Coverstory

വ്യക്തിയുടെ നോമ്പും സഭാസമൂഹത്തിന്റെ നോമ്പും ഒന്നാണോ?

ഫാ. ഡോ. കെ എം ജോര്‍ജ്
  • ഫാ. ഡോ. കെ എം ജോര്‍ജ്

''ഞാന്‍ അനുതപിക്കുന്നില്ലെങ്കില്‍ ഇതാ, പര്‍വതങ്ങളും താഴ്‌വരകളും മലഞ്ചരിവുകളും എന്നെ ചൊല്ലി വിലപിക്കും. കുന്നുകള്‍ ഏറ്റം സങ്കടത്തോടെ കണ്ണീരൊഴുക്കി എന്നെക്കുറിച്ച് നിലവിളിക്കും. അവ സ്‌നേഹിതരെയും വത്സലരെയും കൂട്ടി അരിഷ്ടതയുള്ള എന്റെ ആത്മാവിനുവേണ്ടി നെടുവീര്‍പ്പിട്ട് കരയും. പാപമോചനത്തിനു ഞാന്‍ യോഗ്യനാവാന്‍ അവ എനിക്കുവേണ്ടി യാചിക്കയും ചെയ്യും.''

(നോമ്പിലെ പുരാതനമായ ഒരു പ്രാര്‍ഥന)

മനുഷ്യന്‍ ദൈവസൃഷ്ടിയുടെ കിരീടമാണെന്നും, അതുകൊണ്ട് സകലസൃഷ്ടിജാലങ്ങളുടെമേലും മനുഷ്യന് രാജകീയ അധികാരമുണ്ടെന്നും പരമ്പരാഗതമായി നാം പഠിക്കുന്നുണ്ട്. കുറെക്കൂടി ആധ്യാത്മികമായി പറഞ്ഞാല്‍, മനുഷ്യന് ദൈവത്തിന്റെ സകല സൃഷ്ടിയോടും വലിയ ഉത്തരവാദിത്വമുണ്ടെന്നും അതുകൊണ്ട് സൃഷ്ടിയെ മുഴുവന്‍ സ്രഷ്ടാവിന്റെ പ്രകാശത്തിലേക്കും ദിവ്യമഹത്വത്തിലേക്കും നയിക്കാനുള്ള നിയോഗം മനുഷ്യനുണ്ട് എന്നും ക്രിസ്തീയ സഭ പഠിപ്പിക്കുന്നു. ഇതേക്കുറിച്ചെല്ലാം പ്രഗല്‍ഭരായ വേദശാസ്ത്രജ്ഞന്മാര്‍ ഉദാത്തമായ ചിന്തകള്‍ അവതരിപ്പിച്ചിട്ടുണ്ട്. മിക്കവാറും മനുഷ്യനില്‍ കേന്ദ്രീകരിച്ചതും ഏകപക്ഷീയവുമാണ് അവ പലതും.

എന്നാല്‍ ഇതിനൊരു മറുവശമുണ്ട്. ഭക്തരായ കവികളും കാവ്യഭാഷയില്‍ എഴുതുകയും സംസാരിക്കുകയും ചെയ്യുന്ന മിസ്റ്റിക്കുകളും ദൈവത്തിന്റെ സൃഷ്ടികള്‍ക്ക് എല്ലാം വ്യക്തിത്വം നല്‍കുന്നു. മനുഷ്യരുമായി മറ്റ് ജീവജാലങ്ങള്‍ക്കും പ്രകൃതിക്കും ആഴമായ ഒരു ജൈവബന്ധമുണ്ട് എന്നാണ് അവര്‍ അനുഭവിച്ചറിയുന്നതും ചിന്തിക്കുന്നതും. മുകളില്‍ ഉദ്ധരിച്ചിരിക്കുന്ന പ്രാര്‍ഥന ഉദാഹരണമാണ്. ഇത് കവിതയുടെ ഭാഷയാണ്. രൂപകവും ഉപമയും ഉല്‍പ്രേക്ഷയും തുടങ്ങിയ അലങ്കാരങ്ങളും വാഗ്മയചിത്രങ്ങളും കവിതയില്‍ സാധാരണമാണ്. പ്രകൃതിമുഴുവന്‍ മനുഷ്യരുടെ മാനസാന്തരത്തിനുവേണ്ടി കണ്ണീരൊഴുക്കി ദൈവത്തോട് അപേക്ഷിക്കുന്നു. കാരണം, മനുഷ്യന്‍ തിന്മയും സ്വാര്‍ഥതയും ഉള്ളവനായി അധര്‍മ്മം പ്രവര്‍ത്തിച്ചാല്‍ അത് പ്രകൃതിയെ മുഴുവന്‍ നശിപ്പിക്കും. ഇപ്പോള്‍ പ്രകൃതിക്കും കാലാവസ്ഥയ്ക്കും ഉണ്ടായിക്കൊണ്ടിരിക്കുന്ന ഭയാനകമായ നാശത്തിന് പ്രധാനപങ്ക് മനുഷ്യന്റെ സ്വാര്‍ഥപ്രേരിതമായ പ്രവര്‍ത്തനങ്ങളാണെന്ന് അറിവുള്ളവര്‍ തെളിവുസഹിതം പറയുന്നു.

കോവിഡുകാലത്ത് നാം ഇത് കണ്ടതാണല്ലോ. മനുഷ്യര്‍ എല്ലാം അടച്ചുകെട്ടി വീട്ടിലിരുന്നപ്പോള്‍ പക്ഷികളും മൃഗങ്ങളും മരങ്ങളും ചെടികളും ഉല്ലസിച്ചു. അന്തരീക്ഷം മാലിന്യമില്ലാതെ തെളിഞ്ഞു വന്നു. നദികളും ജലാശയങ്ങളും കൂടുതല്‍ ശുദ്ധമായി. അപ്പോള്‍, പ്രകൃതി ആഗ്രഹിക്കുന്നത് മനുഷ്യര്‍ അതിന്റെ താളക്രമങ്ങളെയും ദൈവം നല്കിയ വിശുദ്ധിയെയും ആദരിച്ച് പ്രവര്‍ത്തിക്കണമെന്നാണ്.

നീതിപൂര്‍വമായ ഒരു ലോകക്രമവും മനുഷ്യരും പ്രകൃതിയുമായുള്ള ആരോഗ്യകരമായ ഒരു നല്ല ബന്ധവും ഉണ്ടാകണമെങ്കില്‍ നമ്മുടെ സമൂഹത്തിന്റെ ജീവിതശൈലി മാറ്റണം എന്നാണ് നോമ്പിന്റെ സന്ദേശം. കുറെ വ്യക്തികള്‍, നോമ്പെടുത്ത് ലളിതമായ ജീവിതരീതികള്‍ പാലിച്ചതുകൊണ്ടു മാത്രമായില്ല, സമൂഹത്തിന് ആകെത്തുകയില്‍ മാറ്റമുണ്ടാകണം.

പൗലോസ് അപ്പസ്‌തോലന്‍ തന്റെ ഗാഢമായ ക്രിസ്ത്വാനുഭവത്തിന്റെ വെളിച്ചത്തില്‍ സൃഷ്ടിയുടെ മുഴുവന്‍ വിമോചനത്തെക്കുറിച്ച് എഴുതി: ''സൃഷ്ടി ദൈവമക്കളുടെ വെളിപാടിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു... സര്‍വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈറ്റുനോവോടിരിക്കുന്നു'' (റോമാ. 8:19-22). ക്രിസ്തീയ ചിന്തയനുസരിച്ച്, മനുഷ്യന്‍ മാത്രമല്ല, മനുഷ്യനോടൊപ്പം ദൈവത്തിന്റെ സകലസൃഷ്ടിയും ഇപ്പോഴത്തെ സ്ഥലകാല ബന്ധനത്തില്‍നിന്നും, നാശത്തില്‍നിന്നും മരണത്തില്‍നിന്നും മുക്തമായി, രൂപാന്തരപ്പെട്ട് ദൈവതേജസ് അണിയണം. ''പുതിയ ആകാശവും പുതിയ ഭൂമിയും പുതിയ സൃഷ്ടിയു''മാണ് യോഹന്നാന്‍ ശ്ലീഹ, പത്രോസ് ശ്ലീഹ, പൗലോസ് ശ്ലീഹ എന്നിവര്‍ ദര്‍ശിച്ചത് (വെളി. 21:1; 2 പത്രോ. 3:13; 2 കോറി. 5:17).

നീതിപൂര്‍വമായ ഒരു ലോകക്രമവും മനുഷ്യരും പ്രകൃതിയുമായുള്ള ആരോഗ്യകരമായ ഒരു നല്ല ബന്ധവും ഉണ്ടാകണമെങ്കില്‍ നമ്മുടെ സമൂഹത്തിന്റെ ജീവിതശൈലി മാറ്റണം എന്നാണ് നോമ്പിന്റെ സന്ദേശം. കുറെ വ്യക്തികള്‍, നോമ്പെടുത്ത് ലളിതമായ ജീവിതരീതികള്‍ പാലിച്ചതുകൊണ്ടു മാത്രമായില്ല, സമൂഹത്തിന് ആകെത്തുകയില്‍ മാറ്റമുണ്ടാകണം. ചുരുക്കത്തില്‍ ക്രിസ്തീയ സഭ

ഒരു സമൂഹമെന്ന നിലയില്‍ അതിന്റെ നയങ്ങളും നടപടികളും യേശുവിന്റെ സുവിശേഷത്തിന് അനുസൃതമാണോയെന്ന് പരിശോധിച്ച് തിരുത്താനുള്ള അവസരം കൂടിയാണ് നോമ്പ്. അപ്പോള്‍ വ്യക്തികളുടെ നോമ്പ് കൂടുതല്‍ അര്‍ഥപൂര്‍ണ്ണമാകും.

മഹാത്മാഗാന്ധി കഠിനമായ ആത്മസംയമനം, മൗനവ്രതം, ഉപവാസം തുടങ്ങിയ ''നോമ്പുമുറ''കള്‍ അനുഷ്ഠിച്ചതും ഇന്ത്യയുടെ സ്വാതന്ത്ര്യവും തമ്മിലെന്തു ബന്ധം എന്ന് മുഹമ്മദാലി ജിന്നയടക്കം പല നേതാക്കള്‍ക്കും അന്ന് മനസ്സിലായില്ല. പക്ഷേ, പിന്നീട് ഉണ്ടായ പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള ഇന്ത്യാ മഹാരാജ്യത്തിന്റെ സ്വാതന്ത്ര്യവും സമത്വവും നീതിയും മതസൗഹാര്‍ദവും ബഹുസ്വരതയുമെല്ലാം മുന്നില്‍ കണ്ടുകൊണ്ടാണ് ഗാന്ധിജി ''നോമ്പ്'' എടുത്തത്. ജാതിക്കും മതത്തിനും അതീതമായി വളരെയേറെ ഭാരതീയരും ഗാന്ധിയന്‍ പ്രസ്ഥാനമെന്ന ആ 'നോമ്പി'ല്‍ പങ്കെടുക്കാന്‍ സന്നദ്ധരായി.

യേശുവിന്റെ നോമ്പിന് ഒരു വ്യക്തിയുടെ തപസ്സനുഷ്ഠാനം എന്നതിലുപരി ലോകത്തിന്റെ സൗഖ്യവും വിമോചനവുമെന്ന മഹാലക്ഷ്യമുണ്ടായിരുന്നു. ഇന്നും ക്രിസ്തീയ സഭ

ഒരു സമൂഹമായിട്ടാണ് ആ നോമ്പിലും അതിന്റെ വിശാലമായ ലോകരക്ഷാദൗത്യത്തിലും പങ്കുചേരേണ്ടത്. നമ്മുടെ ലോകത്തില്‍ നിന്ന് രക്തച്ചൊരിച്ചിലും സ്ത്രീപീഡനങ്ങളും ആത്മഹത്യകളും ലഹരിഭ്രാന്തും ഭൂമികയ്യേറ്റങ്ങളും വര്‍ഗീയ സംഘര്‍ഷങ്ങളും തുടച്ചുനീക്കുന്ന മഹായത്‌നത്തിലേക്കാണ് ഓരോ നോമ്പും നമ്മെ നയിക്കേണ്ടത്.

ഓരോ ദിവസവും പ്രഭാതത്തില്‍, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു പഠിപ്പിച്ച പ്രാര്‍ഥന നാം ധ്യാനപൂര്‍വം പ്രാര്‍ഥിക്കണം. സ്വര്‍ഗസ്ഥനായ പിതാവായ ദൈവമേ, അങ്ങയുടെ രാജ്യം വരണമേ. അവിടുത്തെ തിരുവിഷ്ടം സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ' എന്നു പ്രാര്‍ഥിക്കുമ്പോള്‍, നമ്മുടെ സ്വന്തം ആവശ്യങ്ങള്‍ തല്‍ക്കാലം മാറ്റിവച്ച് സമൂഹത്തിന്റെ സൗഖ്യത്തിനും നല്ല ബന്ധങ്ങള്‍ക്കും സമാധാനത്തിനും നീതിക്കും വേണ്ടി നമ്മുടെ ചിന്തകളെ വിശാലമാക്കാം. യേശുനാഥന്‍ പഠിപ്പിച്ചതുപോലെ നമ്മുടെ ആവശ്യങ്ങള്‍ എന്താണെന്ന് സ്‌നേഹവാനായ സ്വര്‍ഗീയ പിതാവ് അറിയുന്നുണ്ടല്ലോ.

അവകാശദിനാചരണവും ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി കത്തോലിക്ക കോണ്‍ഗ്രസ്

വ്യാകുലമാതാവ് (സെപ്തംബര്‍ 15)

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി