
ഫ്രാന്‍സിലെ ലൊമ്പാര്‍ഡി എന്ന പ്രദേശത്തിന്റെ ആധിപത്യത്തിനായി ബര്‍ഗണ്ടിയുടെ രാജാവ് റുഡോള്‍ഫ് രണ്ടാമനും പ്രോവന്‍സിന്റെ ഹഗ്ഗും തമ്മില്‍ സമരം നടന്നുകൊണ്ടിരുന്നു. 933-ല്‍ അവര്‍ ഒരു ഒത്തുതീര്‍പ്പിനു തയ്യാറായി. അതിലെ വ്യവസ്ഥകളില്‍ ഒന്ന്, രാജാവിന്റെ രണ്ടു വയസ്സുള്ള മകള്‍ അഡിലെയ്ഡിനെ ഹഗ്ഗിന്റെ മകന്‍ ലോഥറിനു വിവാഹം ചെയ്തു കൊടുക്കണം എന്നായിരുന്നു. ഈ ഉടമ്പടിപ്രകാരം അവര്‍ തമ്മിലുള്ള വിവാഹം 947-ല്‍ നടന്നു. അവര്‍ക്ക് എമ്മ എന്നൊരു കുട്ടി ജനിക്കുകയും ചെയ്തു.
ഇറ്റലിയുടെ രാജാവാകേണ്ടിയിരുന്ന ലോഥര്‍ 950-ല്‍ ചരമമടഞ്ഞു. അദ്ദേഹത്തിനു പകരം രാജാവായിത്തീര്‍ന്നത് ഇവ്‌റിയായുടെ ബറന്‍ഗാരിയസാണ്. അദ്ദേഹം ലോഥറിനു വിഷംകൊടുത്തു കൊന്നതാണെന്നു സംശയമുണ്ട്. ഏതായാലും പുതിയ ഭരണാധികാരിയുടെ മകനെ വിവാഹം ചെയ്യാന്‍ വിസമ്മതിച്ച വിധവയായ അഡിലെയ്ഡിനെ അവര്‍ കാരാഗൃഹ ത്തിലടച്ച് കഠിനമായി പീഡിപ്പിച്ചു. ഈ സമയത്ത് ജര്‍മ്മനിയുടെ രാജാവ് മഹാനായ ഓട്ടോ ഒന്നാമന്‍ ഇറ്റലി കീഴടക്കാന്‍ സൈന്യത്തെ അങ്ങോട്ട് അയച്ചിരുന്നു. അവര്‍ ഇറ്റലി കീഴടക്കുകയും തടവിലായിരുന്ന അഡ്‌ലെയ് ഡിനെ സ്വതന്ത്രയാക്കുകയും ചെയ്തു. അഡിലെയ്ഡ് ജര്‍മ്മന്‍ രാജകുടുംബത്തിന്റെ കൂടെക്കൂടി. ഇറ്റലിയിലെ തന്റെ ആധിപത്യം ഉറപ്പിക്കാനായി ഓട്ടോ രാജാവ് 951 ക്രിസ്മസ് ദിനത്തില്‍, തന്നെക്കാള്‍ ഇരുപത് വയസ്സ് ചെറുപ്പമായ അഡിലെയ്ഡിനെ വിവാഹം ചെയ്തു. അവര്‍ക്ക് അഞ്ചു കുട്ടികളും ജനിച്ചു. 962-ല്‍ ഓട്ടോ രാജാവ് റോമിന്റെ ചക്രവര്‍ത്തിയായി കിരീടധാരണം നടത്തി. പത്തുവര്‍ഷത്തെ ഭരണത്തിനുശേഷം 973-ല്‍ മരണമടയുകയും ചെയ്തു.
ഓട്ടോ രണ്ടാമന്‍ അധികാരം കൈയേറ്റയുടനെ, ഭാര്യയുടെ വാക്കുകള്‍ വിശ്വസിച്ച് അമ്മയെ വെറുക്കുകയും അകറ്റുകയും ചെയ്തു. ബൈസന്റൈന്‍ രാജകുമാരി തിയോഫാനൊ ആയിരുന്നു ഓട്ടോ രണ്ടാമന്റെ ഭാര്യ. ഏതായാലും അവരോട് ഒരു വാക്കുപോലും മറുത്തുപറയാതെ അഡിലെയ്ഡ് കൊട്ടാരംവിട്ട് ക്ലൂണി ആശ്രമത്തിന്റെ അധിപനായിരുന്ന വി. മജോലസിന്റെ അടുത്തെത്തി. അദ്ദേഹത്തിന്റെ മാദ്ധ്യസ്ഥ്യത്തില്‍ അമ്മയും മകനും ഒത്തുതീര്‍പ്പിലെത്തുകയും മകന്‍ അമ്മയുടെ കാല്‍ക്കല്‍ വീണ് ക്ഷമായാചനം നടത്തുകയും ചെയ്തു.
ഓട്ടോ രണ്ടാമന്റെ മരണശേഷം 983-ല്‍ ഇതിനു സമാനമായ മറ്റൊരു സംഭവവും ഉണ്ടായി. ഓട്ടോ മൂന്നാമന്‍ തീരെ ചെറുപ്പമായതിനാല്‍, അവന്റെ അമ്മ തിയോഫാനോ റീജന്റായി ഭരണമേറ്റു. അഡിലെയ്ഡ് വീണ്ടും കൊട്ടാരം വിട്ടു പുറത്തുപോയി. എന്നാല്‍, 991-ല്‍ തിയോഫാനോയുടെ ആകസ്മികമായ മരണം അഡിലെയ്ഡിനെ വീണ്ടും കൊട്ടാരത്തില്‍ എത്തിച്ചു. റീജന്റായി അവര്‍ ഭരണമേറ്റെങ്കിലും അതവരുടെ കഴിവിനും താത്പര്യത്തിനും അതീതമായിരുന്നു. അതുകൊണ്ട് മെയിന്‍സിലെ വി. വില്‍ജിസ്, മഗ്‌ഡെബര്‍ഗ്ഗിലെ വി. അഡല്‍ബര്‍ട്ട്, ക്ലൂണിയിലെ വി. ഒഡിലോ എന്നീ മാന്യവ്യക്തികളുടെ ഉപദേശം അവര്‍ തേടി.
996-ആയപ്പോഴേക്കും കൊച്ചുമകന്‍ പ്രായപൂര്‍ത്തിയെത്തുകയും റോമിന്റെ ചക്രവര്‍ത്തിയായി അധികാരമേല്‍ക്കുകയും ചെയ്തതോടെ അഡിലെയ്ഡ് വിശ്രമജീവിതം നയിക്കാനായി കൊട്ടാരം വിട്ടു. ശിഷ്ടകാലം പഴയ മൊണാസ്റ്ററികളും കോണ്‍വെന്റുകളും പള്ളികളും പുനരുദ്ധരിച്ചും പുതിയവ സ്ഥാപിച്ചും അവര്‍ കഴിച്ചുകൂട്ടി. ഉദാരമതിയും ക്ഷമാശീലയുമായിരുന്ന അവര്‍ മറ്റുള്ളവരുടെ ആവശ്യങ്ങള്‍ അറിഞ്ഞു പ്രവര്‍ത്തിക്കുന്ന, ആദ്ധ്യാത്മിക ചൈതന്യമുള്ള ഒരു നല്ല ക്രിസ്ത്യാനിയായിരുന്നു.
സ്ട്രാസ്ബര്‍ഗ്ഗിനു സമീപം റൈന്‍നദീ തീരത്ത് സെല്‍റ്റ്‌സില്‍ അഡിലെയ്ഡ് തന്നെ സ്ഥാപിച്ച ഒരു മൊണാസ്റ്ററിയിലായിരുന്നു 999 ഡിസംബര്‍ 16-ന് അവരുടെ അന്ത്യം.