോക്കുകയാണ് മൂന്നാമത്തെ ഭാഗത്തില്‍ രേഖ ചെയ്യുന്നത്. ആദ്യം ബുദ്ധിയെ മനുഷ്യന്റെ യുക്തിയെയും മനസ്സിനെയും അടിസ്ഥാനപ്പെടുത്തി ചിന്തിക്കുന്നു. അതിനുശേഷം മനുഷ്യന്റെ സത്തയുടെ ഭാഗമായ ശരീരത്തെയും തുടര്‍ന്ന് അതില്‍ നിന്നും ഉളവാകുന്ന ബന്ധങ്ങള്‍ സ്ഥാപിക്കാനുള്ള മനുഷ്യന്റെ വിശേഷമായ കഴിവിനെയും.
ആ കഴിവ് ഉപയോഗിച്ച് മനുഷ്യന്‍ സത്യവുമായി നടത്തുന്ന ഇടപെടലുകളെയും സൂക്ഷ്മതയോടെ രേഖ അവതരിപ്പിക്കുന്നു. ശരീരവും ആത്മാവും സമന്വയിക്കപ്പെട്ട ഒരു മനുഷ്യാവബോധത്തില്‍ നിര്‍ലീനമായിരിക്കുന്ന ഒന്നാണ് യുക്തി. മറിച്ച് ശരീരത്തെ നിരസിക്കുന്ന ആത്മാവിന്റെ മാത്രം പ്രവര്‍ത്തനമല്ല. ഇങ്ങനെ ശരീരബദ്ധമായ യുക്തിയാല്‍ മനുഷ്യന്‍ സ്ഥാപിക്കുന്ന ബന്ധങ്ങളാണ് മനുഷ്യരിലേക്കും ദൈവത്തിലേക്കും അവനെയും അവളെയും അടുപ്പിക്കുന്നത്.
ഇപ്രകാരം ദൈവവുമായി ബന്ധത്തിലാകുന്ന മനുഷ്യന്‍ ഈ പ്രപഞ്ചത്തെ മുഴുവന്‍ സൃഷ്ടിക്കുകയും നയിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ ബുദ്ധിയെ ധ്യാനിക്കാന്‍ തുടങ്ങുന്നു. ഈ ധ്യാനം അവനെ എത്തിക്കുന്നത് ഈ പ്രപഞ്ചത്തിന്റെ മെച്ചപ്പെടുത്തലിനും നന്മയ്ക്കും വേണ്ടി തനിക്ക് നിര്‍വഹിക്കാനുള്ള പങ്കിനെപ്പറ്റിയുള്ള അവബോധത്തിലാണ്. ഇതിനെല്ലാം ഒരുവനെ അല്ലെങ്കില്‍ ഒരുവളെ പ്രാപ്തമാക്കുന്നതിന്റെ അടിസ്ഥാനമായി നിലകൊള്ളുന്നത് ബുദ്ധിയാണ് (27).
Artificial General Intelligence യാഥാര്‍ഥ്യമാവുക യാണെങ്കില്‍ മനുഷ്യനെ നിയന്ത്രിക്കാനും സ്വാധീനിക്കാനും ശേഷിയുള്ള ദൈവരൂപങ്ങളായി AI മാറിയേക്കാം. തങ്ങളുടെ തന്നെ സൃഷ്ടികളെ ആരാധിക്കേണ്ടി വരുന്ന വിഗ്രഹാരാധകരായി മനുഷ്യര്‍ മാറിത്തീരാന്‍ ഇത് ഇടയാക്കും.
അതിനാല്‍ തന്നെ ഏതെങ്കിലും പ്രത്യേകകാര്യം നിര്‍വഹിക്കാനുള്ള കഴിവായോ വിവരങ്ങള്‍ ശേഖരിക്കാനുള്ള ശേഷിയായോ മനുഷ്യബുദ്ധിയെ കുറച്ചു കാണുന്നത് യാഥാര്‍ഥ്യ വിരുദ്ധതയാകും. മറിച്ച് സത്യത്തോടും അടിസ്ഥാന യാഥാര്‍ഥ്യത്തോടുമുള്ള ഒരു മനുഷ്യന്റെ തുറവിയും ആ തുറവിയില്‍ നിന്ന് തനിക്ക് ലഭിക്കുന്ന സ്വാതന്ത്ര്യവുമായി വേണം ബുദ്ധിയെ കണക്കാക്കാന്‍.
ഇങ്ങനെ ബുദ്ധിയെ അതിന്റെ വിശാലതയിലും മനുഷ്യന്റെ സമഗ്രതയിലും കാണുമ്പോഴാണ് നിര്‍മ്മിതബുദ്ധിയുമായി മനുഷ്യബുദ്ധിക്കുള്ള വ്യത്യസ്തതകളും വൈരുദ്ധ്യങ്ങളും കാണാന്‍ സാധിക്കുന്നത്. ഗണിതപരവും യുക്തിപരവുമായ ചട്ടക്കൂടില്‍ മാത്രമേ നിര്‍മ്മിതബുദ്ധിക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കൂ എന്നുള്ളതാണ് അതിന്റെ അടിസ്ഥാനപരമായ പരിമിതി. മനുഷ്യബുദ്ധിയാകട്ടെ ഒരു വ്യക്തിയുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയോടൊപ്പം ഇന്ദ്രീയങ്ങളും അനുഭവങ്ങളും ചേര്‍ന്ന് ഒരു ജൈവമായ വളര്‍ച്ചയ്ക്ക് വിധേയമാകുന്നു. (31) മനുഷ്യബുദ്ധി അനുഭവങ്ങളിലൂടെ വളരുമ്പോള്‍ നിര്‍മ്മിതബുദ്ധി വിവരങ്ങളിലൂടെ പെരുകുകയാണ് ചെയ്യുന്നത്.
ഈ വിടവിനെ പരിഗണിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ നിര്‍മ്മിതബുദ്ധിയുമായി ബന്ധപ്പെട്ട് 'ബുദ്ധി' എന്ന വാക്ക് ഉപയോഗിക്കുമ്പോള്‍ അത് തെറ്റിദ്ധാരണജനകമാണ് എന്നു പറയുന്നത്. കാരണം ബുദ്ധി എന്ന വാക്കിലെ എല്ലാ മാനങ്ങളും നിര്‍മ്മിതബുദ്ധിയില്‍ ഉള്‍ക്കൊള്ളുന്നില്ല അല്ലെങ്കില്‍ സാക്ഷാല്‍ക്കരിക്കപ്പെടുന്നില്ല എന്നതാണ് വസ്തുത.
തുടര്‍ന്നുവരുന്ന നാലാം ഭാഗം അതിവേഗത്തില്‍ വികസിച്ചുകൊണ്ടിരിക്കുന്ന നിര്‍മ്മിതബുദ്ധിയുടെ ഉപയോഗത്തില്‍ ധാര്‍മ്മികതയ്ക്കുള്ള പങ്കിനെപ്പറ്റിയാണ് ആലോചിക്കുന്നത്. നിര്‍മ്മിതബുദ്ധിയെ എങ്ങനെ ദൈവികപദ്ധതിയുടെ ഭാഗമായി കാണാം എന്ന ആലോചനയുടെ ആദ്യപടി ഏതൊരു ശാസ്ത്രസാങ്കേതിക വിദ്യയും മനുഷ്യന്റെ തന്നെ പ്രവര്‍ത്തിയാണെന്നും അതിനാല്‍ തന്നെ മാനുഷികവും സാംസ്‌കാരികവുമായ പല അടിയൊഴുക്കുകളും ഈ പ്രവര്‍ത്തിയെ സ്വാധീനിക്കാം എന്നുമുള്ള വസ്തുത തിരിച്ചറിയുക എന്നതാണ്. (36)
മനുഷ്യ നന്മയെ മുന്‍നിര്‍ത്തിയുള്ള വികസനങ്ങളെ സ്വീകരിക്കുന്നതുപോലെതന്നെ മനുഷ്യ ജീവിതത്തിന്റെ പരിശുദ്ധിയേയും മനുഷ്യാന്തസിനെയും ഹനിക്കുന്ന ഏതൊരു മാനുഷിക മുന്നേറ്റങ്ങളെയും നാം പൂര്‍ണ്ണമായും തള്ളിക്കളയേണ്ടതാണ്. അതുകൊണ്ട് ഏതൊരു വികസനത്തെയും അളക്കാന്‍ പോകുന്ന ഒരു ധാര്‍മ്മിക അളവുകോല്‍ സഭ നിര്‍ദേശിക്കുന്നു. അത് മനുഷ്യന്റെ ദൈവവിളിയെയും മനുഷ്യാന്തസിനെയും അടിസ്ഥാനപ്പെടുത്തിയുള്ള ധാര്‍മ്മിക ഉത്തരവാദിത്തമാണ്. ഈ ഉത്തരവാദിത്തം കയ്യാളേണ്ടത് മനുഷ്യനാണ്, മറിച്ച് യന്ത്രമല്ല. സത്യവും നന്മയുമായി ബന്ധപ്പെടുന്നത് മനുഷ്യനായതുകൊണ്ടു ഉത്തരവാദിത്തവും മനുഷ്യന്റേതു തന്നെ. ഈ ഉത്തരവാദിത്തം നിര്‍മ്മിതബുദ്ധിയുടെ ഉപയോഗത്തില്‍ മാത്രമല്ല അതിന്റെ ഉദ്ഭവത്തിലും പ്രവര്‍ത്തനത്തിലും മനുഷ്യന്‍ ഏറ്റെടുക്കേണ്ടതാണ്. (41)
ഫ്രാന്‍സിസ് മാര്‍പാപ്പ ചൂണ്ടിക്കാട്ടുന്നതുപോലെ ഓരോ മനുഷ്യനിലും നിര്‍ലീനമായിരിക്കുന്ന അന്തസായിരിക്കണം ഉയര്‍ന്നുവരുന്ന ഏതൊരു സാങ്കേതികവിദ്യയെയും വിലയിരുത്താനുപയോഗിക്കേണ്ട ഏകകം. സഭയും സമൂഹവും വ്യക്തികളും ഈ ഉത്തരവാദിത്തം ഏറ്റെടുത്ത് നിര്‍മ്മിതബുദ്ധിയുടെ ലക്ഷ്യങ്ങളെ ധാര്‍മ്മിക പരിശുദ്ധിയുള്ളതാക്കി മാറ്റണം. സഭയുടെ നീതി എന്ന ആശയം നിര്‍മ്മിതബുദ്ധി സൃഷ്ടിക്കുന്ന സമൂഹത്തെ കൂടുതല്‍ സമത്വവും ഏകതാബോധവും ഉള്ളതാക്കിത്തീര്‍ക്കാന്‍ പരിശ്രമിക്കണം.
ഏതൊരു വികസനത്തെയും അളക്കാന്‍ പോകുന്ന ഒരു ധാര്‍മ്മിക അളവുകോലേയുള്ളൂ. അത് മനുഷ്യന്റെ ദൈവവിളിയെയും മനുഷ്യാന്തസിനെയും അടിസ്ഥാനപ്പെടു ത്തിയുള്ള ധാര്‍മ്മിക ഉത്തരവാദിത്തമാണ്. ഈ ഉത്തരവാദിത്തം കയ്യാളേണ്ടത് മനുഷ്യനാണ്, മറിച്ച് യന്ത്രമല്ല.
മനുഷ്യര്‍ ജീവിക്കുന്ന മൂര്‍ത്തമായ സാഹചര്യങ്ങളില്‍ നിര്‍മ്മിതബുദ്ധി ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ചിന്തിക്കുകയും അവയോട് ക്രിയാത്മകമായി ഇടപെടുകയും ചെയ്യുന്നതാണ് അഞ്ചാമത്തെ ഭാഗം. സമൂഹം, വ്യക്തിബന്ധങ്ങള്‍, തൊഴില്‍ സാമ്പത്തിക മേഖലകള്‍, ആരോഗ്യ വിദ്യാഭ്യാസ മേഖലകള്‍, സ്വകാര്യത, പ്രകൃതി, യുദ്ധം, ആത്മീയത തുടങ്ങിയ വ്യത്യസ്തവും എന്നാല്‍ മനുഷ്യജീവിതത്തോട് ആഴത്തില്‍ ബന്ധപ്പെട്ടു കിടക്കുന്നതുമായ വ്യത്യസ്ത യാഥാര്‍ഥ്യങ്ങളെ രേഖ സമീപിക്കുന്നു.
മനുഷ്യനെ വെറും ഡാറ്റയായി ചുരുക്കുകയും അവരുടെ സ്വകാര്യതയെ വില്‍പ്പന ചരക്കാക്കുകയും ചെയ്യുന്ന അപകടം നമുക്കു മുന്നിലുണ്ട്. (54) അതേസമയം മനുഷ്യന്റെ ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ നിര്‍മ്മിതബുദ്ധിക്ക് സാധിക്കും. മനുഷ്യനെ യന്ത്രമായി കാണുന്നതും യന്ത്രത്തെ മനുഷ്യനായി കാണുന്നതും സാമൂഹ്യജീവിയായ മനുഷ്യന് ഗുണം ചെയ്യുന്നതല്ല. നിര്‍മ്മിത ബുദ്ധി മനുഷ്യരെ തമ്മില്‍ അടുപ്പിക്കുന്നതിനു പകരം അവര്‍ തമ്മിലുള്ള അകലം വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നതെങ്കില്‍ അതു നമുക്ക് ഭൂഷണമല്ല. മനുഷ്യര്‍ തമ്മില്‍ പുലരേണ്ട സാഹോദര്യത്തെ യാഥാര്‍ഥ്യമാക്കേണ്ട വാഹകരായി സാങ്കേതികവിദ്യകള്‍ മാറിത്തീരേണ്ടതുണ്ട്.
യുദ്ധക്കെടുതികളായും പരിസ്ഥിതി ചൂഷണമായും സമൂഹത്തെ വിഴുങ്ങാന്‍ കെല്‍പ്പുള്ള അപകടമാണ് നിര്‍മ്മിതബുദ്ധി എന്ന ജാഗ്രതയും സഭ പുലര്‍ത്തുന്നു. സുസ്ഥിരമായ കാര്‍ഷികവൃത്തിക്കും സുനിശ്ചിതമായ കാലാവസ്ഥ പ്രവചനത്തിനും അതുവഴി സമൂഹത്തിലുണ്ടാകുന്ന നേട്ടങ്ങള്‍ക്കും നിര്‍മ്മിതബുദ്ധി സഹായകമാകുമ്പോള്‍ തന്നെ ഇത് ഉപയോഗിക്കാന്‍ പോകുന്ന ജലം, വായു, ഊര്‍ജം എന്നിവയും അതോടൊപ്പം ഇത് പുറന്തള്ളാന്‍ പോകുന്ന വിഷജന്യവസ്തുക്കളും പ്രകൃതിയ്ക്ക് നല്‍കാന്‍ പോകുന്നത് ആഴത്തിലുള്ള മുറിവുകള്‍ തന്നെയാണ്. യുദ്ധത്തില്‍ നിര്‍മ്മിതബുദ്ധിയുടെ പങ്ക് ഇതുവരെ മനുഷ്യചരിത്രത്തില്‍ ഉണ്ടായതില്‍ വച്ച് ഏറ്റവും സങ്കീര്‍ണ്ണവും പ്രഹര ശേഷിയുള്ളതുമാണ്. (99)
ഈ ഭൂമിയെ സുന്ദരമായ ഒരു പൂന്തോട്ടമായോ അല്ലെങ്കില്‍ നാശത്തിന്റെ ഒരു കൂമ്പാരമായോ മാറ്റാന്‍ കെല്‍പ്പുള്ള ഉപകരണങ്ങള്‍ നമുക്കുണ്ട് എന്ന് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും ഫ്രാന്‍സിസ് മാര്‍പാപ്പയും ഒരുപോലെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് യുദ്ധത്തില്‍ നിര്‍മ്മിതബുദ്ധിയുടെ ഉപയോഗം അതീവ ജാഗ്രതയോടെ നടത്തപ്പെടേണ്ടതാണ്. അതോടൊപ്പം Artificial General Intelligence യാഥാര്‍ഥ്യമാവുകയാണെങ്കില്‍ മനുഷ്യനെ നിയന്ത്രിക്കാനും സ്വാധീനിക്കാനും ശേഷിയുള്ള ദൈവരൂപങ്ങളായി AI മാറിയേക്കാം എന്ന വെല്ലുവിളി ഉന്നയിക്കപ്പെടുന്നുണ്ട്.
തങ്ങളുടെ തന്നെ സൃഷ്ടികളെ ആരാധിക്കേണ്ടി വരുന്ന വിഗ്രഹാരാധകരായി മനുഷ്യര്‍ മാറിത്തീരാന്‍ ഇത് ഇടയാക്കും എന്ന് സഭ ഓര്‍മ്മിപ്പിക്കുന്നു. മനുഷ്യന് വന്നു ഭവിക്കാവുന്ന ഏറ്റവും വലിയ വിപത്തായി വിഗ്രഹരാധനയെ നാം മനസ്സിലാക്കേണ്ടതുണ്ട്. ഇപ്രകാരം ജീവിതത്തിന്റെ പല മേഖലകളില്‍ പല നിലയ്ക്ക് പ്രവര്‍ത്തിക്കുന്ന കൃത്രിമബുദ്ധിയുടെ വിശകലനം ഈ സാങ്കേതികവിദ്യ മനുഷ്യനെ എത്രമേല്‍ സ്വാധീനിക്കും എന്നതിന്റെ നേര്‍ചിത്രമാണ് നമുക്ക് സമ്മാനിക്കുന്നത്.
സഭയുടെ സ്‌നേഹവും കരുതലും പ്രതിഫലിക്കുന്നതാണ് രേഖയുടെ സമാഹാരമായ ആറാം ഭാഗം. നിര്‍മ്മിതബുദ്ധി മനുഷ്യര്‍ക്ക് നല്‍കാന്‍ പോകുന്നത് നന്മകളെയും അതോടൊപ്പം ഉയര്‍ത്താന്‍ പോകുന്ന വെല്ലുവിളികളെയും സമഭാവനയോടെ നോക്കിക്കാണുന്ന അവസാന ഭാഗം മനുഷ്യജീവിതവുമായി നിര്‍മ്മിത ബുദ്ധിയെ ബന്ധപ്പെടുത്തി നോക്കുകയാണ് ചെയ്യുന്നത്.
സാങ്കേതികവിദ്യയുടെ വളര്‍ച്ച അറിവിന്റെ ലഭ്യതയെ പലമടങ്ങ് വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അറിവിന്റെ വെറും ഒരു കൂമ്പാരമായി സ്വയം മാറിത്തീരാതെ സ്‌നേഹത്തില്‍ പ്രവര്‍ത്തനനിരതമാകുന്ന ഒരു ജീവിതം നയിക്കാന്‍ ഈ രേഖ നമ്മെ ക്ഷണിക്കുന്നു. Artificial intelligence നോടൊപ്പം ഹൃദയത്തിന്റെ ജ്ഞാനം (Wisdom of Heart) കൂട്ടു പോകുമ്പോഴാണ് നമുക്ക് ശരിയായ കാഴ്ച തെളിയുക എന്ന് ഓര്‍മ്മിപ്പിക്കുന്നു. കാരണം അറിവിന്റെ അളവുകൊണ്ടല്ല സ്‌നേഹത്തിന്റെ ആഴം കൊണ്ടാണ് മനുഷ്യന്‍ പൂര്‍ണ്ണമാകുന്നത്.