Coverstory

ഇറാഖ്: ആദിപിതാവിന്റെ പാദമുദ്രകള്‍, ഇടറി നീങ്ങുന്ന ജനസമൂഹങ്ങള്‍....

Sathyadeepam
സംഘര്‍ഷഭരിതമായ ഇറാഖില്‍ സേവനം ചെയ്യുന്ന സി എം സി സന്യാസിനിമാര്‍, ആദിപിതാവായ അബ്രാഹമിന്റെ ജന്മദേശമായ ഉര്‍ ഈയിടെ സന്ദര്‍ശിച്ചു. ആ യാത്ര-ജീവിതാനുഭവങ്ങളിലൂടെ...

ഇറാഖിലെ ക്രിസ്ത്യന്‍ സമൂഹത്തിന് ക്രിസ്തുമതത്തോളം തന്നെ പഴക്കമുണ്ട്. അതിനും സഹസ്രാബ്ദങ്ങള്‍ക്കപ്പുറത്തേക്കു നീളുന്നതാണ് ബാഗ്ദാദിന്റെയും ഇതരനഗരങ്ങളുടെയും പാരമ്പര്യം. ഇന്നത്തെ പല വന്‍കരകളും മനുഷ്യരുടെ പാദസ്പര്‍ശമേല്‍ക്കും മുമ്പു തന്നെ മാനവരാശിക്കു വഴികാട്ടിയ നാഗരികതയുടെ നാട്. ലോകത്തിലെ മൂന്നു പ്രബലമതങ്ങളുടെയും ആദിപിതാവായ അബ്രാഹമിന്റെ ജന്മഗ്രാമം നിലകൊള്ളുന്ന നാട്. ലോകത്തിലെ ഒരു രാജ്യത്തിനും മറികടക്കാനാകാത്തതാണ് ഇന്ന് ഇറാഖായി മാറിയിരിക്കുന്ന ഈ ഭൂ പ്രദേശത്തിന്റെ ചരിത്ര, സാംസ്‌കാരിക സംഭാവനകള്‍. പക്ഷേ, വര്‍ഗീയതയും സ്വേച്ഛാധിപത്യവും അധിനിവേശവും ഭീകരവാദവും ഇറാഖിനെ വലിച്ചുകീറി. വിശേഷിച്ചും അവിടത്തെ പുരാതന ക്രൈസ്തവസമൂഹത്തെ.

സദ്ദാമിന്റെ പതനത്തോടെ തന്നെ ആരംഭിക്കുന്നു ഇറാഖി ക്രൈസ്തവരുടെ ദുരിതകാലം. സദ്ദാം ഏകാധിപതിയായിരുന്നെങ്കിലും ന്യൂനപക്ഷമായ ക്രൈസ്തവരെ സംരക്ഷിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭരണകൂടത്തിലും പ്രധാനപദവികളില്‍ ക്രൈസ്തവരുണ്ടായിരുന്നു. എന്നാല്‍ അമേരിക്കന്‍ അധിനിവേശത്തോടെ കഥ മാറി. ക്രൈസ്തവര്‍ അവിടെ ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയായി, അഭയാര്‍ത്ഥികളായി, വിദേശരാജ്യങ്ങളിലേക്കുള്ള പലായനം തുടങ്ങി. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ കടന്നുവരവോടെ ഈ ദുരിതം മൂര്‍ദ്ധന്യത്തിലായി. ക്രിസ്ത്യാനികള്‍ കൊന്നൊടുക്കപ്പെട്ടു, ജീവന്‍ കൈകളിലെടുക്കാന്‍ കഴിഞ്ഞവര്‍ ഓടി രക്ഷപ്പെട്ടു, പള്ളികള്‍ തകര്‍ക്കപ്പെട്ടു, അവശേഷിച്ചവര്‍ എല്ലാത്തരത്തിലും വിനാശത്തിന്റെ പടുകുഴിയിലായി.

ഇറാഖികളെ, വിശേഷിച്ചും അവിടത്തെ ക്രൈസ്തവരെ ആശ്വസിപ്പിക്കാനും കൈപിടിച്ചുയര്‍ത്താനും കഴിയുന്നത്ര പേരെ മാതൃരാജ്യത്തു തന്നെ നിലനിറുത്താനും ശ്രമിക്കുകയാണ് അവിടത്തെ കത്തോലിക്കാസഭ. സാര്‍വത്രികസഭയുടെ സഹകരണവും അവര്‍ക്കു ലഭ്യമാകുന്നുണ്ട്. അക്കൂട്ടത്തില്‍ ഇറാഖിസഭയ്ക്കും സമൂഹത്തിനും സഹായഹസ്തങ്ങളുമായെത്തിയിരിക്കുകയാണ് കേരളസഭയും. സി.എം.സി. സന്ന്യാസിനീസമൂഹത്തിലെ ധീരരായ ഏതാനും സന്ന്യസ്തരിലൂടെയാണ് അത്. 2019 ജൂണില്‍ എറണാകുളം പ്രോവിന്‍സിലെ സിസ്റ്റര്‍ അന്ന ജോര്‍ജും കാഞ്ഞിരപ്പള്ളി പ്രോവിന്‍സിലെ സിസ്റ്റര്‍ ടെസ് മരിയയുമാണ് അന്ന് ഇറാഖിലേക്കു കടന്നുചെന്നത്.

ഇറാഖിലെ കിര്‍കുക് കല്‍ദായ കത്തോലിക്കാ രൂപതയുടെ ബിഷപ് യൂസിഫ് തോമസ് മിര്‍കിസ് സീറോ മലബാര്‍ സഭയോടു നടത്തിയ ഒരു അഭ്യര്‍ത്ഥനയോടുള്ള പ്രതികരണമായിരുന്നു സിസ്റ്റര്‍മാരുടേത്. കിര്‍കുക്കില്‍ ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ തുടങ്ങണമെന്നതായിരുന്നു ബിഷപ്പിന്റെ താത്പര്യം. യുദ്ധം തകര്‍ത്ത ഇറാഖില്‍ പുതിയ തലമുറയുടെ വിദ്യാഭ്യാസം ഒരു വെല്ലുവിളിയായി മാറിയിരുന്നു. വേണ്ടത്ര വിദ്യാലയങ്ങളില്ല, യോഗ്യരായ അദ്ധ്യാപകരില്ല. സീറോ മലബാര്‍ സഭയില്‍ നിന്ന് സമര്‍പ്പിതരായ അദ്ധ്യാപകരെ കിട്ടുമോ എന്നദ്ദേഹം ആരാഞ്ഞു. ഒപ്പം ഒരു വൃദ്ധമന്ദിരത്തിന്റെ നടത്തിപ്പിനും ആളു വേണമായിരുന്നു. ഇതു സൂചിപ്പിച്ച് അന്നത്തെ മദര്‍ ജനറല്‍ സിസ്റ്റര്‍ സിബി സന്ന്യസ്തര്‍ക്കയച്ച കത്തിനോട് ഏതാനും സിസ്റ്റേഴ്‌സ് അനുകൂലമായി പ്രതികരിച്ചു. അവരില്‍നിന്ന് അധികാരികള്‍ ആദ്യം തിരഞ്ഞെടുത്തവരാണ് സിസ്റ്റര്‍ അന്നയും സിസ്റ്റര്‍ ടെസ് മരിയയും. ഒരു മാസം കഴിഞ്ഞപ്പോള്‍ ഇരിങ്ങാലക്കുടയില്‍ സിസ്റ്റര്‍ റോസ് മേരി, അങ്കമാലിയില്‍നിന്ന് സിസ്റ്റര്‍ ദീപ ഗ്രേസ്, ഡെറാഡൂണില്‍നിന്ന് സിസ്റ്റര്‍ വിനയ, ചങ്ങനാശ്ശേരിയില്‍നിന്ന് സിസ്റ്റര്‍ അന്‍സില എന്നിവരും എത്തിച്ചേര്‍ന്നു.

ഇറാഖില്‍ സേവനത്തിനു പോകുക എന്ന തീരുമാനം വീട്ടുകാരെയും സ്‌നേഹിതരെയും ബോധ്യപ്പെടുത്തുക എളുപ്പമായിരുന്നില്ലെന്ന് സിസ്റ്റര്‍ അന്ന ജോര്‍ജ് ഓര്‍ക്കുന്നു. യുദ്ധവും ഭീകരപ്രവര്‍ത്തനവും ചേര്‍ന്നു സൃഷ്ടിച്ചിരിക്കുന്ന ഒരു പ്രേതഭൂമിയെന്നതായിരുന്നു ഇറാഖിന്റെ പ്രതിച്ഛായ. ഏതു നിമിഷവും ബോംബുകള്‍ പൊട്ടിത്തെറിക്കാം, വെടിയുണ്ടകള്‍ ചീറിവരാം, ഭീകരവാദികള്‍ പിടിച്ചു കഴുത്തറക്കാം എന്ന ഭീതി. ഈ ഭീതി അടിസ്ഥാനമില്ലാത്തതുമല്ല. മലയാളികളായ നഴ്‌സുമാരെ ബന്ദികളാക്കുകയും ഇന്ത്യന്‍ ഭരണകൂടം വളരെ പണിപ്പെട്ട് അവരെ മോചിപ്പിക്കുകയും ചെയ്ത സംഭവം ജനങ്ങളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന സമയമായിരുന്നു അത്. ആ സംഭവം ചിത്രീകരിക്കുന്ന സിനിമയായ 'ടേക് ഓഫ്' ഒന്നു കണ്ടിട്ടു തീരുമാനിക്കൂ എന്നുപദേശിച്ചവരും അന്നുണ്ടായിരുന്നുവെന്ന് സിസ്റ്റര്‍ മാര്‍ ഓര്‍ക്കുന്നു.

പക്ഷേ സിസ്റ്റര്‍മാരുടെ തീരുമാനത്തെ ഇളക്കാന്‍ ഇതൊന്നും പര്യാപ്തമായിരുന്നില്ല. എന്തായാലും ഒരു ദിവസം മരിക്കും, അത് കേരളത്തിലോ ആഫ്രിക്കയിലോ ഇറാഖിലോ വച്ചാകാം, അസുഖമോ അപകടമോ പ്രകൃതിക്ഷോഭമോ ആക്രമണമോ മൂലമാകാം, ദൈവമറിയാതെ സംഭവിക്കുകയില്ല, പിന്നെന്തിന് പോകാന്‍ മടിക്കണം എന്നതായിരുന്നു സിസ്റ്റര്‍മാരുടെ ചിന്ത. ഒരുപക്ഷേ മരിക്കേണ്ടി വരും, തയ്യാറുണ്ടോ എന്നതായിരുന്നു മദര്‍ ജനറലിന്റെ ഒരു ചോദ്യം തന്നെ. ഉണ്ട് എന്നായിരുന്നു സിസ്റ്റര്‍മാരുടെ അസന്ദിഗ്ദ്ധമായ മറുപടി. അങ്ങനെ അവര്‍ ഇറാഖിലെത്തി. സിസ്റ്റര്‍ അന്നയും സിസ്റ്റര്‍ ടെസ്മരിയും കിര്‍കുക്കിലെ ബിഷപ്‌സ് ഹൗസിലും ബാക്കിയുള്ളവര്‍ സുലൈമാനിയായിലെ ഒരു ആശ്രമത്തിലും താത്കാലികമായി താമസമാരംഭിച്ചു.

ചന്ദ്രനില്‍ ചെന്നാലും മലയാളിയുടെ ചായക്കട കാണും എന്ന തമാശ അര്‍ത്ഥശൂന്യമാണെന്ന തിരിച്ചറിവാണ് കിര്‍കുക് ആദ്യദിനങ്ങളില്‍ നല്‍കിയതെന്ന് സിസ്റ്റര്‍ അന്ന ജോര്‍ജ് ഓര്‍ക്കുന്നു. മലയാളമറിയാവുന്നവരായി അന്ന് ആ പ്രദേശത്തുണ്ടായിരുന്നത് തങ്ങള്‍ രണ്ടു സി.എം.സി. സിസ്റ്റര്‍മാര്‍ മാത്രം. ഇന്ത്യാക്കാരും വേറെയില്ല. ഉണ്ടായിരുന്നതാണ്, ലോകത്തിലെ മറ്റേതു നാട്ടിലുമെന്ന പോലെ. പക്ഷേ യുദ്ധവും ഭീകരാക്രമണങ്ങളും പതിവായപ്പോള്‍ എല്ലാവരും വിട്ടുപോകുകയായിരുന്നു. സുലൈമനിയ, എര്‍ബില്‍ എന്നിവിടങ്ങളില്‍ ഏതാനും മലയാളികള്‍ അപ്പോഴും ഉണ്ടായിരുന്നു.

മലയാളികളില്ല എന്നതുകൊണ്ട് യാതൊരു അന്യതാബോധവും തോന്നിയില്ലെന്നു സിസ്റ്റര്‍ പറഞ്ഞു. കാരണം മെത്രാനും വൈദികരും അന്നാട്ടുകാരായ സന്യസ്തരും അത്രയും കരുതലേകി. അതുപോലെ തന്നെ നാട്ടുകാരായ ജനങ്ങളും. ഇംഗ്ലീഷ് അറിയാത്തവര്‍ ധാരാളം. ചില വൈദികര്‍ പോലും അക്കൂട്ടത്തിലുണ്ട്. ആംഗ്യഭാഷയിലായിരുന്നു പലപ്പോഴും ആശയവിനിമയം. പക്ഷേ അതൊരു വലിയ പ്രതിബന്ധമായില്ല. ഭക്ഷണത്തോടും സംസ്‌കാരത്തോടുമെല്ലാം വൈകാതെ തന്നെ ഇഴുകിച്ചേര്‍ന്നു.

ഡൊമിനിക്കന്‍ സന്ന്യാസിയായ മെത്രാനും 5 രൂപതാ വൈദികരും സിറിയയില്‍ നിന്നുള്ള രണ്ടു സന്ന്യാസവൈദികരും ഇറാഖികളായ സിസ്റ്റേഴ്‌സിന്റെ മൂന്നു കമ്മ്യൂണിറ്റികളുമാണ് കിര്‍കുക്-സുലൈമാനിയ രൂപതയിലുണ്ടായിരുന്നത്. ആകെ അയ്യായിരത്തോളം വിശ്വാസികള്‍ രൂപതയിലുണ്ട്. പക്ഷേ എല്ലാവരും പള്ളിയില്‍ സ്ഥിരമായി വരുന്നവരല്ല. സിറിയന്‍, ലാറ്റിന്‍ കത്തോലിക്കരും വിവിധ ഓര്‍ത്തഡോക്‌സ്, പെന്തക്കോസ്തു വിശ്വാസികളും കിര്‍കുക്കിലുണ്ടായിരുന്നു.

സ്‌കൂളിന്റെ പ്രവര്‍ത്തനം ഉടനെ തുടങ്ങാന്‍ കഴിയുമായിരുന്നില്ല. സര്‍ക്കാരിന്റെ അനുമതി വാങ്ങുകയും മറ്റ് ഔപചാരികതകള്‍ പൂര്‍ത്തിയാക്കുകയും വേണം. അതു നീണ്ടുപോയിക്കൊണ്ടിരിക്കുകയാണ്. അതിനിടയില്‍ ഗൃഹസന്ദര്‍ശനങ്ങളും അനൗപചാരികമായ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളും സിസ്റ്റര്‍മാര്‍ ആരംഭിച്ചു. ആളുകളെ പരിചയപ്പെടുകയും വീടുകളില്‍ പോകുകയും സംസാരിക്കുകയും ചെയ്തതോടെയാണ് ഇറാഖി ജനത അനുഭവിച്ച കെടുതികള്‍ അതിന്റെ പൂര്‍ണതയില്‍ മനസ്സിലാക്കാന്‍ തുടങ്ങിയത്. ജനിച്ചു വളര്‍ന്ന വീടും നാടും ഉപേക്ഷിച്ചു ജീവന്‍ മാത്രം കൈയിലെടുത്ത് ഓടി രക്ഷപ്പെടേണ്ടി വന്ന ജനങ്ങള്‍. ഭാര്യയും ഭര്‍ത്താവും മാതാപിതാക്കളും മക്കളും സഹോദരങ്ങളും പരസ്പരം എവിടെയെന്നറിയാതെ ചിതറിപ്പോയ കുടുംബങ്ങള്‍. ഒരു വേദന തീരുംമുമ്പേ മറ്റൊന്നു വന്നു കഴിഞ്ഞു എന്ന നമ്മുടെ കുരിശിന്റെ വഴിയിലെ വരികള്‍ അക്ഷരാര്‍ത്ഥത്തില്‍ നി വൃത്തിയായ ജീവിതങ്ങളെന്നു പറയാം ഇറാഖി ജനതയുടെ ജീവിതത്തെ, വിശേഷിച്ചും അവിടത്തെ ക്രൈസ്തവന്യൂനപക്ഷത്തിന്റെ ജീവിതത്തെ.

ഇറാന്‍-ഇറാഖ് യുദ്ധം, കു വൈറ്റുമായുള്ള യുദ്ധം, സദ്ദാമിന്റെ പതനം, അമേരിക്കയുടെ അധിനിവേശം എന്നിവയെല്ലാം മറികടന്നു വന്ന ഇറാഖിനെ 2014 മുതല്‍ 2017 വരെ നടന്ന ഗുരുതരമായ ഭീകരാക്രമണങ്ങള്‍ തീര്‍ത്തും ദുരിതക്കടലിലാഴ്ത്തി. ഇസ്ലാമിക് സ്റ്റേറ്റിന്റെ അതിരില്ലാ ത്ത അക്രമങ്ങളെ ചെറുത്തു നില്‍ക്കാന്‍ രാജ്യത്തിന്റെ സൈന്യത്തിനു സാധിച്ചില്ല. ധാരാളം ക്രൈസ്തവരുണ്ടായിരുന്ന മോസുളിലും മറ്റും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ താണ്ഡവമാടി. പതിനായിരങ്ങളാണ് മരിച്ചു വീണത്. അനേകായിരങ്ങള്‍ ഓടി രക്ഷപ്പെട്ടു, ബന്ദികളാക്കപ്പെട്ടു, തെരുവീഥികളിലെ അഴുക്കുചാലുകളിലൂടെ ചോര കുതിച്ചൊഴുകി, അതില്‍ കൈമുക്കി ഭീകരര്‍ ഭിത്തികളില്‍ ഭീഷണികള്‍ എഴുതി വച്ചു.

തങ്ങള്‍ ഇപ്പോള്‍ കഴിയുന്ന കിര്‍കുക്കിനെ പൂര്‍ണമായി കീഴ്‌പ്പെടുത്താന്‍ ഭീകരര്‍ക്കു സാധിച്ചില്ലെന്നു സിസ്റ്റര്‍ അന്ന പറഞ്ഞു. പക്ഷേ മോസുളില്‍ നിന്ന് ധാരാളം പേര്‍ അഭയാര്‍ത്ഥികളായി കിര്‍കുക്കിലെത്തി. 850 ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്കാണ് കിര്‍കുക് രൂപതയുടെ നേതൃത്വത്തില്‍ അഭയമൊരുക്കിയത്. 3 വര്‍ഷത്തോളം ഇവരെ സംരക്ഷിക്കുകയും 700 ഓളം കോളേജ് വിദ്യാര്‍ത്ഥികള്‍ക്കു പഠനസൗകര്യമൊരുക്കുകയും ചെയ്തു. 2019 ആയപ്പോഴേക്കും ഇവര്‍ കുറച്ചൊക്കെ ശ്വാസം നേരെ വിടാന്‍ തുടങ്ങുകയും വിവിധ സ്ഥലങ്ങളില്‍ ജോലിയും മറ്റുമായി വാസമുറപ്പിക്കുകയും ചെയ്തു. പക്ഷേ പ്രശ്‌നങ്ങള്‍ തുടര്‍ക്കഥയാണ്.

ചോരപ്പുഴയിലേക്കു പിറന്നു വീണവരും ഉറ്റവര്‍ വെടിയേറ്റു മരിച്ചു വീഴുന്നതു കണ്ടു നിന്നവരും വെടിയുണ്ടകളേറ്റിട്ടും രക്ഷപ്പെട്ടവരുമെല്ലാമാണ് ഈ മനുഷ്യര്‍. വീട്ടുമുറ്റത്തെ പൂന്തോട്ടത്തില്‍ നില്‍ക്കുകയായിരുന്ന ഭര്‍ത്താവ്, അഞ്ചു മിനിറ്റു കഴിഞ്ഞു വന്നു നോക്കുമ്പോള്‍ വെടിയേറ്റു മരിച്ചു കിടക്കുന്നതു കണ്ട ഭാര്യയുണ്ട്, കാറില്‍ പോകുകയായിരുന്ന സഹോദരനെ വെടിവച്ചു വീഴ്ത്തി കാറുമായി കടന്നു കളഞ്ഞതറിഞ്ഞ് നിസ്സഹായരായി നിന്ന സഹോദരങ്ങളുണ്ട്. അക്രമങ്ങള്‍ നേരിട്ട പുരോഹിതരെയും തങ്ങള്‍ പരിചയപ്പെട്ടിട്ടുണ്ടെന്നു സിസ്റ്റര്‍മാര്‍ പറഞ്ഞു. രണ്ടു പ്രാവശ്യം അക്രമികള്‍ തട്ടിക്കൊണ്ടുപോയ ഒരച്ചന്‍ ഇവിടത്തെ സന്യാസാശ്രമത്തിലുണ്ട്. തടവിലായിരിക്കുമ്പോള്‍ കിട്ടിയ ദേഹോപദ്രവത്തിന്റെ പരിക്കുകള്‍ ഇന്നും ശരീരത്തില്‍ പേറി ജീവിക്കുന്നയാളാണ് അദ്ദേഹം.

''അപ്പനെയും ചേട്ടനെയും ഭീകരര്‍ വെടി വച്ചു കൊല്ലുകയും അമ്മയുടെ കാഴ്ച വെടിവയ്പില്‍ ഇല്ലാതാകുകയും ചെയ്ത ഒരു കുടുംബത്തിലെ മകള്‍ ഞങ്ങള്‍ക്കൊപ്പം സന്യാസിനിയായി ഇവിടെയുണ്ട്. ഇങ്ങനെ നിരവധി മനുഷ്യരെ ഞങ്ങള്‍ പരിചയപ്പെട്ടു. ഏതാനും വര്‍ഷങ്ങള്‍ക്കപ്പുറം അനുഭവിച്ച കഠോരമായ പീഢനങ്ങളും നഷ്ടങ്ങളും ഇന്നലെയെന്ന പോലെ അവരുടെ മനസ്സുകളെ പിന്തുടരുന്നു. അതിന്റെ മാനസിക വ്യഥകളില്‍ നിന്നൊരു മോചനം വളരെയേറെ അകലെയാണ്.'' സിസ്റ്റര്‍ വിശദീകരിച്ചു.

ഭാവിയെക്കുറിച്ചു നമ്മപ്പോലെ സ്വപ്നങ്ങള്‍ വച്ചു പുലര്‍ത്തുന്നവരല്ല ഇവരെന്നു സിസ്റ്റര്‍മാര്‍ പറഞ്ഞു. എപ്പോള്‍ വേണമെങ്കിലും ഉടഞ്ഞു പോകാവുന്ന ഒരു നീര്‍ക്കുമിളയാണു അവരെ സംബന്ധിച്ചു ജീവിതം. എല്ലാവര്‍ക്കും ജീവിതം അതു തന്നെയാണെങ്കിലും ആ സത്യം അനുഭവം കൊണ്ടറിഞ്ഞതിന്റെ ഒരു നിര്‍മമമത അവര്‍ക്കു ജീവിതത്തോടുണ്ട്. വിദേശരാജ്യങ്ങളിലേക്ക് അഭയാര്‍ത്ഥികളായി പോയവര്‍ക്കു പിന്നെയും സ്വപ്നങ്ങളുണ്ടാകും. അവരുടെ നാട്ടില്‍ കഴിയുന്ന ബന്ധുക്കള്‍ക്ക് അതുണ്ടാകണമെന്നില്ല. കാരണം, അഭയാര്‍ത്ഥികള്‍ക്ക് തിരികെ നാട്ടില്‍ വരാമെന്ന നേരിയ പ്രതീക്ഷ പോലും ഇല്ല. നാട്ടില്‍ കഴിയുന്ന ഉറ്റവരെ ഇനി കാണുമെന്ന് ആരും കരുതുന്നില്ല.

ഈ ദുരന്തങ്ങള്‍ ജനങ്ങളുടെ ജീവിതശൈലിയെയും സംസ്‌കാരത്തെയും പ്രതികൂലമായി ബാധിച്ചതായി സിസ്റ്റര്‍മാര്‍ പറഞ്ഞു. പ്രായമായ നിരവധി പേര്‍ അവിവാഹിതരായി തുടരുകയാണ്. യുവജനങ്ങള്‍ വിവാഹം കഴിക്കാന്‍ താത്പര്യപ്പെടുന്നില്ല. തങ്ങള്‍ സന്ദര്‍ശിച്ച മിക്ക വീടുകളിലും പ്രായമായിട്ടും വിവാഹം ചെയ്യാത്ത അനേകം പേരെ കണ്ടു. മിക്കവരും എന്തെങ്കിലും ജോലികള്‍ ഉള്ളവരാണ്. ഇറാഖിന്റെ പുനഃനിര്‍മ്മാണത്തിനായി സഭയുടേത് ഉള്‍പ്പെടെയുള്ള സന്നദ്ധസംഘടനകളുടെ നിരവധി പദ്ധതികള്‍ പാശ്ചാത്യരാജ്യങ്ങളുടെ ധനസഹായത്തോടെ നടപ്പിലാക്കുന്നുണ്ട്. അവയില്‍ ജോലി ചെയ്യുന്നവരുണ്ട്. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുമുണ്ട്. സാമ്പത്തികബുദ്ധിമുട്ടല്ല വിവാഹം വേണ്ടെന്ന തീരുമാനത്തിനു പിന്നിലെന്നര്‍ത്ഥം. നാം നോക്കുമ്പോള്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ അധികമിവിടെ കാണുന്നില്ല. അവരുടെ ജീവിതവീക്ഷണവും സംസ്‌കാരവും വിവാഹജീവിതത്തിനു പ്രാധാന്യം നല്‍കാത്ത വിധത്തിലായിപ്പോയി എന്നേ പറയാനാകൂ. രാജ്യത്തെ നീണ്ടുനിന്ന സംഘര്‍ഷങ്ങള്‍ അവരെ അങ്ങനെ ഒരവസ്ഥയിലെത്തിച്ചു. ഒരു ആക്രമണം വന്ന് ഓടിപ്പോകേണ്ടി വരുമ്പോള്‍ ഒറ്റയ്ക്ക് ഓടിയാല്‍ മതിയല്ലോ എന്ന ചിന്ത അബോധമനസ്സിലുണ്ടാകാം. അതെന്തായാലും അവിവാഹിതരുടെ എണ്ണം വര്‍ദ്ധിക്കുന്നത് ആ ചെറിയ സമൂഹത്തിന്റെ ഭാവിയെയും സന്തോഷത്തെയുമെല്ലാം പ്രതികൂലമായി ബാധിക്കുന്നുണ്ട്.

കഴിഞ്ഞ മൂന്നു വര്‍ഷത്തോളം ഇറാഖിലെ ക്രൈസ്തവരെ സേവിക്കാന്‍ കഴിഞ്ഞതില്‍ വലിയ ആത്മസംതൃപ്തി അനുഭവിക്കുകയാണ് ഈ സിസ്റ്റര്‍മാര്‍. കാരണം, ഇന്നു ലോകത്തിലെ ക്രൈസ്തവരില്‍ ഏറ്റവും വലിയ വേദനകള്‍ അനുഭവിച്ചവരും അനുഭവിക്കുന്നവരുമാണ് ഇറാഖി ക്രൈസ്തവര്‍. അവരിലേക്ക് സുവിശേഷാത്മകമായ സാഹോദര്യത്തിന്റെ സന്ദേശവുമായി മലയാളനാട്ടില്‍ നിന്നെത്താനും സഹായിക്കാനും കഴിഞ്ഞതിലുള്ള ചാരിതാര്‍ത്ഥ്യം ചെറുതൊന്നുമല്ല.

ഇറാഖിലെ സഭയില്‍ അല്മായപങ്കാളിത്തം വലിയ തോതിലുണ്ടെന്നു സിസ്റ്റര്‍ അന്ന സൂചിപ്പിച്ചു. പള്ളിപ്രവര്‍ത്തനങ്ങള്‍ക്ക് കുറവൊന്നുമില്ല. എല്ലാത്തിന്റെയും ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നത് അല്മായരാണ്. ഡീക്കന്മാര്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു. മതബോധനപ്രവര്‍ത്തനങ്ങള്‍ വളരെ സജീവമാണ്. തങ്ങളുടെ പള്ളിയില്‍ ഇരുന്നൂറിലധികം കുട്ടികള്‍ എല്ലാ വെള്ളിയാഴ്ചകളിലും മൂന്നു മണിക്കൂര്‍ വീതം വേദോപദേശം പഠിക്കുന്നുണ്ട്. വയോധികരുടെ തിരുഹൃദയഗ്രൂപ്പ്, സ്ത്രീകളുടെ അമ്മമേരി ഗ്രൂപ്പ്, പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള അള്‍ത്താരസംഘം, ഗായകസംഘം തുടങ്ങിയവ എല്ലാം സജീവമാണ്. ഞായറാഴ്ചക്കുര്‍ബാന, ജപമാല, കുരിശിന്റെ വഴി, ക്രിസ്മസ്, ഈസ്റ്റര്‍ തുടങ്ങി പള്ളിയിലെ എല്ലാ പരിപാടികളുടെയും നേതൃത്വമേറ്റെടുത്തു ചെയ്യാന്‍ യുവജനങ്ങള്‍ എപ്പോഴും സന്നദ്ധരാണ്.

അജപാലനപ്രവര്‍ത്തനങ്ങളും അതീവനിഷ്ഠയോടെയാണു നിര്‍വഹിക്കപ്പെടുന്നത്. വീടുകളില്‍ രോഗികളായി കിടക്കുന്നവര്‍ക്ക് വൈദികര്‍ എല്ലാ വെള്ളിയാഴ്ചയും വീടുകളില്‍ ചെന്നു വി. കുര്‍ബാന കൊടുക്കും. മരണാനന്തരശുശ്രൂഷകളില്‍ ഏതാണ്ട് എല്ലാവരും തന്നെ ഭക്തിയോടെ പങ്കെടുക്കും. കറുത്ത വസ്ത്രങ്ങള്‍ ധരിച്ചാണ് ശവസംസ്‌കാര ചടങ്ങുകള്‍ക്ക് എല്ലാവരും എത്തുക.

മെത്രാനും വൈദികരും ഇവിടത്തെ പ്രാദേശിക ഭരണകൂടവുമായി ആരോഗ്യകരമായ ബന്ധങ്ങള്‍ നിലനിറുത്തുന്നുണ്ടെന്ന് സിസ്റ്റര്‍ അറിയിച്ചു. മുസ്ലീം സമൂഹവുമായി പ്രശ്‌നങ്ങളൊന്നും ഇല്ല. വഴക്കിനും വയ്യാവേലിക്കുമൊന്നും വരാത്ത, ജോലികളൊക്കെ കൃത്യമായി ചെയ്യുന്ന നല്ല മനുഷ്യരെന്നതാണ് കത്തോലിക്കരെ കുറിച്ച് ഇവിടെയുള്ള പൊതുവായ പ്രതിച്ഛായ. കത്തോലിക്കാ സ്‌കൂളുകളില്‍ ധാരാളം മുസ്ലീം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.

കഴിഞ്ഞ മൂന്നു വര്‍ഷത്തോളം ഇറാഖിലെ ക്രൈസ്തവരെ സേവിക്കാന്‍ കഴിഞ്ഞതില്‍ വലിയ ആത്മസംതൃപ്തി അനുഭവിക്കുകയാണ് ഈ സിസ്റ്റര്‍മാര്‍. കാരണം, ഇന്നു ലോകത്തിലെ ക്രൈസ്തവരില്‍ ഏറ്റവും വലിയ വേദനകള്‍ അനുഭവിച്ചവരും അനുഭവിക്കുന്നവരുമാണ് ഇറാഖി ക്രൈസ്തവര്‍. അവരിലേക്ക് സുവിശേഷാത്മകമായ സാഹോദര്യത്തിന്റെ സന്ദേശവുമായി മലയാളനാട്ടില്‍ നിന്നെത്താനും സഹായിക്കാനും കഴിഞ്ഞതിലുള്ള ചാരിതാര്‍ത്ഥ്യം ചെറുതൊന്നുമല്ല.

ഇപ്പോള്‍ സി.എം.സി. സന്യാസസമൂഹത്തിന്റെ രണ്ടു കമ്മ്യൂണിറ്റികളാണ് ഇറാഖിലുള്ളത്. കിര്‍കുക്കില്‍ വിദ്യാഭ്യാസസേവനം നിര്‍വഹിക്കുന്ന സിസ്റ്റര്‍ ദീപ ഗ്രേസ്, സിസ്റ്റര്‍ അന്ന ജോര്‍ജ്, സിസ്റ്റര്‍ ടെസ് മരിയ എന്നിവരും സുലൈമാനിയായില്‍ വൃദ്ധമന്ദിരത്തില്‍ സേവനം ചെയ്യുന്ന, ഈ വര്‍ഷം ഇരിങ്ങാലക്കുട പ്രോവിന്‍സില്‍ നിന്നും വന്ന സിസ്റ്റര്‍ ആന്‍ജോ, സിസ്റ്റര്‍ വിനയ, സിസ്റ്റര്‍ ആഷ്‌ലി എന്നിവരും. വൃദ്ധമന്ദിരത്തില്‍ ഇറാഖികളും നിരാലംബരുമായ 8 പേരാണ് ഇപ്പോഴുള്ളത്. ഇവരെ ശു ശ്രൂഷിക്കുന്നതിനു പുറമെ ഇടവക ജോലികളും കുടുംബസന്ദര്‍ശനം പോലുള്ള പരിപാടികളും ആ പ്രദേശത്തു വളരെ ചുരുക്കമായുള്ള മലയാളി സമൂഹവുമൊത്തുള്ള ജീവിതവുമായി അവര്‍ സന്തോഷത്തോടെ പോകുന്നു.

ഈയിടെ ഉര്‍ സന്ദര്‍ശിക്കാന്‍ കഴിഞ്ഞ അനുഭവത്തെ ഈ മലയാളി മിഷണറിസമൂഹം ഇറാഖി ജീവിതത്തിലെ പ്രിയപ്പെട്ട ഒരോര്‍മ്മയായി ചേര്‍ത്തു വയ്ക്കുകയാണ്. കഴിഞ്ഞ മാസമാണ് ഇറാഖില്‍ പ്രവര്‍ത്തിക്കുന്ന സി.എം. സി. സന്യാസിനിമാര്‍, അബ്രാഹമിന്റെ ജന്മദേശത്തെത്തിയത്. ഇറാഖിലെത്തിയപ്പോള്‍ മുതലുളള ആഗ്രഹമായിരുന്നെങ്കിലും അത് അത്ര എളുപ്പമായിരുന്നില്ല. ഒടുവില്‍ നീണ്ട കാത്തിരിപ്പിനും പ്രാര്‍ത്ഥനകള്‍ക്കുമൊടുവില്‍ അതു സാധിച്ചു. ദക്ഷിണ ഇറാഖില്‍ ഇറാന്റെയും കുവൈറ്റിന്റെയും അതിര്‍ത്തിയിലായിട്ടാണ് ഉര്‍ സ്ഥിതി ചെയ്യുന്നത്. ഉര്‍ അടങ്ങുന്ന നസ്‌റിയാ പ്രവിശ്യയില്‍ ഇപ്പോള്‍ ക്രൈസ്തവര്‍ നാമമാത്രമാണ്. ക്രിസ്ത്യന്‍ പള്ളികള്‍ ഇല്ലെന്നുതന്നെ പറയാം. പ്രവിശ്യാ ഭരണകൂടം ഉറിനെ പൈതൃകപ്രദേശം ആയി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തീര്‍ത്ഥാടകര്‍ക്കുള്ള പ്രത്യേക സൗകര്യങ്ങള്‍ ഒന്നും സജ്ജീകരിച്ചിട്ടില്ല. 2021 ല്‍ ഫ്രാന്‍സിസ് പാപ്പായുടെ സന്ദര്‍ശനവേളയിലുണ്ടാക്കിയ ചില പരിഷ്‌കാരങ്ങള്‍ അവശേഷിച്ചിട്ടുണ്ടെന്നു മാത്രം. ആയിരകണക്കിനു വര്‍ഷങ്ങളുടെ ചരിത്രപാരമ്പര്യങ്ങളുള്ള ബസ്ര പോലെയുള്ള നഗരങ്ങള്‍ കണ്ടാല്‍ ആര്‍ക്കും സങ്കടം വരും. പൊട്ടിപ്പൊളിഞ്ഞ റോഡുകളും കെട്ടിടങ്ങളും മാത്രമാണ് ഇവിടെയെല്ലാം അവശേഷിക്കുന്നത്. ധാരാളം ക്രൈസ്തവരുണ്ടായിരുന്ന ബസ്‌റ രൂപതയില്‍ നാനൂറ് ക്രൈസ്തവരും ഒരു മെത്രാനും രണ്ടു വൈദികരും മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. 80 നു മുകളില്‍ പ്രായമുള്ള രണ്ടു സിസ്റ്റര്‍മാരുണ്ട്. ഒമ്പതു പള്ളികളില്‍ ഏഴും അടച്ചിട്ടിരിക്കുന്നു. രണ്ടെണ്ണത്തില്‍ മാത്രമാണ് ദിവ്യബലി നടക്കുന്നത്. ഇപ്പോഴത്തെ സ്ഥിതി കാണുന്നതും യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കുന്നതും ദുഃഖവും നിരാശയും ജനിപ്പിക്കുന്നെങ്കിലും കേരളത്തില്‍ നിന്നെത്തി, ഈ പ്രതികൂലസാഹചര്യങ്ങള്‍ക്കെല്ലാമിടയിലും ആദിപിതാവു തന്റെ വിശ്വാസപ്രയാണമാരംഭിച്ച മണ്ണില്‍ കാലു കുത്താനായത് വലിയ ദൈവാനുഗ്രഹമായിത്തന്നെയാണു തങ്ങള്‍ കാണുന്നതെന്നു സിസ്റ്റര്‍ അന്ന പറഞ്ഞു. ദുരിതകാലം താണ്ടുന്ന ഇറാഖിലെ ക്രൈസ്തവര്‍ക്ക് പിന്തുണയും പ്രോത്സാഹനവുമായി അവിടെ തുടരാന്‍ ഉര്‍ സന്ദര്‍ശനം പുതിയ ഊര്‍ജം പകര്‍ന്നതായും സിസ്റ്റര്‍മാര്‍ വ്യക്തമാക്കി.

എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തണം:

പൊഫ. എം പി പോള്‍ 73-ാം ചരമവാര്‍ഷികാചരണം നടത്തി

വിശുദ്ധ ജോണ്‍ ഗാള്‍ബര്‍ട്ട്  (985-1073) : ജൂലൈ 12

ഇന്‍ക്ലൂസിസ് ഐ ടി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

കടലുകൾ കടന്ന് മലയാളികളുടെ പ്രിയപ്പെട്ട ചാവറ മാട്രിമണി ഇനി അമേരിക്കയിലും